Friday, May 7, 2021

Latest Posts

2021 ലെ ലോക സാമൂഹികനീതി ദിനം ഇന്ത്യയ്ക്കു നല്കുന്ന മുന്നറിയിപ്പെന്ത്?

✍️  റെൻസൺ വി എം

സാമൂഹിക നീതി എന്നാൽ എല്ലാവരുടെയും മനുഷ്യാവകാശങ്ങൾ മാനിക്കപ്പെടുകയും പരിരക്ഷിക്കപ്പെടുകയും ചെയ്യുന്നു എന്നാണർത്ഥം. അപ്പോൾ എല്ലാവർക്കും തുല്യത അനുഭവിക്കാം. പക്ഷേ, എല്ലാവരും പൂർണ്ണ സന്തുഷ്ടരാകുമെന്ന് ഇത് ഉറപ്പുനല്കുന്നില്ല. എന്നിരുന്നാലും, ഓരോരുത്തർക്കും അവർ ആഗ്രഹിക്കുന്ന തരം ജീവിതത്തിനായി ഒരു പോരാട്ട അവസരം ലഭിക്കും. വ്യവസ്ഥാപരമായ തടസ്സങ്ങൾ വിവേചനം തുടങ്ങിയ കാര്യങ്ങൾ വ്യക്തികളുടെ നിയന്ത്രണത്തിലാകണമെനാനില്ല. സാമൂഹികനീതി വിജയകരമായി എങ്ങനെ നേടാം എന്നതിനു വ്യക്തമായ ഒരു ചട്ടക്കൂടുമില്ല, എന്നാലും, ഒരു രാഷ്ട്രം സാമൂഹിക നീതിയെ വിലമതിക്കുകയും സമത്വത്തിനായി പ്രതിജ്ഞാബദ്ധരായിരിക്കുകയും ചെയ്യുന്നിടത്തോളം കാലം ഈ മേഖലയിൽ പുരോഗതി സാധ്യമാണ്.

സാമൂഹിക നീതിയുടെ ചരിത്രം സുദീർഘമാണ്. മനുഷ്യന്റെ സാമൂഹികവികാസത്തിന്റെ ചരിത്രം സാമൂഹികനീതിയുടെ ചരിത്രം കൂടിയാണ്. പ്ലേറ്റോ, അരിസ്റ്റോട്ടിൽ, സോക്രട്ടീസ് മുതലായ പാശ്ചാത്യചിന്തകരുടെ രചനകളിൽ നീതിയെ സംബന്ധിച്ച കാഴ്ചപ്പാടുകൾ കാണാം. സ്പിനോസ, തോമസ് പെയ്ൻ, തുടങ്ങിയവരുടെ ചിന്തകളിലും ‘സാമൂഹിക നീതിയുടെ’ അനുരണനങ്ങൾ ഉണ്ട്. ഗൗതമബുദ്ധന്റെയും മറ്റും ചിന്തകളിലും സാമുഹികനീതിയുടെ മിന്നലാട്ടം കാണാം. ഇതു സംബന്ധിച്ച ഇന്നത്തെ വീക്ഷണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവയ്ക്കെല്ലാം പല പരിമിതികളും ഉണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വിപ്ലവവും യൂറോപ്പിലുടനീളമുണ്ടായ ആഭ്യന്തര വിപ്ലവങ്ങളും സൃഷ്ടിച്ച സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതിയിലാണു സാമൂഹികനീതി എന്ന കാഴ്ചപ്പാട് കൂടുതൽ സമൂർത്തമായി ഉയർന്നുവന്നത്. ഇത് കൂടുതൽ സമത്വധിഷ്ഠിതമായ സമൂഹങ്ങളുടെ സൃഷ്ടിയും മനുഷ്യ അധ്വാനത്തെ ചൂഷണത്തിന് വിധേയമാക്കുന്ന മുതലാളിത്ത രീതിയ്ക്കു പരിഹാരവും ലക്ഷ്യമിട്ടു. ആ സമയത്തു സമ്പന്നരും ദരിദ്രരും തമ്മിലുള്ള കടുത്ത അന്തരം നിലനിന്നിരുന്നു. അതുകാരണം, ആദ്യകാലത്തു സാമൂഹികനീതിയ്ക്കായി വാദിച്ചവർ പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിച്ചത് മൂലധനം, സ്വത്ത്, സമ്പത്തിന്റെ വിതരണം എന്നിവയിൽ ആയിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, സാമൂഹികനീതി സാമ്പത്തിന്റെ വിതരണനീതിയുടെ പ്രശ്നങ്ങൾക്കുപരി പരിസ്ഥിതി, വംശം, ലിംഗഭേദം തുടങ്ങിയ സാമൂഹിക രാഷ്ട്രീയ ജീവിതത്തിന്റെ മറ്റു മേഖലകളിലുള്ള അസമത്വങ്ങളെ ഇല്ലാതാക്കുന്നതിനുമുള്ള കാഴ്ചപ്പാടുകളും പ്രവർത്തനങ്ങളും ഏറ്റെടുത്തു. ഇതോടുകൂടി അതോടൊപ്പം, സാമൂഹികനീതി സങ്കല്പങ്ങൾ ദേശരാഷ്ട്രത്തിന്റെ അതിരുകൾ ഭേദിച്ച് ഒരു സാർവ്വത്രിക മാനവിക മാനം കൈവരിച്ചു. “അടിമകളും ചൂഷിതരായ തൊഴിലാളികളും അടിച്ചമർത്തപ്പെട്ട സ്ത്രീകളും ഉൾപ്പെടെ ഇരകളാകുന്ന മനുഷ്യരെല്ലാം നേരിടുന്ന ചൂഷണ സാഹചര്യമാണു പ്രധാനം; അല്ലാതെ സ്ഥലമല്ല” എന്ന യുഎൻ കാഴ്ചപ്പാട് സാമൂഹിക നീതിയുടെ ആഗോളമാനം സുവ്യക്തമായി പ്രഖ്യാപിക്കുന്നു.

സാമൂഹികനീതി 5 പ്രധാന തത്വങ്ങളെ ആശ്രയിച്ചിരിക്കുന്നു: മനുഷ്യാവകാശം, വിഭവങ്ങളിലേക്കുള്ള പ്രവേശനം, പങ്കാളിത്തം, ഇക്വിറ്റി. വൈവിധ്യം എന്നീ 5 തത്വങ്ങളെ ബഹുമാനിക്കാതെ സാമൂഹികനീതി പ്രാപ്യമല്ല (1).

മനുഷ്യാവകാശങ്ങൾ : സാമൂഹികനീതിയുടെ സുപ്രധാന തത്വങ്ങളിലൊന്നാണു മനുഷ്യാവകാശങ്ങൾ. മനുഷ്യാവകാശവും സാമൂഹികനീതിയും ഇഴപിരിക്കാനാകാത്തവിധം പരസ്പര പൂരകങ്ങളായതിനാൽ ഇവയിൽ ഒന്നിന്റെ അഭാവം മറ്റേതിന്റെ നിലനില്പിനെ സാധ്യമല്ലാതാക്കും. വ്യക്തികളുടെയും സർക്കാരുകളുടെയും സംഘടനകളുടെയും സിവിൽപരവും സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവും നിയമപരവുമായ അവകാശങ്ങളെ വിലമതിക്കുന്ന സമൂഹങ്ങൾ മനുഷ്യാവകാശങ്ങളെ ബഹുമാനിക്കും. ഒരു സമൂഹം നീതി പുലർത്തുമ്പോൾ, അത് എല്ലാവരുടെയും മനുഷ്യാവകാശങ്ങളെ സംരക്ഷിക്കും. ഈ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ പരാജയപ്പെടുന്നവർ അതിന് ഉത്തരവാദികളായിരിക്കണം എന്നതാണ് ഈ സമൂഹങ്ങളുടെ അടിസ്ഥാന പ്രമാണം. അന്താരാഷ്ട്ര ക്രിമിനൽ കോടതി, ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗൺസിൽ തുടങ്ങിയ സ്ഥാപനങ്ങളിലൂടെ അന്താരാഷ്ട്രതലത്തിൽ തന്നെ ഇത് വ്യവസ്ഥാപിതമാക്കിയിട്ടുണ്ട്. വിവിധ അന്താരാഷ്ട്രകരാറുകൾ ഈ ധാർമ്മിക ബാധ്യത പാലിച്ച് ഉത്തരവാദിത്വത്തോടെ നിലനില്ക്കാൻ രാജ്യങ്ങളെ സഹായിക്കുന്നു. ഇന്ന് ഒരു രാഷ്ട്രത്തിന്റെ ആഗോള അംഗീകാരത്തിന്റെ മാനദണ്ഡം തന്നെ മനുഷ്യാവകാശങ്ങൾ ആയി മാറിക്കഴിഞ്ഞു.

വിഭവങ്ങളിലേയ്ക്കുള്ള പ്രവേശനം: പാർപ്പിടം, ഭക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ അവശ്യവസ്തുക്കളുടെ സാർവ്വത്രിക ലഭ്യത നീതിപൂർവകമായ സമൂഹത്തിന്റെ മൗലിക ലക്ഷണമാണ്. ലിംഗഭേദം, വംശം, വർഗ്ഗം തുടങ്ങിയവ ആധാരമാക്കി വിഭവങ്ങളുടെ ലഭ്യത നിയന്ത്രിച്ചാൽ, അതു രാജ്യപുരോഗതിയെ തടസ്സപ്പെടുത്തും. സാമൂഹികനീതി ലക്ഷ്യമാക്കുന്നവർ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളുടെ ലഭ്യത കൂട്ടാനും പുനഃസ്ഥാപിക്കാനും പ്രവർത്തിക്കുന്നു. അതുവഴി, ആത്മാഭിമാനത്തോടെയുള്ള ജീവിതം നയിക്കാവുന്ന ഒരു സമൂഹസൃഷ്ടി സാധ്യമാകും.

പങ്കാളിത്തം : സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ശബ്ദത്തിന്റെ പ്രതിധ്വനി സാമൂഹികനീതിയ്ക്ക് ആവശ്യമാണ്. സവിശേഷാധികാരമുള്ളവരുടെ ശബ്ദത്തിന്റെ മാത്രം മാറ്റൊലിയിൽ സാമൂഹികനീതി സാധ്യമാക്കില്ല. നിർഭാഗ്യവശാൽ, പലപ്പോഴും, പാർശ്വവത്കൃതരും ദുർബ്ബലരും നിശബ്ദരാക്കപ്പെടുന്നതിനാൽ സാമൂഹികനീതി അട്ടിമറിക്കപ്പെടുന്നു. സമൂഹികപ്രശ്‌നങ്ങളുടെ പരിഹാരത്തിനു പ്രശ്നബാധിതരുടെ പങ്കാളിത്തം പ്രധാനമാണ്. ഇതിനു കഴിയുന്നില്ലെങ്കിൽ പ്രതിവിധി ഗുണകരമാവില്ലെന്നു മാത്രമല്ല, പുതിയ സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യാം. അതിനാൽ, വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിച്ച് എല്ലാവർക്കും – പ്രത്യേകിച്ച് മുമ്പ് അവസരം ലഭിക്കാത്തവർക്ക് – സംസാരിക്കാൻ അവസരം നല്കേണ്ടതു സാമൂഹിക നീതിയുടെ സാക്ഷാത്കാരത്തിന് അത്യന്താപേക്ഷിതമാണ്.

ഇക്വിറ്റി : ഇക്വിറ്റി സാമൂഹികനീതിയുടെ ഒരു മൗലികതത്വമാണ് പക്ഷേ, ഇതു യഥാർത്ഥത്തിൽ ഇക്വാലിറ്റിയിൽ നിന്നു മൗലികമായി വ്യത്യസ്തമാണ്. ഇക്വിറ്റി സാമൂഹിക വിവേചനത്തിന്റെ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കുകയും അന്തിമമായി തുല്യത ലക്ഷ്യമിടുകയും ചെയ്യുന്നു. അതായത്, ഇക്വാലിറ്റിയിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗമാണ് ഇക്വിറ്റി. തുല്യതയിലേയ്ക്കു നീങ്ങുന്നതിനു വ്യക്തികൾക്ക് അവരുടെ ആവശ്യങ്ങൾ, സാമൂഹിക സാമ്പത്തിക നില മുതലായവ അടിസ്ഥാനമാക്കി പ്രത്യേക പരിഗണന നല്കുന്നതെങ്ങനെയെന്ന് ഇക്വിറ്റി സൂചിപ്പിക്കുന്നു. ഇത് ഇക്വാലിറ്റിയിൽ നിന്നു വ്യത്യസ്തമാണ്. അവിടെ എല്ലാവർക്കും ഒരേ പരിഗണന വാഗ്ദാനം ചെയ്യുന്നു. ദുർബ്ബലരായ വ്യക്തികളുടെയും സമൂഹങ്ങളുടെയും പരിമിതികൾ കാരണം പ്രായോഗികമായി തുല്യത സമൂഹത്തിൽ കാണണമെന്നില്ല. സാമൂഹിക നീതിയുടെ കാഴ്ചപ്പാടിൽ ഇത്തരം പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യുന്നതിനായി വ്യവസ്ഥാപരമായ പ്രതിബന്ധങ്ങളെ മറികടക്കേണ്ടതുണ്ട്. ഇതിനു പിന്തുണ നൽകുന്ന പുരോഗമനപരമായ നയങ്ങളാണ് ഇക്വിറ്റിയിൽ ഉൾക്കൊള്ളുന്നത്.

വൈവിധ്യം : വൈവിധ്യത്തെ മനസ്സിലാക്കുന്നതും സാംസ്കാരിക വ്യത്യാസങ്ങളുടെ മൂല്യത്തെ വിലമതിക്കുന്നതും സാമൂഹികനീതി കൈവരിക്കുന്നതിൽ പ്രത്യേകിച്ചു പ്രധാനമാണ്. ഇതുവഴി, വിവിധ സാമൂഹിക വിഭാഗങ്ങൾക്കിടയിൽ നിലനില്ക്കുന്ന വ്യത്യാസങ്ങൾ കണക്കിലെടുക്കുന്ന നയങ്ങൾ നിർമ്മിക്കാൻ നയനിർമ്മാതാക്കൾക്ക് പലപ്പോഴും കഴിയും. ചില വിഭാഗങ്ങൾ സമൂഹത്തിൽ കൂടുതൽ തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. അസമത്വം പരിഗണിക്കുന്നതിലൂടെ, പാർശ്വവത്കരിക്കപ്പെട്ടവർക്ക് അവസരങ്ങൾ വികസിപ്പിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കാൻ നയരൂപീകരണ വിദഗ്ധർക്കും സിവിൽ സർവീസുകാർക്കും സാധിക്കും. വംശം, ലിംഗഭേദം, വംശീയത, ലിംഗം, പ്രായം, മറ്റ് സ്വഭാവസവിശേഷതകൾ തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവേചനം സമൂഹത്തിലെ സ്ഥായിയായ പ്രശ്നമാണ്. ഇതു പരിഹരിക്കാതെ സാമൂഹിക നീതി സാധ്യമാകില്ല.

സാമൂഹികനീതിയുടെ പ്രശ്‌നങ്ങൾ പരസ്പരബന്ധിതവും പലപ്പോഴും പരസ്പരം ആശ്രയിക്കുന്നതുമായ രണ്ട് വിഭാഗങ്ങളായി തരംതിരിക്കാറുണ്ട്: 1) സാമൂഹിക വിഭാഗങ്ങൾക്കിടയിലെ വിവേചനം, (Inter-Social Treatment), 2) അസമമായ സർക്കാർ നിയന്ത്രണം Unequal Govt. Control) (2).

വ്യക്തിപരമായ പക്ഷപാതങ്ങളെയും മുൻവിധികളെയും അടിസ്ഥാനമാക്കി ചില സാമൂഹിക വിഭാഗങ്ങളോടുള്ള വേർതിരിവാണു സാമൂഹിക വിഭാഗങ്ങൾക്കിടയിലെ വിവേചനം. വംശം, ലിംഗഭേദം, വയസ്സ്, ലൈംഗിക സ്വത്വം, മതം, ദേശീയത, വിദ്യാഭ്യാസം, മാനസികമോ ശാരീരികമോ ആയ കഴിവ് തുടങ്ങിയ സാമൂഹിക ഘടകങ്ങളുമായി ബന്ധപ്പെട്ട് ഈ മുൻവിധികൾ മിക്കപ്പോഴും പ്രകടമാണ്. ചില സാമൂഹിക വിഭാഗങ്ങൾക്കു സമൂഹത്തിലെ മറ്റ് ആളുകൾക്ക് ലഭ്യമായ അതേ അവസരങ്ങളിലേക്കും വിഭവങ്ങളിലേക്കും തുല്യമായ പ്രവേശനം തടസ്സപ്പെടുത്തുന്നതോ പരിമിതപ്പെടുത്തുന്നതോ നിരസിക്കുന്നതോ ആയ നിയമങ്ങളും ചട്ടങ്ങളും സർക്കാർതന്നെ
മനഃപൂർവ്വം സൃഷ്ടിക്കുന്നതാണ് അസമമായ സർക്കാർ നിയന്ത്രണങ്ങൾ. ഈ നിയമങ്ങൾ വഴി പ്രത്യക്ഷമായോ പരോക്ഷമായോ സാമൂഹിക അനീതി സാമൂഹിക അസമത്വവും സൃഷ്ടിക്കും.

മുകളിൽ സൂചിപ്പിച്ച 5 തത്ത്വങ്ങൾ ഉപയോഗിച്ചു സാമൂഹിക നീതിയുടെ ചക്രവാളം ഗണ്യമായി വികസിപ്പിക്കാം. ഓരോ രാജ്യത്തെയും സാമൂഹിക സാംസ്കാരിക ഘടനയെ ആശ്രയിച്ച്, സാമൂഹികനീതിയുടെ ചില പ്രശ്നങ്ങൾ മറ്റുള്ളവയെക്കാൾ കൂടുതൽ സമ്മർദ്ദം ചെലുത്തും. എങ്കിലും, മിക്ക സമൂഹങ്ങളിലും സമാനമായ ചില സാമൂഹിക പ്രശ്നങ്ങൾ കാണാം. അവ പരിഹരിക്കാനുള്ള കൂട്ടായ പരിശ്രമത്തിലാണ് ആഗോളസമൂഹം. അത്തരം പ്രശ്നങ്ങളിൽ ചിലതാണു വംശീയ അസമത്വം, ലിംഗ അസമത്വം, എൽജിബിടിക്യു + അവകാശങ്ങളുടെ നിഷേധം മുതലായവ. സാമൂഹിക നീതി കൈവരിക്കാതെ ആഗോള സമാധാനം സാധ്യമാകില്ല എന്ന ബോധ്യത്തിലാണ് ഇന്ന് അന്താരാഷ്ട്ര സമൂഹം നീങ്ങുന്നത്. ഈ തിരിച്ചറിവിലേയ്ക്കു മാനവരാശിയെ നയിക്കാൻ സവിശേഷമായ പരിശ്രമങ്ങൾ ആവശ്യമാണ്. ഇതാണു ഫെബ്രുവരി 20 നുള്ള ലോക സാമൂഹിക നീതി ദിനാചരണത്തിലേയ്ക്കു നമ്മെ നയിച്ചത്. ദീർഘകാലത്തെ ചിന്തകളും കൂടിയാലോചനകളും ഇതിനു പിന്നിലുണ്ട്.

നീതിയുക്തമായ ആഗോളവത്കരണത്തിനായുള്ള സാമൂഹികനീതി സംബന്ധിച്ച ഐ‌എൽ‌ഒ പ്രഖ്യാപനം (ILO Declaration on Social Justice for a Fair Globalization) 2008 ജൂൺ 10 ന് അന്താരാഷ്ട്ര തൊഴിൽ സംഘടന ഏകകണ്ഠമായി അംഗീകരിച്ചു. 1919 ലെ ഐ‌എൽ‌ഒയുടെ ഭരണഘടനയ്ക്കു ശേഷം അന്താരാഷ്ട്ര തൊഴിലാളി സമ്മേളനം അംഗീകരിച്ച തത്വങ്ങളുടെയും നയങ്ങളുടെയും മൂന്നാമത്തെ പ്രധാന പ്രസ്താവനയാണിത്. ഇത് 1944 ലെ ഫിലാഡൽഫിയ പ്രഖ്യാപനവും 1998 ലെ തൊഴിൽ അവകാശങ്ങളും അടിസ്ഥാന തത്വങ്ങളും സംബന്ധിച്ച പ്രഖ്യാപനവും അടിസ്ഥാനമാക്കിയാണു രൂപപ്പെടുത്തിയത്. 2008 ലെ പ്രഖ്യാപനം ആഗോളവത്കരണ കാലഘട്ടത്തിൽ ഐ‌എൽ‌ഒ പ്രതിനിധാനം ചെയ്യുന്ന സാമൂഹിക നീതിയുടെ കാഴ്ചപ്പാട് വിളംബരം ചെയ്യുന്നു.

ചരിത്രപ്രധാനമായ ഈ പ്രഖ്യാപനം ഐ‌എൽ‌ഒ മൂല്യങ്ങളുടെ ശക്തമായ പുനഃസ്ഥിരീകരണമാണ്. ആഗോളവത്കരണത്തിന്റെ സാമൂഹിക മാനത്തെക്കുറിച്ചുള്ള ലോക കമ്മീഷന്റെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച ത്രികക്ഷി കൂടിയാലോചനകളുടെ ഫലമാണിത്. ഈ പ്രഖ്യാപനത്തിലൂടെ, 182 അംഗരാജ്യങ്ങളിൽ നിന്നുള്ള സർക്കാരുകളുടെയും തൊഴിലുടമകളുടെയും തൊഴിലാളി സംഘടനകളുടെയും പ്രതിനിധികൾ ആഗോളവത്കരണത്തിന്റെ പശ്ചാത്തലത്തിൽ പുരോഗതിയും സാമൂഹിക നീതിയും കൈവരിക്കുന്നതിൽ ഐഎൽഒ പോലുള്ള സംഘടനകളുടെ പ്രാധാന്യം ഊന്നിപ്പറയുന്നു. മാന്യമായ തൊഴിൽ എന്ന അജണ്ടയിലൂടെ ഈ ലക്ഷ്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാനുള്ള ഐ‌എൽ‌ഒയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനു രാഷ്ട്രാധികാരികളും തൊഴിൽദായകരും തൊഴിലാളികളും ഒരുമിച്ചു പരിശ്രമിക്കണം. ഐ‌എൽ‌ഒ 1999 മുതൽ വികസിപ്പിച്ചെടുത്ത മാന്യമായ തൊഴിൽ എന്ന അജണ്ട 2008 ലെ പ്രഖ്യാപനത്തിലൂടെ കൂടുതൽ നൈയാമികമാക്കി. ഇതുവഴി, ഐഎൽഒയുടെ ഭരണഘടനാപരമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനള്ള നയങ്ങളുടെ കാതലായി ഈ അജണ്ട മാറ്റപ്പെട്ടു.

ആഗോളവത്കരണത്തിന്റെ ഗുണങ്ങൾ ചുരുക്കം ചിലരിൽ കേന്ദ്രീകരിക്കാതെ മാനവരാശിക്കു മുഴുവനും നീതിയുക്തമായി ലഭ്യമാക്കണമെന്ന സാമൂഹിക ചിന്ത ഉരിത്തിരിഞ്ഞ നിർണായക രാഷ്ട്രീയ സമയത്താണ് ഈ പ്രഖ്യാപനം. മാന്യമായ ജോലിയെ അടിസ്ഥാനമാക്കി ആഗോളവത്കരണത്തിന്റെ നീതിയുക്തമായ മുന്നോട്ടു പോക്കിനുള്ള ഒരു ദിശാസൂചി 2008 ലെ ഐഎൽഒ പ്രഖ്യാപനം നല്കുന്നു. ഓരോ രാജ്യത്തും മാന്യമായ തൊഴിൽ എന്ന അജണ്ട നടപ്പാക്കുന്നതിലെ പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള പ്രായോഗിക നിർദ്ദേശങ്ങളും ഇതുവഴി ലഭിച്ചു. എല്ലാവർക്കും കൂടുതൽ തൊഴിലും വരുമാനവും അവസരങ്ങളും സൃഷ്ടിക്കുന്നതിൽ സുസ്ഥിര സംരംഭങ്ങളുടെ പ്രാധാന്യം എടുത്തുകാണിക്കുന്നതിലൂടെ ഉൽ‌പാദനപരമായ ഒരു നവീന കാഴ്ചപ്പാടും ഈ പ്രഖ്യാപനം മുന്നോട്ടുവയ്ക്കുന്നു. ഇത്തരം ചിന്തകൾക്കൊടുവിൽ യുഎൻ പൊതുസഭയുടെ അറുപത്തിമൂന്നാം സമ്മേളനം മുതൽ വർഷംതോറും ഫെബ്രുവരി 20 ലോക സാമൂഹികനീതി ദിനമായി ആചരിക്കുമെന്ന് 2007 നവംബർ 26 ന് പൊതുസഭ പ്രഖ്യാപിച്ചു (3).

ആഗോളവത്കരണവും പരസ്പരാശ്രിതത്വവും വഴി വ്യാപാരം, നിക്ഷേപം, മൂലധന പ്രവാഹം, വിവരസാങ്കേതികവിദ്യ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയിലെ മുന്നേറ്റങ്ങൾ എന്നിവയിലൂടെ ലോകസമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും ലോകമെമ്പാടുമുള്ള ജീവിതനിലവാരം ഉയർത്തുന്നതിനും പുതിയ അവസരങ്ങൾ തുറക്കുന്നുണ്ടെന്ന് ഇന്നു തിരിച്ചറിയുന്നു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികൾ, അരക്ഷിതാവസ്ഥ, ദാരിദ്ര്യം, സമൂഹങ്ങൾക്കിടയിലും അവയ്ക്കുള്ളിലുമുള്ള അസമത്വം എന്നിവ ഉൾപ്പെടെയുള്ള വെല്ലുവിളികൾ നിലനില്ക്കുന്നു, ആഗോള സമ്പദ്‌വ്യവസ്ഥയോടു കൂടുതൽ സമന്വയിച്ചുള്ള സാമ്പത്തിക പ്രവർത്തന പങ്കാളിത്തത്തിനു ഗണ്യമായ തടസ്സങ്ങൾ നേരിടുന്ന വികസ്വര രാജ്യങ്ങൾ ഇവ മറികടക്കേണ്ടതും സാമൂഹിക നീതി ആധാരമാക്കിയ ഒരു നവലോകക്രമത്തിന്റെ വികാസത്തിന് അത്യന്താപേക്ഷിതമാണ്. സാമ്പത്തിക പരിവർത്തന ദിശയിലുള്ള രാജ്യങ്ങളെ ഇതിനു പ്രാപ്തരാക്കാൻ വികസിത രാജ്യങ്ങൾ കൂടുതൽ മാനവികമായ നിലപാടുകൾ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്.
ഇന്ത്യൻ ഭരണഘടന സാമൂഹികനീതിയുടെ കാഴ്ചപ്പാടുകൾ ശക്തമായി പ്രതിഫലിപ്പിക്കുന്നുണ്ട്. ഭരണഘടനയുടെ ആമുഖത്തിൽ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങളിൽ, ഇന്ത്യയെ ഒരു പരമാധികാര റിപ്പബ്ലിക്കായി രൂപീകരിക്കാനും അതിന്റെ എല്ലാ പൗരന്മാർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ലഭ്യമാക്കാനും ഇന്ത്യയിലെ ജനങ്ങൾ തീരുമാനിക്കുന്നു എന്നു വ്യക്തമാക്കുന്നു, എന്നിരുന്നാലും, സാമൂഹികനീതിയുടെ തത്ത്വം വിശദീകരിക്കുന്നതും അതു ഫലപ്രാപ്തിമിലെത്തിക്കുന്നതും വ്യത്യസ്തമാണ്. സാമൂഹിക നീതിയുടെ 5 സുപ്രധാന തത്വങ്ങളും സമൂഹത്തിലെ വിശേഷാധികാരമുള്ള ശക്തികൾ സംഘടിതമായി തന്നെ അട്ടിമറിക്കുന്നു എന്നതാണ് ജനാധിപത്യ ഇന്ത്യ അതിന്റെ പിറവിയുടെകാലം മുതൽ നേരിടുന്ന പ്രശ്നം. ഇന്ത്യയിലെ ജാതി ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ ചൂഷക വ്യവസ്ഥയാണ്. മനുഷ്യാവകാശങ്ങൾ, പ്രവേശനം, പങ്കാളിത്തം, ഇക്വിറ്റി എന്നീ തത്വങ്ങൾ നഗ്നമായി തന്നെ ഈ വ്യവസ്ഥ ലംഘിക്കുന്നു. വൈവിധ്യം എന്ന തത്വം ഇവിടെ അംഗീകരിക്കുന്നുണ്ട്. പക്ഷേ, മറ്റു തത്വങ്ങളെയെല്ലാം അട്ടിമറിക്കാനാണ് ഇതെന്നതാണു നമ്മുടെ ദുരന്തം. കഠിനമായ ജാതിചിന്തയാൽ പാർലമെന്റ്, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നീ 3 നെടുംതൂണുകളും ഈ സാമൂഹിക അനീതിയെ നേരിടുന്നതിൽ പരാജയപ്പെടുന്നു. നിർഭാഗ്യകരമെന്നു പറയട്ടെ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും പലപ്പോഴും ഈ വിഷയത്തിൽ കുറ്റകരമായ മൗനമാണ് പുലർത്തുന്നത്. സാമൂഹിക നീതിയ്ക്കായി നാം ഭരണഘടനാധിഷ്ഠിതമായി വിഭാവനം ചെയ്ത സംവരണം പോലുള്ള കാര്യങ്ങളൊക്കെ അട്ടിമറിക്കപ്പെടുന്ന കാലമാണിന്ന്. വ്യക്തമായ പഠനങ്ങളുടെ അഭാവത്തിലുള്ള സാമ്പത്തിക സംവരണവും പൊതുമേഖലയുടെ സ്വകാര്യവത്കരണവും ഈ അട്ടിമറിയുടെ ഉത്തമോദാഹരണങ്ങളാണ്. ആധുനിക ഇന്ത്യ വെറുമൊരു മനുവാദ ഭാരതം മാത്രമാണെന്ന് ഈ ലോക സാമൂഹിക നീതിദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.

സ്ത്രീകളുടെ അടിച്ചമർത്തൽ ഇന്ത്യയുടെ ചരിത്രത്തിൽ സർവ്വവ്യാപിയാണ്. കൂടാതെ, സ്ത്രീകളുടെ നിലയിൽ പുരോഗമനപരമായ മാറ്റങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും, അവർ ഇപ്പോഴും വിവേചനം നേരിടുകയും തീരുമാനമെടുക്കൽ പ്രക്രിയകളിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യുന്നു. ഗാർഹിക പീഡനം ഇവിടെ സർവ്വസാധാരണമാണ്. ഇന്ത്യയിലെ 70 % സ്ത്രീകളും ഗാർഹിക പീഡനത്തിന് ഇരകളാണ് (4). കൂടാതെ, പെൺകുട്ടികളൂടെ ശിശുഹത്യ, പെൺഭ്രൂണഹത്യ, ദുരഭിമാനക്കൊല, സ്ത്രീധനവുമായി ബന്ധപ്പെട്ട ആക്രമണവും മരണവും, ബാലവിവാഹം തുടങ്ങിയ പ്രശ്നങ്ങൾ സ്ത്രീകൾ നേരിടുന്നു. തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷൻ നടത്തിയ സർവേയിൽ സ്ത്രീകളെ സംബന്ധിച്ചു ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യമായി ഇന്ത്യയെ തിരഞ്ഞെടുത്തു (5).സ്ത്രീകളുടെ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഭരണഘടനാപരവും നിയമപരവുമായ നിരവധി വ്യവസ്ഥകൾ ഉണ്ട്. സ്ത്രീകൾക്കായി സംവരണം മുതലായ ക്രിയാത്മക നടപടികൾ രാഷ്ട്രം നടപ്പാക്കുന്നുമുണ്ട്. പക്ഷേ, ജനാധിപത്യ ഇന്ത്യ ഒരു പുരുഷാധിപത്യ ഭാരതമാണെന്ന യാഥാർത്ഥ്യം സ്ത്രീകൾക്കെതിരായ മനുഷ്യാവകാശ ധ്വംസനങ്ങളുടെ വേരുറുക്കാനുള്ള പ്രയാസം നമ്മെ ബോധ്യപ്പെടുത്തുന്നു.

ഇന്ന്, സ്വവർഗരതിയും ലൈംഗിക സ്വത്വബോധത്തിന്റെ വിവിധ മാനങ്ങളും
മുമ്പത്തേക്കാൾ ഇന്ത്യൻ യുവാക്കൾക്ക് സ്വീകാര്യമായേക്കാം, എന്നാലും, കുടുംബം, വീട്, സ്കൂൾ എന്നിവയുടെ അതിരുകൾക്കുള്ളിൽ, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അംഗീകാരവും അവരുടെ ലിംഗപരമായ തിരഞ്ഞെടുപ്പുകൾ പരസ്യമായി പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും ഇപ്പോഴും എൽജിബിടി സമൃഹത്തിന് അപ്രാപ്യമാണ്. നിരവധി ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും മറ്റും കേൾക്കുന്ന നഗര എൽജിബിടി ശബ്ദങ്ങൾ എൽജിബിടി ആക്ടിവിസത്തിന്റെ ഒരു പ്രധാന ഭാഗമാണെങ്കിലും ഈ സമൂഹം നേരിടുന്ന വൈവിധ്യമാർന്ന വെല്ലുവിളികളുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇവ തുറന്നുകാട്ടുന്നത്. എൽ‌ജിബിടി സമൂഹത്തോടുള്ള വിവേചനത്തിനുള്ള ഒരു പ്രധാന കാരണം സ്വവർഗരതിയോടുള്ള രക്ഷാകർതൃ പ്രതികരണമാണെന്നാണു പഠനങ്ങൾ പറയുന്നത്. ഹെറ്ററോസെക്ഷ്വൽ ലൈംഗികസ്വത്വബോധം പ്രകടിപ്പിച്ചാൽ മാത്രമേ മിക്ക എൽജിബിടി ആളുകളും കുടുംബത്തിന് സ്വീകാര്യമാകൂ.

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ തൊഴിൽ ലോകത്തെ മാറ്റുകയാണ്. കഴിഞ്ഞ ഒരു ദശകത്തിൽ, ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡേറ്റ എന്നിവയുടെ വ്യാപനം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ വ്യാപനത്തിലേക്ക് നയിച്ചു, ഇതു സമ്പദ്‌വ്യവസ്ഥയുടെയും സമൂഹങ്ങളുടെയും സർവ്വ മേഖലകളിലേയ്ക്കും പടർന്നുകയറി. 2020 ന്റെ തുടക്കം മുതൽ, കോവിഡ് 19 മഹാമാരിയുടെ അനന്തരഫലങ്ങൾ തൊഴിലിനെ അക്ഷരാർത്ഥത്തിൽ തന്നെ വീടുകളിലേയക്കു പറിച്ചുനട്ടു; നിരവധി ബിസിനസ്സ് സംരംഭങ്ങൾ ഓൺലൈനായി. ഇതൊക്കെ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയും സ്വാധീനവും കൂടുതൽ ശക്തിപ്പെടുത്തി. ഇൻഫർമേഷൻ & കമ്യൂണിക്കേഷൻ ടെക്നോളജിയുടെ ലഭ്യത, ഇന്റർനെറ്റിലേക്കുള്ള പ്രവേശനം തുടങ്ങിയവ അടിസ്ഥാനമാക്കി വികസിത, വികസ്വര രാജ്യങ്ങൾക്കിടയിലും രാജ്യങ്ങൾക്കുള്ളിലും വിവിധ സമൂഹങ്ങൾ തമ്മിലുമൊക്കെയുള്ള ഡിജിറ്റൽ വിഭജന പ്രതിസന്ധിയെ കോവിഡ് മഹാമാരി അനാവരണം ചെയ്യുകയും രൂക്ഷമാക്കുകയും ചെയ്തു, ഇതുവഴി നിലവിൽ സമൂഹത്തിലുള്ള അസമത്വങ്ങൾ വർദ്ധിപ്പിക്കുകയുണ്ടായി. ഇതുമൂലം, നാളിതുവരെ അഭിമുഖീകരിക്കാത്ത സാമൂഹിക നീതിയുടെ പുതിയ പ്രശ്നങ്ങൾ മാനവരാശിയുടെ മുമ്പാകെ അനാവരണം ചെയ്തു.

ഡിജിറ്റൽ ലേബർ പ്ലാറ്റ്‌ഫോമുകൾ സ്ത്രീകൾ, ഭിന്നശേഷിക്കാർ, ചെറുപ്പക്കാർ, കുടിയേറ്റ തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ള തൊഴിലാളികൾക്കു വരുമാന ലഭ്യതയുടെ നവീന അവസരങ്ങളും സൗകര്യപ്രദമായ ജോലി സാധ്യതകളും നല്കുന്നുണ്ട്. എങ്കിലും, ഇതു തൊഴിൽ മേഖലയിൽ ചില പുതുവെല്ലുവിളികൾ ഉയർത്തുന്നു. തൊഴിലാളികളെ സംബന്ധിച്ചിടത്തോളം, ഇവ ജോലിയുടെയും വരുമാനത്തിൻ്റെയും സ്ഥിരത, ന്യായമായ തൊഴിൽ സാഹചര്യങ്ങൾക്കുള്ള അവകാശങ്ങൾ, സാമൂഹിക പരിരക്ഷ, മതിയായ ജീവിത നിലവാരം, നൈപുണ്യ വിനിയോഗം, ട്രേഡ് യൂണിയനുകൾ രൂപീകരിക്കുന്നതിനോ അതിൽ ചേരുന്നതിനോ ഉള്ള അവകാശം തുടങ്ങി ആഗോള തൊഴിലാളി വർഗ്ഗം നാളിതുവരെയുള്ള സമരപോരാട്ടങ്ങളിലൂടെ നേടിയ അവകാശങ്ങളെല്ലാം ഇന്ന് അസ്ഥിരമായിരിക്കുന്നു. കമ്പ്യൂട്ടർ അൽ‌ഗോരിതം ഉപയോഗരീതികളും മോണിറ്ററിംഗ് രീതികളും മറ്റും പല സാഹചര്യങ്ങളിലും ജോലിസ്ഥലത്തെ നിരീക്ഷണത്തെ കൂടുതൽ ചൂഷണാത്മകമായി പരിവർത്തനപ്പെടുത്തിയിരിക്കുന്നതും തൊഴിൽ രംഗത്തെ പുതിയ ആശങ്കയാണ്. കോവിഡ് 19 മഹാമാരിയുടെ അനന്തരഫലങ്ങൾ, ലൊക്കേഷൻ അധിഷ്ഠിത പ്ലാറ്റ്ഫോമുകളുടെ ഭാഗമായ തൊഴിലാളികളുടെ അപകടസാധ്യതകളും അസമത്വങ്ങളും തുറന്നുകാട്ടുന്നു. പരമ്പരാഗത ബിസിനസ്സുകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള അന്യായമായ മത്സരം നേരിടുന്നു. തൊഴിൽ ശക്തിയുമായി ബന്ധപ്പെട്ടും മറ്റുമുള്ള‍ പുതുമയുള്ള സ്വഭാവം കാരണം ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ പലതും പരമ്പരാഗത നികുതിക്കും മറ്റു ബാധ്യതകൾക്കും വിധേയമല്ല. പരമ്പരാഗത ബിസിനസുകൾക്കു പ്രത്യേകിച്ചു ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള മറ്റൊരു വെല്ലുവിളി, ഡിജിറ്റൽ പരിവർത്തനങ്ങളുമായി തുടർച്ചയായി പൊരുത്തപ്പെടാൻ ആവശ്യമായ ഫണ്ടിന്റെ ലഭ്യതക്കുറവാണ്. ഗ്ലോബൽ സൗത്തിൽ വിശ്വസനീയമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ ലഭ്യതക്കുറവ് മറ്റൊരു പ്രശ്നമാണ്.

ഡിജിറ്റൽ ലേബർ പ്ലാറ്റ്‌ഫോമുകളിലെ തൊഴിലുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും പരിഹരിക്കാൻ ശ്രമങ്ങൾ പലതും തുടങ്ങിയിട്ടുണ്ട്. പല രാജ്യങ്ങളും ഇതിനായി നൈയാമികമായ നിയന്ത്രണ ചട്ടക്കൂടുകൾ രൂപവത്കരിച്ചു തുടങ്ങി. എന്നിരുന്നാലും, ഡിജിറ്റൽ തൊഴിൽ പ്ലാറ്റ്ഫോമുകൾ രാജ്യങ്ങളുടെ അധികാരപരിധിക്കതീതമായി പ്രവർത്തിക്കുന്നതിനാൽ ഈ രംഗത്ത് അന്താരാഷ്ട്ര നയ സംഭാഷണവും ഏകോപനവും ആവശ്യമാണ്. പ്രാദേശികവും ദേശീയവും അന്തർദ്ദേശീയവുമായ നിരവധി തത്പര കക്ഷികളുടെ നയതാല്പര്യങ്ങൾ പരസ്പരം ഏറ്റുമുട്ടാൻ സാധ്യതയുള്ളതുകൊണ്ടാണിത്. രാജ്യങ്ങളുടെയും പ്ലാറ്റ്‌ഫോം കമ്പനികളുടെയും പ്രതികരണങ്ങളുടെ വൈവിധ്യം ഇതിൽ പ്രത്യേകമായി പരിഗണിക്കേണ്ടതുണ്ട്. എന്നാലേ, ഈ മേഖലയിൽ നിയന്ത്രണപരമായ സ്ഥിരതയും സാർവത്രിക തൊഴിൽ മാനദണ്ഡങ്ങളുടെ പ്രയോഗക്ഷമതയും ഉറപ്പുവരുത്തുന്നതിന് സാധിക്കൂ. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഒന്നിലധികം രാജ്യങ്ങളുടെ അധികാരപരിധിയിലുടനീളം പ്രവർത്തിക്കുന്നതിനാൽ അന്താരാഷ്ട്ര നയ സംഭാഷണവും ഏകോപനവും ആവശ്യമാണ്.സുസ്ഥിര വികസനം, ദാരിദ്ര്യ നിർമ്മാർജ്ജനം, തൊഴിലന്വേഷകരുടെ കഴിവും താൽപര്യവും അനുസരിച്ചുള്ള മാന്യമായ തൊഴിലിന്റെ ലഭ്യതയുടെ പ്രോത്സാഹനം, സാർവ്വത്രിക സാമൂഹിക സംരക്ഷണം, ലിംഗസമത്വം, സാമൂഹിക ക്ഷേമത്തിലേക്കുള്ള പ്രവേശനം, എല്ലാവർക്കും നീതി എന്നിവ നേടുന്നതിനുള്ള പരിഹാരങ്ങൾ തേടാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങളെ പരിപോഷിപ്പിക്കും വിധമുള്ള അന്വേഷണങ്ങളിലാണ് 2021 ലെ ലോക സാമൂഹിക നീതി ദിനാചരണം ശ്രദ്ധിക്കുന്നത്. തന്മൂലം, ഡിജിറ്റൽ വിഭജനം മറികടക്കുക, മാന്യമായ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുക, ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ആധുനിക കാലഘട്ടത്തിൽ തൊഴിലും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് ആവശ്യമായ നടപടികളെക്കുറിച്ച് അംഗരാജ്യങ്ങളുമായും പ്രസക്തമായ യുഎൻ സ്ഥാപനങ്ങളും മറ്റുമായി സംഭാഷണം വളർത്തുകയെന്നതാണ് ഇതിന്റെ ഒരു പ്രധാന ലക്ഷ്യം. അതിനാൽ, ലോക സാമൂഹിക നീതി ദിനാചരണത്തിന്റെ ഭാഗമായി 2021 ലെ വിചിന്തനവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് ‘ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ സാമൂഹിക നീതിക്കായുള്ള ഒരാഹ്വാനം’ എന്ന വിഷയമാണ്.

ഡിജിറ്റൽ വിഭജനത്തിന്റെ പ്രത്യാഘാതങ്ങൾ ബഹുമുഖങ്ങളാണ്. രാഷ്ട്രീയം, ഭരണപരം, സാമൂഹികം, സാമ്പത്തികം, വിദ്യാഭ്യാസപരം തുടങ്ങി സമസ്ത മേഖലകളിലും ഡിജിറ്റൽ വിഭജനം പ്രതിസന്ധികൾ സൃഷ്ടിക്കും. രാഷ്ട്രീയ മേഖല ഇന്നു സോഷ്യൽ മീഡിയയുടെ സ്വാധീനത്തിലാണ്. ഡിജിറ്റൽ കണക്റ്റിവിറ്റി ഇല്ലാതെ രാഷ്ട്രീയ ശാക്തീകരണവും സമാഹരണവും ബുദ്ധിമുട്ടാണ്. രാജ്യങ്ങളുടെ തിരഞ്ഞെടുപ്പിനെവരെ അട്ടിമറിക്കാൻ ഡിജിറ്റൽ സംവിധാനത്തിനു സാധിക്കും. അതിനാൽതന്നെ ഡിജിറ്റൽ സാക്ഷരതയുടെ അഭാവം രാഷ്ട്രീയ സാക്ഷരതയുടെ കുറവായി പരിണമിക്കുന്നു. ഭരണവും ഇന്നു ഡിജിറ്റലായിരിക്കുന്നു. ആധുനിക ജനാധിപത്യ ഭരണം ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകളിലേയ്ക്ക് അതിവേഗം മാറുകയാണ്. ഗുണപരമായ ജനാധിപത്യം സുതാര്യതയും ജനങ്ങളോട് ഉത്തരവാദിത്തവും പ്രകടിപ്പിക്കും. ഈ രീതിയിൽ നമ്മുടെ ജനാധിപത്യത്തിന്റെ ഭാവനാത്മകമായ പരിവർത്തനം ഡിജിറ്റൽ കണക്റ്റിവിറ്റിയെ ആശ്രയിച്ചിരിക്കുന്നു.

സാമൂഹിക മേഖലയിലെല്ലാം ഇന്റർനെറ്റ് പടർന്നു കയറിയിരിക്കുന്നു. ഒരു രാജ്യത്തിന്റെ സാമൂഹിക പുരോഗതി ഡിജിറ്റൽ ലോകവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ, ഡിജിറ്റൽ വിഭജനം ഒരു രാജ്യത്തിന്റെ സാമൂഹിക പുരോഗതിയെ തടസ്സപ്പെടുത്തുന്നു.

ഡിജിറ്റൽ വിഭജനം മൂലം ഗ്രാമീണ മേഖല വിവര ദാരിദ്ര്യം അനുഭവിക്കുന്നു. ഇതു, ദാരിദ്ര്യം, പിന്നോക്കാവസ്ഥ എന്നിവയുടെ ദുഷിച്ച ചക്രത്തെ ശക്തിപ്പെടുത്തുന്നു. ഇന്നു സാമ്പത്തിക മേഖലയുടെ നട്ടെല്ലായി ഡിജിറ്റൽ സാങ്കേതികത മാറിയിട്ടുണ്ട്. ഡിജിറ്റൽ വിഭജനം വഴി ഈ സാങ്കേതികവിദ്യ താങ്ങാനാവുന്നവരും അല്ലാത്തവരും തമ്മിലുള്ള സാമ്പത്തിക അസമത്വത്തിന് കാരണമാകുന്നു. വിദ്യാഭ്യാസ മുന്നേറ്റം ഇന്നു ഡിജിറ്റൽ വികസനത്തെ ആശ്രയിച്ചിരിക്കുന്നു. ഡിജിറ്റൽ ലോകവുമായുള്ള അപരിചിതത്വം വിദ്യാഭ്യാസത്തിൽ നിന്നുതന്നെ നമ്മെ പുറന്തള്ളുന്നു. ഇന്നത്തെ ലോകത്തിനാവശ്യമായ ജീവിതനൈപുണികളെല്ലാം ഡിജിറ്റൽ സാങ്കേതിക മികവിനെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ, ഇന്റർനെറ്റ് ലഭ്യമല്ലാത്ത, വിദ്യാർത്ഥികൾക്ക് ഈ യുഗത്തിന് ആവശ്യമായ പ്രപ്തി കൈവരിക്കാൻ സാധിക്കുന്നില്ല.ഇതുവഴി ഡിജിറ്റൽ ഡിവൈഡ് അനുഭവിക്കുന്നവർ പ്രത്യേകിച്ചു പാർശ്വവത്കൃതർ ഈ കാലഘട്ടത്തിന് അനുയോജ്യരല്ലാത്ത പഴഞ്ചൻ മനുഷ്യരായി പുറന്തള്ളപ്പെടുന്നു.

ഇന്ത്യയിൽ പല സാമൂഹിക ഘടകങ്ങളും ഡിജിറ്റൽ വിഭജനത്തെ സ്വാധീനിക്കുന്നു. നഗരം ഗ്രാമ വ്യത്യാസം, ലിംഗവ്യത്യാസം, ഭാഷ, വരുമാനം, തുടങ്ങിയ ഘടകങ്ങളൊക്കെ ഇതിനെ വർദ്ധിപ്പിക്കുന്നു (6). ഇന്ത്യയിൽ നഗരങ്ങളും ഗ്രാമങ്ങളും തമ്മിൽ ഡിജിറ്റൽ വിഭജനം വളരെ സ്പഷ്ടമാണ്. 2017 ജൂലൈ മുതൽ 2018 ജൂൺ വരെ നടത്തിയ എൻ‌എസ്‌എസ്ഒയുടെ കണക്കനുസരിച്ച്, വെറും 4.4 % ഗ്രാമീണ കുടുംബങ്ങൾക്ക് മാത്രമേ ഒരു കമ്പ്യൂട്ടറെങ്കിലും ഉള്ളൂ, എന്നാൽ, നഗര പ്രദേശത്ത് 14.4 % കുടുംബങ്ങൾക്കും ഈ സൗകര്യമുണ്ട്. നഗരപ്രദേശങ്ങളിലെ 42 % കുടുംബങ്ങളിൽ ഇന്റർനെറ്റ് സൗകര്യമുള്ളപ്പോൾ 14.9 % ഗ്രാമീണ കുടുംബങ്ങൾക്ക് മാത്രമാണ് ഇതുള്ളത്. അതുപോലെ, നഗരപ്രദേശങ്ങളിൽ അഞ്ച് വയസ്സിന് മുകളിലുള്ള 37 % പേർക്ക് ഇന്റർനെറ്റ് ഉപയോഗിക്കാൻ അറിയുമ്പോൾ ഗ്രാമപ്രദേശങ്ങളിൽ 13 % ആളുകൾക്ക് മാത്രമാണ് ഈ കഴിവുള്ളത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ തമ്മിലും സ്പഷ്ടമായ ഡിജിറ്റൽ വിഭജനമുണ്ട്. കമ്പ്യൂട്ടറുകൾ ലഭ്യമായവരുടെയും ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിവുള്ളവരുടെയും കാര്യത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യത്യാസം പ്രകടമാണ്. ഗ്രാമീണ, നഗര പ്രദേശങ്ങളിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിൽ ഹിമാചൽ പ്രദേശാണു മുന്നിൽ. നഗരപ്രദേശങ്ങളിൽ ഉത്തരാഖണ്ഡിലും ഗ്രാമീണ മേഖലയിൽ കേരളത്തിലുമാണ് ഏറ്റവും കൂടുതൽ കമ്പ്യൂട്ടറുകൾ ഉള്ളത്. മൊത്തത്തിൽ, ഗ്രാമ-നഗര പ്രദേശങ്ങൾ തമ്മിലുള്ള വ്യത്യാസം ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളമാണ്.

ഡിജിറ്റൽ വിഭജനത്തിലെ ലിംഗപരമായ വ്യത്യാസം നമ്മുടെ രാജ്യത്തു വളരെ സപഷ്ടമാണ്. സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനത്തിൽ ലോകത്തിലെ ഏറ്റവും ഉയർന്ന ലിംഗഭേദം ഇന്ത്യയിലാണ്. ജി‌എസ്‌എം‌എയുടെ ‘2020 മൊബൈൽ ജെന്റർ ഗ്യാപ് റിപ്പോർട്ട്’ അനുസരിച്ച് ഇന്ത്യയിൽ 21 % സ്ത്രീകൾ മാത്രമാണ് മൊബൈൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ, 42 % പുരുഷന്മാർക്ക് ഇന്റർനെറ്റ് മൊബൈലിലൂടെ പ്രയോജനപ്പെടുത്തുമ്പോളാണിത്. രാജ്യത്ത് 79 % പുരുഷന്മാർക്കും മൊബൈൽ ഫോൺ ഉള്ളപ്പോൾ സ്ത്രീകളിൽ ഇത് 63 % മാത്രമാണെന്നും റിപ്പോർട്ട് പറയുന്നു. പെൺകുട്ടികൾക്ക് ഒരു മൊബൈൽ ഫോണോ ലാപ്‌ടോപ്പോ സ്വന്തമാക്കുന്നതിന് സാമ്പത്തിക തടസ്സങ്ങൾ കൃടുതലായുണ്ട്. കൂടാതെ, സാംസ്കാരികവും സാമൂഹികവുമായ ഘടകങ്ങളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. മൊബൈൽ ഉപയോഗത്തിലെ പുരുഷ-സ്ത്രീ വിടവ് പലപ്പോഴും സ്ത്രീകളുടെ മറ്റ് അസമത്വങ്ങൾ വർദ്ധിപ്പിക്കും. വിവരങ്ങളുടെ ലഭ്യത, സാമ്പത്തിക അവസരങ്ങൾ, നെറ്റ്‌വർക്കിംഗ് എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളിൽ ഈ വിടവ് സ്പഷ്ടമാണ്.

ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങൾ ഇന്റർനെറ്റിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ശരവേഗത്തിൽ വികസിപ്പിക്കുകയാണിന്ന്. എന്നിരുന്നാലും, ഇൻറർനെറ്റിന്റെ വ്യാപനവുമായി ബന്ധപ്പെട്ടു നാം നേരിടുന്ന സുപ്രധാന പ്രശ്നമാണു ഭാഷാ തടസ്സം. ഏകദേശം 425 വ്യത്യസ്ത ഭാഷകളും ഉപഭാഷകളും ഉള്ള രാജ്യമാണ് ഇന്ത്യ. അതേസമയം, ഇന്റർനെറ്റിന്റെ പകുതിയിലധികം ഉള്ളടക്കവും ഇംഗ്ലീഷിലാണെന്ന് കണക്കാക്കപ്പെടുന്നു (7). ഇതിനർത്ഥം ഗണ്യമായ ഇൻറർനെറ്റ് ഉപയോക്താക്കൾക്കു സ്വന്തം ഭാഷയിൽ ഉള്ളടക്കം ലഭ്യമല്ല എന്നാണ്. ഏകദേശം 260 ദശലക്ഷം ആളുകളുടെ മാതൃഭാഷ ഹിന്ദിയാണെന്നും എന്നാൽ വെബിലെ ഉള്ളടക്കത്തിൽ 0.1 ശതമാനത്തിൽ താഴെ മാത്രമേ ഹിന്ദിയിൽ ലഭ്യമാകുന്നുള്ളൂ എന്നു മൊസില്ലയും ജിഎസ്എംഎയും കണക്കാക്കുന്നു. പ്രാദേശിക ഭാഷകളിലെ ഉള്ളടക്കത്തിന്റെ അഭാവം ഡിജിറ്റൽ ലോകത്തെ വളരെയധികം പരിമിതപ്പെടുന്നു. സാമൂഹിക സാംസ്കാരിക ഘടകങ്ങൾ, വരുമാനം പോലുള്ള കാര്യങ്ങൾ തുടങ്ങിയവയും ഇന്ത്യയിലെ ഡിജിറ്റൽ വിഭജനം രൂക്ഷമാക്കുന്നുണ്ട്. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും ഖാപ് പഞ്ചായത്തുകളും മറ്റും പെൺകുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം വിലക്കിയിട്ടുണ്ട്, ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഇന്ത്യയിൽ ഡിജിറ്റൽ ലോകത്തേയ്ക്കു പ്രവേശനം സാധ്യമാണ്. എന്നിട്ടും പിന്നാക്ക ജനവിഭാഗങ്ങക്ക് ഡിജിറ്റൽ യുഗത്തിന്റെ സാധ്യതകൾ ആസ്വധിക്കാനാകുന്നില്ല എന്നതു ശ്രദ്ധനീയമാണ്.

ഡിജിറ്റൽ വിഭജനം പരിഹരിക്കാൻ ഇന്ത്യ ശക്തമായ നടപടികൾ കൈക്കൊള്ളുന്നുണ്ട് സാങ്കേതികവിദ്യ ലഭ്യമാകുന്നവരും അല്ലാത്തവരും തമ്മിൽ രാജ്യം കൂടുതൽ ഭിന്നിച്ചു കൊണ്ടിരിക്കുകയാണ്. ഇ-കൊമേഴ്‌സിനും ഇ-ഗവേണൻസിനും കൂടുതൽ നൈയാമികമാകാൻ ഇന്ത്യൻ സർക്കാർ ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റ് 2000 പാസാക്കി. 2016 ഓടെ ഇന്ത്യയിലെ രണ്ടര ലക്ഷം ഗ്രാമപഞ്ചായത്തുകളിലേക്ക് ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി ഉറപ്പാക്കാൻ ലക്ഷ്യമിട്ട പദ്ധതിയായ ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് (NOF-N) പുരോഗമിക്കുകയാണ്. പൂനെ ആസ്ഥാനമായുള്ള സെന്റർ ഫോർ അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗുമായി (സി-ഡിഎസി) സഹകരിച്ച് നമ്മുടെ സർക്കാർ ഡിജിറ്റൽ വിഭജനം വലിയ രീതിയിൽ പരിഹരിക്കുന്നതിന് ഡിജിറ്റൽ മൊബൈൽ ലൈബ്രറി ഉണ്ടാക്കി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (എച്ച്പിസിഎൽ) പദ്ധതിയായ ‘ഉനതി’യും ശ്രദ്ധനീയമാണ്. സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കമായ ഗ്രാമീണ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിന് പ്രവേശനം നല്കിക്കൊണ്ട് സ്കൂളുകളിലെ ഡിജിറ്റൽ വിഭജനം പരിഹരിക്കാൻ ഈ പദ്ധതി ശ്രമിക്കുന്നു. ഓരോ ഗ്രാമീണ, നഗര വിദ്യാർത്ഥികൾക്കും ഗുണമേന്മയുള്ള പഠന സാമഗ്രികൾ ലഭ്യമാക്കുന്നതിനുള്ള ഇ-പാഠശാല പദ്ധതിയുംഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് ഡിജിറ്റൽ സൗകര്യങ്ങൾ എത്തിക്കാൻ പൊതു സേവന കേന്ദ്രങ്ങളുമൊക്കെ നാം വികസിപ്പിക്കുന്നുണ്ട്.

ഡിജിറ്റൽ ലോകത്തിന്റെ സാധ്യതകൾ മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനായി ഉപയോഗപ്പെടുത്തുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ചു തുറുങ്കിലടക്കുന്ന ഒരു ഭരണകൂടം നമ്മെ ഭരിക്കുമ്പോളാണ് ഡിജിറ്റൽ ലോകത്തെ സാമൂഹിക നീതിയ്ക്കായുള്ള ആഹ്വാനവുമായി ഈ വർഷം ലോക സാമൂഹികനീതി ദിനം ഫെബ്രുവരി 20 ന് ആചരിക്കുന്നത്. ഡിജിറ്റൽ മേഖലയിലെ ജനാധിപത്യ അവകാശങ്ങൾ പൂർണ്ണ തോതിൽ സംരക്ഷിച്ചു മാത്രമേ നമ്മുടെ രാജ്യത്തെ പാർശ്വവത്കൃതർക്കു ഭരണഘടന വാഗ്ദാനം ചെയ്തിരിക്കുന്ന അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കൂ എന്ന തിരിച്ചറിവു നേടാൻ ഈ ദിനാചരണം നമ്മെ പ്രാപ്തരാക്കട്ട.

REFERENCE
1.https://corporatefinanceinstitute.com/resources/knowledge/other/social-justice/
2.https://www.pachamama.org/social-justice/social-justice-issues
3.https://www.un.org/en/observances/social-justice-day
4.https://www.dianova.org/news/social-justice-day-an-indian-perspective/
5.http://poll2018.trust.org/country/?id=india
6.https://www.google.com/amp/s/www.civilsdaily.com/news/covid-19-lockdown-highlights-indias-digital-divide/amp/
7.https://www.google.com/amp/s/www.entrepreneur.com/amphtml/356243


ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

 

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.