Thu. Apr 25th, 2024

✍️  റെൻസൺ വി എം

വൈദ്യേതര കാരണങ്ങളാൽ സ്ത്രീയുടെ ജനനേന്ദ്രിയത്തിൽ മാറ്റം വരുത്തുകയോ പരിക്കേല്പിക്കുകയോ ചെയ്യുന്നതിനെ സ്ത്രീയുടെ ജനനേന്ദ്രിയ ഛേദനം (ഫീമേൽ ജനിറ്റൽ മ്യൂട്ടിലേഷൻ – എഫ്ജിഎം) എന്നു പറയാം. പെൺകുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യത്തിന്റെയും ശാരീരിക സമഗ്രതയുടെയും. വിനാശത്തിനു കാരണമാകുന്ന ഈ നടപടിയെ അന്താരാഷ്ട്ര സമൂഹം ഒരു മനുഷ്യാവകാശ ലംഘനമായാണു ആധുനിക കാലത്ത് കാണുന്നത്.

സ്ത്രീകളുടേയും പെൺകുട്ടികളുടേയും ബാഹ്യപ്രത്യുല്പാദനാവയവങ്ങൾ ചികിത്സാർത്ഥമല്ലാതെ മുറിപ്പെടുത്തുകയോ, പൂർണ്ണമായോ ഭാഗികമായോ നീക്കംചെയ്യുകയോ ചെയ്യുന്നതിനെ ലോകാരോഗ്യ സംഘടന സ്ത്രീയുടെ ജനനേന്ദ്രിയ ഛേദനം എന്നു നിർവ്വചിക്കുന്നു. മുറിച്ചുമാറ്റപ്പടുന്ന ഭാഗങ്ങളുടെ അളവും കാഠിന്യവുമനുസരിച്ചു പ്രധാനമായി നാലുതരമായി ഇതിനെ തരംതിരിച്ചിരിക്കുന്നു. 1) ക്ലൈറ്റോറിഡക്റ്റമി 2) എക്സിഷൻ 3) ഇൻഫിബുലെയ്ഷൻ 4) മറ്റുള്ളവ.


ടൈപ്പ് I ക്ലൈറ്റോറിഡക്റ്റമിയിൽ സാധാരണഗതിയിൽ ക്ളിറ്ററിസും ക്ളിറ്ററിസിന്റെ ആവരണവും നീക്കം ചെയ്യുന്നു.

ടൈപ്പ് II എക്‌സിഷനിൽ ക്ലിറ്റോറിസും ലേബിയ മിനോറയും ഭാഗികമായോ പൂർണ്ണമായോ നീക്കംചെയ്യുന്നു, കൂടാതെ, ലേബിയ മെജോറയും പൂർണ്ണമായോ ഭാഗികമായോ മുറിച്ചു നീക്കും. നീക്കം ചെയ്യുന്ന ഭാഗങ്ങളുടെ അളവ് ഒരോ സമുദായങ്ങളിലും വ്യത്യസ്തമായിരിക്കും..

ടൈപ്പ് III ഇൻഫിബുലെയ്ഷൻ എന്ന പ്രക്രിയയിൽ ലേബിയ മിനോറയുടെയും ലേബിയ മെജോറയുടെയും പ്രധാനഭാഗങ്ങളും ക്ളിറ്ററിസും നീക്കം ചെയ്യപ്പെടും. ഇതിനു ശേഷം മൂത്രവിസർജ്ജനത്തിനും ആർത്തവ രക്തം പുറത്തുപോകുന്നതിനുമായി ഒരു ചെറിയ ദ്വാരം മാത്രം ബാക്കി നിർത്തി മുറിവ് മൂടിക്കളയും. ലൈംഗികബന്ധത്തിനും പ്രസവത്തിനും മുറിവ് വീണ്ടും തുറക്കും.

ടൈപ്പ് IV വിഭാഗത്തിൽ കുത്തൽ, തുളയ്ക്കൽ, കീറിമുറിക്കൽ, കഷണിക്കൽ, പൊള്ളിക്കൽ തുടങ്ങിയ വൈദ്യേതര ആവശ്യങ്ങൾക്കായി നടത്തുന്ന സ്ത്രീ ജനനേന്ദ്രിയത്തിനു ഹാനികരമായ മറ്റെല്ലാ പ്രവൃത്തികളും വരും.


എഫ്ജി‌എമ്മുമായി ബന്ധപ്പെട്ടു മനസ്സിലാക്കേണ്ട മറ്റു ചില കാര്യങ്ങളാണ് ഇൻസിഷൻ, ഡീഇൻഫിബുലെയ്ഷൻ, റീ ഇൻഫിബുലെയ്ഷൻ എന്നിവ. ക്ലിറ്ററിസിൽ മുറിവുണ്ടാക്കുന്നതിനെയോ ക്ലിറ്ററൽ പ്രീപ്യൂസ് സ്വതന്ത്രമാക്കുന്നതിനെയോ ഇൻസിഷൻ എന്നു പറയാം. കൂടാതെ, യോനീഭിത്തി, പെരിനിയം, സിംഫിസിസ് എന്നിവിടങ്ങളിൽ ഉണ്ടാക്കുന്ന മുറിവുകളും ഇതിൽ ഉൾപ്പെടുന്നു. ലൈംഗികബന്ധം അനുവദിക്കുന്നതിനോ പ്രസവം സുഗമമാക്കുന്നതിനോ വേണ്ടി ഇൻഫിബുലെയ്ഷൻ നടത്തിയ ഒരു സ്ത്രീയുടെ ജനനേന്ദിയം തുറക്കുന്നതാണു ഡീഇൻ‌ഫിബുലെയ്ഷൻ. ഇതിനുശേഷം ലേബിയ മെജോറ ഒരുമിച്ച് ചേർക്കുന്നതാണു റീഇൻഫിബുലെയ്ഷൻ (1).

ചരിത്രത്തിൽ സ്ത്രീയുടെ ജനനേന്ദ്രിയ ഛേദനമെന്ന ആചാരത്തിന്റെ ഉത്ഭവം വ്യക്തമല്ല. ക്രിസ്തുമതത്തിന്റെയും ഇസ്ലാമിന്റെയും ഉത്ഭവത്തിനു മുമ്പേ ഈ ആചാരം ഉണ്ട്. ചില ഈജിപ്ഷ്യൻ മമ്മികളിൽ എഫ്ജിഎം നടത്തപ്പെട്ടതിന്റെ ലക്ഷണങ്ങൾ ഉള്ളതായി പറയപ്പെടുന്നുണ്ട്. ബി. സി. അഞ്ചാം നൂറ്റാണ്ടിൽ ഫിനീഷ്യന്മാരും ഹിത്യരും എത്യോപ്യക്കാരും പരിച്ഛേദനം നടത്തിയിരുന്നെന്നു ഹെറോഡൊട്ടസിനെപ്പോലുള്ള ചരിത്രകാരന്മാർ അവകാശപ്പെടുന്നു. ആഫ്രിക്കയിലെ ഉഷ്ണമേഖലാ മേഖലകളിലും ഫിലിപ്പൈൻസിലും അപ്പർ ആമസോണിലെ ചില ഗോത്രങ്ങളിലും ഓസ്‌ട്രേലിയയിലെ അരുന്ത ഗോത്രത്തിലെ സ്ത്രീകളിലും ചില ആദ്യകാല റോമാക്കാരിലും അറബികളിലും ഇതു നടന്നിട്ടുണ്ടെന്നു റിപ്പോർട്ടുകളുണ്ട്. ഹിസ്റ്റീരിയ, അപസ്മാരം, മാനസ്സിക വൈകല്യങ്ങൾ, സ്വയംഭോഗം, നിംഫോമാനിയ, മെലങ്കോളിയ എന്നിവയുൾപ്പെടെയുള്ള അസുഖങ്ങൾ ചികിത്സിക്കുന്നതിനായി 1950 കൾ വരെ പടിഞ്ഞാറൻ യൂറോപ്പിലും അമേരിക്കയിലും ക്ലിറ്റോറിഡെക്ടമി നടത്തിയിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എഫ്ജി‌എം സമ്പ്രദായം യുഗങ്ങളായി വിവിധ ജനവിഭാഗങ്ങൾ പിന്തുടർന്നിരുന്നു.


സ്ത്രീയുടെ ജനനേന്ദ്രിയ ഛേദനം ആധുനിക ലോകത്തു നിലനില്ക്കുന്നതെന്തുകൊണ്ടെന്ന ചിന്ത വളരെ പ്രസക്തമാണ്. എഫ്ജിഎം നിലവിലുള്ള ഓരോ സമൂഹത്തിലും, ഇതു ലിംഗപരമായ അസമത്വത്തിന്റെ ആഴത്തിലുള്ള പ്രകടനമാണ്. ഇതു വ്യാപകമായിടത്തൊക്കെ പുരുഷന്മാരും സ്ത്രീകളും ഈ ദുരാചാരത്തെ പിന്തുണയ്ക്കുന്നു. സാധാരണമായി ഒരു എതിർ ചോദ്യം പോലുമില്ലാതെ തന്നെ സമൂഹം ഇതംഗീകരിക്കുന്നു. ഇതിനെതിരായ നിലപാടെടുക്കുന്നവർക്കു കടുത്ത എതിർപ്പും ഭീഷണിയും സാമൂഹിക ബഹിഷ്കരണവുമൊക്കെ നേരിടേണ്ടിവരും. വിശാലമായ സാമൂഹിക പിന്തുണയില്ലാതെ കുടുംബങ്ങൾക്ക് എഫ്ജിഎം ഉപേക്ഷിക്കുന്നതു വളരെ ബുദ്ധിമുട്ടായിരിക്കും. വാസ്തവത്തിൽ, പെൺകുട്ടികൾക്കു വളരെ ദോഷകരമെന്ന തിരിച്ചറിവ് ഉണ്ടായാലും പലപ്പോഴും ഈ ദുരാചാരത്തിനെ പലർക്കും അനുകൂലിക്കേണ്ടിവരും. ഇതുമൂലം ലഭ്യമാകുന്ന ‘സാമൂഹിക നേട്ടങ്ങൾ’ ദോഷങ്ങളേക്കാൾ വിലപ്പെട്ടതാണെന്നാണു ഇതു നിലനില്ക്കുന്ന സമൂഹങ്ങൾ വിലയിരുത്തുന്നതാണ് ഇതിനു കാരണം.

എഫ്ജിഎം നിലനില്ക്കുന്നതിന് അഞ്ച് തരം കാരണങ്ങൾ സാധാരണമായി ചൂണ്ടിക്കാട്ടാറുണ്ട്. 1) മാനസ്സിക ലൈംഗിക കാരണങ്ങൾ: സ്ത്രീകളുടെ ലൈംഗികതയെ നിയന്ത്രിക്കാനുള്ള ശക്തമായൊരു ഉപാധിയായാണു എഫ്ജിഎം നടത്തുന്നത്, ജനനേന്ദ്രിയത്തിന്റെ ചില ഭാഗങ്ങൾ, പ്രത്യേകിച്ച് ക്ലിറ്ററിസ് നീക്കം ചെയ്തില്ലെങ്കിൽ ഈ ഉദ്ദേശ്യം തൃപ്തികരമയി നിർവ്വഹിക്കാനാകില്ലെന്നാണു പലരുടെയും ചിന്ത. വിവാഹത്തിനു മുമ്പു കന്യകാത്വവും അതിനുശേഷം ദാമ്പത്യ വിശ്വസ്തതയും ഉറപ്പുവരുത്തുന്നതിനും പുരുഷ ലൈംഗിക സുഖം വർദ്ധിപ്പിക്കുന്നതിനും ഉള്ള ഒരു കുറുക്കുവഴിയായും ഇതിനെ പലരും കാണുന്നു.

2) സാമൂഹികവും സാംസ്കാരികവുമായ കാരണങ്ങൾ: പല സമൂഹങ്ങളിലും സ്ത്രീത്വത്തിലേക്കുള്ള ഒരു പെൺകുട്ടിയുടെ പ്രവേശത്തിന്റെ പ്രഖ്യാപനമായും ഒരു സമുദായത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായും ഒക്കെ എഫ്ജിഎമ്മിനെ കാണുന്നുണ്ട്. മുറിക്കാത്ത ക്ലിറ്ററിസ് ലിംഗത്തിന്റെ വലുപ്പത്തിലേക്കു വളരുമെന്നും എഫ്ജിഎം സന്താനോൽപാദനശേഷി വർദ്ധിപ്പിക്കുമെന്നും കുട്ടികളുടെ അതിജീവന സാധ്യത കൂട്ടുമെന്നും ഒക്കെയുള്ള മിഥ്യാധാരണകൾ ഈ ആചാരം നിലനിറുത്തുന്നതിനുള്ള കാരണമാകുന്നുണ്ട്.

3) ശുചിത്വവും സൗന്ദര്യവുമായി ബന്ധപ്പെട്ട കാരണങ്ങൾ: ചില സമുദായങ്ങൾ സ്ത്രീകളുടെ ബാഹ്യജനനേന്ദ്രിയം വൃത്തിയില്ലാത്തതായി കണക്കാക്കുന്നു. മാത്രമല്ല, ഇതു നീക്കംചെയ്യുന്നതു ശുചിത്വവും സൗന്ദര്യവും വർദ്ധിപ്പിക്കും എന്ന ചിന്തയുമുണ്ട്.

4) മതപരമായ കാരണങ്ങൾ: ഇസ്ലാമും ക്രിസ്തുമതവും എഫ്ജി‌എം അംഗീകരിക്കുന്നില്ല. എങ്കിലും മതപരമായ സിദ്ധാന്തങ്ങൾ പലപ്പോഴും ഇതിനെ ന്യായീകരിക്കാൻ ഉപയോഗിക്കുന്നുണ്ട്.

5) സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ: പല സമുദായങ്ങളിലും വിവാഹത്തിന് എഫ്ജിഎം ഒരു മുന്നുപാധിയാണ്. സ്ത്രീകൾ കൂടുതലും പുരുഷന്മാരെ ആശ്രയിക്കുന്നിടത്തു സാമ്പത്തിക ആവശ്യകത ഈ ആചാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ്. പല സമൂഹങ്ങളിലും പിന്തുടർച്ചാവകാശത്തിനുള്ള ഒരു മുന്നുപാധിയാണിത്. സമൂഹത്തിൽ എഫ്‌ജി‌എം നടത്തുന്ന വ്യക്തികളുടെ ഒരു പ്രധാന വരുമാന ശ്രോതസ്സാണിതെന്നതും ഇതിന്റെ നിലനില്പിനു സഹായിക്കുന്നുണ്ട്.


കോവിഡ് 19 മഹാമാരിയുടെ ദുരിതങ്ങൾ പെൺകുട്ടികളെയും സ്ത്രീകളെയും ആണ് ആനുപാതികമായി കൂടുതൽ പ്രതികൂലമായി ബാധിച്ചത്. ഇതിന്റെ ഫലമായി സ്ത്രീയുടെ ജനനേന്ദ്രിയ ഛേദനം ഉൾപ്പെടെയുള്ള അവകാശ ലംഘനങ്ങൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളൊക്കെ തടസ്സപ്പെടുന്നുണ്ട്. ഇതു മൂലം, മുൻ കണക്കുകളിൽ നിന്നു വ്യത്യസ്തമായി 2030 ഓടെ 2 ദശലക്ഷം പെൺകുട്ടികൾ കൂടി അധികമായി സ്ത്രീയുടെ ജനനേന്ദ്രിയ ഛേദനത്തിനു വിധേയരാകുമെന്നു യുണൈററഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (യുഎൻ‌എഫ്‌പി‌എ) കണക്കാക്കുന്നു.

2021 ൽ മാത്രം, ലോകമെമ്പാടും ഈ ഭീഷണി നേരിടുന്ന 4.16 ദശലക്ഷം പെൺകുട്ടികളുണ്ട് എന്നാണു വിലയിരുത്തൽ. എഫ്ജിഎം തടയുന്നതിന് ഇന്ന് ഒരു പെൺകുട്ടിക്ക് 95 ഡോളർ ചെലവ് വരുമെന്നാണ് യുഎൻ‌എഫ്‌പി‌എ (പ്രീ-കോവിഡ് -19) നടത്തിയ പഠനം വ്യക്തമാക്കുന്നത്. സ്ത്രീയുടെ ജനനേന്ദ്രിയ ഛേദനം ശക്തമായി നിലവിലുള്ള 30 രാജ്യങ്ങളിൽ ഉയർന്ന ജനസംഖ്യാ വർധനവാണ് അനുഭവപ്പെടുന്നത്. ഇവിടങ്ങളിൽ 15 വയസ്സിൽ താഴെയുള്ള പെൺകുട്ടികളിൽ കുറഞ്ഞത് 30 % പേരെങ്കിലും ഈ ക്രൂരതയ്ക്കു വിധേയമാകുന്നു. യൂണിസെഫ് കണക്കാക്കുന്നത് 200 ദശലക്ഷം സ്ത്രീകൾ സ്ത്രീയുടെ ജനനേന്ദ്രിയ ഛേദനത്തിനു വിധേയരായിട്ടുണ്ടെന്നാണ്.
ഇതു നടത്തപ്പെട്ട പെൺകുട്ടികളിലും സ്ത്രീകളിലും നാലിൽ ഒന്ന് ആളുകൾ അതായത് ഏകദേശം 52 ദശലക്ഷം വ്യക്തികൾ ഈ ക്രൂരതയ്ക്കു വിധേയരായത് ആരോഗ്യപ്രവർത്തകരുടെ സഹായത്താലാണ്. ഇത് അപകടകരമായ ഒരു പ്രവണതയാണ്. ഇതുവഴി അനേകം ജീവനുകൾ രക്ഷപെട്ടിട്ടുണ്ട്. പക്ഷേ, ആധുനിക ശാസ്ത്രത്തിന്റെ ഗുണഫലങ്ങൾ മാനവികതയ്ക്കെതിരായി ഉപയോഗിക്കുന്ന അത്യന്തം വേദനാജനകമായ സാമൂഹിക സാഹചര്യമാണ് ഇതു മൂലം സംജാതമാകുന്നത്. സ്ത്രീയുടെ ജനനേന്ദ്രിയ ഛേദനത്തെ പിന്തുണയ്ക്കുന്ന സാമൂഹിക ശക്തികൾക്കു കൂടുതൽ സ്വാതന്ത്ര്യത്തോടെ ഈ ദുരാചാരം തുടരാനുള്ള ‘ധൈര്യം’ ഇതു ലഭ്യമാക്കുന്നു.


പ്രധാനമായി ആഫ്രിക്കയിലെയും മിഡിൽ ഈസ്റ്റിലെയും 30 രാജ്യങ്ങളിലാണ് ഈ മനുഷ്യാവകാശലംഘനം നടക്കുന്നതെങ്കിലും, സ്ത്രീയുടെ ജനനേന്ദ്രിയ ഛേദനം ഒരു സാർവ്വത്രിക പ്രശ്നമാണ്. മാത്രമല്ല, ഏഷ്യയിലെയും ലാറ്റിൻ അമേരിക്കയിലെയും സമൂഹങ്ങളിലും ഇതു നടക്കുന്നു. പടിഞ്ഞാറൻ യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിൽ താമസിക്കുന്ന കുടിയേറ്റക്കാർക്കിടയിലും എഫ്ജിഎം തുടരുന്നുണ്ട്.

ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം, ആക്രമണം ക്രൂരത ഇവയിൽ നിന്നുള്ള സംരക്ഷണം ലഭിക്കുവാനുള്ള അവകാശം, വിവേചനത്തിൽ നിന്നുള്ള സംരക്ഷണം തുടങ്ങി നിരവധി മനുഷ്യാവകാശങ്ങളെ സ്ത്രീയുടെ ജനനേന്ദ്രിയ ഛേദനം ലംഘിക്കുന്നു. ആധുനിക സമൂഹം വികസിപ്പിച്ച മനുഷ്യാവകാശ രേഖകളൊക്കെ ഈ ദുരാചാരത്തിനെതിരായ നിലപാടു പ്രഖ്യാപിച്ചിട്ടുണ്ട്. യുഎൻ പൊതുസഭ 1948 ഡിസംബർ 10 ന് അംഗീകരിച്ച സാർവ്വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിലെ 5 വകുപ്പുകൾ എഫ്ജി‌എമ്മിനെതിരായ ശക്തമായ കാഴ്ചപ്പാടുകൾ രൂപീകരിക്കാൻ പ്രേരിപ്പിക്കുന്നു. വിവേചനത്തിനെതിരായ ആർട്ടിക്കിൾ 2; വ്യക്തിയുടെ സുരക്ഷയ്ക്കുള്ള അവകാശം സംബന്ധിച്ച ആർട്ടിക്കിൾ 3; ക്രൂരവും മനുഷ്യത്വരഹിതവും അപമാനകരവുമായ പെരുമാറ്റത്തിനെതിരായ ആർട്ടിക്കിൾ 5; സ്വകാര്യതയ്ക്കുള്ള ആവകാശത്തെക്കുറിച്ചുള്ള ആർട്ടിക്കിൾ 12; മതിയായ ആരോഗ്യ പരിരക്ഷ ഉൾപ്പെടെ നിശ്ചിത ജീവിത നിലവാരത്തിനുള്ള അർഹതയുണ്ടെന്നും മാതൃത്വവും ബാല്യവും പ്രത്യേകം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും പ്രഖ്യാപിക്കുന്ന ആർട്ടിക്കിൾ 25 എന്നിവയാണവ. യുഎൻ പൊതുസഭ 2016 ൽ അംഗീകരിച്ച ‘ഗേൾ ചൈൽഡ് റെസല്യൂഷൻ’ (എ / ആർ‌ഇഎസ് / 70/138) എഫ്‌ജി‌എമ്മിനെ “പെൺകുഞ്ഞിനോടുള്ള വിവേചനത്തിൻ്റെയും പെൺകുട്ടികളുടെ അവകാശങ്ങളുടെ ലംഘനത്തിൻ്റെയും” ഒരു രൂപമായാണു വീക്ഷിക്കുന്നത്.

പലപ്പോഴും വീട്ടിലുള്ളവരുടെ നേതൃത്വത്തിൽ തികച്ചും അനാരോഗ്യകരമായ സാഹചര്യത്തിലാണ് ഇതു നടക്കുന്നത്. സ്ത്രീയുടെ ജനനേന്ദ്രിയ ഛേദനത്തിനു വിധേയരാകുന്നവർ ശാരീരികവും മാനസ്സികവുമായ നിരവധി പ്രയാസങ്ങളനുഭവിക്കുന്നു. അമിത രക്തസ്രാവം, കഠിന വേദന, അണുബാധ, പഴുപ്പ്, മൂത്രതടസ്സം, ലൈംഗിക രോഗങ്ങൾ, എയ്ഡ്സ്, ഷോക്ക്, പ്രസവത്തിനു തടസ്സം, നവജാതശിശുവിന്റെ മരണം, വ്യക്തിയുടെ തന്നെ മരണം, കടുത്ത മാനസ്സിക സംഘർഷം തുടങ്ങിയവയെല്ലാം ഇതുമൂലം അനുഭവിക്കാം. അതുപോലെ തന്നെ, അവരുടെ ലൈംഗികവും, പ്രത്യുൽപാദന ആരോഗ്യം, മാനസികാരോഗ്യം എന്നിവയ്ക്കു ദീർഘകാല പ്രത്യാഘാതങ്ങളും ഇതുവഴി നേരിടുന്നു.


ഈ ദുരാചാരം ഇല്ലാതാക്കാൻ ഐക്യരാഷ്ട്രസഭ, സ്ത്രീയുടെ ജനനേന്ദ്രിയ ഛേദനത്തിനെതിരായ യുഎൻ‌എഫ്‌പി‌എ-യുണിസെഫ് സംയുക്ത പരിപാടിയിലൂടെ നടപ്പാക്കുന്ന പദ്ധതികൾ കോവിഡ് മഹാമാരിക്കെതിരായ മാനുഷ്യത്വപരമായ മറ്റ് ഇടപെടലുകളോടു സമന്വയിപ്പിച്ചിട്ടുണ്ട്. എഫ്ജിഎം അവസാനിപ്പിക്കുന്നതിനു ഏകോപിതവും ആസൂത്രിതവുമായ ശ്രമങ്ങൾ ആവശ്യമാണ്. ഇതിനായി മുഴുവൻ സമൂഹങ്ങളുമായി ഇടപഴകുകയും മനുഷ്യാവകാശങ്ങൾ, ലിംഗസമത്വം, ലൈംഗിക വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അറിവുകൾ കൂടുതലായി നല്കുകയും വേണം. കൂടാതെ, എഫ്ജിഎമ്മിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആവശ്യങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതും അത്യാവശ്യമാണ്.

സ്ത്രീയുടെ ജനനേന്ദ്രിയ ഛേദനം ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുകയും ഇതിനെതിരായ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2012 ൽ യുഎൻ പൊതുസഭ ഫെബ്രുവരി 6 നെ സ്ത്രീയുടെ ജനനേന്ദ്രിയ ഛേദനത്തോടു പൂർണ്ണ നിസ്സഹരണത്തിനുള്ള അന്താരാഷ്ട്ര ദിനമായി (International Day of Zero Tolerance for Female Genital Mutilation) നിശ്ചയിച്ചു. യുഎൻ പൊതുസഭ 2012 ഡിസംബർ 20 ന് അംഗീകരിച്ച A/67/146 നമ്പർ പ്രമേയത്തിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത് (2).

സ്ത്രീയുടെ ജനനേന്ദ്രിയ ഛേദനം ഇല്ലാതാക്കുന്നതിനുള്ള യുഎൻ‌എഫ്‌പി‌എ-യുണിസെഫ് സംയുക്ത പദ്ധതിയും പരമ്പരാഗത ആചാരങ്ങൾക്കായുള്ള ഇന്റർ-ആഫ്രിക്കൻ കമ്മിറ്റിയും (ഐ‌എസി) സംയുക്തമായി 2021 ലെ ചിന്താവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് “ആഗോള നിഷ്‌ക്രിയത്വത്തിനു സമയമില്ല, ഒന്നിക്കുക, പണം നല്കുക, പ്രവർത്തിക്കുക സ്ത്രീയുടെ ജനനേന്ദ്രിയ ഛേദനം അവസാനിപ്പിക്കുക (No Time for Global Inaction, Unite, Fund, and Act to End Female Genital Mutilation)” എന്ന വിഷയമാണ്.


സ്ത്രീയുടെ ജനനേന്ദ്രിയ ഛേദനത്തിന്റെ വർദ്ധനവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളും കോവിഡ് മഹാമാരിയും കാരണം പല രാജ്യങ്ങളും “പ്രതിസന്ധിക്കുള്ളിൽ പ്രതിസന്ധി” നേരിടുന്നു. ലിംഗനീതിയെ ബഹുമാനിക്കുന്ന ഒരു ജതയ്ക്കു മാത്രമേ എഫ്ജിഎം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കൂ. അതുകൊണ്ടാണ് പെൺകുട്ടികൾക്കും സ്ത്രീകൾക്കും അവരുടെ ശബ്ദം സമൂഹത്തിലുയർത്താനും ജീവിതത്തിന്റെ തിരഞ്ഞെടുപ്പും നിയന്ത്രണവും സ്വയം സാധ്യമാക്കാനും അവസരമുള്ള ഒരു നവസമൂഹമായി ഈ ലോകത്തെ പുനർനിർമ്മിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആഗോള സമൂഹത്തോട് ആവശ്യപ്പെടുന്നത്.

ആയിരത്തിലധികം വർഷങ്ങളായി ഈ ദുരാചാരം നിലനില്ക്കുന്നുണ്ടെങ്കിലും നാം മനസ്സുവച്ചാൽ സ്ത്രീയുടെ ജനനേന്ദ്രിയ ഛേദനം ഒരൊറ്റ തലമുറയിൽ അവസാനിക്കാം. അതുകൊണ്ടാണ് 2015 ൽ പ്രഖ്യാപിച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ലിംഗപരമായ തുല്യതയെന്ന 5-ാം ലക്ഷ്യത്തിന്റെ ചൈതന്യം ഉൾക്കൊണ്ടു 2030 ഓടെ ഈ സാമൂഹിക തിന്മ പൂർണമായും ഉന്മൂലനം ചെയ്യാൻ ഐക്യരാഷ്ട്രസഭ ശ്രമിക്കുന്നത്.

രണ്ടായിരത്തിയെട്ടു മുതൽ യുണിസെഫുമായി സംയുക്തമായി യുണൈററഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (യുഎൻ‌എഫ്‌പി‌എ) എഫ്ജിഎം ഇല്ലാതാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിനുള്ള ഏറ്റവും വലിയ ആഗോള പദ്ധതിയെ നയിക്കുന്നു. ഈ സംയുക്ത പരിപാടി നിലവിൽ ആഫ്രിക്കയിലെയും മിഡിൽ ഈസ്റ്റിലെയും 17 രാജ്യങ്ങളിൽ പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടാതെ, ഈ ലക്ഷ്യ പൂർത്തീകരണത്തിനായി പ്രവർത്തിക്കുന്ന പ്രാദേശികവും ആഗോളവുമായ സംരംഭങ്ങളെ പിന്തുണയ്ക്കുന്നുമുണ്ട്.


ഈ പ്രവർത്തനങ്ങളുടെ ഫലമായി കാര്യമായ നേട്ടങ്ങൾ ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, എഫ്ജിഎം ഉന്മൂലനം സംബന്ധിച്ച പരസ്യ പ്രഖ്യാപനങ്ങളിൽ 2.8 ദശലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു. കൂടാതെ, ഈ ഇടപെടലുകൾ വഴി പ്രസ്തുത ക്രൂരതയ്ക്കു വിധേയരാകാൻ സാധ്യതയുള്ള പെൺകുട്ടികളെ കണ്ടെത്തുന്നതിനു നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിച്ച സമൂഹങ്ങളുടെ എണ്ണം ഇരട്ടിയാക്കുകയും 213,774 പെൺകുട്ടികളെ എഫ്ജിഎമ്മിൽ നിന്നു രക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് ഈ അനാചാരത്തിനെതിരെ ലോകവ്യാപകമായി പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നു. സൊമാലിയ, സുഡാൻ, ഈജിപ്ത്,, എത്യോപ്യ, തുടങ്ങി നിരവധി രാജ്യങ്ങളിതു നിയമം മൂലം നിരോധിച്ചു. 2006 നവംബറിൽ കെയ്റോയിലെ അൽ അസ്ഹർ സർവ്വകലാശാലയിൽ വച്ചു നടന്ന മുസ്ളിം മതപണ്ഡിതന്മാരുടെ സമ്മേളനം ഈ ആചാരം ശിക്ഷാർഹമാണെന്നും, ക്രൂരമായ പ്രവർത്തിയാണെന്നും, മനുഷ്യത്വത്തിനെതിരാണെന്നും പ്രഖ്യാപിച്ചു.

ഇന്ത്യയിലെ ബോറ വിഭാഗത്തിന്റെ ഇടയിൽ ഈ ക്രൂരത പ്രചാരത്തിലുണ്ട്. അതിനെതിരായി നിയമപരമായും സാമൂഹിക ഇടപെടലുകളിലൂടെയും ബോറ വനിതകൾ പോരാടുകയാണിന്ന്. സുപ്രീം കോടതിയിൽ നല്കിയ കേസിൽ ഇത് ഇന്ത്യയിലെ നിയമങ്ങളനുസരിച്ചു നിയമ വിരുദ്ധമാണ് എന്നാണു കേന്ദ്രസർക്കാർ നിലപാടെടുത്തത് (3). കേരളത്തിലും പ്രത്യകിച്ചു കോഴിക്കോടും തിരുവനന്തപുരത്തും ഈ ആചാരം നടക്കുന്നുണ്ട് എന്നാണു സാമൂഹിക പ്രവർത്തകർ പറയുന്നത്.

4).ആധുനിക കാലത്ത് ലിബറൽ ജനാധിപത്യ സമൂഹങ്ങളിൽ മൾട്ടികൾച്ചറലിസത്തിന്റെ മറവിൽ മനുഷ്യത്വ വിരുദ്ധമായ പല സാമൂഹികാചാരങ്ങളും പ്രചാരത്തിലാകുന്നുണ്ട്. ശക്തമായ മതബോധവും പുരുഷാാധിപത്യ മനോഭാവവും നിലനില്ക്കുന്ന നമ്മുടെ രാജ്യത്തു സ്ത്രീയുടെ ജനനേന്ദ്രിയ ഛേദനത്തിന്റെ പ്രചാരം വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. ഇതിനെതിരായ നിതാന്ത ജാഗ്രത മാനവികതയുടെ കാവലാളുകൾക്കൊക്കെ ഉണ്ടാകണമെന്ന മുന്നറിയിപ്പാണ് സ്ത്രീയുടെ ജനനേന്ദ്രിയ ഛേദനത്തോടു പൂർണ്ണ നിസ്സഹരണത്തിനുള്ള അന്താരാഷ്ട്ര ദിനം ആചരിക്കുന്ന ഒരോ ഫെബ്രുവരി 6 ഉം നല്കുന്നത്.

റഫറൻസ്:

1.https://www.unfpa.org/resources/female-genital-mutilation-fgm-frequently-asked-questions
2.’https://www.un.org/en/observances/female-genital-mutilation-day
3.https://en.m.wikipedia.org/wiki/Female_genital_mutilation_in_India
4.https://www.google.com/amp/s/english.mathrubhumi.com/mobile/news/kerala/female-genital-cutting-prevalent-in-literate-kerala-female-genital-mutilation-1.2195907