Mon. Nov 23rd, 2026

✍️  ഗഫൂർ കൊടിഞ്ഞി

ഒരർത്ഥത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ ഗതി നിർണ്ണയിച്ചത് ചമ്പാരൻ സമരമായിരുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഗാന്ധിജി തിരിച്ചുവരുമ്പോൾ ഇന്ത്യയിലെ സമരമേഖല ജാതി മത വർഗ്ഗ താൽപ്പര്യങ്ങളിൽ തടഞ്ഞു നിൽക്കുകയായിരുന്നു. അതുകൊണ്ടുതന്നെ രാജ്യത്തെ മുഴുവൻ ആളുകളേയും ഏകോപിപ്പിക്കാൻ സാധിക്കുന്ന ഒരു ഭൂമികയിൽ നിന്ന് പൊരുതിയാലേ ഇന്ത്യയെ വിമോ ചിപ്പിക്കാൻ സാധിക്കൂ എന്ന ദീർഘദൃഷ്ടിയോടെയാണ് ഗാന്ധിജി ആ സമരത്തിലേക്ക് എടുത്തു ചാടിയത്.

മുക്കാൽ ഭാഗവും കർഷകരായ രാജ്യത്ത് വിളവിന് വില കിട്ടുക എന്നതിൽ കവിഞ്ഞൊരു സമരതന്ത്രം ഈ ജനങ്ങളെ ഏകോപിക്കുവാനില്ല എന്ന് തിരിച്ചറിയാൻ മാത്രം ദീർഘദൃഷ്ടിയുള്ള മറ്റൊരു നേതാവ് അതുവരേ ഇല്ലായിരുന്നു. ഒരു പ ക്ഷെ അത്തരം ഒരു സമരതന്ത്രം അന്ന് മഹാത്മാവ് രൂപപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ അന്നേ ഇന്ത്യ ഫാസിസ്റ്റുകളുടെ കൈപിടിയിൽ ഒതുങ്ങുമായിരുന്നു എന്നതാണ് വാസ്തവം. ഈ സമരമുറയുടെ ഭവിഷ്യത്ത് ബ്രിട്ടീഷുകാർക്ക് പോലും തിരിച്ചറിയാനായില്ല എന്നതായിരുന്നു ഗാന്ധിജിയുടെ മറ്റൊരു വിജയം.

ആ സമരത്തിന് ഒരു നൂറ്റാണ്ട്‌ പിന്നിട്ടവേളയിലാണ് ചരിത്രത്തിൻ്റെ ആവർത്തനം പോലെ മറ്റൊരു കർഷകസമരം ഇന്ത്യയെ പ്രകമ്പനം കൊള്ളിച്ച് കടന്നു വരുന്നത്. പൗരത്വനിയമത്തിലും വിദ്യാഭ്യാസ നിയമത്തിലും ഫാസിസ്റ്റ് ഭരണകൂടം ഭരണഘടനയെ അട്ടിമറിച്ചെങ്കിലും, അത് ചിലരെ മാത്രം ബാധിക്കുന്ന പ്രശ്നമെന്ന നിലക്ക് ഭരണകൂടത്തിന് പിടിച്ചു നിൽ ക്കാൻ പഴുതുകളേറെയുണ്ടായിരുന്നു.

കഴിഞ്ഞ മുപ്പത് വർഷത്തിൽ നാലു ലക്ഷം കർഷ കർ ആത്മഹത്യ ചെയ്ത നാട്ടിൽ ഈയൊരു സമരം ഫാസിസത്തിൻ്റെ ശവക്കുഴി തോണ്ടുമെന്ന് സ്വ പ്നം കാണുന്ന മതേതരവാദികളുണ്ട്. എങ്കിലും കളത്തിലിറങ്ങി കളിക്കാൻ അവരും സന്നദ്ധരല്ല എന്നാണ് സാഹചര്യവും സന്ദർഭവും വിലയിരുത്തുമ്പോൾ തോന്നുന്നത്. അത്തരം ഒരു കൂട്ടായ്മ ഉയർന്നു വരുമെന്ന പ്രതീക്ഷകൾ മലർപൊടിക്കാരൻ്റെ സ്പനമായി കലാശിക്കാനാണ് സാധ്യത എന്നർത്ഥം. കാരണം, സ്വാതന്ത്ര്യസമര നാളുകളിലെ അവസ്ഥയല്ല ഇന്നുള്ളത്. അന്ന് പാരതന്ത്ര്യത്തിൻ്റെ തുടലുകളോടൊപ്പം പട്ടിണിയും രോ ഗവും യുദ്ധവും നമ്മെവേട്ടയാടിയിരുന്നു. അവർക്കത് കേവലം സ്വപ്നമായിരുന്നില്ല; നിലനിൽപ്പിൻ്റെ പ്രശ്നമായിരുന്നു.

ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഫലമായി നാം ഏതാണ്ട് സുഭിക്ഷരായി.എം എസ് സ്വാമിനാഥൻ്റെ ഹരിതവിപ്ലവം കാർഷിക മേഖലയിൽ അൽഭുതാവഹമായ മാറ്റമാണ് വരുത്തിയത്. വറുതിയുടെ നാളുകൾ അതിജയിച്ച് സ്വന്തം നിലനിൽപ്പ് ഭദ്രമായപ്പോൾ നാം ഓരോരുത്തരും എടുത്താൽ പൊങ്ങാ ത്ത സ്വപ്നങ്ങളുടെ തടവുകാരായി മാറുകയാണ് ചെയ്തത്. ഞാനും എൻ്റെ ഭാര്യയും കുഞ്ഞുങ്ങളും എന്നതിൽ കവിഞ്ഞൊരു കാഴ്ചപ്പാടില്ലാതായി. അയൽക്കാരൻ്റെ പ്രശ്നങ്ങളിൽ പോലും ആധിയില്ലാതായ നമ്മൾ സ്വയം അവനവനിലേക്ക് ചുരുങ്ങുമ്പോൾ ഭരണകൂടത്തിന് എന്ത് നെറികെട്ട നിയമങ്ങളും പാസാക്കാമല്ലോ.

ചുരുക്കത്തിൽ ഏത് ഫാസിസം വന്നാലും എത്ര മനുഷ്യാവകാശ ധ്വംസനങ്ങൾ നടന്നാലും അതിനിടയിലൂടെ സ്വന്തം നിലനിൽപ്പ് ഭദ്രമാക്കുകയാണ് സർവ്വരും. ഇത്തരം ഒരു സമരത്തിൽ സൃഷ്ടിപരമായി ഇടപെടുന്നതിന് ഇതൊക്കെ ഇന്നത്തെ ജനങ്ങൾക്ക് തടസ്സമാണ്.

സത്യത്തിൽ കാർഷിക ബിൽ എത്രമാത്രം നമ്മെ ബാധിക്കുന്നതാണ് എന്ന ചിന്ത പോലും നമുക്കില്ല. കൃഷി കോർപ്പറേറ്റ് കൾക്ക് പതിച്ചുനൽകുകയും താങ്ങുവില സമ്പ്രദായം തന്നെ നിർത്തലാക്കുകയും ചെയ്താൽ ഒരു രാജ്യത്തിൻ്റെ കാർഷിക മേഖല തന്നെ തകരുകയായിരിക്കും അതിൻ്റെ ആത്യന്തിക ഫലം. മണ്ടി സമ്പ്രദായവും എ പി എംസി സമ്പ്രദായവും നിലനിൽക്കുമെന്ന് പറയുന്നുണ്ടെങ്കിലും ആർക്കും യഥേഷ്ടം എവിടേയും വിൽക്കുകയും വാങ്ങുകയും ചെയ്യാമെന്നായാൽ അവ തകരും എന്നത് തന്നെയാണ് അതിൻ്റെ ആത്യന്തിക ഫലം. അങ്ങനെയായാൽ അതിൻ്റെ ഗുണഭോക്താക്കൾ തീർച്ചയായും കോർപ്പറേറ്റുകളായിരിക്കും.

കാരണം, അരയേക്രയിലും ഒരേക്രയിലും കൃഷി നടത്തുന്ന എൺപത് ശതമാനം വരുന്ന ഇന്ത്യയിലെ ചെറുകിട കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നം വിറ്റഴിക്കാൻ അന്യ സംസ്ഥാനങ്ങൾ പോയിട്ട് അടുത്ത പഞ്ചായത്തിനെ പോലും ആശ്രയിക്കാനാവില്ല. സംഗതികൾ ഇത്തരത്തിലായിരിക്കെ കോർപ്പറേറ്റുകൾക്ക് തങ്ങൾക്ക് ലാഭം കൂടുതൽ ലഭിക്കുന്ന കാർഷിക വിഭവമേതോ അത് കർഷകരെ കൊണ്ട് ഉൽപ്പാദിപ്പിക്കാൻ സമ്മർദം ചെലുത്താം. ഇത് നമ്മുടെ സാമ്പത്തിക അടിത്തറ തന്നെ തകർക്കും എന്ന് പറയേണ്ടതില്ല.

സത്യത്തിൽ കാർഷിക സമരം ജാതി മത വർഗകാഴ്ചപ്പാടുകൾക്കതീതമായി ജനങ്ങൾക്ക് സംഘടിക്കാനും ഭരണകൂടത്തിൻ്റെ നെറികേടിനെതിരെ പൊരുതാനുമുള്ള പടക്കളമാണ് തുറന്ന് തന്നിരിക്കുന്നത്. പക്ഷെ, മതേതരരെന്ന് പറയുന്ന നമ്മുടെ സാമ്പ്രദായിക രാഷട്രീയ പ്രസ്ഥാനങ്ങൾ പോലും ഇതിൽ സൃഷ്ടിപരമായി ഇടപെടുന്നില്ല. പഞ്ചാബിലേയും ഹരിയാനയിലേയും യുപിയിലേയും കർഷകർ ഒറ്റപ്പെടുന്ന ഒരു കാഴ്ചയാണ് കാണുന്നത്. ദിശാബോധമില്ലാത്ത ഒരു ആൾക്കൂട്ട ആരവമായി കർഷകസമരം ചുരുങ്ങുമ്പോൾ ഓർക്കുക ഫാസിസത്തെ പ്രതിരോധിക്കാൻ ചമ്പാരൻ സമരത്തെ അനുസ്മരിപ്പിക്കും മട്ടിലുള്ള ഇതു മാതിരി ഒരു സന്ദർഭം നമുക്ക് ഇനി കൈവരണമെന്നില്ല.