Fri. Mar 29th, 2024

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷക സംഘടനകളുമായി ചര്‍ച്ചക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ മൂന്നിന് ചര്‍ച്ചയാവാമെന്നും സമരം ഉപേക്ഷിക്കണമെന്നും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. കാര്‍ഷിക പരിഷ്‌ക്കരണ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ആരംഭിച്ച കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് ഇന്ന് കടുത്ത സംഘര്‍ഷങ്ങള്‍ക്കാണ് ഇടയാക്കിയത്.

ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ സിംഗുവില്‍ പ്രക്ഷോഭവുമായി എത്തിയ കര്‍ഷകര്‍ക്ക് നേരെ പോലീസ് പലതവണ കണ്ണീര്‍വാതകം പ്രയോഗിച്ചു. തങ്ങളെ തടയുന്നതിനായി നിരത്തിയിരുന്ന ബാരിക്കേഡുകളും കോണ്‍ക്രീറ്റ് പാളികളും തള്ളിമാറ്റി സമരക്കാര്‍ മുന്നോട്ടു നീങ്ങി. ഇതോടെ അതിര്‍ത്തിയില്‍ ദീര്‍ഘസമയത്തോളം ഏറ്റുമുട്ടല്‍ നടന്നു. പോലീസ് ജലപീരങ്കിയും പ്രയോഗിച്ചതോടെ പ്രക്ഷോഭകര്‍ പോലീസിനു നേരെ കല്ലേറ് നടത്തി. പോലീസ് തിരിച്ചും കല്ലെറിഞ്ഞു. റോഡില്‍ പോലീസ് നിര്‍ത്തിയിട്ടിരുന്ന മണ്ണ് നിറച്ച ട്രക്ക് ഉപയോഗിച്ച് കര്‍ഷകര്‍ ബാരിക്കേഡുകള്‍ തകര്‍ത്തു. ഒരു പോലീസ് വാഹനം ഇടിച്ചുനീക്കി പോലീസുകാര്‍ക്ക് നേരെ തന്നെ തിരിച്ചുവിട്ടു. തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് ആരംഭിച്ചു.

വൈകിട്ടോടെയാണ് സംഘര്‍ഷാവസ്ഥക്ക് അയവുണ്ടായത്. തുടര്‍ന്ന് കര്‍ഷകരെ ഡല്‍ഹിയിലേക്ക് കടത്തിവിടാമെന്ന് പോലീസ് സമ്മതിച്ചു. എന്നാല്‍, പാര്‍ലിമെന്റിന്റെ പരിസരത്തോ, രാംലീല മൈതാനിയിലോ സമരം നടത്താനാകില്ലെന്നും വടക്കന്‍ ഡല്‍ഹിയിലെ ബുറാഡിയില്‍ നടത്തണമെന്നും പോലീസ് നിര്‍ദേശിച്ചു. ഇത് കര്‍ഷകര്‍ അംഗീകരിച്ചു. ബുറാഡിയില്‍ നിന്ന് തുടര്‍ സമര പരിപാടികള്‍ ആവിഷ്‌ക്കരിക്കും. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് കര്‍ഷകര്‍ എത്തിയിട്ടുള്ളത്.

അതിനിടെ, ബുറാഡിയില്‍ എത്തുന്ന കര്‍ഷകര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. സമരക്കാര്‍ക്ക് വെള്ളവും, ശുചിമുറികളും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തും.

READ IN ENGLISH: Government ready to resolve differences, talks with farmers on Dec 3: Narendra Singh Tomar