Fri. Mar 29th, 2024

പാവപ്പെട്ട വീടുകളിൽ എത്തി വിവാഹാലോചനകൾ നടത്തി പെണ്‍കുട്ടികളുടെ സ്വർണം തട്ടിയെടുക്കുന്ന കേസുകളിലെ പ്രതി മുഹമ്മദ് റിയാസ് പിടിയിൽ. മേലാറ്റൂർ എടപ്പറ്റ സ്വദേശി യായ റിയാസിനെ പെരിന്തൽമണ്ണ പൊലീസാണ് പിടികൂടിയത്. ഇയാൾക്ക് ‘മണവാളൻ റിയാസ്’ എന്നും പേരുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾ ലക്ഷ്യം വച്ചാണ് റിയാസ് തട്ടിപ്പ് നടത്തുന്നത്.

ജോലിക്ക് പോകുന്ന സ്ത്രീകളെ വീടുകളിൽ ചെന്ന് വിവാഹ ആലോചന നടത്തി ഇവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം സ്വർണാഭരണങ്ങൾ തട്ടിയെടുത്ത് മുങ്ങുന്നതാണ് ഇയാളുടെ രീതി.

വിവാഹം ആലോചിച്ച ശേഷം ഫോണിലൂടെ സംസാരിച്ചു പെൺകുട്ടികളുമായി കൂടുതൽ അടുക്കുന്ന റിയാസ്, പിന്നീട് ആഭരണം മാറ്റി പുതിയ ഫാഷനിലുള്ളവ വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പെരിന്തൽമണ്ണ ടൗണിലേക്ക് സ്ത്രീകളെ വിളിച്ചുവരുത്തും ശേഷം ആഭരണങ്ങളുമായി മുങ്ങുകയും ചെയ്യും.

ഇത്തരത്തിൽ വഞ്ചിക്കപ്പെട്ട അരക്കുപറമ്പ്, കുന്നപ്പള്ളി സ്വദേശിനികളായ രണ്ട് സ്ത്രീകളുടെ പരാതിയിന്മേൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സൈബർ സെല്ലിന്റെ സഹായത്തോടെ റിയാസിനെ പിടികൂടുന്നത്. ഇയാൾ വിൽപ്പന നടത്തിയ ഏഴ് പവനോളം വരുന്ന ആഭരണങ്ങൾ പൊലീസ് കണ്ടെടുത്തു.

ഇത്തരത്തിൽ ലഭിക്കുന്ന പണം കൊണ്ട് മേലാറ്റൂരിൽ ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്ത് ആർഭാട ജീവിതം നയിച്ചു വരികയായിരുന്നു റിയാസ്. മറ്റ് പല സ്ഥലങ്ങളിലും പ്രതി സമാനരീതിയിലുള്ള കുറ്റകൃത്യങ്ങൾ നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.