Wed. Nov 25th, 2026

ബി ജെ പി നേതാക്കളുടെ വിദ്വേഷ പരാമര്‍ശങ്ങളില്‍ നടപടി സ്വീകരിക്കാതെ ഫേസ്ബുക്ക് അവഗണിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് രാഹുല്‍ ഗാന്ധി ബി ജെ പിക്കെതിരെ ട്വീറ്റ് ചെയ്തിരിക്കുന്നത്. ബി ജെ പി നേതാക്കള്‍ വ്യാജ വാര്‍ത്തകളിലൂടെയും വിദ്വേഷ പരാമര്‍ശങ്ങളിലൂടെയും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ അരോപിച്ചു. വാള്‍സ്ട്രീറ്റ് ജേണല്‍ വാര്‍ത്തയുടെ ചിത്രവും രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

രാജ്യത്തെ വലിയൊരു കലാപത്തിലേക്ക് വരെ തള്ളിവിട്ടേക്കാമായിരുന്ന പ്രസ്താവന നടത്തിയ ബി ജെ പിയുടെ തെലങ്കാന എംഎല്‍എ രാജ സിങ്ങിനെതിരെ നടപടിയെടുക്കാന്‍ പോലും ഫേസ്ബുക്ക് തയ്യാറായില്ലെന്ന് വാള്‍സ്ട്രീറ്റ് ജേണലില്‍ പറയുന്നുണ്ട്. രാജ സിങ്ങിന് ഫേസ്ബുക്കില്‍ വിലക്ക് വരാതിരിക്കാന്‍ കമ്പനിയുടെ ഇന്ത്യയിലെ പോളിസി എക്‌സിക്യുട്ടീവ് ആയ അന്‍ഖി ദാസ് ഇടപെട്ടുവെന്നും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിലുണ്ട്. ബി ജെ പി നേതാക്കളുടെ നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നത് രാജ്യത്ത് കമ്പനിയുടെ ബിസിനസ് താല്‍പര്യങ്ങളെ തകര്‍ക്കുമെന്നും സോഷ്യല്‍ മീഡിയ ഭീമന്റെ എക്‌സിക്യൂട്ടീവ് പറഞ്ഞതായും ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബി ജെ പിയോട് വിശാലമായ പക്ഷപാതമാണ് ഫേസ്ബുക്കിനുള്ളതെന്നും മുന്‍ ജീവനക്കാരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേ സമയം ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫേസ്ബുക്കിന്റെ പ്രതികരണം അറിയാന്‍ ആഗ്രഹിക്കുന്നതായി വിവര സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കൂടിയായ ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

കേരളത്തിൽ ഉൾപ്പെടെ ഫാക്റ്റ് ചെക്കർമാരിൽ 90 ശതമാനം പേരും ബിജെപി ആർഎസ്എസ് അനുഭാവികളാണെന്നും മറ്റുള്ളവരുടെ പോസ്റ്റുകൾ നീക്കം ചെയ്യുകയും ബിജെപി പ്രവർത്തകരുടെ പോസ്റ്റുകൾ നീക്കം ചെയ്യാതിരിക്കുന്നതായും കഴിഞ്ഞവർഷം തന്നെ ആരോപണം ഉയർന്നിരുന്നതാണ്.