Wed. Nov 25th, 2026

‘ശവക്കുഴി’ തട്ടിപ്പ് നടത്തി പരേതൻറെ ബന്ധുക്കളിൽനിന്നും പണം തട്ടിയതിന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളി ഇടവക വികാരി ഫാ. ജോസ് ഇടശ്ശേരിക്കെതിരെ പോലീസ് കേസ്. ഇടവകാംഗങ്ങളായ തൃശൂര്‍ കൊരട്ടി ഉള്ളാട്ടികുളം പോളിന്റെ മക്കളാണ് പരാതിക്കാര്‍.സംസ്ഥാന മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

സംസ്ഥാന മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും കഴിഞ്ഞ ദിവസം വിചിത്രവും അസാധാരണവുമായ ഒരു പരാതി ലഭിച്ചു.ശ വം വെച്ച് വിലപേശുന്ന രൂപ…താകമ്പനി നടത്തിയ വഞ്ചനയുടെ കഥയാണ് പരാതിയിൽ ഉണ്ടായിരുന്നത്. പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ പരേതന്റെ വീട്ടുകാരില്‍ നിന്ന് 14,000 രൂപ ഈടാക്കിയ ശേഷം പള്ളി വികാരിയും കൈക്കാരന്മാരും ചേര്‍ന്ന് ഗൂഢാലോചന നടത്തുകയും, സംസ്‌കരിച്ച് ദിവസങ്ങള്‍ മാത്രം പഴക്കമുള്ള ജീര്‍ണാവസ്ഥയിലുള്ള ഒരു മൃതദേഹം തോണ്ടിയെടുത്ത ശേഷം അതേ കുഴിയില്‍ പുതിയ മൃതദേഹം സംസ്‌കരിക്കുകയും ചെയ്‌തെന്നാണ് പരാതി.

വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം കനക്കുകയും സംഭവം വിവാദമാകുകയും ചെയ്തിട്ടും അതിരൂപതാ അധികാരികളുടെ ശ്രമം വികാരിയുടെ തട്ടിപ്പും വഞ്ചനയും മൂടിവയ്ക്കാനാണെന്ന് വിശ്വാസികള്‍ ആക്ഷേപം ഉന്നയിക്കുന്നു.

ഇടവകാംഗങ്ങള്‍ക്കു മാത്രമല്ല, സഭയ്ക്കു തന്നെയും നാണക്കേടുണ്ടാക്കിയ നെറികെട്ട പ്രവൃത്തി പുറത്തായത് തികച്ചും യാദൃച്ഛികമായാണ്. വികാരിയുടെ നേതൃത്വത്തില്‍ രഹസ്യമായി അരങ്ങേറിയ കുഴിമാടം തോണ്ടല്‍ പുറത്തുവന്നത് ഇങ്ങനെയാണ്: ഇടവകാംഗായ കിഴക്കൂടന്‍ ജോസിന്റെ ഭാര്യ സിസിലിയുടെ അമ്മ മേലേടത്ത് റോസി എന്ന തൊണ്ണൂറ്റിനാലുകാരി 2020 ജൂലായ് 21 ന് മരണമടയുന്നു. പള്ളി സെമിത്തേരിയിലെ പൊതു കല്ലറയില്‍ പിറ്റേന്ന് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് സംസ്‌കാരം. ദിവസങ്ങള്‍ കഴിഞ്ഞ് റോസിയുടെ കുഴിമാടത്തില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ വീട്ടുകാര്‍ ഞെട്ടിപ്പോയി. അമ്മച്ചിയെ അടക്കം ചെയ്തിരുന്ന കുഴിയില്‍ മറ്റൊരു മൃതദേഹം സംസ്‌കരിച്ചിരിക്കുന്നു! അപ്പോള്‍, റോസിയുടെ മൃതദേഹം എവിടപ്പോയി?

റോസിയുടെ വീട്ടുകാര്‍ പരാതി ഉന്നയിച്ചതോടെ രഹസ്യം പുറത്തു വന്നു. ആ കുഴയില്‍ ഉള്ളത് ജൂലായ് 31 ന് മരിച്ച ഉള്ളാട്ടില്‍ പോളിന്റെ മൃതദേഹമാണ്. പോളിനെ അടക്കം ചെയ്യാന്‍ തോണ്ടിയ കുഴയില്‍ നിന്ന് റോസിയുടെ ജീര്‍ണിച്ച് ദുര്‍ഗന്ധം വഹിക്കുന്ന മൃതദേഹമെടുത്ത് തെമ്മാടിക്കുഴിയില്‍ തള്ളി!അമ്മച്ചിയുടെ മൃതദേഹത്തോടു കാട്ടിയ അനാദരവിനെതിരെ വീട്ടുകാര്‍ പരസ്യമായി രംഗത്തു വരുമെന്നായപ്പോള്‍ വികാരിയായ ഫാ. ജോസ് ഇടശ്ശേരി അതിന് ഒന്നാന്തരം പരിഹാരവും നടപ്പാക്കി.

തെമ്മാടിക്കുഴിയില്‍ തള്ളിയ റോസിയുടെ ജീര്‍ണിച്ച മൃതദേഹം തിരിച്ചെടുത്ത് സെമിത്തേരിയില്‍ പുതിയ കുഴിയെടുത്ത് അവിടെ സംസ്‌കരിച്ചായിരുന്നു വികാരിയുടെ പ്രശ്‌നപരിഹാരം. പേരിന് ഒരു പ്രാര്‍ത്ഥന കൂടി നടത്തിയതോടെ എല്ലാം ക്‌ളീന്‍. റോസിയുടെ വീട്ടുകാരെ അനുനയിപ്പിച്ചും, പുറത്താരോടും പറയരുതെന്ന് ഭീഷണിയുടെ മേമ്പൊടിയോടെ ചട്ടംകെട്ടിയും പാതിരാത്രിയുടെ മറവിലായിരുന്നു രണ്ടാമത്തെ കുഴിയെടുപ്പും പ്രാര്‍ത്ഥനയും സംസ്‌കാരവുമെല്ലാം. കേട്ടുകേള്‍വിയില്ലാത്ത ഈ വഞ്ചനയുടെ രഹസ്യം പക്ഷേ പുറത്തായി.

എണ്ണായിരം രൂപ കുഴിക്കാണമായും കുഴിവെട്ടിന് ആറായിരം രൂപ പ്രത്യേകമായും ഉള്‍പ്പെടെ ആകെ 14,000 രൂപ ഈടാക്കിയ ശേഷം തങ്ങളുടെ അപ്പനെ അടക്കിയത് 11 ദിവസം മാത്രം മുമ്പ് മറ്റൊരു മൃതദേഹം അടക്കം ചെയ്ത കുഴി തോണ്ടിയാണെന്ന് അറിഞ്ഞപ്പോള്‍ ഉള്ളാട്ടികുളം പോളിന്റെ മക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജൂലായ് 31 ന് അന്ത്യനിദ്ര പൂകിയ പോളിന്റെ ഭാര്യ ത്രേസ്യ മരിച്ചിട്ട് അപ്പോള്‍ രണ്ടു മാസം ആകുന്നതേ ഉണ്ടായിരുന്നുള്ളൂ. അമ്മയുടെയും അപ്പന്റെയും വേര്‍പാടിന്റെ ദു:ഖത്തിനു മീതെ, അപ്പന്റെ മൃതദേഹത്തോട് വികാരിയച്ചന്‍ കാണിച്ച നെറികേട് പോളിന്റെ മക്കള്‍ക്ക് സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു.

സംഭവത്തെക്കുറിച്ച് പോളിന്റെ ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെയാണ്. കുടുംബ കല്ലറയില്‍ ത്രേസ്യാമ്മയുടെ മൃതദേഹം അടക്കം ചെയ്തിട്ട് രണ്ടു മാസം പോലും ആകാത്തതിനാല്‍, പോളിനു വേണ്ടി അതേ കല്ലറ തുറക്കാനാകില്ലെന്ന് പള്ളി വികാരി പറയുന്നു. മൃതദേഹം തത്കാലം പൊതുകല്ലറയില്‍ സംസ്‌കരിക്കാമെന്നും ഒരു വര്‍ഷം കഴിയുമ്പോള്‍ കുഴിമാടത്തില്‍ നിന്ന് അസ്ഥിയും മറ്റുമെടുത്ത് കുടുംബ കല്ലറയിലേക്കു മാറ്റാമെന്നും ധാരണയാകുന്നു. അങ്ങനെ കുഴിക്കാണമായും കുഴിവെട്ട് ഫീസ് ആയും 14,000 രൂപ പള്ളി വികാരി കൈപ്പറ്റുന്നു.

ഈ ധാരണയ്ക്കും ഫീസ് ഈടാക്കലിനും ശേഷം ഫാ. ജോസ് ഇടശ്ശേരിയും രണ്ടു കൈക്കാരന്മാരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതനുസരിച്ച്, പോളിന്റെ മൃതദേഹത്തിനായി പുതിയ കുഴി വെട്ടുന്നതിനു പകരം 11 ദിവസം മുമ്പ് റോസിയുടെ സംസ്‌കാരത്തിനായി വെട്ടിയ അതേ കുഴി ഉപയോഗിക്കുകയായിരുന്നു എന്നാണ് പോളിന്റെ വീട്ടുകാര്‍ പറയുന്നത്. അങ്ങേയറ്റം ആദരവോടെ, പ്രാര്‍ത്ഥനാപൂര്‍വം സംസ്‌കാര ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിക്കേണ്ട ഇടവക വികാരി തന്നെയാണ് ഈ തട്ടിപ്പും നെറികേടും കാട്ടിയത് എന്നതാണ് വിചിത്രം.

സഭയ്ക്കാകമാനം അപമാനം വരുത്തിവച്ച സംഭവത്തിന്റെ ഉത്തരവാദിത്വം കുഴിവെട്ടുകാരന്റെ തലയില്‍ കെട്ടിവച്ച് തലയൂരാന്‍ വികാരിയും അതിരൂപതാ അധികാരികളും ചേര്‍ന്ന് നീക്കം നടത്തുന്നതായാണ് വിവാദവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ഇടവകാംഗങ്ങളെ വഞ്ചിച്ച വികാരി ഫാ. ജോസ് ഇടശ്ശേരിയെ പുറത്താക്കാന്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. ജോയി അയിനിയാടനും സഭാ അധികാരികളും തയ്യാറായില്ലെങ്കില്‍ പരസ്യ പ്രക്ഷോഭത്തിന് ഇറങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇടവക വിശ്വാസികള്‍

എന്തായാലും ‘ശവക്കുഴി’ തട്ടിപ്പു കേസില്‍ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളി ഇടവക വികാരി ഫാ. ജോസ് ഇടശ്ശേരിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുകയാണ് തൃശൂര്‍ ജില്ലാ പോലീസ് മേധാവി.