Fri. Apr 19th, 2024

✍️ സുരേഷ് സി.ആർ

ലളിതമായ ജീവിതശൈലിയും, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും കർശനമായ ഉത്തരവാദിത്വബോധവും നിറഞ്ഞ ജനനേതാവായിരുന്നു സി.അച്ചുതമേനോൻ (1913 – 1991). അർപ്പണബോധവും ആത്മാർത്ഥതയും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.

ലോ കോളേജിൽ പഠിക്കുന്ന കാലത്താണ് അച്യുതമേനോന്‍ ഗാന്ധിജിയുടെ ആദർശങ്ങളിൽ ആകൃഷ്ടനാകുന്നത്. അത് രാഷ്ട്രീയാഭിപ്രായങ്ങളുടെയും ചിന്തകളുടെയും പ്രഭവസ്ഥാനമായിരുന്നു. ഇരിങ്ങാലക്കുടയിൽ പ്രജാമണ്ഡലം രൂപീകരണത്തോടെ പാർട്ടിതീരുമാനമനുസരിച്ച് അച്യുതമേനോൻ ഒളിവിൽപോയി. ഇതിനകം വക്കീൽപണി സ്വീകരിച്ചെങ്കിലും സ്വന്തം സത്യസന്ധതയ്ക്കും അന്തർമുഖതയ്ക്കും യോജിച്ചതല്ലെന്നു കണ്ടു ഉപേക്ഷിച്ചു.

1937-ലെ ഇലക്ട്രിസിറ്റി പ്രക്ഷോഭത്തോടെ സജീവ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം പി.കൃഷ്ണപിള്ളയുമായുള്ള ആത്മബന്ധം കമ്യൂണിസ്റ്റാക്കി. 1940-ൽ യുദ്ധവിരുദ്ധ പ്രസംഗത്തിന്റെ പേരിൽ ആദ്യമായി അറസ്റ്റിലായി.

1942 മുതൽ -49 വരെ കൊച്ചി കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി ആയിരുന്നു.1949 മുതൽ പാർടിസെക്രട്ടേറിയറ്റ്  അംഗമായിരുന്നു. 1952-ൽ തിരു-കൊച്ചി നിയമസഭാംഗമായി. 1957-ൽ കേരള രൂപീകരണത്തിനു ശേഷമുള്ള ആദ്യ ഇ.എം.എസ് മന്ത്രിസഭയിൽ ധനകാര്യ – കൃഷി മന്ത്രിയായി. 1964-ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.ഐയിൽ ഉറച്ചു നിന്നു.

1969 മുതൽ 1977- വരെ കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായി. 1975-ലെ അടിയന്തരാവസ്ഥ കാലത്തുണ്ടായ രാജൻ വധക്കേസ് അദ്ദേഹത്തിന്റെ ജീവിതത്തിലെ കറുത്ത അധ്യായമായി. മാനസികമായി അടിയന്തരാവസ്ഥയ്ക്ക് എതിരെയായിരുന്നു താനെന്ന് പിന്നീട് വെളിപ്പെടുത്തി. അടിയന്തരാവസ്ഥ അവസാനിച്ചപ്പോൾ മുഖ്യമന്ത്രിപദം രാജിവച്ച് സജീവ രാഷ്ട്രീയത്തിൽനിന്നും പിൻവാങ്ങി.


തൃശൂരിൽ സ്വന്തം മണ്ണിൽ വായനയും വിശ്രമവുമായി കഴിച്ചുകൂട്ടിയ അദ്ദേഹം അവസാന 14 വർഷം നിശബ്ദനായിരുന്നു. മകനെ അന്വേഷിച്ചുള്ള യാത്രയിൽ സഹായ അഭ്യർത്ഥനയുമായി പലവട്ടം അദ്ദേഹത്തെ സമീപിച്ചപ്പോഴുണ്ടായ അനുഭവം വളരെ നിരാശയും കഠിന ദുഃഖം നിറഞ്ഞതാണെന്ന് പ്രൊഫ. ഈച്ചരവാര്യർ തന്റെ ഓർമ്മക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആ കുറ്റബോധംകൊണ്ടും കൂടിയായിരിക്കാം അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ പിന്നീട് ഏർപ്പെടാതെ നിശബ്ദനായിരുന്നതും.

കൃതികൾ: ലോകചരിത്രസംഗ്രഹം (എച്ച്.ജി. വെൽസിന്റെ കൃതിയുടെ വിവർത്തനം), സോവിയറ്റ് നാട്, കേരള സംസ്ഥാനം – പ്രശ്നങ്ങളും സാധ്യതകളും, മനുഷ്യൻ സ്വയം നിർമിക്കുന്നു (ഗോർഡൻ ചൈൽസിന്റെ കൃതിയുടെ വിവർത്തനം), തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ. 1978-ൽ ‘എന്റെ ബാല്യകാല സ്മരണകൾ’ക്ക് കേരള സാഹിത്യ അവാർഡ് ലഭിച്ചു.