Thu. Apr 25th, 2024

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെ അപകടം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ഫോണിലൂടെ ചർച്ച നടത്തിയത്. കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടർമാർ ,ഐ.ജി അശോക് യാദവ് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം എയർപോർട്ടിൽ എത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.

അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും, പരിക്കേറ്റവർക്ക് ചികിത്സ നൽകാനുളള എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.കേന്ദ്ര സർക്കാരിന്റെ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാന സർക്കാരിന്റെ സർവ്വ സംവിധാനങ്ങളും ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രി ഇന്ന് രാവിലെ ഒമ്പതിന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. പ്രത്യേക ഹെലികോപ്റ്ററിലാണ് അദ്ദേഹം എത്തുക. ഇപ്പോള്‍ കരിപ്പൂരിലുള്ള മന്ത്രി എ സി മൊയ്തീനോട് അവിടെത്തന്നെ തുടരാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എത്തിയ ശേഷം അടിയന്തര യോഗം നടക്കുമെന്നാണ് അറിയുന്നത്.

കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം യാത്രകളെല്ലാം മാറ്റിവച്ചിരിക്കുകയായിരുന്നു. എന്നാല്‍, വന്‍ വിമാന ദുരന്തമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ കരിപ്പൂര്‍ സന്ദര്‍ശിക്കാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു.