Tue. Mar 19th, 2024

കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഇടുക്കിയില്‍ കാര്‍ ഒഴുകിപ്പോയി. ഇതിലുണ്ടായിരുന്ന രണ്ട് യുവാക്കളെ കാണാതായി. ഇന്നലെ വൈകിട്ട് ഇടുക്കി ഏലപ്പാറ-വാഗമണ്‍ റൂട്ടില്‍ നല്ലതണ്ണി പാലത്തിനടുത്തായിരുന്നു സംഭവം. പാലൊഴുകും പാറ വെള്ളച്ചാട്ടത്തിലേക്ക് വാഹനം ഒഴുകിപ്പോയെന്ന് സംശയിക്കുന്നു.

അഗ്‌നിശമന സേനയും നാട്ടുകാരും രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. കനത്ത മഴ മൂലം തിരിച്ചില്‍ നിര്‍ത്തിവെച്ചു. രാവിലെ പുനരാരംഭിക്കുമെന്ന് അഗ്നിശമന വിഭാഗം അറിയിച്ചു.

അതേസമയം പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായി. അണ്ണന്‍തമ്പിമല, കോഴിക്കാനം, ഹെലിബറിയ എന്നിവിടങ്ങളലാണ് ഉരുള്‍പൊട്ടിയത്. ആളപായമില്ല. വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. മേലേചെമ്മണ്ണാറിലും ഉരുള്‍പൊട്ടി. കനത്തമഴയും വൈദ്യുതി ഇല്ലാത്തതും മൂലം പലസ്ഥലങ്ങളിലും എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. കല്ലാര്‍ ഡാമും രാത്രിയില്‍ തുറന്നിട്ടുണ്ട്. കനത്ത മഴ തുടരുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 

ഇതിനിടെ കുഞ്ചിത്തണ്ണി മൂന്നാര്‍ ഗ്യാപ് റോഡില്‍ ഇന്നലെ രാത്രി വൈകിയും ഉരുള്‍പൊട്ടല്‍ ഉണ്ടായി. ഇന്നലെ രാത്രി 9.30 ഓടെ മേഖലയില്‍ വന്‍മുഴക്കം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. മുട്ടുകാട് പ്രദേശത്തുള്ളവര്‍ ഇതോടെ ആശങ്കയിലായി. ഇന്നലെ രാവിലെ ഗ്യാപ് റോഡ് ഭാഗത്ത് മലയിടിച്ചിലുണ്ടായിരുന്നു.