സ്വർണ്ണക്കടത്ത് കേസ് ശിവശങ്കറിനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സര്‍ക്കാറിനെ സമീപിച്ചു

എം ശിവശങ്കറിനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ്. ശിവശങ്കറിനെതിരെ എറണാകുളം സ്വദേശി നല്‍കിയ പരാതിക്കൊപ്പമാണ് അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. എറണാകുളം സ്വദേശി ചെഷൈര്‍ ടാര്‍സന്‍ ആണ് വിജിലന്‍സിന് പരാതി നല്‍കിയത്.

സ്വപ്ന സുരേഷിന്റെ നിയമനം, ഐടി വകുപ്പുമായി ബന്ധപ്പെട്ട കരാറുകള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്നാണ് പരാതി. അതേ സമയം ഐഎഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമായ സാഹചര്യത്തിലാണ് പരാതി സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്.

കേന്ദ്ര വിജിലന്‍സ് കമ്മീഷനും എറണാകുളം സ്വദേശി ചെഷൈര്‍ ടാര്‍സന്‍ പരാതി നല്‍കിയിരുന്നു. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു.