Wed. Apr 24th, 2024

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മന:ശാസ്ത്ര വിഭാഗം മുന്‍ മേധാവിയും പ്രകൃതിചികിത്സയിലെ ഓര്‍ത്തോപ്പതി തത്വത്തിന്റെ അടിസ്ഥാനത്തില്‍ പ്രചുരപ്രചാരം നേടിയ സ്വാഭാവിക രോഗമുക്തി (മനോപോഷണ രോഗമുക്തി) ക്യാമ്പുകളുടെ പേരിൽ വിവാദത്തിലാകുകയും ചെയ്ത ഡോ. ജോണ്‍ ബേബി (71) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 മണിയോടെ സ്വവസതിയിലായിരുന്നു അന്ത്യം.സംസ്‌കാരം ശനിയാഴ്ച രാവിലെ സ്വവസതിയില്‍ നടന്നു.

മലപ്പുറം തേഞ്ഞിപ്പലത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയ്ക്ക് സമീപം വില്ലൂന്നിയാല്‍ പാറയില്‍ ചോലക്കാട് വീട്ടില്‍ ആയിരുന്നു താമസം. 1948 ഏപ്രില്‍ 30ന് കോട്ടയം എരുമേലിയില്‍ സിഎസ്‌ഐ സഭാ പ്രവര്‍ത്തകനായിരുന്ന പി എ ജോണ്‍ (തൃക്കോതമംഗലം, പുതുപ്പള്ളി), ഏലി ജോണ്‍ (മുതലപ്ര, മല്ലപ്പള്ളി) എന്നിവരുടെ മകനായി ജനിച്ചു.

50,000ല്‍ പരം കോപ്പികള്‍ വിറ്റഴിച്ച ‘ഏതു രോഗവും മാറ്റുവാന്‍ പോഷണം ശരിയാക്കിയാല്‍ മതി’ എന്ന പുസ്തകത്തിനു പുറമേ 100ല്‍ പരം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. 28 ല്‍ പരം അന്താരാഷ്ട്ര സെമിനാറുകളില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് വിഷയാവതരണം നടത്തിയിട്ടുണ്ട്. സൈക്കോ ന്യൂട്രീഷന്‍ സംബന്ധിയായ ഇരുപതോളം പിഎച്ച്ഡി, എംഫില്‍, എംഎസ്‌സി ഗവേഷണങ്ങള്‍ സൂപ്പര്‍വൈസ് ചെയ്തിട്ടുണ്ട്. പഞ്ചപോഷണ രോഗമുക്തിയെ സംബന്ധിച്ച ഗവേഷണം തുടര്‍ന്നു വന്നിരുന്നു. Psychology in Social Action എന്ന അന്താരാഷ്ട്ര ജേര്‍ണലിന്റെ പത്രാധിപരായിരുന്നു.
പത്രാധിപർ, എഴുത്തുകാരൻ കാർട്ടൂണിസ്റ്റ്, നാടക രചയിതാവ്, സംഗീതജ്ഞൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ചെറുപ്പത്തിലേ ചിത്രകലയിൽ മികവ് പ്രകടിപ്പിച്ചിരുന്ന ബേബി സാർ മലയാള നാട് വാരികയുടെ അവസാന പേജിൽ പഞ്ചമൻ എന്ന പേരിൽ കുറേ കാലം ഒരു കാർട്ടൂൺ പംക്തി കൈകാര്യം ചെയ്തിരുന്നു.

കൃത്യമായി സൂക്ഷിച്ചിട്ടില്ലാത്തതിനാൽ അദ്ദേഹത്തിൻറെ നാടകങ്ങളുടെ സ്ക്രിപ്റ്റുകൾ ലഭ്യമല്ല. സെൽ നമ്പർ 13 എന്ന പേരിൽ ആകാശവാണി പ്രക്ഷേപണം ചെയ്ത ബേബി സാറിന്റെ നാടകം, പ്രേക്ഷകർ തുടർച്ചയായി ആവശ്യപ്പെട്ടതിനാൽ അനവധി തവണ പുന:പ്രക്ഷേപണം ചെയ്തിട്ടുണ്ട്.

അറുപതിലേറെ ഗാനങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ട്. നിരവധി നാടക സമിതികൾക്ക് സംഗീതം ചിട്ടപ്പെടുത്തി നൽകിയിട്ടുണ്ട്. കർണ്ണാടക സംഗീതത്തിൽ ആര്യനാട് സദാശിവനും ഹിന്ദുസ്ഥാനി സംഗീതത്തിൽ MRC പണിക്കരുമാണ് പ്രധാന ഗുരുക്കന്മാർ. കൊച്ചിൻ കലാഭവനിൽ നിന്നും ഗിറ്റാറും അഭ്യസിച്ചിട്ടുണ്ട്. സ്വന്തമായി രചനയും സംഗീതവും നിർവ്വഹിച്ച ഗാനങ്ങളുമുണ്ട്.

കോഴിക്കോട് സർവ്വകലാശാല NSS ന് വേണ്ടി എൺപതുകളിൽ പുറത്തിറങ്ങിയ ദേശഭക്തിഗാനങ്ങളും, ദൂരദർശൻ സംപ്രേഷണം ചെയ്ത മാധവിക്കുട്ടിയുടെ ‘നീർമാതളം പൂത്തപ്പോൾ’ എന്ന ടെലിഫിലിമിൽ കെ.ജയകുമാറിന്റെ വരികൾക്ക് സംഗീതം പകർന്ന ഗാനവും, പ്രകൃതി / പരിസ്ഥിതി ഗാനങ്ങളും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളതാണ്.

ഭാര്യ: വി പാര്‍വതി അമ്മാള്‍. മക്കള്‍: സനത് ബേബിജോണ്‍ (റിയാ ട്രാവല്‍സ്, കോഴിക്കോട്), ശ്രുതി പാര്‍വ്വതി. മരുമക്കള്‍: ജിഷാ ടിങ്കു, ഡോ. നിഷാന്ത് ഇടുക്കി.