‘നിങ്ങൾ അമേരിക്കയെക്കാൾ ‘നാല് മടങ്ങ് ജനസംഖ്യയുള്ള ഇന്ത്യയിലേക്ക് നോക്കൂ’: ഇന്ത്യയെ ഇകഴ്ത്തിക്കാട്ടി ഡൊണാൾഡ് ട്രംപ്

കൊവിഡ് പ്രതിരോധത്തിൽ മോദിക്കിട്ട് താങ്ങി കൂട്ടുകാരൻ ട്രമ്പ്. തന്റെ കേമത്തം എടുത്തുക്കാട്ടാനായി മനഃപൂർവം ഇന്ത്യയ്‌ക്കെതിരെ അപമാനകരമായ പരാമർശം നടത്തുകയായിരുന്നു ഡൊണാൾഡ് ട്രംപ്. അമേരിക്കയിൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കാനിരിക്കെ കൊവിഡ് പ്രതിരോധ കാര്യത്തിൽ തനിക്ക് സംഭവിച്ച വീഴ്ചകളും ഭരണാധികാരിയായുള്ള തന്റെ കഴിവുകേടുകളും മറച്ചുവയ്ക്കാൻ കൂടിയാണ് ഇന്ത്യയെ മോശമായി ചിത്രീകരിച്ചുകൊണ്ട് ട്രംപ് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായി ശ്രമിക്കുന്നത്.കൊവിഡ് പ്രതിരോധത്തിൽ വരുത്തിയ വീഴ്ചയുടെ പേരിൽ നിരവധി വിമർശനങ്ങളും ട്രംപിന് നേരിടേണ്ടതായി വന്നിരുന്നു.

ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ കൊവിഡ് പരിശോധനയുടെ കാര്യത്തിൽ അമേരിക്കയാണ് മികച്ചുനിൽക്കുന്നതെന്നായിരുന്നു ട്രംപിന്റെ ജനങ്ങളോടുള്ള പരാമർശം. അമേരിക്കയിൽ 60 മില്ല്യൺ പരിശോധനകൾ നടന്നുവെന്നും അതേസമയം ഇന്ത്യ ഇതുവരെ 11 മില്ല്യൺ പേരെ മാത്രമാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയുള്ളൂ എന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. ഇത് അബദ്ധവശാൽ ഉണ്ടായ പരാമർശമല്ലെന്നും പ്രസിഡന്റിന്റെ ഈ പരാമർശം ഭരണകൂടത്തിന്റെ തീരുമാനപ്രകാരം തന്നെയായിരുന്നു എന്നുമാണ് പുറത്തുവരുന്ന വിവരം.
’60 മില്ല്യൺ കൊവിഡ് ടെസ്റ്റുകളാണ് അമേരിക്കയിൽ നടന്നത്. മറ്റേത് രാജ്യങ്ങളെക്കാളും ആറ് മടങ്ങ് അധികമാണ് ഈ കണക്ക്. ഇന്ത്യയുടെ കാര്യം നിങ്ങൾ എടുക്കുകയാണെങ്കിൽ അവിടെ 11 മില്ല്യൺ ടെസ്റ്റുകൾ മാത്രമാണ് ഇതുവരെ നടന്നത്.’ ഫ്ലോറിഡയിൽ വച്ച് നടത്തിയ പ്രസംഗത്തിൽ ട്രംപ് പറഞ്ഞു. എന്നാൽ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഈ ട്രംപ് പറഞ്ഞ സംഖ്യയ്ക്ക് വിരുദ്ധമായി 14 മില്ല്യൺ ടെസ്റ്റുകൾ ഇന്ത്യയിൽ നടന്നുവെന്നാണ് അറിയിച്ചത്. ഇന്ത്യയുടെ ജനസംഖ്യ അമേരിക്കയെക്കാൾ ‘നാല് മടങ്ങ് അധികമായിട്ടും ഇതാണ് അവസ്ഥ’ എന്നായിരുന്നു വൈറ്റ് ഹൗസിന്റെ പ്രതികരണം.

എന്നാൽ വൈറ്റ് ഹൗസിന്റെയും ട്രംപിന്റെയു പരാമർശം വാസ്തവിരുദ്ധമാണെന്ന് വസ്തുതകൾ പരിശോധിച്ചാൽ മനസിലാകും. ഐ.സി.എം.ആറിന്റെ കണക്കുകൾ പ്രകാരം നിലവിൽ 18,190,382 കൊവിഡ് ടെസ്റ്റുകളാണ് ഇന്ത്യയിൽ ഇതുവരെ നടന്നത്. മാത്രമല്ല, ലോകത്തിൽ ഏറ്റവും മികച്ച രീതിയിൽ രോഗ പരിശോധന നടത്തുന്ന രാജ്യം അമേരിക്കയാണെന്ന ട്രംപിന്റെ പരാമർശവും വസ്തുതകൾക്ക് നിരക്കാത്തതാണ്. ഏറ്റവും മികച്ച കൊവിഡ് പരിശോധനാ സംവിധാനം നിലനിൽക്കുന്ന രാജ്യം ദക്ഷിണ കൊറിയ ആണെന്നതാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.