Sat. Apr 20th, 2024

ഡൽഹിയിലെ കലാപത്തിനിടയിൽ റോഡിൽ തല്ലുകൊണ്ട് അവശരായി കിടക്കുന്ന അഞ്ചുപേരോട് ചുറ്റും നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ ദേശീയഗാനം പാടാൻ പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. ഈ അഞ്ചുപേരിൽ 23കാരനായ ഒരു യുവാവ് മരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ കലാപമേഖലയിൽ ഉൾപ്പെടുന്ന കർദാംപുരി സ്വദേശിയായ ഫൈസാനാണ് മരിച്ചത്. നാലുദിവസം നീണ്ടുനിന്ന കലാപത്തിൽ 42 പേർ മരിക്കുകയും നൂറോളംപേർ പരിക്കുകളുമായി ആശുപത്രിയിലാവുകയും ചെയ്തു. ഫൈസാൻ വ്യാഴാഴ്ചയാണ് മരിച്ചത്, ശരീരത്തിനേറ്റ പരിക്കുകളാണ് മരണകാരണം.

വീഡിയോയിൽ തല്ലിചതയ്ക്കപ്പെട്ട നിലയിൽ റോഡിൽ കിടക്കുന്ന അഞ്ചുപേരെ കാണാൻ കഴിയും അതിൽ നാലുപേർ ദേശീയഗാനം പാടുന്നുണ്ട്. ചുറ്റിലും നിൽക്കുന്ന പൊലീസുകാർ നിർബന്ധിച്ചാണ് ദേശീയഗാനം പാടിക്കുന്നത്. അതിൽ രണ്ട് പൊലീസുകാർ റോഡിൽ കിടക്കുന്നവർക്കു നേരെ ലാത്തി ചൂണ്ടിയിരിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. “നന്നായി പാടൂ” എന്നാക്രോശിക്കുന്ന ശബ്ദവും അതിനിടയിൽ കേൾക്കാം.

ഫൈസാൻ മരിച്ച വിവരം സ്ഥിരീകരിച്ചത് ഡൽഹിയിലെ ഗുരു തേജ് ബഹദൂർ ആശുപത്രിയാണ്. ഫൈസനെയും വീഡിയോയിൽ കാണുന്ന മറ്റുള്ളവരെയും പൊലീസ് കസ്റ്രഡിയിലെടുത്ത് മർദ്ധിച്ചതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ” ഫൈസനെയും മറ്റുള്ളവരെയും വളരെയധികം തല്ലിയിട്ടുണ്ട്,​ അവനെ ഇരുമ്പ് വടി ഉപയോഗിച്ചും തല്ലി,​ അവന്റെ കാലുകളിൽ പൊട്ടലുണ്ട്. ക്രൂരമായി തല്ലിയത് കാരണം ഫൈസന്റെ ശരീരത്തിന് കറുത്ത നിറമായിരുന്നു. ആദ്യം അവനെ റോഡിലിട്ട് തല്ലി പിന്നീട് അവർ (പൊലീസ്)​ അവനെ പിടിച്ചുകൊണ്ട് പോയി” ഫൈസന്റെ അമ്മയുടെ വാക്കുകൾ. “സംഭവമറിഞ്ഞ് ഞാൻ ആശുപത്രിയിൽ പോയി അവിടെ അവൻ ഇല്ലായിരുന്നു ജ്യോതി കോളനിയിലുള്ള പൊലീസ് സ്റ്റേഷനിലെത്തി ഫൈസാന്റെ ഫോട്ടോ കാണിച്ചപ്പോൾ അവൻ അവിടെയുണ്ടെന്ന് പൊലീസുകാർ പറഞ്ഞു,​ പക്ഷെ കാണാ‍ൻ അനുവാദം നൽകിയില്ല. രാത്രി ഒരു മണിവരെ ഞാൻ കാത്തിരുന്നിട്ടും കാണാൻ സമ്മതിച്ചില്ല.”

അടുത്ത ദിവസം രാവിലെ 11 മണിയോടെ ഒരൽപം ജീവൻ ശേഷിക്കുന്ന മകലനെയാണ് കൂടെവിട്ടതെന്നും ഫൈസാന്റെ അമ്മ കൂട്ടിച്ചേർത്തു. ഫൈസാൻ കലാപത്തിൽ പങ്കെടുത്തിരുന്നില്ലെന്ന് മറ്രൊരു ബന്ധുവും വ്യക്തമാക്കി.

പൊലീസ് വിട്ടയച്ച ഉടനെ തന്നെ ഫൈസാനെ കർദംപുരിയിലുള്ള ആശുപത്രിയിൽ എത്തിച്ചിരുന്നു. ആശുപത്രിയിലെത്തിയ സമയത്ത് ഹൃദയമിടിപ്പും രക്തസമ്മർദവും കുറഞ്ഞ നിലയിലായിരുന്നു. തലയ്ക്കും ആന്തരിക അവയവങ്ങൾക്കും പരിക്കുണ്ടായിരുന്നതായും പുറകുവശം നീലനിറമായിരുന്നതായും ഡോക്ടർ പരാമർശിച്ചു.

കലാപത്തിൽ 500ലധികം പേരെ അറസ്റ്റുചെയ്തിട്ടുണ്ട്,​ അതിന്റെ പേരിൽ ധാരാളം ആരോപണങ്ങളുണ്ടാകുന്നതായും പൊലീസ് പറഞ്ഞു. കലാപം നടന്ന സ്ഥലത്ത് വളരെകുറച്ച് പൊലീസുകാരാണ് ഉണ്ടായിരുന്നത്. കലാപം നടന്ന നാല് ദിവസമായി 13,​200 അനാവശ്യ ഫോൺവിളികൾ വടക്കുകിഴക്കൻ ഡൽഹിയിൽ നിന്ന് പൊലീസിന് വന്നതായും അതിന്റെ കാരണക്കാരെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് കൂട്ടിച്ചേർത്തു. ആരോപണങ്ങൾക്കും കലാപത്തിനും പിന്നിൽ ദുരൂഹതയുണ്ടെന്നും അവർ പറഞ്ഞു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913