Fri. Mar 29th, 2024

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഏഴുപേര്‍ കൊല്ലപ്പെടാനിടയായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജല്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ആഭ്യന്തര സെക്രട്ടറി അജയ് ബല്ല, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ അരവിന്ദ കുമാര്‍, ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമുല്യ പട്‌നായിക്, കോണ്‍ഗ്രസ് നേതാവ് സുഭാഷ് മല്‍ഹോത്ര, ഡല്‍ഹി ബി ജെ പി അധ്യക്ഷന്‍ മനോജ് തിവാരി, പാര്‍ട്ടി നേതാവ് രംഭിര്‍ ബിദുരി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

‘അക്രമം അവസാനിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ആഭ്യന്തര മന്ത്രി ഇന്ന് വിളിച്ചു ചേര്‍ത്ത യോഗം ക്രിയാത്മകമായിരുന്നു. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച് ശ്രമിക്കണം’- യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ കെജ്‌രിവാള്‍ പറഞ്ഞു. നേരത്തെ സംഘര്‍ഷ ബാധിത മേഖലകളിലെ എം എല്‍ എമാരുടെയും ഉദ്യോഗസ്ഥന്മാരുടെയും യോഗം വിളിച്ച കെജ്‌രിവാള്‍ സമാധാനം നിലനിര്‍ത്തണമെന്ന് ഡല്‍ഹി നിവാസികളോട് അഭ്യര്‍ഥിച്ചിരുന്നു.

‘ഡല്‍ഹിയിലെ അക്രമങ്ങള്‍ വേദനാജനകമാണ്. ചിലര്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധി സിവിലിയന്മാര്‍ക്കും പോലീസുകാര്‍ക്കും പരുക്കേറ്റു. ഒരുപാട് വീടുകള്‍ക്ക് തീയിടുകയും കടകള്‍ തകര്‍ക്കുകയും ചെയ്തു. ഇത് വളരെ നിര്‍ഭാഗ്യകരമാണ്.’-അദ്ദേഹം പറഞ്ഞു. പുറത്തു നിന്നെത്തിയവരാണ് അക്രമം നടത്തുന്നതെന്നാണ് അതിര്‍ത്തി പ്രദേശങ്ങളിലെ എം എല്‍ എമാര്‍ പറയുന്നത്. അതിര്‍ത്തികള്‍ അടയ്ക്കുകയും മുന്‍കരുതലായുള്ള അറസ്റ്റുകള്‍ നടത്തുകയും വേണം. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് ഉന്നതാധികാരികളില്‍ നിന്ന് നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് പോലീസ് നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് ചില എം എല്‍ എമാര്‍ അറിയിച്ചിട്ടുണ്ട്.

https://newsgile.com/2020/02/25/amit-shah-assured-all-help-arvind-kejriwal-after-meet-on-delhi-violence/