Sat. Nov 21st, 2026

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വൻ വിജയം കരസ്ഥമാക്കിയ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിഷാന്ത്. ‘ചൂലുപയോഗിച്ച് വൃത്തിയാക്കാൻ ആഹ്വാനം ചെയ്തതാണ്! ഡൽഹിക്കാര് ഏറ്റെടുത്തു വിജയിപ്പിച്ചു!’ എന്നായിരുന്നു ദീപാ നിഷാന്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതത്. കേന്ദ്ര സർക്കാരിന്റെ ‘സ്വച്ച് ഭാരത്’ പദ്ധതിയുടെ ഭാഗമായി ചൂലുപയോഗിച്ച് പൊതുയിടം വൃത്തിയാക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രവും ദീപാ നിഷാന്ത് തന്റെ ഫേസ്ബുക്ക് കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്. കുറിപ്പ് ഫേസ്ബുക്കിൽ വൈറലാക്കുകയാണ്.

ബി.ജെ.പിയുടെ പ്രതീക്ഷകളെ തകർത്തുകൊണ്ട് ഡൽഹിയിൽ ആം ആദ്മി വൻ മുന്നേറ്റം നടത്തിയിരുന്നു. നില മെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാൻ അവിടെ ബി.ജെ.പിക്കായില്ല. അതേസമയം, ഒരു സീറ്റു പോലും നേടാനാവാതെ നാണം കെട്ട തോൽവിയുമായി കോൺഗ്രസ് തകർന്നടിയുകയായിരുന്നു. 67 മണ്ഡലങ്ങളിൽ കോൺഗ്രസിന് കെട്ടിവെച്ച കാശുപോലും നഷ്ടമായി.

ഡൽഹിയെ ഞെട്ടിക്കുമെന്ന് ബി.ജെ.പി നേതാക്കൾ അവകാശപ്പെട്ടിരുന്നെങ്കിലും റിസൾട്ട് വന്നപ്പോൾ നേതാക്കളും അണികളും ഒരുപോലെ ഞെട്ടി.’ഞങ്ങൾ 55 സീറ്റ് നേടിയാൽ അത്ഭുതപ്പെടരുത്’ എന്നായിരുന്നു ബിജെപി നേതാവ് മനോജ് തിവാരിയുടെ അവകാശവാദം.  ഡൽഹിയിൽ കേവല ഭൂരിപക്ഷത്തിന് 36 സീറ്റുകളാണ് വേണ്ടത്. ഇത് മൂന്നാം തവണയാണ് എ.എ.പി ഭരണത്തിലേറുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ആംആദ്മിയുടെ മുന്നേറ്റമായിരുന്നു.