Thu. Nov 19th, 2026

മുസ്ലീം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മന്ത്രി രഘുരാജ് സിംഗ്. മുസ്ലീം സ്ത്രീകള്‍ ബുര്‍ഖ ധരിക്കുന്നത് അവര്‍ ശൂര്‍പണഖയുടെ പിന്‍ഗാമികളായതിനാലാണെന്ന് സിംഗ് ആക്ഷേപിച്ചു. തീവ്രവാദികള്‍ ബുര്‍ഖയെ മറയായി ഉപയോഗിക്കുന്നു. അതിനാല്‍ ബുര്‍ഖ നിരോധിക്കണമെന്നും രഘുരാജ് സിംഗ് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ നിരവധി സ്‌ഫോടനങ്ങള്‍ നടന്നതിനാല്‍ അവിടെ ബുര്‍ഖ നിരോധിച്ചുവെന്നും മന്ത്രി അവകാശപ്പെട്ടു.

ആഗ്രയിലെ ഷാഹ്ജമാല്‍ പരിസരത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന സ്ത്രീകളെ മുന്‍ നിര്‍ത്തിയായിരുന്നു രഘുരാജ് സിംഗിന്റെ അധിക്ഷേപ പരാമര്‍ശം. ബുര്‍ഖ വരുന്നത് അറബ് ലോകത്ത് നിന്നാണ്. ഭഗവാന്‍ ലക്ഷ്മണന്‍ ശൂര്‍പണഖയുടെ ചെവിയും മൂക്കും മുറിച്ചതിനാലാണ് അവര്‍ തന്റെ മുഖം മറയ്ക്കുന്നത്. അവനര്‍ ബുര്‍ഖ ധരിക്കുന്നതിനുള്ള കാരണം രാക്ഷസന്റെ പിന്‍ഗാമികളായത് കൊണ്ടാണ്. രാക്ഷസന്റെ പിന്‍ഗാമികള്‍ മാത്രമേ ബുര്‍ഖ ധരിക്കൂ എന്നും രഘുരാജ് സിംഗ് പറഞ്ഞു.

സാധാരണ മനുഷ്യര്‍ ബുര്‍ഖ ധരിക്കില്ല. അതുകൊണ്ട് രാജ്യത്തെ സര്‍ക്കാരിനോട് ബുര്‍ഖ നിരോധിക്കാന്‍ ആവശ്യപ്പെടുകയാണ്. കാരണം നമ്മുടെ രാജ്യത്തേക്ക് തീവ്രവാദ ശക്തികള്‍ വരുന്നത് ബുര്‍ഖ ധരിച്ചുകൊണ്ടാണെന്നും രഘുരാജ് സിംഗ് പറഞ്ഞു. മോഡിക്കും യോഗിക്കുമെതിരെ പ്രതിഷേധിക്കുന്നവരെ പച്ചയ്ക്ക് കത്തിക്കണമെന്ന് പ്രസ്താവിച്ച് കഴിഞ്ഞ മാസം വിവാദത്തിലായ നേതാവാണ് രഘുരാജ് സിംഗ്.