Thu. Nov 19th, 2026

പൗരത്വ നിയമ ഭേദഗതിയിലും എന്‍.ആര്‍.സിയിലും പ്രതിഷേധിച്ച് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് അതിക്രമം. പ്രതിഷേധ മാര്‍ച്ചില്‍ അണിനിരന്ന ജാമിയയിലെ വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ഭാഗങ്ങളിലടക്കം പോലീസ് മര്‍ദ്ദിച്ചതായി ആരോപണം. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജനനേന്ദ്രിയത്തില്‍ മര്‍ദ്ദനമേറ്റത്. ക്രൂര മര്‍ദ്ദനത്തില്‍ അവശനിലയിലായ പെണ്‍കുട്ടികളെ ജാമിയ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു.

ചിലരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ അല്‍ ഷിഫ ആശുപത്രിയിലേക്ക് മാറ്റിയതായി ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ലാത്തികൊണ്ട് അടിയേറ്റ ചിലരുടെ ആന്തരികാവയവങ്ങളിലും പരുക്കേറ്റിട്ടുണ്ട്. നെഞ്ചിലും അടിവയറ്റിലുമാണ് കൂടുതല്‍ പരിക്കുകള്‍. ബൂട്ടിട്ട കാല് കൊണ്ട് പോലീസുകാര്‍ തൊഴിച്ചുവെന്നും ബൂര്‍ഖ അഴിച്ചുമാറ്റി സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദ്ദിച്ചുവെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടി വെളിപ്പെടുത്തി. ആണ്‍കുട്ടികള്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഒമ്പത് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ ഒരാളെ ഐ.സി.യുവിലേക്ക് മാറ്റിയിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ പട്ടികയ്ക്ക് എതിരെയും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ജാമിയ കോര്‍ഡിനേഷന്‍ കമ്മറ്റിയാണ് പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയത്. പ്രതിഷേധ മാര്‍ച്ചിന് അനുമതി വാങ്ങിയിരുന്നില്ലെന്ന് പോലീസ് ആരോപിച്ചു. ജാമിയയിലെ ഏഴാം നമ്പര്‍ ഗേറ്റില്‍ നിന്നുമാണ് മാര്‍ച്ച് ആരംഭിച്ചത്. ഇടയ്ക്ക് പോലീസ് ഇടപെട്ടുവെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല.

തുടർന്ന് പ്രതിഷേധ പ്രകടനത്തിന് നേരെ ലാത്തി വീശിയ പോലീസ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിഅ കോഡിനേഷന്‍ കമ്മിറ്റിയിലെ വിദ്യാര്‍ഥികളെയാണ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ഥികളെ പിന്നീട് വിട്ടയച്ചതായി പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി വിദ്യാര്‍ഥി ഷഹീന്‍ അബ്ദുള്ള ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തിട്ടുണ്ട്.

കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ ബസിനകത്തുവെച്ച് ഒരു മണിക്കൂറോളം പോലീസ് ക്രൂരമായി മര്‍ദിച്ചതായും മുഖത്തും ജനനേന്ദ്രിയത്തിലും മറ്റും ചവിട്ടുകയും ഇടിക്കുകയും ചെയ്തതായും വിദ്യാർത്ഥികൾ പറയുന്നു. പ്രകടനത്തില്‍ പൊലീസ് ലാത്തിവീശിയതിനെതുടര്‍ന്നും നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

https://newsgile.com/2020/02/11/jamia-millia-anti-caa-protest-students-injured-in-private-parts-as-over-10-students-admitted-to-hospital-after-clash-with-police/