Sun. Nov 22nd, 2026

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നഗരത്തിൽ പീപ്പിൾസ് ലോങ് മാർച്ച് സംഘടിപ്പിച്ചു. അരയിടത്തുപാലത്തുനിന്ന് ആരംഭിച്ച മാർച്ച് മാനാഞ്ചിറചുറ്റി ബീച്ച് ഓപ്പൺ സ്റ്റേജിനടുത്ത് സമാപിച്ചു.ദേശീയ പതാകകളും പൗരത്വ നിയമത്തിനെതിരായ മുദ്രാവാക്യമെഴുതിയ പ്ലക്കാർഡുകളുമേന്തിയാണ് യുവതീയുവാക്കൾ മാർച്ചിൽ അണിനിരന്നത്.

അരയിടത്തു പാലത്തിനടുത്ത് ചരിത്രകാരൻ ഡോ. എം.ജി.എസ്. നാരായണൻ ലോങ്മാർച്ച് ഫ്ലാഗ് ഓഫ്ചെയ്തു. ഡോ. ഖദീജ മുംതാസ്, വി.പി. സുഹ്റ, പി.കെ. പാറക്കടവ്, കെ. അജിത, ലദീത, സിവിക് ചന്ദ്രൻ, സുദേവൻ, സീന പനോളി, അപർണ, സുനിൽ അശോകപുരം, ബിന്ദു അമ്മിണി,ബിന്ദു തങ്കം കല്യാണി തുടങ്ങിയവർ പങ്കെടുത്തു.

ലോങ് മാർച്ചിന്റെ സംഘാടകർക്കിടയിൽ ഉണ്ടായ ഭിന്നതയും മാർച്ചിനുമുമ്പ് സംഘാടകരിൽ ചിലർ ഫെയ്‌സ്‌ബുക്കിൽ ഇട്ടപോസ്റ്റും വിവാദമാകുകയും സോഷ്യൽമീഡിയയിൽ ചർച്ചയാകുകയും ചെയ്തതുകൊണ്ടാണ് മാർച്ചിൽ ജനപങ്കാളിത്തം കുറഞ്ഞതെന്ന് ഒരുവിഭാഗം പറയുന്നു.സംഘാടകരിൽ ഒരു വിഭാഗം കടുത്ത ഇസ്ലാംഭീതി (ഇസ്ലാമോഫോബിയ) പ്രകടിപ്പിക്കുന്നതായും ഇക്കാരണത്താൽ സംഘാടനത്തിൽ നിന്ന് വിട്ടുനിൽക്കുന്നതായും ഒരുവിഭാഗം പരിപാടിക്കുമുമ്പ് പോസ്റ്റിടുകയും പ്രസ്താവന ഇറക്കുകയുമൊക്കെ ചെയ്തിരുന്നു. പരിപാടിയുടെ സമാപനച്ചടങ്ങിൽ ഡൽഹി ജാമിഅ മില്ലിയ്യ വിദ്യാർത്ഥിനികളായ ആയിഷ റെന്നയും ലദീദയും പങ്കെടുക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്തുവന്നതാണ് തങ്ങൾ മാറിനിൽക്കാൻ കാരണമെന്ന് ഇവർ പറഞ്ഞത്.

എന്നാൽ ആയിഷ റെന്നയും ലദീദയും പങ്കെടുക്കുന്നതിനെ സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് പരിഹരിക്കുകയും അവർ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്‌തെങ്കിലും എറണാകുളത്ത് നടക്കുന്ന മുസ്ളീം സംഘടനകളുടെ പരിപാടിക്ക് മുസ്ലിം വിഭാഗത്തിലുള്ളവർ പോകുമെന്നും ആളുകുറയുമെന്നും മനസിലാക്കി തങ്ങൾ സംഘാടനത്തിൽ നിന്ന് പിന്മാറിയതുകൊണ്ടാണ് ആളുകുറഞ്ഞതെന്ന് വരുത്താനുള്ള അതിബുദ്ധിയാണ് അവർ കാണിച്ചതെന്നും അവർ പിന്മാറിയലും ഇല്ലെങ്കിലും ഇസ്ലാമിസ്റ്റുകൾ എറണാകുളത്ത് നടക്കുന്ന സംയുക്തപ്രക്ഷോഭത്തിന് പോകുമായിരുന്നു എന്നും എതിർവിഭാഗത്തിലെ ചിലർ പറഞ്ഞു.ആരുനേതൃത്വം കൊടുക്കുന്നു എന്നതോ ആളിൻറെ എണ്ണത്തിലോ അല്ല കാര്യമെന്നും ഉന്നയിക്കപ്പെടുന്ന വിഷയമാണ് പ്രധാനമെന്നും, മാർച്ച് വിജയമായിരുന്നു എന്നും, പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുന്നതായും സംഘാടകർ പറഞ്ഞു. എല്ലാ ഫാസിസ്റ്റ് വിരുദ്ധ സംഗമങ്ങളിലും ഈ കലാപരിപാടികൾ മുൻപും ഉണ്ടാകുറുള്ളതാണ്.