Tue. Nov 24th, 2026

താൻ വിശ്വാസിയല്ലെന്നും കേരളത്തിലെ പുരോഗമന നാട്യങ്ങളുടെ കാപട്യങ്ങൾ കണ്ടു സഹികെട്ടാണ് തൻ ശബരിമല വിഷയത്തിൽ ഇടപെടൽ നടത്തിയതെന്ന് ശബരിമല സ്ത്രീപ്രവേശനം സാധ്യമാക്കിയതിന്റെ മുഖ്യ സൂത്രധാരനും സാമൂഹ്യ പ്രവർത്തകനുമായ ശ്രേയസ് കണാരൻ. ശബരിമല സ്ത്രീപ്രവേശനത്തിനായി നാല് സംഘിപ്പെണ്ണുങ്ങൾ കൊടുത്ത കേസിൽ കക്ഷിചേർന്നിരുന്ന കേരളത്തിലെ ഏക വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷനും മറ്റു സകല സ്ത്രീസംഘടനകളും മുങ്ങിക്കളയുകയും ശബരിമലയിൽ പോകാൻ സന്നദ്ധയായ ലിബിയെയും പിന്നാലെ വന്ന സ്ത്രീകളെയും പത്തനംതിട്ടയിൽ തടയുകയും  ആരും പ്രതികരിക്കാതിരിക്കുക മാത്രമല്ല ആ സ്ത്രീകൾ ആക്രമിക്കപ്പെടുകയും കേസിൽ കക്ഷിയായിരുന്ന സംഘടനയുടെ നേതാവ് പികെ ശ്രീമതിയുൾപ്പെടെ ശബരിമലയിൽ പോയ സ്ത്രീകൾക്കെതിരെ പ്രസ്താവനയിറക്കുകയും ചെയ്ത സാഹചര്യത്തിലാണ് താൻ ഭാര്യയെയും കൂട്ടി ശബരിമലയിൽ പോകാൻ സന്നദ്ധനായതെന്നും തന്നെയും ഭാര്യയെയും തടയുകയും ചെയ്തപ്പോഴാണ് വ്യകതിപരമായ ഇടപെടൽ കൊണ്ട് ഇത്രയും വലിയൊരു ഫസിസ്റ്റ് ഭീകരതയെ നേരിടാനാവില്ലെന്നു മനസിലാക്കുകയും ഒരു കൂട്ടായ ഇടപെടൽ ആണ് ഈ വിഷയത്തിൽ ആവശ്യമെന്ന് തീരുമാനിച്ച് ഒരു ഓൺലൈൻ കൂട്ടായ്മ രൂപീകരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്നും ആ കൂട്ടായ്മ നടത്തിയ ഇടപെടലിന്റെ വിജയമായിരുന്നു ശബരിമല സ്ത്രീപ്രവേശനം സാധ്യമാക്കിയതെന്ന് ശ്രേയസ് കണാരൻ പറഞ്ഞു. ആലപ്പുഴയിൽ നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ സംഘടിപ്പിച്ച ശബരിമല സ്ത്രീപ്രവേശനത്തിന്റെ ഒന്നാം വാർഷികാഘോഷത്തിൻറെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിധിനടപ്പിലാക്കപ്പെട്ടെങ്കിലും സംഘി ഭീഷണിയും സർക്കാരിന്റെയും പോലീസിന്റെയും ഇരട്ടത്താപ്പും മൂലം സ്ത്രീകൾക്ക് സുഗമമായ സഞ്ചാര സ്വാതന്ത്ര്യം ഒരുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത് സത്യമാണെന്നും നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ അതിനെതിരെ എന്ത് തരത്തിലുള്ള ഇടപെടൽ നടത്തിയാലും തൻറെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും കൊടുത്തകേസിൽ സ്ത്രീകൾക്ക് പ്രത്യേക സുരക്ഷ ഒരുക്കാനാവില്ലെന്നു പറഞ്ഞ കോടതി വിധിക്ക് സ്റ്റേ ഇല്ലെന്നും സമാധാനപരമായി പോകാൻ പറ്റുന്ന സ്ത്രീകൾക്ക് പോകാമെന്നും പറയുന്നു.

എന്നാൽ പ്രത്യേക സുരക്ഷ നൽകിയില്ലെങ്കിലും സമാധാന പാലനം ആരുടെ ചുമതലയാണെന്നും എല്ലാ പൗരന്മാർക്കും സുരക്ഷ ഒരുക്കേണ്ടത് പോലീസിന്റെ ബാധ്യതയാണെന്നും മറന്നുപോകരുതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അശ്വിൻ പിണറായി അദ്ധ്യക്ഷനായിരുന്നു.സ്വാമി ആനന്ദ തീർത്ഥ ചൈതന്യ പിപി സുമനൻ കരീം ചേലക്കര, ഡോ. ഹരികുമാർ വിജയലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് നടന്ന CAA വിരുദ്ധ പ്രതിഷേധം പിപി സുമനൻ ഉദ്‌ഘാടനം ചെയ്തു പ്രൊഫ. ഫ്രാൻസിസ് സേവ്യർ അധ്യക്ഷനായിരുന്നു.