ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിയും മാവേലിക്കര എസ്.എന്‍.ഡി.പി യൂണിയന്റെ മുന്‍ പ്രസിഡന്റുമായ സുഭാഷ് വാസുവിനെതിരെ പോലീസില്‍ പരാതി. മാവേലിക്കര താലൂക്ക് എസ്.എന്‍.ഡി.പി യൂണിയന്‍ അഡ്മിനിസ്‌ട്രേറ്ററാണ് പോലീസില്‍ പരാതി നല്‍കിയത്. യൂണിയന്‍ ഓഫീസിലെ വരവ് ചിലവ് കണക്ക് ബുക്ക് അടക്കം പ്രധാനപ്പെട്ട രേഖകള്‍ സുഭാഷ് വാസുവും സെക്രട്ടറി സുരേഷ് ബാബുവും ചേര്‍ന്ന് മോഷ്ടിച്ചുവെന്നാണ് പരാതി.
ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ഇവര്‍ രേഖകള്‍ മോഷ്ടിച്ചതെന്ന് പരാതിയില്‍ പറയുന്നു. മാവേലിക്കര എസ്.എന്‍.ഡി.പി യൂണിയന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പിരിച്ചുവിട്ടിരുന്നു. എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് നടപടി സ്വീകരിച്ചത്. തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പന്തളം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് അഡ്വ സിനില്‍ മുണ്ടപ്പള്ളിയാണ് അഡ്മിനിസ്‌ട്രേറ്റര്‍.
ഇക്കഴിഞ്ഞ 23നാണ് മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ ആരോപണവിധേയനായ സുഭാഷ് വാസു അടക്കമുള്ള ഭാരവാഹികളെ പിരിച്ചുവിട്ടത്. കേസില്‍ ക്രൈം ബ്രാഞ്ച് കൂടി അന്വേഷണം തുടങ്ങിയതിന് പിന്നിലായിരുന്നു നടപടി. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിയാണ് സുഭാഷ് വാസു. സുരേഷ് ബാബു രണ്ടാം പ്രതിയും. നോട്ട് നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിച്ചുവെന്നത് ഉള്‍പ്പെടെയുള്ള കേസുകള്‍ സുഭാഷ് വാസുവിനെതിരെ ഉയര്‍ന്നിരുന്നു.