Wed. Feb 21st, 2024

ലിബി.സി.എസ്

ഇത് 2019 ലെ ഒരു പോസ്റ്റാണ്. ഇത്തവണ ഇതിലെ തോറ്റം പാട്ട് എന്ന ആചാരത്തിന് മാത്രമേ ചെറിയ വ്യത്യാസം കാണാൻ സാധ്യതയുള്ളൂ, കാരണം ഇതിൽ മുഖ്യ കാര്യദർശി നിലവിൽ ആ പോസ്റ്റിൽ ഇല്ലാത്തതിനാൽ അദ്ദേഹത്തെ പുനരാനായിക്കാനുള്ള ആചാരങ്ങൾ എങ്ങനെയെന്ന് എനിക്ക് വലിയപിടിയില്ല. അത് മുതിർന്ന യുക്തിആചാര്യന്മാർ നിർദ്ദേശിക്കും.

ആചാരസംരക്ഷകർ ഭക്തന്മാരിൽ മാത്രമാണെന്ന് ചില തെറ്റിദ്ധാരണകൾ നമുക്കുണ്ട്. സാംസ്കാരികാധിനിവേശം എന്നത് നാം പോലും അറിയാതെ നമ്മെ സ്വാധീനിക്കുന്നതാണ്. എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളായി കരുതുന്ന യുക്തിവാദികളുടെ ഇടയിലും ദശാബ്ദങ്ങളായി പിന്തുടരുന്ന ചില ആചാരങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട ചില ആചാരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴയിൽ നടന്നത്.

ഒരു പ്രത്യേക ദിവസത്തിൽ തുടങ്ങി നിശ്ചിത ദിവസങ്ങളിൽ കൃത്യമായി നടത്തിവരുന്ന യുക്തിവാദികളിലെ ഒരുവിഭാഗത്തിൻറെ തിരുഉത്സവ മഹാ മഹത്തിൽ ചില ആചാരങ്ങളോ അനാചാരങ്ങളോ ഒക്കെ കൊണ്ടാടപ്പെട്ടുവരുന്നു. ക്ഷേത്ര ഉത്സവത്തിൽ പള്ളിയുണർത്തൽ, അഭിഷേകം, നിർമ്മാല്യം, ഉച്ചപൂജ, പകൽപ്പൂരം, ദീപാരാധന, മതപ്രഭാഷണം, കലാപരിപാടികൾ, വിലക്കിനെഴുന്നള്ളിപ്പ്, ആറാട്ട് … എന്നിങ്ങനെയുള്ള ആചാരങ്ങൾപോലെ…,

യുക്തിവാദികളുടെ മൂന്നുപതിറ്റാണ്ടായുള്ള ആചാരമാണ്- ഉത്സവാഘോഷവും വിളംബരജാഥ, തൃക്കൊടിയേറ്റ്, ആചാരപരമായ സ്വാഗതഗാനം, യുക്തി പ്രഭാഷണങ്ങൾ, കുട്ടി കൂട്ടായ്മ, കുടുംബസംഗമം, നാഗരികാണിക്കൽ, ‘അയ്യോ അഛാ പോകല്ലേ’ എന്നുതുടങ്ങുന്ന തോറ്റംപാട്ട്, സമ്മേളനതല്ല് അഥവാ പൂരം ഇടി, പൊതുസമ്മേളനം തുടങ്ങിയവ.

ആചാരങ്ങൾ അലംഘനീയങ്ങളാണല്ലോ? അതുകൊണ്ട് ഞാൻ ആചാരലംഘിക ആകുന്നതിന് മുൻപ് കൃത്യമായി ഈ ആചാരങ്ങൾ പാലിച്ചിരുന്ന ഒരു യുക്തി കൊലസ്ത്രീ ആയിരുന്നു. യുക്തി സമുദായ അംഗങ്ങൾ ആയിരിക്കുമ്പോൾ ഉത്സവപ്പിരിവ്, മാസവരി, ലെവി, പിന്നെ എല്ലാമാസവും എവിടെങ്കിലും ട്യൂട്ടോറിയൽ കോളേജിലോ ടുറിസ്റ്റ് ഹോമിലോ റൂം എടുത്ത് ഒരേ ആശയമുള്ളവരായ യുക്തിവാദി സമുദായ അംഗങ്ങൾ തന്നെ പരസ്പരം യുക്തി പറഞ്ഞു പിരിയും. അപ്പോൾ അവിടെ റൂമിന്റെയും ചായകുടിച്ചതിന്റെയും കാശൊക്കെ യുക്തിപറയാൻ വന്നവരൊക്കെത്തന്നെ ഷെയർ എടുത്തുകൊടുക്കും. അതുപിന്നെ അനാചാരമായി പറയാൻ പറ്റില്ലെങ്കിലും ഒരാചാരമായി തുടർന്നുപോരുന്നു.
ഇതിനേക്കാളൊക്കെ പ്രധാനം ഉത്സവപ്പിരിവ് ആണ്. അത് എസ്എൻഡിപി മോഡലിൽ ഗ്രേഡ് തിരിച്ച് 1000 മുതൽ 25,000 രൂപവരെ കൃത്യമായി ഉത്സവകമ്മറ്റി ഓഫീസിൽ അടച്ചു രസീത് വാങ്ങേണ്ടതാണ്. അന്യമതസ്ഥർക്കും യഥാവിധി മറ്റുവഴുപാടുകൾ നടത്താനുള്ളവർക്കും സംഭാവന നൽകാനുള്ളവർക്കും കൗണ്ടറിൽ പ്രത്യേകസൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഇതിൽ ഏറ്റവും രസകരമായ രണ്ട് ആചാരങ്ങളാണ് പൂരം ഇടി അഥവാ സമ്മേളന തല്ല്, അയ്യോ അഛാ പോകല്ലേ എന്ന് തുടങ്ങുന്ന തോറ്റംപാട്ടും. നാഗരികാണിക്കലിന് മുൻപോ പിൻപോ ആണ് പൂരം ഇടി നടത്താറ്.

പൂരം ഇടി അഥവാ സമ്മേളന തല്ല്:

ഇത്തവണ പൂരം ഇടിവാഴ്വാട്, ഒന്നാം ദിവസം തുടങ്ങിയ മുറുമുറുക്കൽ രണ്ടാം ദിവസത്തെ നാഗരികാണിക്കലിന് ശേഷം നഗര ചത്വരത്തിൽവെച്ച് ഡി.പ്രകാശനും സുമനൻ സാറും തമ്മിലായിരുന്നു. (രണ്ടുപേരും 25000 രൂപ വീതം ഉത്സവപ്പിരിവ് കൊടുക്കുന്ന വിഭാഗത്തിൽപെട്ട യുക്തിസമുദായാംഗങ്ങളാണ്) രണ്ടാം ദിവസം വഴക്കുകൂടി പോയ സംസ്ഥാനകമ്മറ്റി അംഗം മൂന്നാം ദിവസം കൂടിയില്ല. അതുകൊണ്ട് ആചാരം പൂർണമാകാതെ ലേശം ആചാരലംഘനം നടന്നു.

കഴിഞ്ഞ തൊടുപുഴ സമ്മേളനത്തിൽ, ധനുവച്ചപുരവും രാജഗോപാലും പ്രദീപും തമ്മിലായിരുന്നു പൂരം ഇടി ആചാരം എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് തത്സമയ ദൃശ്യങ്ങൾ സഹിതം ന്യൂസ്‌ഗിൽ ന് യുക്തിവാദികളിലെ ചില ചാരന്മാർ ചോർത്തി തന്ന വിവരം. പിന്നീട് ധനുവച്ചപുരം വാർത്ത സത്യമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. അത് വിറകുകൊള്ളി എടുക്കൽ വരെയേ എത്തിയുള്ളൂ. “നാണമില്ലാതെ ധനുവച്ചപുരത്തിന്റെ ഭാര്യയും മകളും രെജിസ്ട്രേഷൻ ഫീസടയ്ക്കാതെ ഭക്ഷണം കഴിച്ചെന്ന്” വരെ യുക്തിമൂത്ത് വിളറിപിടിച്ച് രാജഗോപാൽ കലിയടങ്ങാതെ മൈക്കിൽകൂടി വിളിച്ചുപറഞ്ഞു.

‘താൻ വിറകുകൊള്ളിയെടുത്ത് തലയ്ക്കടിക്കാഞ്ഞത് സുകുമാരൻ വന്ന് സമ്മേളനം കലക്കി എന്ന പേരുദോഷം ഒഴിവാക്കാനായിരുന്നെന്ന്’ സുകുമാരൻ സാർ പറഞ്ഞപ്പോൾ ഉള്ളത് പറഞ്ഞാൽ- “സാർ അടിക്കരുതായിരുന്നു, ഭാര്യയെക്കൊണ്ട് മോന്തയ്ക്ക് രണ്ട് പൊട്ടിക്കൽ കൊടുക്കുകയായിരുന്നു വേണ്ടിയെരുന്നതെന്ന്” യുക്തിസമുദായ അംഗമായിരുന്ന ഈ വെറും ജൂനിയർ ആചാരലംഘിക മകരജ്യോതിതട്ടിപ്പ് പൊളിച്ച മുതിർന്ന ആചാരലംഘകന് ഫെമിനിസ്റ്റ് വിധിപ്രകാരം ഒരു വിദഗ്ധോപദേശവും കൊടുത്തിരുന്നു.

അതിനുമുൻപ് രണ്ട് മുതിർന്ന യുക്തി മഹാരഥന്മാർ പരസ്പരം സ്റ്റേജിൽ കയറിനിന്ന് തന്തയ്ക്ക് വിളിച്ചത് സോഷ്യൽ മീഡിയയിൽ വൈറൽ ആയത് ഓർക്കുന്നില്ലേ? അന്ന് സ്മാർട്ട് ഫോണും ഫെയ്‌സ് ബുക്കിന് വീഡിയോ ഫീച്ചറും ഇല്ലാതിരുന്നതുകൊണ്ട് സ്റ്റിൽ ഫോട്ടോസ് മാത്രമേ ഉള്ളൂ എൻറെ കൈവശം. അതല്ലെങ്കിൽ യുക്തിവാദികളുടെ ആചാരങ്ങളെ കുറിച്ച് ഭാവിയിൽ റിസർച്ച് ചെയ്യുന്നവർക്ക് നല്ല ഒരു മുതൽ കൂട്ട് ആകുമായിരുന്നു അത്.

പതിനേഴ് വർഷം കൃത്യമായി ഈ ആചാരങ്ങളിൽ പങ്കെടുക്കുകയും എട്ടുവർഷം സംസ്ഥാന കമ്മറ്റി അംഗവും രണ്ടുവർഷം എച്ച് വൈഎം സംസ്ഥാന പ്രസിഡന്റുമായിരുന്നു ഞാൻ. എൻറെ അനുഭവത്തിൽ ഏതെങ്കിലും വർഷം പൂരം ഇടി അഥവാ സമ്മേളന തല്ല് നടക്കാതിരുന്നാൽ പുറത്തുനിന്ന് ആരെങ്കിലും വന്ന് പ്രശ്നം ഉണ്ടാക്കും. ആരും വന്നില്ലെങ്കിൽ അവർ തമ്മിൽ തല്ലും. അതില്ലാത്ത ഒരു വർഷം പോലും ഞാൻ കണ്ടിട്ടില്ല. എല്ലാം അന്ധവിശ്വാസം നിർമ്മാർജ്ജിക്കാൻ ആണല്ലോ എന്നോർക്കുമ്പോഴാണ് ഒരാശ്വാസം!

അയ്യോ …അച്ഛാ പോകല്ലേ ….! എന്നുതുടങ്ങുന്ന തോറ്റംപാട്ട്:

ഇത്തവണത്തെ ആചാരങ്ങളിൽ ഞാൻ ഇല്ലാതിരുന്നിട്ടും സോഷ്യൽമീഡിയയിൽ എന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടതു കൊണ്ടാണ് ഞാൻ യുക്തിവാദികളുടെ ആചാരങ്ങളെക്കുറിച്ച് അറിവില്ലാത്തവർക്ക് കൂടി മനസിലാകുന്നതിനായി ഈ ആചാരങ്ങളെക്കുറിച്ച് സംസാരിക്കേണ്ടിവന്നത്.

ഏറ്റവും അവസാനദിവസമോ അതിന് മുൻപുള്ള ദിവസമോ നടത്തുന്ന തോറ്റംപാട്ടാണ്‌ ഏറ്റവും പ്രധാനപ്പെട്ടതും വിശേഷപ്പെട്ടതുമായ ആചാരം. ഞാൻ 17 വർഷവും ആ തോറ്റംപാട്ട് കേട്ടിരുന്നു. ഇത്തവണയും, ഇനി ഒരുപക്ഷെ ഈ യുക്തിസമുദായം നിലനിന്നേക്കാൻ സാധ്യതയുള്ള കാലം വരെയും, ഈ ആചാരം കേൾക്കാം. അതിൻറെ വിധിപ്രകാരമുള്ള ആചാരങ്ങൾ ഇങ്ങനെയാണ് – ആദ്യം മുഖ്യകാര്യദർശി ആചാരപരമായി ‘എന്നെ ഇത്തവണ ഈ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവാക്കിത്തരണം’ എന്ന് അരുളിച്ചെയ്യും. കൂട്ടത്തിൽ കുടുംബ സംഗമത്തിനെത്തിയ ഭാര്യയോ മക്കളോ ഉണ്ടെങ്കിൽ അവരും അത് ഏറ്റുചൊല്ലണം. ഉടൻ തന്നെ യുക്തികുഞ്ഞുങ്ങൾ ആചാരപരമായി “അയ്യോ …അച്ഛാ പോകല്ലേ ….! അയ്യോ …അച്ഛാ പോകല്ലേ ….! അയ്യോ …അച്ഛാ പോകല്ലേ ….!” എന്ന് മൂന്നുപ്രാവശ്യം വിളിച്ചിചൊല്ലണം.

അതിന് ശേഷം ഇത്തവണയും കൂടി നിങ്ങളുടെ നിർബന്ധത്തിന് വഴങ്ങി മുഖ്യകാര്യദർശി സ്ഥാനം ഐക്യകണ്ഡേന തെരഞ്ഞെടുക്കപ്പെടുകയും ഏറ്റെടുക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്യണം. അനന്തരം അദ്ദേഹം മുൻകൂട്ടി തയ്യാറാക്കി കയ്യിൽ കരുതിയ ലിസ്റ്റിൽനിന്നു പരികർമ്മികളെ നിശ്ചയിക്കും. ഇതാണ് ആചാരം.

ഈ വിഷയത്തിൽ ഞാൻ ആലപ്പുഴയിലെ മുതിർന്ന ആചാരലംഘകനായ സുമനൻ സാറിന് കൊടുത്ത ഒരു വിദഗ്ദോപദേശമാണ് ആചാരസംരക്ഷകരെ ചൊടിപ്പിച്ചതെന്നാണ് പറഞ്ഞു കേട്ടത്. ഞാൻ പറഞ്ഞത് ഇത്രയുമേ ഉള്ളൂ സർ, 25000 രൂപ ഉത്സവപ്പിരിവ് കൊടുത്ത് വിപ്ലവ നവോത്ഥാന കവിത ചൊല്ലുന്നതിന് പകരം ഈ ആചാരം നടക്കുമ്പോൾ സ്റ്റേജിൽ കയറിനിന്നുകൊണ്ട് “അയ്യോ അച്ഛാ പൊയ്ക്കോളൂ …! ,അയ്യോ അച്ഛാ പൊയ്ക്കോളൂ …! ,അയ്യോ അച്ഛാ പൊയ്ക്കോളൂ …! അയ്യോ അച്ഛാ പൊയ്ക്കോളൂ …! എന്ന് നാലുപ്രാവശ്യം വിളിച്ചുപറഞ്ഞു ഈ ആചാരം ലംഘിക്കാൻ പറ്റുമെങ്കിൽ അത് യുക്തിവാദികൾക്കിടയിൽ ഒരു നവോത്ഥാനത്തിന് കരണമായിത്തീർന്നേക്കും എന്നാണ്.

എന്നാൽ ആചാരലംഘനമൊന്നും നടന്നില്ല. ലിബി പറഞ്ഞതു ശരിയാണെന്ന് ബോധ്യമായതുകൊണ്ട് ആചാരലംഘനത്തിന് നിൽക്കുന്നില്ലെങ്കിലും ഉത്സവപ്പിരിവ് 15000 രൂപയെ കൊടുക്കുന്നുളളൂ എന്ന് പ്രഖ്യാപിച്ചതാണ് എൻറെ പേര് ഇതിൽ വരാൻ കാരണം.

യുക്തി തിരുവുത്സവ മഹാമഹം ആലപ്പുഴയിൽ ഇത് 19 വർഷത്തിന് ശേഷം:

19 വർഷങ്ങൾക്ക്  മുൻപ് ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ നടന്ന പൂരം ഇടിവഴിപാടിൽ അന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി സ്ഥാനവും പ്രാഥമികാംഗത്വവും രാജി വെച്ചു കൊണ്ട് സംഘടനയോട് വിട പറഞ്ഞു പോയ പവിത്രൻ (കിരണം) ചേട്ടൻറെ കഥകൾ കേട്ടാണ് തൊട്ടടുത്തവർഷം ഞാൻ കെവൈഎസ് ൻറെ പ്രാഥമികാംഗമാകുന്നത്. അതിൻറെ ഹാങ് ഓവർ മാറാതിരുന്നതിനാൽ പിന്നെ ആലപ്പുഴയിൽ തിരുവുത്സവം നടത്താറില്ല. 19 വർഷത്തിന് ശേഷം ഇതാദ്യമായാണ് യുക്തി തിരുവുത്സവമഹാമഹത്തിന് ഇക്കുറി ആലപ്പുഴയിൽ കൊടിയേറിയത്. തിരുവുത്സവം പതിവ് ചടങ്ങുകളോടെ കൊടിയിറങ്ങി.

ഒരു എച്ച് വൈ എം അപാരത !

രണ്ടു വർഷം ഞാൻ KYSൻറെ യുവജന വിഭാഗമായ എച്ച് വൈഎം സംസ്ഥാന പ്രസിഡന്റ് ആയത് വളരെ രസകരമായ സംഭവമാണ്. KYS ൻറെ ആയുഷ്കാല മുഖ്യ കാര്യദർശിയുടെ മൂത്തമകൾക്ക് റിസർവ് ചെയ്തിരുന്ന സംസ്ഥാന പ്രസിഡന്റ് സഥാനത്തേയ്ക്ക് യുക്തിവാദി വിധിപ്രകാരമുള്ള ആചാരപരമായ വിളിച്ചു ചൊല്ലൽ കഴിഞ്ഞപ്പോൾ. നിർദ്ദിഷ്ട പ്രസിഡന്റ് അന്ന് വയനാട്ടിലെ രാജുജോസഫ് സാറിൻറെ മകനെ വിവാഹം കഴിച്ച് ഒരുമാസമേ ആയിരുന്നുള്ളൂ !

ആ സ്ഥാനം ഏറ്റെടുക്കാൻ നിർദ്ദിഷ്ട പ്രസിഡന്റിന്റെ ഭർത്താവ് അനുവദിക്കാതിരിക്കുകയും പ്രസിഡന്റ് ആയിപ്പോകരുതെന്ന് വരനും പ്രസിഡന്റ് ആകണമെന്ന് പിതാശ്രീയും സമ്മർദ്ദം ചെലുത്തിയപ്പോൾ ഭാവി പ്രസിഡന്റ് സ്റ്റേജിലിരുന്നു കരയുകയും അവസാനം എൻറെ പേര് നിർദ്ദേശിക്കപ്പെടുകയുമായിരുന്നു.

സംസ്ഥാന സെക്രട്ടറി സാംജുവും ഞാനും ആലപ്പുഴ ജില്ലക്കാര് തന്നെ ആകുന്നതിനോട് എതിർപ്പും കാര്യദർശിയുടെ പെറ്റ് ആയവരെ മാത്രമേ ഉത്തരവാദിത്വത്തിൽ വയ്ക്കൂ എന്നൊക്കെ യുവാക്കളായ യുക്തിവാദികൾക്കിടയിൽ അന്ന് ആരോപണമുണ്ടായെങ്കിലും ഞാനും സാംജുവും തന്നെ പ്രസിഡന്റും സെക്രട്ടറിയുമായി.

എന്നാൽ സാംജു എഐഎസ്എഫിന്റെയും എഐവൈഎഫ്ന്റെയും ഒക്കെ പരിപാടികളിൽ പങ്കെടുക്കുകയും ഞാൻ മനുഷ്യസംഗമത്തിലും അന്ന് ഇവർ മൈക്ക് കെട്ടി ‘സാമൂഹ്യവിരുദ്ധരെ’ന്ന് വിളിച്ചിരുന്ന ഫ്രീതിങ്കേഴ്സിന്റെ പരിപാടികളിലും ശാസ്ത്ര സാഹിത്യ പരിഷത്തിൻറെ പരിപാടികളിലും പങ്കെടുക്കുന്നതുകൊണ്ടും കൂടാതെ ഞാനും സാംജുവും ഒരുമിച്ച് പല ജനകീയ സമരങ്ങളിലുമൊക്കെ പങ്കെടുക്കുന്നത് അവർക്ക് ഇഷ്ടപ്പെടാതെ വരികയും ഞങ്ങളെ പലതവണ വിലക്കിയിട്ടും പിന്നീടും പലസമരങ്ങളിലും മറ്റും പങ്കെടുത്തപ്പോൾ രണ്ടുപേരോടും രാജി ആവശ്യപ്പെട്ടു.

എന്നാൽ ഞങ്ങൾ രണ്ടുപേരും കൂടി സംസാരിച്ച് നമ്മൾക്ക് രാജിവെക്കേണ്ട എന്നും ഇവർ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് കാണാമല്ലോ എന്ന് തീരുമാനിക്കുകയുമായിരുന്നു. അങ്ങനെ ഞങ്ങൾ രണ്ടുപേരും റിമോട്ടിൽ ചലിപ്പിക്കാവുന്നവരല്ലെന്ന് മനസിലാക്കി സംഘടനാപ്രവർത്തനം മരവിപ്പിച്ചു.

പിന്നീട് കഴിഞ്ഞ തൊടുപുഴ സമ്മേളനത്തിൽ പുതിയ എച്ച് വൈഎം ഉണ്ടാക്കി അഭീഷ്ടപ്രകാരം KYS കാര്യദർശിയുടെ ഇളയമകളെ ചുമതലയേൽപ്പിച്ചു. ഇളയമകൾ പിതാശ്രീ അന്നുവരെ സാമൂഹ്യവിരുദ്ധർ എന്ന് വിളിച്ചിരുന്നവരിൽനിന്നു തെറ്റിപ്പിരിഞ്ഞു സ്വന്തം സഭയുണ്ടാക്കിയ വിഭാഗത്തോടൊപ്പം പോയപ്പോൾ ഞങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ടതുപോലെ ആ മകളുടെ സാമൂഹ്യവിരുദ്ധതയ്ക്ക് നടപടിയുണ്ടായില്ലെങ്കിലും വേറെചില പുറത്തുപറയാൻ കൊള്ളാത്ത സംഗതികൾ ഉണ്ടാക്കിയപ്പോൾ വേറെ നിർവാഹമില്ലാതിരുന്നതിനാൽ ചിലനടപടികൾ സ്വീകരിക്കേണ്ടിവന്നു. അത് ആലപ്പുഴ ജില്ലയിലുള്ള യുക്തിസമുദായക്കാർക്കും കോട്ടയം ജില്ലയിലുള്ള യുക്തിസമുദായ അംഗങ്ങൾക്കും അറിയാവുന്നതുകൊണ്ട് ഞാൻ വിശദീകരിക്കുന്നില്ല. അങ്ങനെ പുതിയ എച്ച് വൈ എം ശൂന്യതയിൽ വിലയം പ്രാപിക്കുകയായിരുന്നു. ആലപ്പുഴ സമ്മേളനത്തിൽ അടുത്ത ഭാവി ‘എച്ച് വൈ എം’ എന്തായോ എന്തോ?

(ഇതിൽ എല്ലാ ആചാരങ്ങളും ഉൾപ്പെടുത്താനായിട്ടില്ല. മുതിർന്ന യുക്തിസമുദായാചാര്യന്മാർക്ക് അവർക്ക് അറിവുള്ള കൂടുതൽ ആചാരങ്ങൾ കൂട്ടിചെർക്കാവുന്നതാണ്.)

NB:പരിപാടികളിൽ ഭേദഗതികൾ വരുത്താൻ ഉത്സവാഘോഷ കമ്മറ്റിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്.