Fri. Nov 20th, 2026

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങൾ തെക്കേ ഇന്ത്യയിലേക്കും പടരുന്നു. ചെന്നൈയിലെ മഹാറാലിക്ക് പിന്നാലെ കേരളത്തിലും ലോംഗ് മാർച്ച് മാർച്ച് തുടങ്ങി. ഇന്ന് രണ്ട് മാർച്ചുകളാണ് കൊച്ചിയിൽ നടക്കുന്നത്.ഒന്ന് സിനിമാ പ്രവർത്തകരുടെ നേതൃത്വത്തിൽ എറണാകുളം രാജേന്ദ്ര മൈതാനിയിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്കും മറ്റൊന്ന് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് മുന്നിൽനിന്നും ഷിപ്പ് യാർഡിലേക്കുമാണ്.

രാജേന്ദ്രമൈതാനിയിൽനിന്നും സിനിമാപ്രവർത്തകരുടെ നേതൃത്വത്തിൽ കേരളത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർത്ഥികളും ബഹുജനങ്ങളും ” ഒറ്റയ്ക്കല്ല ഒറ്റക്കെട്ട്” എന്ന മുദ്രാവാക്യവുമായി നടത്തുന്ന പദയാത്ര ഫോർട്ട് കൊച്ചി വാസ്കോ സ്‌ക്വയറിൽ സമാപിക്കും. തുടർന്ന് അവിടെനടക്കുന്ന പൊതുപരിപാടിയിൽ “ഊരാളി” ക്കും മറ്റ് കലാസംഘങ്ങൾക്കും ഒപ്പം പാട്ടും മുദ്രാവാക്യവുമായി പ്രതിഷേധിക്കും.

കലൂർ സ്റ്റേഡിയത്തിൽനിന്നും ആരംഭിച്ച മാർച്ച് ഷിപ്പിയാർഡിലേക്ക് പുറപ്പെട്ടു. ബഹുജന പങ്കാളിത്തത്തിൽ കൊച്ചി സ്തംഭിച്ചു.ആയിരക്കണക്കിനാളുകളാണ് റാലിയിൽ അണിചേർന്നുകൊണ്ടിരിക്കുന്നത്. പൗരത്വ ബില്ലിനെതിരെ കേരളം കണ്ട ഏറ്റവും വലിയ പ്രതിഷേധമായി കൊച്ചിയിലെ ലോംഗ് മാർച്ച് മാറുകയാണ് .

സിഎഎയും എൻആർസിയും പിൻവലിക്കണമെന്നാവശ്യപ്പെട്ടും രാജ്യത്താകമാനം നടക്കുന്ന പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ന‌ടന്ന പീപ്പിള്‍സ് ലോങ് മാര്‍ച്ചിൽ വിദ്യാർഥികളും വിവിധ മത-രാഷ്ട്രീയ പശ്ചാത്തലങ്ങളിലുള്ളവരും കലാ- സാംസ്‌കാരിക- സാമൂഹിക – മനുഷ്യാവകാശ പ്രവർത്തകരും തൊഴിലാളികളും കുട്ടികളും അടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകളുടെ അഭൂതപൂർവമായ പങ്കാളിത്തമാണ് ഉണ്ടായത്.

പൗരത്വ ഭേദ​ഗതി നിയമത്തിനും എൻആർസിക്കും കേന്ദ്രത്തിലെ ബിജെപി ഭരണകൂടത്തിനും എതിരെ ശക്തമായ താക്കീതായിരുന്നു ലോങ് മാർച്ച്. അംബേദ്ക്കറുടെ ചിത്രവും പ്ലക്കാർഡുകളും ദേശീയ പതാകയും ഉയർത്തിപ്പിടിച്ചായിരുന്നു മാർച്ച്. ലോങ് മാർച്ചിൽ ശിഖ് അബു, നടി റിമ കല്ലിങ്കൽ, ബിനീഷ് ബാസ്റ്റിൻ അടക്കം വിവിധ താരങ്ങളും സിനിമാ പ്രവർത്തകരും പങ്കെടുത്തു. ഷിപ്പ് യാർഡിൽ എത്തിയ ശേഷം ഭരണഘടനയുടെ ആമുഖം വായിച്ചാണ് ലോങ് മാർച്ച് സമാപിക്കും.