Fri. Mar 29th, 2024

പൗരത്വ നിയമഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ചെന്നൈയില്‍ ജനലക്ഷങ്ങളെ അണിനിരത്തി ഡി എം കെ അധ്യക്ഷന്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ മാഹാറാലി. പൗരത്വ നിയമ ഭേദഗതിക്ക് പിന്തുണയേകിയ എടപ്പാടി പളനിസാമി സര്‍ക്കാറിന് താക്കീത് നല്‍കി നടത്തിയ റാലി അടുത്തകാലത്ത് തമിഴ്‌നാട് സാക്ഷ്യം വഹിച്ച വലിയ റാലികളിലൊന്നായി മാറുകയായിരുന്നു. ഡി എം കെ സഖ്യകക്ഷിയായ കോണ്‍ഗ്രസ്, സി പി എം, സി പി ഐ, മുസ്ലിംലീഗ്, വി സി കെ തുടങ്ങിയ പാര്‍ട്ടികളും വിവിധ മുസ്ലീം, ദളിത് സംഘടനകളും റാലിയില്‍ അണിനിരന്നു. നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മെയ്യവും റാലിയുമായി സഹകരിക്കുന്നുണ്ടെങ്കിലും കമല്‍ ഹാസന്‍ റാലിക്കെത്തിയില്ല. ചികിത്സക്കായി അദ്ദേഹം വിദേശത്തേക്ക് പോയെന്നാണ് മക്കള്‍ നീതി മെയ്യം നേതൃത്വം ഡി എം കെയെ അറിയിച്ചത്.

ചെന്നൈ നഗരത്തിലെ എഗ്മോറില്‍ നിന്ന് ആരംഭിച്ച റാലിയില്‍ ഏകദേശം മൂന്ന് കിലോമീറ്ററോളമാണ് ജനം അണിനിരന്നത്. റാലി മുന്‍നിര്‍ത്തി വന്‍ സുരക്ഷാ സന്നാഹം പോലീസ് ഒരുക്കിയിരുന്നു. ഡ്രോണ്‍ ക്യാമറകളും ജലപിരങ്കിയുമടക്കം എല്ലാ സജ്ജീകരണങ്ങളും പോലീസ് ഒരുക്കിയിരുന്നു. ഇതോടൊപ്പം റാലി മുഴുവനായും പോലീസ് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാറിനും പളനി സാമി സര്‍ക്കാറിനുമെതിരായ മുദ്രാവാക്യവുമായി ജനം തെരുവ് കീഴടക്കുകയായിരുന്നു.

ഭരണഘടനെ ഉയര്‍ത്തിപ്പിടിച്ചുള്ള പോരാട്ടത്തിന് തമിഴ് ജനത പിന്നോട്ടില്ലെന്ന വിളംബരമായി റാലി മാറുകയായിരുന്നു. സ്റ്റാലിനെ കൂടാതെ തമിഴ്‌നാട് പി സി സി പ്രസിഡന്റ് കെ എസ് അളിഗിരി, മുന്‍കേന്ദ്രമന്ത്രി പി ചിദംബരം, എം ഡി എം കെ അധ്യക്ഷന്‍ വൈക്കോ, സി പി എം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍, സി പി ഐ സംസ്ഥാന സെക്രട്ടറി ആര്‍ മുത്തരശന്‍, വി സി കെ നേതാവ് തോല്‍ തിരുമാളവന്‍, മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്, എം എം കെ അധ്യക്ഷന്‍ ജവൈറുല്ല, ഡി എം കെ നേതാവ് കനിമൊഴി തുടങ്ങിയവര്‍ റാലിയുടെ മുന്‍നിരയില്‍ അണിനിരന്നു.

റാലി കടന്നു പോകുന്ന വഴികളില്‍ പോലീസ് ഗതാഗതം തടഞ്ഞിരിക്കുകയാണ്. എഗ്മോറില്‍ കനത്ത ഗതാഗതക്കുരുക്കാണ് റാലിയെ തുടര്‍ന്ന് ഉണ്ടായത്. ദേശീയമാധ്യമങ്ങളടക്കം വന്‍സംഘമാണ് റാലി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയത്. പൗരത്വ നിയമത്തിനെതിരെ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റാലിയാണിതെന്നാണ് ഡി എം കെയുടെ അവകാശവാദം.