Mon. Aug 31st, 2026

പൗരത്വ നിയമ ഭേദഗതിക്കെതിരേ ചില സംഘടനകള്‍ ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലയിടത്തും സംഘര്‍ഷം. സ്വകാര്യ ബസുകള്‍ ഓടുന്നില്ല. ചില ബസുകള്‍ സര്‍വീസ് നടത്താന്‍ ശ്രമിച്ചെങ്കിലും സമരാനുകൂലികള്‍ തടഞ്ഞു. ചിലയിടങ്ങളില്‍ ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി. അക്രമം നടത്തിയ നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.സര്‍വീസ് നടത്തിയ കെ എസ് ആര്‍ ടി സി ബസുകളില്‍ ചിലത് തടഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവവസായി സംഘടനകള്‍ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ തുറന്ന കടകള്‍ സമരക്കാര്‍ അടപ്പിച്ചു. മലപ്പുറത്തെ തിരൂരില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ ഉള്‍പ്പെടെ തടഞ്ഞു.

പലയിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും എല്ലാ ജില്ലകളിലും നേരിയ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യന്നുണ്ട്.ആലപ്പുഴ മണ്ണ ഞ്ചേരിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു താക്കോല്‍ ഊരിയെടുത്തു. ആലുവയില്‍ മൂന്നാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്ന മിന്നല്‍ ബസിന് നേരെ കല്ലേറുണ്ടായി. തിരുവനപുരത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന ബസിന് നേരെ പുലര്‍ച്ചെ ആലുവയില്‍ വെച്ചായിരുന്നു ആക്രമണമുണ്ടായത്. വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. ഇവരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു. ഡ്രൈവറും കണ്ടക്ടറും ബസ് വഴിയില്‍ ഉപേക്ഷിച്ചു പോലീസിന് പരാതി നല്‍കി.

കണ്ണൂരില്‍ റോഡ് ഉപരോധിച്ച സ്ത്രീകള്‍ അടക്കമുള്ള ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് ബസ് തടയാന്‍ ശ്രമിച്ചവരെ പോലീസ് തടഞ്ഞു. 25 സമരാനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് വാളയാറില്‍ തമിഴ്‌നാട് ആര്‍ ടി സി ബസിനുംആലുവയില്‍ കെ എസ് ആര്‍ ടി സി ബസിനും നേരെ കല്ലേറുണ്ടായി.കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലേക്ക് പ്രകടനമായി എത്തിയ ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് ലാത്തി വീശി ഓടിച്ചു. ഇവിടെ റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് തടയാന്‍ ശ്രമിച്ചവരെ കസ്റ്റഡിയിലെടുത്തു. വേളാങ്കണ്ണിയില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസിനു നേരെ കല്ലെറിഞ്ഞു. വയനാട് പുല്‍പ്പള്ളിയിലും വെള്ളമുണ്ടയിലും ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. അരുവിക്കരയിലും കെ എസ് ആര്‍ ടി സി ബസിന് നേരെ കല്ലെറിഞ്ഞു.

രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി, എസ് ഡി പി ഐ, ബി എസ് പി, മൈനോറിറ്റി വാച്ച് തുടങ്ങിയ സംഘടനകളുടെ സമിതി ആഹ്വാനം ചെയത് ഹര്‍ത്താല്‍ നടക്കുക. ശബരിമല തീര്‍ഥാടനം തടസ്സപ്പെടാതിരിക്കാന്‍ റാന്നി താലൂക്കിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായും തദ്ദേശ വാര്‍ഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തില്ലെന്നും സമിതി നേരത്തെത്തന്നെ അറിയിച്ചിരുന്നു.

ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ പോലീസ് കണ്‍ട്രോള്‍ റൂമുകളില്‍ അഗ്നിരക്ഷാസേന സ്‌ട്രൈക്കിംഗ് സംഘത്തെയും പ്രശ്‌നസാധ്യതയുള്ള മേഖലകളില്‍ എക്്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെയും നിയോഗിച്ചു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് അക്രമങ്ങളുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്.