Fri. Nov 20th, 2026

മദ്രാസ് ഐ ഐ ടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം സംബന്ധിച്ച അന്വേഷണം സി ബി ഐക്കു നല്‍കാന്‍ തയാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഫാത്തിമയുടെ കുടുംബം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരാഴ്ചക്കുള്ളില്‍ അന്വേഷണ ഉത്തരവിറക്കുമെന്നും ഉറപ്പു നല്‍കിയ അമിത് ഷാ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളിലെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണത്തിന് വിധേയമാക്കുമെന്നും ഉറപ്പ് നല്‍കി. ഐ ഐ ടികളില്‍ നടന്ന മറ്റ് മരണങ്ങളും അന്വേഷിക്കും.

നവംബര്‍ ഒമ്പതിനാണ് ഫാത്തിമയെ മരിച്ച നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് ഉത്തരവാദി എന്ന് ഫോണിലെ ആത്മഹത്യാക്കുറിപ്പില്‍ ഫാത്തിമ രേഖപ്പെടുത്തിയിരുന്നു.

ഫാത്തിമയുടെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് പിതാവ് ലത്തീഫ് പറഞ്ഞു. മകളെ മാനസികമായി തളര്‍ത്താനും തകര്‍ക്കാനും ശ്രമിച്ച സഹപാഠികളുടെ പേരുകള്‍ എഴുതിവെച്ചിട്ടുണ്ട്. ഇവ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയിട്ടുണ്ടെന്നും ലത്തീഫ് പറഞ്ഞു.അന്വേഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കാണാന്‍ ഡല്‍ഹിയിലെത്തിയ ലത്തീഫ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അന്വേഷണ സംഘത്തിന്റെ നിലപാട് അറിഞ്ഞ ശേഷം ആരോപണവിധേയര്‍ക്കെതിരെ വ്യക്തിപരമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ലത്തീഫ് മാധ്യമങ്ങളോട് പറഞ്ഞു.