Thu. Mar 28th, 2024

ലിബി.സി.എസ്

തൃപ്തിദേശായിയെ സഹായിച്ച ബിന്ദു അമ്മിണിയെ തെറിവിളിക്കുന്ന കമന്റുകളും പോസ്റ്റുകളും ചില യുക്തിവാദികളുടേതായി കണ്ടതിനെ തുടർന്ന് സീന ഇട്ട പോസ്റ്റ് കണ്ടപ്പോഴാണ് ഞാൻ അത്തരത്തിൽ പോസ്റ്റിട്ടിരുന്ന ചിലവാളുകൾ ശ്രദ്ധിച്ചത്. സാധാരണഗതിയിൽ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലുള്ള യുക്തിവാദികളുടെ പോസ്റ്റുകളൊന്നും ഞാൻ ഗൗനിക്കാറില്ല. ശബരിമലയിൽ പോയ സ്ത്രീകൾക്കെതിരെ സംഘികളേക്കാൾ മോശമായ പ്രചരണങ്ങളും ഫെയ്ക്ക് ഐഡികളിലുള്ള സൈബർ ആക്രമണങ്ങളും നടത്തിയവരിൽ യുക്തിവാദികളും ഉണ്ടായിരുന്നു. എന്നെ ഫോണിൽ കോണ്ടാക്റ്റ് ചെയ്യാറുള്ള യുക്തിവാദികളോട് പോലും ഞാൻ ശബരിമല വിഷയം സംസാരിക്കാറില്ല. ശബരിമല വിഷയത്തിൽ സ്വയരക്ഷ നോക്കി മാളത്തിലൊളിച്ചിട്ട് തുടർ പ്രവർത്തനങ്ങൾക്ക് വിദഗ്ദ്ധോപദേശവുമായി വരുന്നവരുടെ കോളുകൾ അപ്പോൾ തന്നെ കട്ട് ചെയ്തിട്ടുണ്ട്. ശബരിമലവിഷയമൊക്കെയുണ്ടായി കേസും ജാമ്യവുമൊക്കെ എടുത്ത് കുറേനാളുകൾക്ക് ശേഷം വിളിച്ച് ‘പോലീസ് ലിബിയുടെ ഫോൺ ചോർത്തുന്നുണ്ടെങ്കിൽ കുടുങ്ങണ്ട എന്നുകരുതിയാണ് കോൺടാക്റ്റ് ചെയ്യാതിരുന്നത്’ എന്ന മുഖവുരയോടെ സംസാരിച്ചു തുടങ്ങിയവരോട് പോലീസ് ഇപ്പോഴും നിരീക്ഷിക്കുന്നുണ്ട് വെച്ചേക്കൂ നേരിൽ സംസാരിക്കാം എന്നുപറഞ്ഞു ഒഴിവാക്കിയവരുമുണ്ട്. എന്തിന് എന്നെ അറസ്റ്റ് ചെയ്തതറിഞ്ഞു കുടുങ്ങിയാലോ എന്നുപേടിച്ച് സ്റ്റേറ്റ് വിട്ടുപോയ യുക്തിവാദികൾ വരെയുണ്ട്. അവരുടെയൊക്കെ ഒളിച്ചിരുന്നുള്ള ഗീർവാണങ്ങളെ ശശികല ടീച്ചറിൻറെ ആത്മഹത്യാ ഭീഷണികൾക്കുള്ള വിലപോലും കൊടുക്കേണ്ട കാര്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. സീന സ്വന്തം വാളിലും പേജിലുമിട്ട പോസ്റ്റിൻറെ പേരിൽ ചിലർ എന്റെപേരും വലിച്ചിഴച്ചതുകൊണ്ട് മാത്രം കാര്യങ്ങൾ കുറിക്കുന്നു.

ബിന്ദുഅമ്മിണിയെ സംബോധന ചെയ്തിരിക്കുന്ന വാക്കുകൾ അവന്റെയൊക്കെ വീട്ടിലെ സ്ത്രീകളെ സംബോധന ചെയ്യുന്ന രീതി പിന്തുടർന്നതായി കരുതിയാൽ മതി. എന്നെയാണ് അങ്ങനെ സംബോധനചെയ്യുന്നതെങ്കിൽ അതേ വാക്കുകളൊക്കെ എനിക്കും ടൈപ്പ് ചെയ്യാനറിയാം. ബിന്ദു അമ്മിണി അങ്ങനെ ചെയാറില്ല എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. അതുകൊണ്ട് ഞാനായിട്ട് ബിന്ദു അമ്മിണിക്ക് വേണ്ടി തെറി ടൈപ്പ് ചെയ്യുന്നില്ല.

കാര്യത്തിലേക്ക് വരാം:

സീന സൂചിപ്പിച്ചിരുന്ന പോസ്റ്റിട്ടിരുന്ന ചിലരുടെ വാളുകളൊക്കെ ഞാൻ ശ്രദ്ധിച്ചിരുന്നു. സീന പോസ്റ്റിൽ സൂചിപ്പിച്ചിരുന്നതുപോലെ അവരെല്ലാം രവിചന്ദ്രയുക്തിവാദികൾ ആണെന്ന് തോന്നുന്നില്ല. ചില കെവൈ എസ് യുക്തന്മാരും ഫ്രീതിങ്കർ പ്രൊഫൈൽ ഉള്ളവരെയുമൊക്കെ ആ കൂട്ടത്തിൽ കണ്ടു. കോമണായി അവർ ദളിത് വിരുദ്ധരും സ്ത്രീവിരുദ്ധരുമാണെന്നുള്ള പൊതുവായൊരു കൺസപ്റ്റിൽ സീന അങ്ങനെ പ്രയോഗിച്ചതാവും. കുറെയേറെ സ്വയം പ്രഖ്യാപിത യുക്തിവാദികൾ ഉണ്ട് അവരൊന്നും ഏതെങ്കിലും സംഘടനയുടെ വക്താക്കൾ അല്ല. പോസ്റ്റിയ പലരുടെയും ഉദ്ഘണ്ടകളിൽ നിന്നും ഭരണവിലാസം ഭക്തന്മാർ മാത്രമാണെന്ന് മനസിലാക്കാം. അവരെല്ലാം കെവൈഎസ് ന്റെയോ എസൻസ് ക്ളബുകാരുടെയോ ഫ്രീതിങ്കേഴ്സിന്റെയോ ആളുകൾ ആയിക്കൊള്ളണമെന്നില്ല.അത് സീനയ്ക്ക് കേരളത്തിലെ യുക്തിവാദികളെക്കുറിച്ച് ഒരു ഐഡിയ ഇല്ലാത്തതുകൊണ്ട് അങ്ങനെ കുറിച്ചതായിരിക്കും. എന്തായാലും എന്നെ അതിലേക്ക് വലിച്ചിഴച്ചതുകൊണ്ട് മാത്രം ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെങ്കിലും മറുപടി പറയുന്നു.

നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടയ്മയും യുക്തിവാദവും:

ആദ്യംതന്നെ അത് വ്യക്തമാക്കേണ്ടതുണ്ട്.നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടയ്മ യുക്തിവാദി സംഘമോ യുക്തിവാദികളുടെ പുതിയ സഭയോ ഒന്നുമല്ല. അതിൽ ബഹുപൂരിപക്ഷം പേരും വിശ്വാസികളാണ്. ഞാനും സീനയും മാത്രമാണ് നിരീശ്വരവാദികൾ എന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളവർ ഉള്ളൂ.

തൃപ്തിദേശായിയും ബിന്ദു അമ്മിണിയും:

തൃപ്തി ദേശായി സിപിഎംകാർ പ്രചരിപ്പിക്കുന്നതുപോലെ സംഘിണിയൊന്നുമല്ല. അവർ മതപരിഷകരണ വാദിയാണ്. മഹാരാഷ്ട്രയിലെ യുക്തിവാദി സംഘ പ്രവർത്തകരോടുതന്നെ അന്വേഷിച്ച്, ഇക്കാര്യത്തിൽ ഞങ്ങൾ വ്യക്തത വരുത്തിയിരുന്നു. അവരെന്നല്ല ഏതു മോർച്ചി ശബരിമലയിൽ പോയാലും ഞങ്ങൾ അതിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

ബിന്ദു അമ്മിണിയെ യുക്തിവാദ ലേബലിൽ തെറിവിളിക്കുന്നത് എന്ത് അർത്ഥത്തിലാണെന്ന് മനസിലായില്ല. ബിന്ദു അമ്മിണി എന്താ നിങ്ങളുടെ യുക്തിവാദി സഭയിൽ അംഗമാണോ? ശബരിമല യാത്രയ്ക്ക് മുൻപോ പിൻപോ യുക്തിവാദികളുടെ ഏത് പരിപാടിയിലാണ് അവർ പങ്കെടുത്തിട്ടുള്ളത്? അവർ ഒരു കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മറ്റി അംഗമായിരുന്നു 10 വർഷം മുൻപ്. ഇപ്പോൾ പാർട്ടിയുമായി ബന്ധവുമില്ല. അവർ ദളിത് വിഷയങ്ങളിലും സ്ത്രീകളുടെ വിഷയങ്ങളിലുമാണ് ഇടപെട്ട് പ്രവർത്തിക്കാറുള്ളത്. ഒരു യുക്തിവാദ പരിപാടിക്കും പോകാറില്ല.പിന്നെന്തിനാണ് യുക്തിവാദികൾ ബേജാറാവുന്നത്?

ബിന്ദു അമ്മിണി ശബരിമലവിഷയത്തിൽ അല്ലാതെ വേറൊന്നിനും കാണാറില്ലെന്ന് എന്തർത്ഥത്തിലാണ് പറയുന്നത്? ഈ പറയുന്ന മഹാന്മാരെ വേറെന്തെല്ലാം ഇടപെടലിൽ കണ്ടു? ബിന്ദു അമ്മിണിയെ സോഷ്യൽ മീഡിയയിലുടെ അല്ലാതെ ഈ മഹാന്മാർക്ക് പരിചയമുണ്ടോ? വ്യക്തിപരമായി അറിയാവുന്നവർക്ക് അവർ മറ്റുവിഷയങ്ങളിൽ ഇടപെടാറുണ്ടോ എന്ന് അറിയാം.അവർ ഇടപെട്ട ശബരിമല വിഷയത്തെ മാധ്യമങ്ങൾ പ്രോജക്റ്റ് ചെയ്തുകാണിക്കുന്നതുകൊണ്ട് അവർ വേറൊരു പ്രവർത്തനങ്ങളും നടത്തുന്നില്ല എന്നാണോ അർത്ഥം? ഒരു വ്യക്തി എന്ന നിലയിൽ അവർക്കു തൃപ്തി ദേശായിയുമായി സുഹൃദ് ബന്ധമൊന്നും പാടില്ലെന്നുണ്ടോ? സംഘികളും യുക്തിവാദികളും സിപിഎം കാരുമൊക്കെ പ്രചരിപ്പിക്കുന്നതുപോലെ തൃപ്തിയോടൊപ്പം വന്ന സന്യാസിനി ഫാൻസി ഡ്രസ് ഒന്നുമല്ല. ലേഡി ശങ്കരാചാര്യ എന്നറിയപ്പെടുന്ന അവരെക്കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്താൽ സാമാന്യം ഭേദപ്പെട്ട മത പരിഷ്കരണ വാദിയായ ആചാര ലംഘക ആണെന്ന് മനസിലാകും.

തൃപ്തിദേശായിയുടെ ശബരിമല യാത്രയും ഞാനും:

ഞാൻ നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടയ്മയിൽ തൃപ്തിദേശായിയോടൊപ്പം പോകുന്നതിനോട് വിയോജിച്ച ഒരാളാണ്. അതിന് കാരണം മതപരിഷകരണം എൻറെ ലക്ഷ്യമല്ല എന്നതുകൊണ്ടാണ്. അത് ഹിന്ദുമതത്തിൻറെ കാര്യത്തിൽ മാത്രമല്ല എല്ലാ മതത്തിൻറെ കാര്യത്തിലും. അതുകൊണ്ടാണ് സിസ്റ്റർ ലൂസിക്കൊപ്പമാണെങ്കിലും സിസ്റ്റർ ലൂസിക്കൊപ്പമല്ല എന്ന് പോസ്റ്റിട്ടത്. സിസ്റ്റർ ലൂസി എന്ന വ്യക്തിക്ക് ലഭിക്കേണ്ട നീതിക്ക് അപ്പുറം മതപരിഷ്കരണവാദികളുടെ ടൂളായി ലൂസിയെ ഉപയോഗിക്കുന്ന ഏർപ്പാടിനോട് യോജിപ്പില്ല. ലൂസിക്ക് എന്നല്ല ഏത് കന്യാസ്ത്രീക്കും നീതിലഭിക്കണമെങ്കിൽ ആ തടവറ ഉപേക്ഷിച്ച് പൊതുസമൂഹത്തോടൊപ്പം ചേരുകയാണ് വേണ്ടത്. അല്ലാതെ എല്ലാ മതപരിഷ്കരണങ്ങളും സാഹോദരൻ അയ്യപ്പൻ പറഞ്ഞതുപോലെ “അടിമ തൻറെ ചങ്ങല പരിഷ്കരിക്കുന്നതുപോലെ ഒരു ഏർപ്പാട് മാത്രമാണ്”.

അതുകൊണ്ടുതന്നെ ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ തൃപ്തിദേശായിയെ സ്വാഗതം ചെയ്യുന്നു എങ്കിലും അവർക്കൊപ്പം കൂടേണ്ടതില്ല എന്ന നിലപാടാണ് ഞാൻ സ്വീകരിച്ചത്. ഏതാണ്ടിതേ നിലപടുതന്നെയാണ് സീനയും സ്വീകരിച്ചത്. മറ്റുള്ളവരും മനീതി സംഘത്തിനൊപ്പം പോകുന്നതുപോലെ തൃപ്തിദേശായിയോടൊപ്പം പോകുന്നതിനെ എതിർക്കുകയും ആർക്കെങ്കിലും സ്വന്തം നിലയിൽ പോകുന്നെങ്കിൽ പോകാം എന്ന നിലപാടാണ് സ്വീകരിച്ചത്. അതനുസരിച്ചാണ് അവർ ആവശ്യപ്പെട്ടതിനാൽ സുഹൃദ്ബന്ധത്തിൻറെ പേരിൽ ബിന്ദു അമ്മിണി സ്വന്തം നിലക്ക് അവർക്ക് വാഹന സൗകര്യവും മറ്റും ഏർപ്പെടുത്താനായി പോയത്.

ബിന്ദു അമ്മിണി തൃപ്തിദേശായിക്കൊപ്പം പോയത് തെറ്റോ?

ബിന്ദു അമ്മിണി തൃപ്തിദേശായിക്കൊപ്പം പോയത് വലിയ അപരാധമായി ഞാൻ കരുതുന്നില്ല. എല്ലാ മതത്തിലും തനി യാഥാസ്ഥിതികരും പുനരുത്ഥാന വാദികളും, മത പരിഷ്കരണവാദികളും ഉള്ളതായിക്കാണാം. ഒരു വിഷയത്തെ അഭിമുഖീകരിക്കേണ്ടിവരുമ്പോൾ സ്വാഭാവികമായും നമുക്ക് മതപരിഷ്കരണ വാദികളെ സപ്പോർട്ട് ചെയ്യേണ്ടതായി വരും. തൃപ്തി കഴിഞ്ഞ വർഷം വന്നപ്പോൾ എല്ലാ ടാക്സി യൂണിയൻകാരും ഒത്തൊരുമിച്ച് വാഹനം നൽകാതിരുന്നപ്പോൾ എംകെ ദാസൻ വാഹനം നൽകാൻ സന്നദ്ധത അറിയിച്ചത് അതുകൊണ്ടാണ്. എം.കെ. ദാസൻ നിരീശ്വരവാദിയും കമ്യൂണിസ്റ്റുകാരനും യുക്തിവാദിസംഘത്തിൻറെ പരിപാടികളിൽ പങ്കെടുക്കാറുള്ള ആളുമാണെന്ന് എല്ലാ യുക്തിവാദികൾക്കും അറിയാമല്ലോ? അത്രയുമേ ഇതിൽ കാര്യമുള്ളു. എനിക്ക് മതപരിഷ്കരണത്തോട് അശേഷം താത്പര്യമില്ലാത്തതുകൊണ്ട് വിയോജിച്ചു എന്നേയുള്ളൂ. ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ടതിൻറെ പേരിൽ പ്രതിഷേധിച്ചുകൊണ്ട് തെരുവിലിറങ്ങുകയും ചെയ്തു.രണ്ട് വിഷയത്തെയും രണ്ടായി തന്നെയാണ് ഞാൻ കാണുന്നത്.മത പരിഷ്കരണവാദികളുടെ ലക്ഷ്യവും നമ്മുടെ ലക്ഷ്യവും ഒന്നല്ലല്ലോ? മതപരിഷ്കരണവാദി വിഷയമുണ്ടായപ്പോൾ അവരുടെ പാട്ടിനുപോയില്ലേ? അവർ കൂട്ടത്തിൽ വന്ന ഒരാൾ ആക്രമിക്കപ്പെട്ടിട്ടും ഇവിടെവെച്ചോ അവിടെ ചെന്നശേഷമോ ഒരു പ്രസ്താവനയെങ്കിലും ഇറക്കിയോ? ബിന്ദു അമ്മിണി തൃപ്തിയെ സഹായിച്ചത് തെറ്റെന്നല്ല പറഞ്ഞത്. ഞാൻ മതപരിഷ്കരണത്തെ അംഗീകരിക്കുന്നില്ല എന്നതുമാത്രമാണ് ഉദ്ദേശിച്ചത്.

സ്ത്രീകൂട്ടായ്മയുടെ ശബരിമല യാത്ര:

നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടയ്മയുടെ ശബരിമല യാത്രയോടൊപ്പം ഞാൻ പങ്കെടുക്കുന്നത് ഒരു ജനാധിപത്യപരമായ പ്രതിഷേധം എന്ന നിലയിൽ മാത്രമാണ്. അതുകൊണ്ട് ഒളിച്ചും പാത്തും മേക്കപ്പും ഒക്കെ ചെയ്ത് പോകുന്നതിനോട് എനിക്ക് യോജിപ്പില്ല. വിധി നടത്താൻ അനുവദിക്കില്ല എന്ന് ഫാസിസം വെല്ലുവിളിച്ചിരുന്ന സമയത്ത് ഏതുവിധേനയും കയറേണ്ടത് തന്നെയാണ്. എന്നാൽ വിധി നടപ്പിലാക്കുകയും. വിധി നടപ്പിലാക്കപ്പെട്ടതായി സർക്കാർ കോടതിയിൽ അഫിഡവിറ്റ് നൽകുകയും ചെയ്ത സാഹചര്യത്തിൽ ഇനി ഒളിച്ചും പാത്തും പോകുന്നതിനോട് എനിക്ക് യോജിപ്പില്ല.അയ്യപ്പനെ കണ്ടാൽ മോക്ഷം കിട്ടുമെന്നോ ആത്മസായൂജ്യം ലഭിക്കുമെന്നോ വിശ്വസിക്കുന്ന വിശ്വാസികളായ സ്ത്രീകൾ മറ്റു മാർഗ്ഗമില്ലെങ്കിൽ ഏതുവിധേനയും പോകുന്നതിൽ തെറ്റില്ല. എനിക്ക് അയ്യപ്പനെ കാണുകയും വേണ്ട. കിട്ടുന്ന മോക്ഷവും വേണ്ട. മഞ്ജുവോ ഷനിലയോ രേഷ്‌മ നിശാന്തോ ഒക്കെ പോയത് വിശ്വാസികളായതുകൊണ്ട് അയ്യപ്പ വിഗ്രഹം കണ്ടു തൊഴണം എന്ന ആഗ്രഹത്തിലാണ്. അവർ എന്ത് മാർഗ്ഗം സ്വീകരിച്ചതിലും തെറ്റുമില്ല. എനിക്ക് അയ്യപ്പനിൽ വിശ്വാസമില്ല അയ്യപ്പൻറെ നൈഷ്‌ടീകത്തിലും വിശ്വാസമില്ല. അതുകൊണ്ടുതന്നെ പ്രതിഷേധയാത്രയ്ക്ക് ഒരു ഫിനിഷിംഗ്‌ പോയിന്റ് കടന്നാലേ പ്രതിഷേധമാകൂ എന്ന് ഞാൻ കരുതുന്നില്ല. പാർലമെന്റ് മാർച്ച് പാർലമെൻറ് വരെയെത്തി മോദിയുടെ കയ്യിൽ നേരിട്ട് നിവേദനം കൊടുത്താലേ പാർലമെന്റ് മാർച്ചാകൂ എന്നുണ്ടോ?

ആചാരസംരക്ഷകർക്ക് വിധിക്കെതിരെ കലാപമുണ്ടാക്കാൻ സ്വാതന്ത്ര്യമുള്ളതുപോലെ വിരുദ്ധാഭിപ്രയക്കാരായ സ്ത്രീകൾക്ക് പ്രതിഷേധിക്കാനും ജനധിപത്യത്തിൽ സ്വാതന്ത്ര്യമുണ്ടെന്ന് ആചാരസംരക്ഷകരും ഭരണകൂടവും യുക്തിവാദികളെന്ന് പറയുന്നവരും മനസിലാക്കുക. പിന്നെ കേരളത്തിലെ യുക്തിവാദികളോട് ഒരുകാര്യം കൂടി- കേരളത്തിലെ പ്യുവർ യുക്തിവാദികൾക്ക് സംഘിപ്പേടിമൂലം ഇത് അവരുടെകാര്യമല്ലെങ്കിലും മഹാരഷ്ട്രയിലെ സംഘികൾ വെടിവെച്ചു കൊന്ന യുക്തിവാദി ഡോ. നരേന്ദ്ര ധബോൽക്കറുടെ സംഘടനാ പ്രവർത്തകർ ശബരിമലയിൽ പോയ ബിന്ദു അമ്മിണിയും കനക ദുർഗ്ഗയും ഉൾപ്പെടെയുള്ള സ്ത്രീകളുടെയെല്ലാം വീടുകളിൽ അഭിനന്ദനവും പിന്തുണയുമായി ഇങ്ങോട്ടുവന്നത് അറിഞ്ഞിരിക്കുമല്ലോ? അതുകൊണ്ട് കേരളത്തിലെ യുക്തിവീരൻമാരെ നിങ്ങൾ ഇല്ലെന്ന് പറയുന്ന ദൈവങ്ങളെയല്ല ഞങ്ങൾ ഇല്ലെന്ന് പറയുന്നത്. ഞങ്ങൾ ഇല്ലെന്ന് പറയുന്നത് വേറെ ദൈവങ്ങളെയാണ്. ശബരിമലയിൽ പോയ സ്ത്രീകളെ വെറുതെ വിട്ടേക്കുക.