മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ചിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഇടിച്ച് യുവ ദമ്പതികൾ മരിച്ചു. നൂറനാട് ശാന്തിഭവനത്തില്‍ ശ്യാംകുമാര്‍, ഭാര്യ അടൂര്‍ പുത്തന്‍പീടികയില്‍ ശില്‍പ സത്യന്‍ എന്നിവരാണ് മരിച്ചത്. അടൂര്‍ നഗരത്തില്‍ ഇന്ന് വൈകിട്ടായിരുന്നു സംഭവം. നഗരത്തിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന വാങ്ങി വരുന്നതിനിടെയാണ് ഇരുവരുടെയും നേരെ ബസ് പാഞ്ഞുകയറിയത്. ബസിന്റെ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
മാവേലിക്കര്‍ അടൂര്‍ മണ്ണടി റൂട്ടില്‍ നടത്തുന്ന മോണിംഗ് സ്റ്റാര്‍ ബസ് അടൂര്‍ റവന്യൂ ടവര്‍ പിന്നിട്ട് നഗരത്തിലേക്ക് പ്രവേശിച്ചപ്പോഴാണ് നിയന്ത്രണം വിട്ടത്. ഈ സമയം റോഡരികിലൂടെ നടന്ന് വരികയായിരുന്നു ദമ്പതിമാര്‍. ഇവര്‍ക്ക് നേരെ ബസ് പാഞ്ഞുകയറുകയും ഇവർ ബസിന് അടിയില്‍പ്പെട്ടു പോകുകയും ആയിരുന്നു. ബസ് മറിച്ചിട്ട ശേഷമാണ് ഇവരെ പുറത്തെടുത്തത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇവർ മരണപ്പെട്ടിരുന്നു.
സംഭവസമയത്ത് ബസ് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടമുണ്ടായ ഉടന്‍ ബസ് ഡ്രൈവറും കണ്ടക്ടറും ഒഴികെയുള്ള മറ്റ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. കണ്ടക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി ജി ജയദേവ് ഡ്രൈവറുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദാക്കുമെന്ന് വ്യക്തമാക്കി. സംഭവസ്ഥലത്തെത്തി കാര്യങ്ങള്‍ പരിശോധിച്ച ശേഷമായിരുന്നു പോലീസ് മേധാവിയുടെ പ്രതികരണം.