Sat. Apr 20th, 2024

ഇടുക്കി വാത്തിക്കുടിയില്‍ നവജാത ശിശുവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. അവിവാഹിതയും കുഞ്ഞിന്റെ അമ്മയുമായ ചികിത്സയിലുള്ള ബിരുദ വിദ്യാർത്ഥിയായ യുവതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം അറസ്റ്റ് ചെയ്യും. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഇരുപതുകാരി വീട്ടിലെ ശുചിമുറിയില്‍ പ്രസവിച്ചത്.

കുഞ്ഞ് ചാപിള്ളയായിരുന്നുവെന്നാണ് യുവതി പറഞ്ഞിരുന്നത്. യുവതി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരോ സമീപവാസികളോ അറിഞ്ഞിരുന്നില്ല. കുട്ടിയെ കൊന്ന ശേഷം മൃതദേഹം എവിടെയെങ്കിലും ഉപേക്ഷിക്കാനായിരുന്നു യുവതിയുടെ തീരുമാനം. തുടര്‍ന്ന് സുഹൃത്തായ ബന്ധുവിന്റെ സഹായത്തോടെ കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നു.

പ്രസവശേഷം ശാരീരിക അസ്വസ്തത അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി. ബിരുദ വിദ്യാര്‍ഥിനിയായ ഇരുപതുകാരി മണിയാറന്‍കുടി സ്വദേശിയായ യുവാവുമായി മുമ്പ് അടുപ്പത്തിലായിരുന്നു. ഈ യുവാവുമായി അടുപ്പത്തിലായിരുന്ന സമയത്തു പെണ്‍കുട്ടി ഗര്‍ഭിണിയായതായാണു സൂചന. വിവരം കുട്ടി ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും മറച്ചുവച്ചു. യുവാവ് മറ്റൊരു വിവാഹം ചെയ്യുകയും ഈ ബന്ധം ഉപേക്ഷിക്കുകയും ചെയ്തതോടെ രണ്ടു മാസം മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്ന വിവരം വീട്ടുകാരോ നാട്ടുകാരോ അറിഞ്ഞിരുന്നില്ല.

ഷാള്‍ ഉപയോഗിച്ചു വയര്‍ മുറുക്കിക്കെട്ടി വിവരം മറച്ചുവയ്ക്കുകയായിരുന്നെന്നാണ് സൂചന. പ്രസവ ശേഷം കുട്ടിയെ ഉപേക്ഷിക്കുന്നതിനു സഹായം ആവശ്യപ്പെട്ടു സുഹൃത്തിനെ ഫോണില്‍ വിളിച്ചു. സംഭവം വിശ്വസിക്കാതിരുന്ന സുഹൃത്ത് ഫോട്ടോ ആവശ്യപ്പെട്ടു. പെണ്‍കുട്ടി ചിത്രം പകര്‍ത്തി വാട്ട്‌സ്ആപ്പില്‍ അയച്ചുകൊടുത്തു. സുഹൃത്താണ് വിവരം പോലീസില്‍ അറിയിച്ചത്. മുരിക്കാശേരി പോലീസ് മേല്‍നടപടി സ്വീകരിച്ചു.

എന്നാല്‍ മൃതദേഹം ഉപേക്ഷിക്കാന്‍ സഹായിച്ച സുഹൃത്തായ ബന്ധു അന്ന് തന്നെ വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് സംഭവ ദിവസം രാത്രി തന്നെ പോലീസ് യുവതിയുടെ വീട്ടിലെത്തി. ഫോറന്‍സിക് സംഘം എത്താന്‍ പോലീസ് രാവിലെ വരെ കാത്തിരുന്നു. ഫോറന്‍സിക് സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷമാണ് കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്.