ഇത് വായിക്കാതെ നിങ്ങൾ പോകരുത്. നിങ്ങളുടെ വിലപ്പെട്ട അഞ്ചു നിമിഷം ഇവിടെ തരുമോ? ട്രാൻസ് ജന്റർ RJ പാർവ്വതിയുടെ സഹോദരൻ കെ.വിദ്യനാഥ് DACD Date: A Colorful Delight എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്ന കുറിപ്പാണ് ഇത്.
വേദനയോടെ ആണ് ഞാൻ ഇന്നിവിടെ ഈ കുറിപ്പ് തയ്യാറാക്കുന്നത്.
ഞാൻ വിദ്യനാഥ്, ഇവിടെ നിങ്ങളുടെ സ്വന്തം RJ പാർവ്വതിയുടെ ആങ്ങള. സ്ത്രീയും പുരുഷനും മാത്രം അടങ്ങുന്നതാണ് ഈ സമൂഹമെന്നും, transgenders മനോരോഗികൾ ആണെന്നും കണ്ടിരുന്ന ഒരു കാലം എന്നിൽ ഉണ്ടായിരുന്നു. എന്റെ മിഥ്യ ബോധ്യങ്ങൾ എല്ലാം മാറിയത് 2018ലെ തൃശ്ശൂർ LGBTIQ Pride ആണ്.
ഈ വർഷം തുടക്കം ആണ് എന്റെ പൊന്നനിയൻ എന്നോട് പറയുന്നത് ” ഏട്ടാ എനിക്കൊരു പെണ്ണായി മാറണം എന്ന് “
ആദ്യം ഒക്കെ ഞാൻ നന്നായി എതിർത്തു. അടി ബഹളങ്ങൾ വരെ നടന്നു. പക്ഷെ എന്റെ നന്ദൂട്ടി ഈ ആൺ ശരീരത്തിൽ തളച്ചിടപ്പെട്ട അവസ്ഥയിൽ വളരെ വേദന അനുഭവിക്കുകയായിരുന്നു.
ഒരു ഏട്ടനായ എന്നെ സംബന്ധിച്ച് എനിക്ക് ഇത് സ്വീകാര്യം ആയിരുന്നില്ല.പക്ഷെ ഞാൻ എന്റെ കുഞ്ഞിന്റെ മനസ് കാണാതെ പോയാൽ ഞാൻ അവനോടു /അവളോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം ആയി പോകുമായിരുന്നു അത്.
അങ്ങനെ 2019 മെയ് മാസം Renai medicity ൽ കൊണ്ട് പോയി Hormone തെറാപ്പി തുടങ്ങി.അങ്ങനെ ഞാൻ എന്റെ പൊന്നനിയനെ പെങ്ങളൂട്ടി ആയി കാണാൻ തുടങ്ങി.പലപ്പോഴും എന്റെ സംരക്ഷണം അവൾക്കു അരോചകം ആയി തോന്നിയിരുന്നു, പക്ഷെ ഞാൻ എന്റെ കടമ ചെയ്തു എന്ന് മാത്രം ആണ് തോന്നുന്നത്. Transgender ആണെന്ന പേരിൽ ഒരിക്കൽ കുറച്ചു സാമൂഹ്യ വിരുദ്ധർ എന്റെ പാറൂന്റെ തല എറിഞ്ഞു പൊട്ടിച്ചപ്പോൾ പോലും അവൾ പറഞ്ഞത്, ഒരു പെണ്ണായി മാറാൻ ഞാൻ എന്തും സഹിക്കാൻ തയ്യാറാണ് ഏട്ടാ എന്നാണ്.
ചങ്കു പൊട്ടി കരഞ്ഞ എന്റെ മുന്നിൽ ഒരു പുഞ്ചിരി ആയിരുന്നു അപ്പോളും അവളുടെ സമ്മാനം. വേദന കൊണ്ട് പുളഞ്ഞ അവൾ “കുഞ്ഞായി” എന്ന് വിളിച്ചു വിതുമ്പിയത് ഇപ്പോഴും എന്റെ കാതുകളിൽ ഉണ്ട്. അന്നാണ് ഞാൻ ശരിക്കും മനസിലാക്കിയത് Transgenders… അകറ്റി നിർത്തേണ്ടവർ അല്ല, അവരെ നെഞ്ചോടു ചേർത്ത് പിടിക്കുകയാണ് വേണ്ടത്.
ഇന്ന് എന്റെ മോൾടെ laser ആരുന്നു. (മീശ താടി എന്നിവ വരാതിരിക്കാൻ ഉള്ള ട്രീറ്റ്മെന്റ്.) ഉള്ളിൽ നിന്ന് കരയുന്ന അവളുടെ ശബ്ദം കേൾക്കും തോറും എന്റെ ഉള്ളു വിങ്ങി. കലങ്ങിയ കണ്ണുകൾ കൊണ്ട് വെളിയിൽ വന്ന അവളോട് ഞാൻ ചോദിച്ചു, വേദന ആണോ വാവേ എന്ന്.
“മനസ്സിൽ അനുഭവിക്കുന്ന വേദനകൾ വച്ചു നോക്കുമ്പോൾ ഇതൊക്കെ നിസ്സാരം ” എന്നും പറഞ്ഞു അവൾ ഒരു ചിരി ചിരിച്ചു. അതൊരു ചിരി ആയിരുന്നില്ല അസ്ത്രം ആയിരുന്നു. സമൂഹത്തിനു നേരെ അവൾ തൊടുത്ത അസ്ത്രം.
ഇതേ വേദന ഇനിയും മാസങ്ങൾ ഇവൾ അനുഭവിക്കണം. അതിലും മരണവേദന അനുഭവിച്ചു വേണം അവൾ പെണ്ണായി മാറാൻ. എന്റെ മനസ്സൊന്നു വിങ്ങി. ഒരു ഈർക്കിൽ കഷ്ണം പോലെ തുള്ളി നടക്കുന്ന എന്റെ പൊന്നുമോൾ ഈ ജീവിതത്തിൽ എന്തോരം വേദന ആണ് തിന്നുന്നത്. എന്റെ മോൾ മാത്രം അല്ല, Transgender സമൂഹം മുഴുവനും. എന്നിട്ട് പോലും ഒന്നും മനസിലാക്കാതെ എത്രയോ ആളുകളാണ് അവരെ ചൂഷണം ചെയ്യുന്നത്. വെറും ലൈംഗീക വസ്തുക്കൾ ആയി അവരെ ചിത്രീകരിക്കുന്നത്.
ഈ ഗ്രൂപ്പിൽ എല്ലാവരും ഒരു കുടക്കീഴിൽ ആണെന്നുള്ളത് വലിയ സന്തോഷം തരുന്ന കാര്യം തന്നെയാണ്. പക്ഷെ എന്നെപോലെ ഒരു ആങ്ങള ഇല്ലാത്ത എത്രയോ Transgenders ഇവിടെ ഉണ്ട്. അവരോടൊക്കെ ഒരു കാര്യം മാത്രേ പറയാൻ ഉള്ളു. ഞാൻ പാർവ്വതിയുടെ മാത്രം ആങ്ങള അല്ല. ഈ transgender കമ്മ്യൂണിറ്റിയിൽ ഉള്ള എല്ലാരും എന്റെ സഹോദരിമാരും സഹോദരന്മാരും ആണ്. നിങ്ങൾ അനുഭവിക്കുന്ന വേദനയുടെ നാലിൽ ഒന്നുപോലും ഞങ്ങൾ ഒന്നും അനുഭവിക്കുന്നില്ല.
സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ അനുഭവം വരുമ്പോൾ ആണ് Transgendersinte വേദന കൂടുതൽ അറിയാൻ പറ്റു.ഉള്ളു കലങ്ങി ആണ് ഇത്രയും എഴുതിയത്.
ഇനി പറയാൻ വാക്കുകൾ ഇല്ലാ. ഇനിയുള്ള എന്റെ സാമൂഹ്യ സേവനങ്ങളിൽ നല്ല ശതമാനം Transgender കമ്മ്യൂണിറ്റിക്ക് വേണ്ടി തന്നെ ആയിരിക്കും.