Sun. Jul 26th, 2026

നൂറു വർഷം മുൻപ് രാമനെ വിമർശിക്കുന്ന ഒരു സീതയെ സൃഷ്ടിക്കാൻ ആശാന് കഴിയുമായിരുന്നു എങ്കിൽ ഇന്ന് അങ്ങിനെയൊന്ന് എഴുതാനോ പ്രസിദ്ധീകരിക്കാനോ വൃണരോഗികൾ അനുവദിക്കുമോ എന്ന ചിന്തയാണ് ആശാന്റെ സീതയുടെ കാലിക പ്രസക്തിയെന്ന് രഹ്ന ഫാത്തിമ.

Wendy Doniger എന്ന അമേരിക്കൻ ഗവേഷക എഴുതി ധൈഷണിക ലോകം വളരെ പോസിറ്റീവായി വിലയിരുത്തിയ The Hindus: An Alternative History എന്ന പുസ്തകം ആഗോള പ്രസിദ്ധീകരണ സ്ഥാപനമായ പെൻഗിന് ബുക്സിന് ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിക്കേണ്ടി വന്നത് പ്രസ്തുത നിയമം ചുമത്തി കേസ് ഫയൽ ചെയ്യപ്പെട്ടതിനെ തുടർന്നായിരുന്നു. രാമായണം ഒരു മിത്തിക്കൽ ഗ്രന്ഥമാണെന്ന പരാമർശം കോടിക്കണക്കിനു വരുന്ന ഹിന്ദുക്കളുടെ മത വികാരം വ്രണപ്പെടുത്തിയെന്നായിരുന്നു പുസ്തകത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണം. ഈ “പുരാവസ്തു നിയമം” നിലനിൽക്കുന്ന ഇന്ത്യയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആവിഷ്കാര സ്വാതന്ത്ര്യം സാധ്യമാകില്ലെന്ന കുറിപ്പോടെയാണ് പ്രസാധകർ ആ പുസ്തകം നിരുപാധികം പിൻവലിച്ചത്.

എന്നാൽ പുസ്തകത്തിന് നിരോധനം ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിൽ കോടതിയിൽ കേസ് നടത്തുന്നതായിരുന്നു പെൻഗിൻ ചെയ്യേണ്ടിയിരുന്നതെന്നു അരുന്ധതി റോയി ഉൾപ്പെടെയുള്ള ബൗദ്ധിക ലോകം അഭിപ്രായപ്പെട്ടു. പക്ഷെ പുസ്തകം ഏതെങ്കിലും സാഹചര്യത്തിൽ കോടതി നിരോധിച്ചാൽ, ഒരു ചില്ലറ വില്പനകാരൻ ആർകെങ്കിലും പുസ്തകത്തിന്റെ ഒരു കോപ്പി വിറ്റ ബില് ഹാജരാക്കാൻ എതിർ പക്ഷത്തിന് കഴിഞ്ഞാൽ പ്രസാധകൻ കോടതി അലക്ഷ്യം നേരിടേണ്ടി വരും.

“മതനിന്ദ” എന്നത് ഇന്ത്യൻ നിയമത്തിനും, ഭരണഘടനക്കും അപരിചിതമായ ഒരു പദമാണ്, ഒരുപക്ഷേ ഭൂരിപക്ഷ മതമായ ഹിന്ദുമതത്തിന്റെ സമഗ്രവും ബഹുസ്വരവുമായ സ്വഭാവം ദൈവ നിന്ദ പോലുള്ള ആശയങ്ങളെ അപ്രസക്തമാക്കുന്നതിനാലാകാം ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടം ഇന്ത്യക്കായി നിർമിച്ച നിയമാവലികളിൽ blasphemy എന്ന വാക്ക് ഇടം പിടിക്കാതിരുന്നത്. എന്നിരുന്നാലും, മതനിന്ദ നിയമത്തിന് സമാനമായ 295 എ എന്ന വകുപ്പ് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ബ്രിട്ടീഷുകാർ ഉള്പെടുത്തിയിട്ടുണ്ട്. “ഇന്ത്യയിലെ പൗരന്മാരിലെ ഏതെങ്കിലും മത വിഭാഗത്തിന്റെ വികാരങ്ങൾ വ്രണപ്പെടുത്തണമെന്ന മനപൂർവവും ക്ഷുദ്രവുമായ ഉദ്ദേശ്യത്തോടെ, വാക്കാലോ, എഴുത്താലോ, ആംഗ്യങ്ങളായോ, മറ്റു പ്രകടന സമ്പ്രദായമായോ, ഒരു മതത്തെത്തെയോ, മത വിശ്വാസങ്ങളെയോ, അധിക്ഷേപിക്കുകയോ അതിനു ശ്രമിക്കുകയോ ചെയ്യുന്നത് 3 വർഷത്തോളമാകാവുന്ന കാലത്തേക്കുള്ള തടവ് ശിക്ഷയ്ക്കോ പിഴക്കോ ഉള്ള ശിക്ഷയ്ക്ക് അർഹരായിരിക്കുമെന്ന് പ്രസ്തുത നിയമം പറയുന്നു.

ഐപിസിയിലെ മറ്റ് “സംഭാഷണ-അധിഷ്ഠിത കുറ്റകൃത്യങ്ങളായ ഐപിസി 153, 153എ, 153ബി, , 298, 505 പോലെ ത്ന്നെ സെക്ഷൻ 295, 295 എയുടെ ഉത്ഭവവും കൊളോണിയൽ കാലഘട്ടത്തിലാണ്, കൊളോണിയൽ യുക്തിയാൽ നിർമിക്കപെട്ടവയാണ് അവയൊക്കെയും.ഡ്രാഫ്റ്റിംഗ്കമ്മറ്റി ആ കാലത്ത് തന്നെ ഈ വകുപ്പിന്റെ വിശാലമായ വ്യാഖ്യാന സാധ്യതയിലും, ദുരുപയോഗത്തിലും സംശയം പ്രകടിപ്പിച്ചിരുന്നു. നിയമത്തിന്റെ സദ്ഉദ്ദേശ്യങ്ങൾക്ക് അപ്പുറം മത വിമർശകരെയും, ഭിന്ന അഭിപ്രായം പ്രകടിപ്പിക്കുന്നവരെയും ഇരയാക്കാൻ സാധ്യത ഉണ്ടെന്ന ഡ്രാഫ്റ്റിംഗ് കമ്മറ്റിയുടെ ദീർഖവീക്ഷണം അക്ഷാരാർഥത്തിൽ ശരിവക്കുന്നതായിരുന്നു പിന്നീട് ഈ നിയമത്തിന്റെ ചരിത്രവും, വർത്തമാനവും.

മത വികാരം വൃണപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ചെയുന്ന പ്രവർത്തികളെ മാത്രമേ സെക്ഷൻ 295 A ലക്ഷ്യ വക്കുന്നുള്ളുവെന്നും, എല്ലാ മത നിന്ദകളും അതിൽ ഉൾപെടുന്നില്ലെന്നും നിരീക്ഷിച്ച കോടതി 295 A യുടെ ഭണഘടനാ വിരുദ്ധമല്ലെന്ന് വിധി പറഞ്ഞു.

സാങ്കേതികമായി പറഞ്ഞാൽ “legal fiction” എന്ന അവസ്ഥയാണ് കോടതി വ്യക്തമാക്കിയത്. നിയമത്തിലെ ചില കാര്യങ്ങൾ നിയമത്തിന് മാത്രമായി നിലനിൽക്കുന്നു. അത് വാസ്തവത്തിൽ ഉണ്ടോ ഇല്ലയോ എന്നതിന് പ്രസക്തിയില്ല. തെളിയിക്കപെടാത്ത ഒരനുമാനത്തിന്റെ പേരിൽ ആവിഷ്കാര സ്വത്വാത്ര്യം നിഷേധിക്കാമോ എന്ന ചോദ്യം പക്ഷെ നിലനിൽക്കുന്നു.

Wendy Doniger ന്റെ പുസ്തകത്തിനുമേൽ 295A ചുമത്തപ്പെട്ടത് അത് പബ്ലിക് ഓഡറിനോട് ബന്ധപെട്ടതായതുകൊണ്ടല്ല , അതിലെ മത വിരുദ്ധ ഉള്ളടക്കം ചൂണ്ടിക്കാട്ടിയാണ്. മഹേന്ദ്ര ധോണിക്കെതിരായ കേസിൽ മനഃപൂർവവും, ദുരുദേശ്യ പൂര്വവും അല്ലാത്ത മത നിന്ദകള് ഈ സെക്ഷൻറെ പരിധിയിൽ പെടില്ലന്നു സുപ്രീംകോടതിയുടെ 2017 ലെ വിധിയിൽ പറയുന്നു.

കാലക്രമേണ സുപ്രീം കോടതിയുടെ public order സംബന്ധിച്ച കാഴ്ചപ്പാടിന് പലരീതിയിലും മാറ്റം വന്നിട്ടുണ്ട്. കുറ്റകരമായ പ്രസംഗത്തെ നിയന്ത്രിക്കേണ്ടതുണ്ടെങ്കിൽ pulic order നോട് വ്യക്തമായ ബന്ധം ഭരണകൂടം ചൂണ്ടികാണിക്കേണ്ടതുണ്ടെന്നായിരുന്നു എന്ന് കോടതി നിർദ്ദേശിക്കുന്നുണ്ട്.
.
2015ൽ പൊതുക്രമത്തിന്റെ പേരിൽ അക്രമത്തിന് “പ്രേരണ” incitement നൽകുന്നത് മാത്രമേ നിരോധിക്കാൻ കഴിയൂ എന്നും advocacy (വിപ്ലവം മുതലായവ) പോലും അനുവദനീയമാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു, i.എന്നിരുന്നാലും, ഇപ്പോഴത്തെ കാലാവസ്ഥയിൽ, അശ്ലീലം, രാജ്യദ്രോഹം, തുടങ്ങിയ നിയമങ്ങളുടെ ഭരണഘടനാ സാധുത പുനർവിചിന്തനം ചെയ്യുന്നത് സങ്കൽപ്പിക്കാൻ കഴിയാത്തതുപോലെ തന്നെ . “മതനിന്ദ” നിയമത്തിന്റെ ഭരണഘടനാ സാധുതയും കോടതി പുനർവിചിന്തനം നടത്തുന്നത് സങ്കൽപ്പിക്കാൻ പ്രയാസമാണ്.നിർഭാഗ്യവശാൽ പെൻഗിന് ബുക്സ് അഭിപ്രായപ്പെട്ടത് പോലെ തന്നെ ഇത്തരം പുരാവസ്തു നിയമങ്ങൾ നിലനിൽക്കുന്ന ഇന്ത്യയിൽ ആവിഷ്കാരങ്ങളും, അഭിപ്രായ പ്രകടനങ്ങളും ആത്‌മഹത്യാപരമായ ഒരു സാഹസം തന്നെയായി തുടരുമെന്നും ജനാധിപത്യം കേവലം ഏട്ടിലെ പശു മാത്രമായിരിക്കുമെന്നും രഹ്ന ഫാത്തിമപറഞ്ഞു . ചേർത്തലയിൽ നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ ശബരിമല സ്ത്രീപ്രവേശന വിധിയുടെ ഒന്നാംവാർഷികത്തിൽ സംഘടിപ്പിച്ച “‘ചിന്താവിഷ്ടയായ സീത പുനരുത്ഥാന കേരളത്തിൽ പുനർവായിക്കപ്പെടുമ്പോൾ” എന്നവിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു രഹ്ന ഫാത്തിമ.