Sat. Apr 20th, 2024

✍️  പ്രൊഫ. ഫ്രാൻസിസ് സേവ്യർ

സീതയുടെ ആത്മഗതം മാത്രമാണ് ചിന്താവിഷ്ടയായ സീത.അവള്‍ ആരോടും പറയുന്നതല്ല.അത് ഈ കൃതിയുടെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു. ആത്മഗതമെന്നത് ജീവിതാനുഭവങ്ങള്‍ നമ്മുടെ മനസ്സിലേക്ക് വന്നു വീഴുമ്പോള്‍ അതിന്‍റെ അടിയില്‍ നിന്ന് വടിവ് പൂണ്ട് സ്വയം ബോധ്യങ്ങളിലേക്ക് പൊങ്ങിവരുന്ന വിചാരങ്ങളാണ്. അത്തരത്തിലൊരു അവബോധമുള്ള സമൂഹത്തെ സൃഷ്ടിക്കാനാണ് നാരായണഗുരുവും ആശാനും സഹോദരനുമെല്ലാം നവോത്ഥാനകാലഘട്ടത്തിൽ ശ്രമിച്ചത്. അങ്ങനെ സ്വയം അവബോധം നേടിയ ജനതയാണ് തങ്ങൾക്ക് വഴിനടക്കണമെന്നും വിദ്യനേടണമെന്നും തുണിയുടുക്കണെമന്നും മനുഷ്യനായി ജീവിക്കണെമന്നും ചിന്തിച്ചതും മറ്റാരുടെയും പിന്തുണയില്ലാതെ തന്നെ നവോത്ഥാനപാതയിൽ അണിനിരന്നതും.

മഹാകവി എന്‍.കുമാരനാശാന്‍റെ ചിന്താവിഷ്ടയായ സീത ഏറെ പഠനങ്ങള്‍ക്ക് വിധേയമായ കൃതിയാണ്. സുകുമാര്‍ അഴീക്കോട്, ആശാന്‍റെ സീതാകാവ്യം എന്ന പേരില്‍ ഒരു വിമര്‍ശകൃതി തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തന്‍റെ മക്കളായ ലവകുശന്മാര്‍ ഗുരുവായ വല്മീകിയോടൊത്ത് പിതാവായ രാമന്‍ വാഴുന്ന അയോദ്ധ്യയിലേക്ക് പുറപ്പെട്ട അന്ന് സന്ധ്യയ്ക്ക് സീത ചിന്തിക്കുകയാണ്. ഇപ്പോള്‍ അവള്‍ തനിച്ചാണ്. രാമന്‍ അവളെയുപേക്ഷിച്ചിട്ട് വര്‍ഷങ്ങളേറെ കഴിഞ്ഞിരിക്കുന്നു. പൂര്‍ണ്ണഗര്‍ഭിണിയായിരിക്കുന്ന സന്ദര്‍ഭത്തിലാണ് സീതയെ ഉപേക്ഷിച്ചത്. അവളുടെ സമ്മതമോ അഭിപ്രായമോ ഒന്നും രാജാവായ രാമന്‍ അന്വേഷിച്ചില്ല. ഉപേക്ഷിക്കാന്‍ ലക്ഷ്മണനെ -തന്‍റെ അനുജനെ- ഏര്‍പ്പാട് ചെയ്യുകയാണുണ്ടായത്. തന്‍റെ സ്ത്രീത്വത്തിനും വ്യക്തിത്വത്തിനും നേരെയുള്ള രാമന്‍റെ ഇടപെടല്‍ ഇവിടെ സീത ഒരു പുനരാലോചനയ്ക്ക് വിധേയമാക്കുന്നു.

തികച്ചും നിഷ്പക്ഷമല്ല സീതയുടെ വിമര്‍ശനം. അവളെ ആധുനിക സ്ത്രീത്വത്തിന് അടയാളമാക്കുക എന്ന ആശാന്‍റെ പ്രഖ്യാപിതോദ്ദേശ്യമാണ് ഇത്തരം രാമവിമര്‍ശനത്തിനു പിന്നിലുള്ളത്. കാലഘട്ടങ്ങളുടെ വ്യത്യസ്തതകള്‍ കാരണം ശാശ്വതങ്ങളായതെന്നൊക്കെ പറയുന്ന ആശയങ്ങള്‍ക്കും മൂല്യങ്ങൾക്കും പോലും മാറ്റം സംഭവിക്കും.എന്തായിരിക്കണം ഒരുകാലഘട്ടത്തിൻറെ മൂല്യം എന്ന് തീരുമാനിക്കുന്നത് ആ കാലഘട്ടത്തിലെ സമ്പദ്‌വ്യവസ്ഥയാണ്. ഞാൻ ഒരു സാഹിത്യ അദ്ധ്യാപകൻ ആയിരുന്നില്ല മാത്തമാറ്റിക്സ് ആയിരുന്നു ഞാൻ പഠിച്ചതും പഠിപ്പിച്ചതും. എങ്കിലും ഏതുമാനദണ്ഡം വെച്ചും ഒരു കൃതി നിരീക്ഷണ വിധേയമാക്കാം. വ്യവസായവിപ്ലവം ആരംഭിച്ച 20-ആം നൂറ്റാണ്ടിലെ മൂല്യങ്ങൾ ഒരിക്കലും ഫ്യൂഡൽ കാലഘട്ടത്തിലേത് ആയിരിക്കില്ല.വാല്മീകിയുടെ സീതയ്ക്ക് 20-ആം നൂറ്റാണ്ടിലെ സ്ത്രീക്ക് പകരം നില്ക്കാനാകില്ലെന്ന് ആശാന്‍ അറിഞ്ഞതിന്‍റെ ഫലവുമാണ് പ്രസ്തുത കാവ്യം എന്ന് ക്രോഡീകരിക്കാം.

ലോകത്തില്‍ അനേകം രാമന്മാരുണ്ടാകാം, എന്നാല്‍ രണ്ടാമതൊരു സീതയുണ്ടാവുക വയ്യെന്നാണ് വിവേകാനന്ദന്‍ അഭിപ്രായപ്പെട്ടത്. രാമന്‍ സത്കാര്യങ്ങള്‍ ചെയ്യുന്നവനാണെങ്കിലും സീതയ്ക്ക് അര്‍ഹനായ ഭര്‍ത്താവല്ലെന്ന് വാല്മീകിതന്നെ പറയുന്നുവെന്നാണ് ഉള്ളൂരിന്‍റെ നിലപാട്. രാമന്‍ പ്രജാതാല്പര്യം പാലിക്കുന്നവനാണെങ്കില്‍ സീതയെന്ന വ്യക്തിയെക്കൂടി പരിഗണിക്കാന്‍ തയ്യാറാകേണ്ടതായിരുന്നു. അതുണ്ടായില്ല.ആശാൻറെ സീതയ്‌ക്കെതിരായി ഉയർന്ന വിമർശനങ്ങളെ നേരിട്ടുകൊണ്ട് തന്‍റെ സുവ്യക്തമായ നിലപാട് മാരാര്‍ പ്രഖ്യാപിക്കുന്നുണ്ട്. “അവള്‍(സീത) രാമരാജാവിന്‍റെ ഉടുപ്പോ ചെരിപ്പോ പട്ടിയോ കുറിഞ്ഞിപ്പൂച്ചയോ അല്ല, മനുഷ്യ വ്യക്തിയാണ്. പ്രജാഹിതം നോക്കിയല്ല ഒരു മനുഷ്യനെ ശിക്ഷിക്കുന്നത്, ന്യായം നോക്കിയാണ്. തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ സീതയ്ക്ക് അവസരം നല്കേണ്ടതായിരുന്നു. അതാണ് രാജധര്‍മ്മം. അത് രാമരാജാവ് നിര്‍വഹിച്ചില്ല”. എന്ന്.

സീതയ്ക്ക് സ്വന്തം പക്ഷത്തെ സമര്‍ത്ഥിക്കാനുള്ള അവസരം നല്കിയില്ല.അവള്‍ തെറ്റുകാരിയാണെങ്കില്‍ മാറ്റിനിര്‍ത്താമായിരുന്നു. എന്നാല്‍, പൂച്ചയെ ചാക്കില്‍കെട്ടി പുഴകടത്തുന്നതു പോലെ വഞ്ചനയായിട്ടല്ല ഇത് നിര്‍വഹി ക്കേണ്ടത്. മര്യാദ സീതയോട് കാട്ടിയില്ല. അവളെ പരിഗണിക്കാന്‍ രാമരാജാവ് തയ്യാറായതുമില്ല. ആശാന്‍റെ സീത വളരെ വ്യക്തമായി ഇതു പര്യാലോചിക്കുന്നുണ്ട്. നിഷ്കളങ്കയായ താന്‍ ശിക്ഷയേറ്റു. രാജാവ് എങ്ങനെയാണ് ഈ പാപത്തില്‍ നിന്നും ഒഴിഞ്ഞു നില്ക്കുക- അവള്‍ (ആശാന്‍റെ സീത) ആരായുന്നു.

”…മനുഷ്യര്‍ക്കിടയില്‍ സമുദായജീവിതം ആരംഭിച്ചതുമുതല്‍ അതിലെ പുരുഷവര്‍ഗ്ഗം തലമുറതലമുറയായി വിടാതെ പിടിച്ചുകൊണ്ടിരിക്കുന്ന ആ അധികാരത്തില്‍ (സ്ത്രീകളുടെ മീതേയുള്ള അധികാരം) പെട്ടതാണെന്നര്‍ത്ഥം. അതേ, സ്ത്രീക്കു പുരുഷന്‍റെ ഇന്ദ്രിയാര്‍ത്ഥം എന്നതില്‍ കവിഞ്ഞ ഒരു വ്യക്തിത്വമില്ല. അവന് അവളെക്കൊണ്ട് എന്തും കാട്ടാം. തന്‍റെ വികാരപൂര്‍ത്തിയ്ക്കോ അഭിമാനരക്ഷയ്ക്കോ വേണ്ടി അവളെ പാവകളിപ്പിയ്ക്കാം, ബലികൊടുക്കാം, ചാരിത്രശങ്കതോന്നിയാല്‍ കഴുത്തു ഞെക്കിക്കൊല്ലാം, ഇതിനെല്ലാമെതിരായി ഒരഭിമതം അവള്‍ക്കുണ്ടാകാന്‍ പാടില്ല. ഉണ്ടായാലും ഇല്ലെങ്കിലും അതന്വേഷിക്കേണ്ട ഭാരം അവന്നില്ല”-.എന്ന് കുട്ടികൃഷ്ണമാരാർ എഴുതിയിട്ടുണ്ട്. പരമ്പരാഗതമായ പുരുഷാധികാരബോധമാണ് രാമനില്‍ പ്രവര്‍ത്തിച്ചതെന്നു കാണാം.

ആശാന്‍റെ സീത ഹൃദയവേദനയോടെ ഇതിനെസംബന്ധിച്ച് ചിന്തിക്കുന്നു. സ്വന്തം മാനം പോകരുതെന്ന് കരുതി മാത്രം പ്രവര്‍ത്തിക്കുകയാണ് രാമന്‍ ചെയ്തത്. നാട്ടുകാരിലൊരാള്‍ ചൊന്ന അപവാദത്തെ ബലപ്പെടുത്തുകയാണ് രാജാവ് ചെയ്തത്. സ്വന്തം ഭാര്യയെ സംബന്ധിച്ച് കുറ്റം പറയുന്നത് ഒരു തെമ്മാടി പോലും കേട്ടു നില്ക്കില്ല. എന്നാല്‍ വേദവാക്യം പോലെയാണ് എന്നെ സംബന്ധിക്കുന്ന അപവാദം മന്നവന്‍ കേട്ടത്.- ഇത് ആശാന്‍റെ സീതയുടെ ഗുരുതരമായ ആരോപണമാണ്.

രാജാധികാര ഗര്‍വുകൊണ്ടാണ് രാമന്‍ ഈ നീചപ്രവൃത്തി ചെയ്തത്. സ്വന്തം ഭാര്യയോട് ഈ വിഷയം സംസാരിക്കാന്‍ പോലും രാമന്‍ തയ്യാറായില്ല. സീതയെ, സ്വന്തം ഭാര്യയെ, സമനിലയില്‍ കാണാന്‍ പോലും രാമന്‍ തയ്യാറായില്ല. ഇതിനെ സംബന്ധിച്ചും ആശാന്‍റെ സീത പരിചിന്തിക്കുന്നു. പതിയെ ദൈവത്തെ പോലെ കണ്ട് മനസ്സര്‍പ്പിച്ചവളാണ് താന്‍. ആ എന്നോട് ഈ ചതി വേണമായിരുന്നോ? രാമന്‍റെ ഗര്‍വാണ് സ്നേഹപ്രകടനത്തിന് വിഘാതം സൃഷ്ടിച്ചതെന്നും അവള്‍(ആശാന്‍റെ സീത) കരുതുന്നു. അഹന്തയുടെ കാരണങ്ങളിലേക്കും ആശാന്‍റെ സീത വിരല്‍ ചൂണ്ടുന്നു.

വാലമീകിയും ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാമന്‍ സീതയോട് തിയ്യില്‍ ചാടാന്‍ നിര്‍ദ്ദേശിച്ചതും ഉപേക്ഷിക്കല്‍ തന്നെ. അഗ്നിദേവന്‍, ബ്രഹ്മാവ് ഇവരുടെ ശൂപാര്‍ശ പ്രകാരമാണ് രാമന്‍ സീതയെ സ്വീകരിച്ചത്. സീതയെ കാണുമ്പോള്‍ രാമനുണ്ടായ അമര്‍ഷം(രാവണവധം കഴിഞ്ഞ് വീണ്ടെടുക്കുമ്പോള്‍) വാല്മീകി രേഖപ്പെടുത്തിയിട്ടുണ്ട്. നിനക്കു വേണ്ടിയല്ല ഞാന്‍ ഈ യുദ്ധം ചെയ്തത്, എന്‍റെ വംശത്തിന്‍റെ കീര്‍ത്തിക്കും ദുഷ്പേര് ഇല്ലാതാക്കുന്നതിന്നും വേണ്ടിയാണെന്ന് വാല്മീകിരാമായണത്തില്‍ പറയുന്നു. കടുത്തവാക്കുകള്‍. പരിശുദ്ധമായ ഭാര്യാഭര്‍ത്തൃ സ്നേഹമല്ല ഇവിടെ കാണാവുന്നത്. ദുര്‍വാശിപിടിച്ച കുട്ടിയെപ്പോലെയാകുന്നു രാമന്‍. സീതയെ ഒഴിവാക്കാന്‍ തീരുമാനിച്ചപ്പോള്‍, തന്‍റെ തീരുമാനം സഹോദരന്മാരെ അറിയിക്കുന്നുണ്ട്. അനുവദിച്ചില്ലെങ്കില്‍ താന്‍ ജീവനൊടുക്കുമെന്നാണ് രാമന്‍ പറയുന്നത്. ആദര്‍ശരാജാക്കന്മാര്‍ക്ക് ഭാരതത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. എന്നാല്‍, അധികാരം വലിയൊരു പ്രലോഭനമാണെന്നും, അത് അഹങ്കാരത്തെ വര്‍ദ്ധിപ്പിക്കുന്നതാണെന്നും, മനുഷ്യത്വോചിതമല്ലാത്ത പ്രവൃത്തിക്ക് അത് കാരണമാകാമെന്നുമുള്ള ശാശ്വതസത്യത്തെ സമര്‍ത്ഥിക്കാന്‍ ഉദാഹരിക്കാവുന്ന ഒരേയൊരു ആദര്‍ശരാജാവാണ് വാല്മീകിയുടെ രാമന്‍. അതുകൊണ്ടാണ് രാമൻ വലിയ അപകടകാരിയാണെന്ന് ഡോ.അംബേദ്‌കർ പറഞ്ഞത്. അതെത്രയോ ശരിയാണെന്നാണ് ഇന്ന് രാമന്റെമക്കൾ എന്നവകാശപ്പെടുന്നവർ നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടുമിരിക്കുന്നത്.

രാമായണം പാടി കേള്‍പ്പിക്കാനാണ് മഹാഗുരുവായ വാല്മീകിയും തന്‍റെ മക്കളും രാമസമീപം പോയിരിക്കുന്നത്. തിരിച്ചറിവുണ്ടായാല്‍ രാമന്‍ തന്നെ സ്വീകരിക്കുമായിരിക്കും. ഏതു നിലയ്ക്കതു സ്വീകരിക്കണം? ഒരു മഹാപരിവര്‍ത്തനം തന്‍റെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നതിന്‍റെ തലേനാള്‍ സീതയ്ക്കെങ്ങിനെ ഉറങ്ങാന്‍ കഴിയും? വീണ്ടും അയാളുടെ ആഗ്രഹപാത്രമാകണോ, അതല്ല, ക്ഷണം നിരസിക്കണോ? നിരസിച്ചാലതുമതി, കളങ്കം പറ്റാന്‍. ഇത്തരം ചിന്തകളും മനോവേദനകളും അവളിലുണര്‍ന്നു. ഈ സന്ദര്‍ഭത്തെ എടുത്ത്, മനുഷ്യ മനസ് കിടന്നുപിടയുന്ന പിടച്ചിലുകള്‍ ചിത്രീകരിക്കുയയെന്നത് വിശ്വകൃതികളില്‍ മാത്രം കാണാവുന്നതാണ്. അതിനുള്ള ശേഷി മഹാകവികള്‍ക്കേയുള്ളൂ. ആശാൻ സീതയുടെ ലാവണ്യത്തെയല്ല അനുഭവത്തെയാണ് ചിത്രീകരിക്കുന്നത്.

പതിനഞ്ചു വര്‍ഷമായി പാകപ്പെടുത്തിയ ചിന്തകളാണ് സീതയുടേത്. താന്‍ നിരപരാധിയാണെന്ന ചിന്ത എന്തായാലും സീതയെ വിടാതെ പിന്തുടരും. ഒരു ചോദ്യം ചെയ്യലിന് (രാമനെ) അവളുടെ മനസ്സ് പാകപ്പെട്ടിരിക്കും. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ അവളുടെ മനസ്സാക്ഷിയെ അന്ധമായ പതിഭക്തിയും രാജഭക്തിയും ചേര്‍ന്ന് കൊന്നിട്ടി രിക്കണം. എന്തായാലും മനസ്സാക്ഷി മരവിച്ചവളല്ല സീത.

കളങ്കമില്ലാത്ത താന്‍ ശിക്ഷിക്കപ്പെടുന്നുവെന്ന ചിന്ത സീതയുടെ ഹൃദയത്തെ നീറ്റുന്നു. തെറ്റു ചെയ്യാത്ത ഒരാളെ ശിക്ഷിക്കുവാന്‍ ന്യായാസനം തീരുമാനിച്ചാലും, ആ വിധിയെ ലോകരൊക്കെ അംഗീകരിച്ചാലും പ്രസ്തുത വ്യക്തിയുടെ ഉള്ളില്‍ താന്‍ തെറ്റുചെയ്യാതെയാണ് ശിക്ഷയനുഭവിക്കുന്നതെന്ന ചിന്ത മരണം വരെയും ഉണ്ടാകുമല്ലോ. അതയാളുടെ കഥയില്ലായ്മയാണെന്ന് പറയാന്‍ കഴിയില്ല. ആശാന്‍റെ സീത, രാമന്‍ ചാപല്യത്തിനോ അധികാര ഗര്‍വിനോ, സാഹസികതയ്ക്കോ അടിപ്പെട്ട് തന്നെ നിരാകരിച്ചതില്‍ പ്രതിഷേധിക്കുന്നതോടൊപ്പം, അതില്‍ അദ്ദേഹം അനുഭവിച്ച സ്വാര്‍ത്ഥത്യാഗാത്മകമായ ദുഃഖത്തില്‍ സഹാനുഭൂതി കാണിക്കുന്നത് ന്യായം മാത്രമാണ്. ആ സഹാനുഭൂതി തെറ്റിനെ ന്യായീകരിക്കുന്നതല്ല. എന്നാലത് തൻറെ ഭർത്താവായിരുന്ന ഒരാളോടുള്ള പക്ഷപാതിത്വത്തിന്‍റെ ഭാഗമാകുന്നത് തെറ്റാകുന്നുമില്ല. ഇങ്ങനെയൊക്കെ പറയുമ്പോഴും രാമനെ ഉപേക്ഷിക്കുമ്പോഴും സീതയ്ക്ക് രാമനെ ഇഷ്ടമായിരുന്നല്ലോ?

എങ്കിലും രാമായണത്തിലെ സീത രാമന്‍റെ പ്രവൃത്തികളെ എതിര്‍ത്തില്ലെന്നു പറയാന്‍ കഴിയില്ല. ഒടുക്കം അയോദ്ധ്യയിലെ മഹാസദസ്സില്‍ വെച്ച് പൌരജനങ്ങളും ഋഷിമാരും മന്ത്രിമാരും നോക്കിയിരിക്കെ മാതാവായ ഭൂമീദേവിയുടെ മാറിലേക്ക് അപ്രത്യക്ഷയായത് പ്രതിഷേധമല്ലെങ്കില്‍ മറ്റെന്താണ്? ഭൂമിയുടെ കൈയില്‍ നിന്ന് സീതയെ വീളാന്‍ വില്ലെടുത്തത് വെറുതെയായി.വൈദേഹി സീതയുടെ അഭിമാനത്തെ വെല്ലുകയെന്നത് അത്ര വേഗത്തില്‍ സാദ്ധ്യമായതല്ലെന്ന് അദ്ദേഹം മനസ്സിലാക്കി.

ആശാന്‍റെ സീതയിലെ കഥാപരിണതിയും രാമായണകഥയ്ക്കനുസൃതമായി തന്നെയാണ് രണ്ടും ഒരുസന്ദർഭത്തിലും വേറിട്ടു നില്ക്കുന്നില്ല.വേറൊരുകഥാപാത്രത്തെ സീതയെന്ന പേരിട്ടിരിക്കുകയല്ല ആശാൻ. രാമായണത്തില്‍ വര്‍ണ്ണിച്ചതിന്‍ വിധമുള്ള സീതാകഥയെ അതേപടി പശ്ചാത്തലമാക്കിക്കൊണ്ടാണ് ഈ കൃതിയിലെ (ചിന്താവിഷ്ടയായ സീത) സീതയുടെ ചിന്ത ആവിഷ്കരിക്കുന്നത്.വനയാത്രക്ക് തയ്യാറെടുത്തു നില്ക്കുന്ന രാമനോട് തന്നെക്കൂടി കൊണ്ടുപോകാന്‍ സീത ആവശ്യപ്പെട്ടപ്പോള്‍, രാമന്‍ തയ്യാറാകാത്ത സന്ദര്‍ഭത്തില്‍, തന്‍റെ ആത്മാഭിമാനം പ്രകടിപ്പിച്ചു കൊണ്ട് പരുഷമായി സീത ഇടപെടുന്നുണ്ട്. യുദ്ധവിജയിയായ രാമന്‍ സര്‍വരുടെയും മദ്ധ്യേ തന്നെ ആക്ഷേപിച്ചപ്പോഴും ശക്തമായി അവള്‍ പ്രതികരിക്കുന്നു.

സീതയുടെ ആത്മഗതം മാത്രമാണ് ചിന്താവിഷ്ടയായ സീത.അവള്‍ ആരോടും പറയുന്നതല്ല.അത് ഈ കൃതിയുടെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു. ആത്മഗതമെന്നത് ജീവിതാനുഭവങ്ങള്‍ നമ്മുടെ മനസ്സിലേക്ക് വന്നു വീഴുമ്പോള്‍ അതിന്‍റെ അടിയില്‍ നിന്ന് വടിവ് പൂണ്ട് സ്വയം ബോധ്യങ്ങളിലേക്ക് പൊങ്ങിവരുന്ന വിചാരങ്ങളാണ്. അത്തരത്തിലൊരു അവബോധമുള്ള സമൂഹത്തെ സൃഷ്ടിക്കാനാണ് നാരായണഗുരുവും ആശാനും സഹോദരനുമെല്ലാം നവോത്ഥാനകാലഘട്ടത്തിൽ ശ്രമിച്ചത്. അങ്ങനെ സ്വയം അവബോധം നേടിയ ജനതയാണ് തങ്ങൾക്ക് വഴിനടക്കണമെന്നും വിദ്യനേടണമെന്നും തുണിയുടുക്കണെമന്നും മനുഷ്യനായി ജീവിക്കണെമന്നും ചിന്തിച്ചതും മറ്റാരുടെയും പിന്തുണയില്ലാതെ തന്നെ നവോത്ഥാനപാതയിൽ അണിനിരന്നതും. നാരായണ ഗുരുപറഞ്ഞത് ‘വിദ്യകൊണ്ട് പ്രബുദ്ധരാകാനാണ്’ ഉദ്യോഗസ്ഥരാകാനല്ല. പ്രബുദ്ധതയും പാണ്ഡിത്യവും രണ്ടും രണ്ടാണ്. ഡോ. അംബേദ്‌കർ പറഞ്ഞ അപകടകാരിയായ രാമൻറെ മക്കൾക്കൊപ്പംകൂടി പുനരുത്ഥാനപാതയിൽ പിന്നോട്ടു പാഞ്ഞുകൊണ്ടിരിക്കുന്ന കേരളത്തിൽ തീർച്ചയായും ആശാൻറെ സീത പുനർവായിക്കപ്പെടേണ്ട കൃതിതന്നെയാണ് എന്നതിൽ യാതൊരു സംശയവും ഇല്ല.