തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്ന മഹാകലാലയത്തിനെതിരെ ഇപ്പോൾ ചിലർ മാധ്യമങ്ങളെ ചൊൽപടിയിലാക്കി ഉയർത്തി വിടുന്ന കോലാഹലങ്ങളെല്ലാം സമൂഹത്തെയാകെ വലതുപക്ഷവത്കരിക്കാനായി നടന്നുവരുന്ന വിപുലമായ ശ്രമങ്ങളുടെ ഒരു ബീഭത്സരൂപം മാത്രം എന്ന് തിരിച്ചറിയാൻ ഒട്ടും വിഷമമില്ലെന്ന് യുണിവേഴ്സിറ്റികോളേജിലെ പൂർവ വിദ്യാർത്ഥിയും അദ്ധ്യാപകനുമായിരുന്ന മുൻ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പ്രൊ വൈസ് ചാൻസിലർ ഡോ. എസ്. രാജശേഖരൻ. 1970 കളിൽ ചേർത്തലയിൽനിന്നും യൂണിവേഴ്സിറ്റി കോളേജിൽ പോയി പഠിച്ച അദ്ദേഹം തൻറെ ഒരു പഴയകാല അനുഭവത്തെ ഇപ്പോഴത്തെ മാധ്യമ സ്പോൺസേഡ് സമര കോലാഹലങ്ങളുമായി കൂട്ടിവായിച്ചുകൊണ്ട് ഫെയ്സ് ബുക്കിൽ ഇട്ട പോസ്റ്റിലാണ് ഇങ്ങനെ കുറിച്ചത്.യൂണിവേഴ്സിറ്റി കോളേജിന്റെ കാര്യത്തിലും വിദ്യാർത്ഥിപ്രശ്നങ്ങളിലും സമരകാര്യങ്ങളിലുമെല്ലാം കെ എസ് യൂവും കോൺഗ്രസ്സും വലതുപക്ഷമാകെത്തന്നെയും കൈക്കൊണ്ടുപോരുന്ന നയവും നിലപാടുകളുമൊന്നും അന്നും ഇന്നും തെല്ലും വിഭിന്നമല്ലെന്നത് ഒട്ടും യാദൃച്ഛികമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെയ്സ് ബുക്ക് പോസ്റ്റിൻറെ പൂർണ്ണ രൂപം ചുവടെ:
1968 – 70 ആണ് യൂണിവേഴ്സിറ്റി കോളേജിലെ എന്റെ വിദ്യാർത്ഥികാലം.
പ്രശസ്തമായ മഹാരാജാസ് കോളേജാണ് ഞങ്ങൾക്ക് അടുത്തുള്ളത്. മലയാളം തന്നെ വേണം ഉപരിപഠനത്തിനും എന്ന് എനിക്ക് നിർബന്ധമായിരുന്നു.
എസ്. ഗുപ്തൻ നായർ, എം. ലീലാവതി, എം. കെ. സാനു, എം. കൃഷ്ണൻ നായർ, എം. അച്യുതൻ തുടങ്ങിയ അതിപ്രഗല്ഭരുടെ നിര അവിടെ അധ്യാപകരായുമുണ്ട്. (അവരുടെയൊക്കെ സഹപ്രവർത്തകനാകാൻ കഴിഞ്ഞത് മറ്റൊരു ചാരിതാർഥ്യം!)
എങ്കിലും എനിക്ക് നിർബന്ധം യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കണമെന്നായിരുന്നു. മുന്നേ തന്നെ അത്രയ്ക്ക് മനസ്സിലുറച്ചിരുന്നു ഈ കോളേജ്. അവിടത്തെ എൻ കൃഷ്ണപിള്ള, തിരുനല്ലൂർ, ഓയെൻവി, കെ. എം. ഡാനിയേൽ തുടങ്ങിയ അധ്യാപകരും.
ഇന്റർവ്യൂ സമയത്ത് കൃഷ്ണപിള്ളസാറും തിരുനല്ലൂർ സാറും എടുത്തു ചോദിക്കുകയും ചെയ്തു, എന്തേ ഇത്ര ദൂരം കടന്ന് ഇവിടെ വന്നു എന്ന്.
യൂണിവേഴ്സിറ്റി കൊളേജിനെക്കുറിച്ചു കേട്ടറിഞ്ഞു രൂപം കൊണ്ട ഈ മഹത്വബോധം തുടർന്നുള്ള അനുഭവങ്ങൾ അടിക്കടി വളർത്തിയിട്ടേയുള്ളു, വിദ്യാർത്ഥിയെന്ന നിലയിലും, പിന്നീട് അവിടത്തെ അധ്യാപകനെന്ന നിലയിലും.
ആ മഹാകലാലയത്തിനെതിരെ ഇപ്പോൾ ചിലർ മാധ്യമങ്ങളെ ചൊല്പടിയിലാക്കി ഉയർത്തി വിടുന്ന കോലാഹലങ്ങളെല്ലാം സമൂഹത്തെയാകെ വലതുപക്ഷവത്കരിക്കാനായി നടന്നുവരുന്ന വിപുലമായ ശ്രമങ്ങളുടെ ഒരു ബീഭത്സരൂപം മാത്രം എന്ന് തിരിച്ചറിയാൻ ഒട്ടും വിഷമമില്ല.
ഒരനുഭവം മായാതെ കിടപ്പുണ്ട്: നമ്മുടെ ഇന്നത്തെ കോൺഗ്രസ് നേതാവ്, മുൻ കെ പി സി സി പ്രസിഡന്റ്, എം. എം. ഹസ്സനുമായി ബന്ധപ്പെട്ടതാണത്.
1969-ലോ 70 തുടക്കത്തിലോ ആണ്. ഞാൻ എം. എ. ഫൈനലിന് പഠിക്കുന്നു. ഡിഗ്രി ക്ലസ്സിലാണ് ഹസ്സൻ. (അദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റ് പുരാണങ്ങളിലേക്കൊന്നും എത്തിയിട്ടില്ല.) കെ എസ് യു നേതാവാണ്, കോൺഗ്രസ് ഭരണകാലം. ഞാൻ എസ് എഫിന്റെ വെറുമൊരു പ്രവർത്തകനും.
ഒരു ദിവസം ഞാൻ ക്ലാസ്സ് റൂമിന്നരികിൽ
നിൽക്കുമ്പോൾ, രണ്ടു പോലീസുകാരുമായി അയാൾ എന്നെത്തേടി വന്നു. കരണമെന്തെന്നറിയില്ല, ഏതോ അടിപിടി പ്രശ്നമാണത്രേ. (ശരീരം കൊണ്ടും മനസ്സു കൊണ്ടും അതിന്നരികെയെങ്ങും പോകുന്നയാളല്ല ഞാൻ, അന്നും ഇന്നും.)
ഏതായാലും എന്നെ കണ്ടു സംസാരിച്ചതോടെ, അവർക്ക് കാര്യം ബോധ്യമായി.
പറ്റിയ അബദ്ധമറിഞ്ഞു അവർ മിണ്ടാതെ പോകുകയും ചെയ്തു.
കഴിഞ്ഞയിടെ എവിടെയോ വെച്ച് ഹസ്സനുമായി കണ്ടപ്പോൾ ഞാൻ ഞങ്ങളുടെ ഈ വിദ്യാർത്ഥിബന്ധം സൂചിപ്പിച്ചു. അദ്ദേഹത്തിന് അതൊന്നും ഓർമയുണ്ടായിരുന്നില്ല !!
വെറുമൊരു നിസ്സാരസംഭവം, ഇത്.
എന്നാൽ യൂണിവേഴ്സിറ്റി കോളേജിന്റെ കാര്യത്തിലും വിദ്യാർത്ഥിപ്രശ്നങ്ങളിലും സമരകാര്യങ്ങളിലുമെല്ലാം കെ എസ് യൂവും കോൺഗ്രസ്സും വലതുപക്ഷമാകെത്തന്നെയും കൈക്കൊണ്ടുപോരുന്ന നയവും നിലപാടുകളുമൊന്നും ഇതിൽ നിന്ന് തെല്ലും വിഭിന്നമല്ലെന്നത് ഒട്ടും യാദൃച്ഛികമല്ല !!!