കോൺഗ്രസിന്റെ മിനിമം വരുമാനം ഉറപ്പാക്കൽ പദ്ധതിയെ പുശ്ചത്തോടെ കാണേണ്ട ഒന്നല്ല.അത് ഇന്ത്യയുടെ ഗ്രാമീണ മേഖലയ്ക്ക് വലിയ കൈത്താങ്ങാകുന്ന പദ്ധതിയാണ്. 72000 രൂപ പ്രതിവർഷം ഏറ്റവും ദരിദ്രരായ 20% ജനങ്ങളുടെ അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കുതാണ് പദ്ധതി അതിനെ മോദിയുടെ 15 ലക്ഷം വാഗ്ദാനവുമായി താരതമ്യം ചെയ്യുന്നത് അങ്ങേയറ്റത്തെ പ്രതിലോമ പ്രവർത്തനമാണ്. നെഹ്രു തൊഴിൽദാന പദ്ധതി, ഭക്ഷ്യ സുരക്ഷാ പദ്ധതി, വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം തുടങ്ങിയ വിപ്ലവകരമായ പദ്ധതി നടപ്പിലാക്കിയ കോൺഗ്രസിന്റെ രാജ്യത്തെ മാറ്റി മറിക്കാൻ കരുത്തുള്ള മറ്റൊരു തീരുമാനം തന്നെയായിരിക്കും ഇതെന്നുറപ്പ്.
പി.ജെ ബേബി
രാഹുൽ ഗാന്ധി പ്രഖ്യാപിച്ച 5 കോടി കുടുംബങ്ങൾക്കു മാസം 12000 രൂപ വരുമാനമുറപ്പിക്കുന്ന പദ്ധതി കുറച്ചു വർഷങ്ങളായി ഇന്ത്യൻ സാമ്പത്തിക ശാസ്ത്ര മണ്ഡലത്തിൽ യൂണിവേഴ്സൽ ബേസിക് ഇൻകം എന്ന മട്ടിൽ ചർച്ചയായിരുന്നു.അത് ഗൗരവമായി ഇടതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞന്മാരും ഉന്നയിക്കുന്നുവെന്നെനിക്ക് മനസ്സിലായത് തൃശൂരിലെ ദത്തൻ മാഷുടെ മുൻകൈയിലുള്ള ഇ എം എസ് സമൃതി സെമിനാറിൽ പ്രഭാത് പട്നായിക്ക് ഇടതുപക്ഷം എക്കണോമിക് റൈറ്റ്സിനു വേണ്ടി പ്രക്ഷോഭമുയർത്തണമെന്നു ശക്തമായി വാദിച്ചപ്പോഴാണ്.. അന്നദ്ദേഹം പറഞ്ഞത് ഇന്ത്യയുടെ ജി.ഡി.പിയുടെ 7-8 ശതമാനം സാമ്പത്തികാവകാശം ഉറപ്പാക്കാൻ വേണ്ടി വിനിയോഗിക്കുന്നതിലെന്താണ് പ്രശ്നമെന്നാണ്.
പിന്നീട് മോഡിയുടെ മുഖ്യ സമ്പത്തികോപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ ഈ ആശയം ചർച്ചയാക്കി. നോട്ട് നിരോധന കാലത്ത് 3-4 ലക്ഷം കോടിയുടെ കള്ളനോട്ട് തിരിച്ചു വരാതിരിക്കുമ്പോൾ അതുപയോഗിച്ച് പ്രതിമാസം 5000 രൂപ വീതം ദരിദ്രകുടുംബങ്ങൾക്ക് മോഡി നല്കുമെന്ന് നല്ലൊരു പങ്ക് വലതുപക്ഷ സാമ്പത്തിക വിദഗ്ദർ പറഞ്ഞു.
കടുത്ത മുതലാളിത്ത രാജ്യമായ ജർമനി ജി.ഡി.പിയുടെ 22% നികതിയായി വാങ്ങുന്നു. ഇന്ത്യയിൽ ഇന്നുമത് 12% എത്തിയിട്ടില്ല. ഇന്ത്യക്കും 22% നികുതി വേണ്ട 20% എങ്കിലും വാങ്ങിക്കൂടേ? ജി.ഡി.പിയുടെ 8 ശതമാനം എക്കണോമിക് റൈറ്റ്സ് സ്ഥാപിക്കാൻ എന്ന പ്രഭാതിന്റെ ആശയം തികച്ചും ശരിയാണ്. ( ഞാനന്നതിനെ അനത്തെ നക്സൽ ഹാങ്ങോവറിൽ പരിഹസിച്ചു തള്ളുകയായിരുന്നു.)
പ്രതിവർഷം 72000 രൂപ വച്ച് അഞ്ചുകോടി കുടുംബങ്ങൾക്ക് നല്കാൻ വെറും മൂന്നു ലക്ഷത്തി അറുപതിനായിരം കോടി മതി.ഇന്ത്യയുടെ ഉന്നത്തെ.ജി.ഡി പി യുടെ വെറും രണ്ടു ശതമാനത്തിലല്പമധികം. സാമ്പത്തികമായി അത് വലിയ ഗുണവും ചെയ്യും. ഈ തുകയത്രയും മാർക്കറ്റിലിറങ്ങുകയാണുണ്ടാകുക. അത് സമ്പദ്ഘടനയിൽ വലിയ ഉത്തേജനമുണ്ടാക്കും.
ഇനി, ഇത്രയൊന്നും നല്കിയില്ല, പ്രതിമാസം നേർപകുതിയായ 3000 രൂപ മാത്രമേ നല്കിയുള്ളു എന്നു വക്കുക. എന്നാലും ഒരു നേരം ഭക്ഷണം ഉറപ്പാകുമല്ലോ. രാത്രി വിശന്നു തളർന്ന് മനുഷ്യർക്ക് ഉറങ്ങേണ്ടി വരുന്നത് ഒഴിവാകുന്നത് നല്ലതല്ലേ?
സി .പിഐ എമ്മിലേക്ക് പോയ എന്റെ ചിലനക്സൽ സുഹൃത്തുക്കൾ അത് ഗരീബി ഹഠാവോ പോലെ പാഴ്വാക്കാകും എന്ന് പറയുന്നത് മനസ്സിലാക്കാം. വിപ്ളവം കഴിഞ്ഞേ എന്തെങ്കിലും നടക്കൂ. ബാക്കിയൊക്കെ കണ്ണിൽപ്പൊടിയിടൽ തന്ത്രങ്ങൾ. പക്ഷേ ചില CPIM പ്രമുഖർ തന്നെ സാമ്പത്തികമായി ഇതു സാധ്യമല്ല ,മോഡി 15 ലക്ഷം വാഗ്ദാനം ചെയ്തതുപോലെ മറ്റൊരു തട്ടിപ്പ് എന്നു പറയുമ്പോൾ കരിച്ചിൽ വരുന്നു. കാർഷിക കടം എഴുതിത്തള്ളലും, തൊഴിലുറപ്പിന് കാര്യമായ തുക നീക്കി വക്കലും ഇവിടെ നടന്നിട്ടുണ്ട്.
മോഡിക്കു പോലും തുക വെട്ടിക്കുറക്കാനല്ലാതെ അതിനെ പാടെ ‘ഇല്ലാതാക്കാൻ ധൈര്യം വന്നിട്ടില്ല.
ഇന്ത്യയിലെ ഇടതുപക്ഷവും മനുഷ്യസ്നേഹികളും ഈ പദ്ധതിയെ സർവാത്മനാ സ്വാഗതം ചെയ്യുകയും ജനങ്ങളിലെത്തിക്കുകയും ഇത് നടപ്പാക്കാനുള്ള സാമൂഹ്യ സമ്മർദ്ദം ശക്തിപ്പെടുത്തുകയുമാണ് ചെയ്യേണ്ടത്.
ഇത് തട്ടിപ്പാണ് എന്ന പ്രചരണം പഴയ നക്സൽ – മാവായിസ്റ്റ് നിലപാടാണ്. മുഖ്യധാരാ ഇടതുപക്ഷത്തിന് അത്തരമൊരു ലൈനില്ല. ഉണ്ടാകാനും പാടില്ല.