Wed. Apr 24th, 2024

അനൂപ് ചാക്കോ

നാസ്തിക മോർച്ച പിന്നോട്ട് പായിക്കാൻ ശ്രമിച്ച് നോക്കിയ വില്ലുവണ്ടി: ഒരു സമ്പൂർണ്ണ വിയോജനക്കുറിപ്പ്. 

1. ഉത്തരേന്ത്യയാണെന്നു പറയുന്ന വിടുവായികൾക്ക് മറുപടി (തുടക്കംതന്നെ മാഡം കലക്കി – ‘കേരളം ഉത്തരേന്ത്യയല്ല, ദക്ഷിണേന്ത്യയാണത്രെ …ഇടക്കുള്ള പിങ്കാണത്രെ)

ഉത്തരേന്ത്യ – കേരളത്തിൽ അധികമായുള്ള യുക്തിവാദികൾ = ജാതി ചിന്തിക്കുന്ന കേരളം : ഈ അധികമായുള്ള യുക്തിവാദികൾ മൊത്തം മലയാളി ജനസംഖ്യയുമായി തുലനം ചെയ്താൽ എന്ത് നിസ്സാരമാണെന്ന് നമുക്കറിയാമല്ലോ, പൊതുബോധം പരിശണിച്ചാൽ ജാതി അനുബന്ധ വിഷയങ്ങളിൽ ഉത്തരേന്ത്യയും കേരളവും തമ്മിൽ എന്താണിത്ര അകലം ?

ജാതിയെ കുറിച്ച് ഓർമ്മിപ്പിക്കുന്നവർ പൂർവ്വകാല കാർഷിക സമ്പൽ സമൃദ്ധിയിൽ അഭിരമിക്കുന്നവരാണ് എന്നതൊക്കെ ശുദ്ധ അബദ്ധധാരണകളാണ്.

2. വയലാറിന്റെ വരികളിലെ ഹൈന്ദവ ബിംബങ്ങൾ:

വയലാർ ഒരു ഭയങ്കര സവർണ്ണ ഫാസിസ്റ്റ് ആയിരുന്നെന്നോ ആ രാഷ്ട്രീയത്തിന്റെ പ്രചാരകനായിരുന്നെന്നോ ആരും എങ്ങും പറയുന്നില്ല, വയലാറിന്റെ വരികളിൽ അദ്ദേഹം പോലുമറിയാതെ കടന്നു കൂടിയിരിക്കുന്ന സവർണ്ണ ഹൈന്ദവ ബിംബങ്ങളെയാണ് പോയിന്റ് ഔട്ട് ചെയ്യുന്നത്.

a. താമര: 1980 സ്ഥാപിതമായ BJP യുടെ താമരയും വയലാറിന്റെ താമരയും എങ്ങനെ ഒന്നാവും എന്ന് വിസ്മയിക്കുകയാണ്

ഈ പൂ കൊള്ളാല്ലോ, എന്നാൽ പിന്നെ പാർട്ടി ചിഹ്നമാക്കികളയാം എന്നു തോന്നിയിട്ടല്ലല്ലോ BJP താമരയെ തിരഞ്ഞെടുക്കുന്നത്, ഇന്ത്യൻ / ഹിന്ദു ദേശിയതയുടെ അടയാളമാണത്, ഹിന്ദു മീതോളജിയിൽ അതിനുള്ള പ്രാധാന്യമാണ് താമരയെ ദേശിയപുഷ്പം പോലുമാക്കുന്നത്. ആ വൈശിഷ്ട്യം തന്നെയാണ് വയലാറിന്റെ ഉപമയിലും താമരയ്ക്ക് സ്ഥാനം നൽകുന്നത്, ഇതിലിത്ര മനസ്സിലാവാനെന്തിരിക്കുന്നു.

b.ശകുന്തള : ശാപം മൂലം മറന്നു പോയ ശകുന്തളയെന്ന തന്റെ പ്രേയസിയെ ഓർമ്മ വരുന്ന നിമിഷങ്ങളെ വയലാർ കോർത്തെടുക്കുമ്പോൾ റേഡിയോയിലൂടെ പാട്ടുകേൾക്കുന്ന ജനസാമാന്യത്തിന്റെ ചിന്തയുടെ റഫറൻസുകൾ കാളിദാസന്റെ ശകുന്തളയിലേക്ക് പോവും എന്നതിൽ തർക്കമെന്താണ്. അഭിജ്ഞാനശാകുന്തളത്തിന്റെ ഇതിവൃത്തം ജനസാമാന്യത്തിലെത്തിച്ചതിൽ ഈ പാട്ടിനുള്ള സ്ഥാനം തർക്കരഹിതമാണ്. അപ്പോൾ ഈ പറഞ്ഞ ശകുന്തളയും ഹിന്ദു മിതോളജിക്കൽ ബിംബമാണ്.

വയലാർ വിപ്ലവകവിയാണ്, ഇടതു ചിന്തകളുടെ പ്രചരണത്തിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട് എന്നിരിക്കെ തന്നെ അദ്ദേഹത്തിന്റെ കവിതകളിൽ പോലും കടന്നു കൂടിയിട്ടുള്ള ഹൈന്ദവ ബിംബങ്ങളെ കുറിച്ചും ജനമന:സാക്ഷിയുടെ അബോധത്തിൽ അവ സൃഷ്ടിക്കുന്ന പ്രതിഫലനങ്ങളെ കുറിച്ചുമുള്ള ആശങ്കകളാണ് പങ്കുവെക്കുന്നത്.

ജാതിസ്വത്വം ആര് പറഞ്ഞാലും അത് ബ്രാഹ്മണിക്കലാണ്, ജാതിവ്യവസ്ഥ തന്നെ അവരുടെ സംഭാവനയാണല്ലോ. ഖസാക്കിന്റെ ഇതിഹാസവും ചർച്ച ചെയ്യപ്പെടട്ടെ, അസ്പർശ്യമായി ഒന്നുമില്ലല്ലോ.

3. കളക്ടറുടെ പ്രിവിലേജ്:

കളക്ടർ വാസുകിയെ സംബന്ധിച്ചിടത്തോളം തന്നെ അറിയാത്ത ഒരാളെ പോലും നിത്യജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടാവില്ല, എന്ത് വസ്ത്രം ധരിച്ചാലും കളക്ടർ കളക്ടർ തന്നെയാണല്ലോ, ജാതീയമായും സാമൂഹികമായും പിന്നോക്കം നിന്നവർ എങ്ങനെയാ മുഖ്യധാരാ സമൂഹത്തിൽ സ്ഥാനം നേടിയെടുത്തത്, മുഷിഞ്ഞു നാറിയിരുന്ന അവർ കുളിച്ചു വൃത്തിയായി നല്ല വസ്ത്രമൊക്കെ ധരിച്ച് സംസ്കൃതരായി, ഇതര സംസ്ഥാനക്കാരും നമ്മൾ മലയാളികളും തമ്മിലുള്ള ഒരു വ്യത്യാസം ശ്രദ്ധിച്ചാൽ മതിയല്ലോ, എന്നാൽ പോലും പിന്നോക്കകാരന് വൃത്തി പോര എന്ന സാമാന്യബോധം നിലനിൽക്കുന്നിടത്താണ് ഈ ഡ്രെസ് ചലഞ്ചൊക്കെ നടക്കുന്നത് എന്നോർക്കണം,
എല്ലാവരും നാളെ അച്ഛനെ വിളിച്ചോണ്ട് വരണം എന്നു പറയുമ്പോൾ അച്ഛനില്ലാത്ത / അച്ഛനാരാണ് എന്നറിയാത്തവന് ഉണ്ടാവുന്ന ഒരു വിങ്ങലിന്റെ മനഃശാസ്ത്രം ഉപയോഗിച്ച് ഈ വിഷയത്തെ സമീപിച്ചാൽ ഈ ഡ്രെസ് ചലഞ്ചിൽ പങ്കെടുക്കാൻ പറ്റില്ല എന്നു പറയുന്നവരോട് നിങ്ങളെ നിർബന്ധിച്ചില്ലല്ലോ എന്നാന്നും പറയാൻ തോന്നില്ല.

4. ഒടിയൻ:

ആരായിരുന്നു ഒടിയൻ എന്നുള്ളതാണ് പ്രസക്തം. ജൻമിയെ നേരിട്ടെതിർക്കാൻ കെൽപില്ലാതിരുന്ന കീഴാള ഗറില്ലാകലാപങ്ങളായിരുന്നു ഒടിയൻ, കൊല്ലപ്പെടുകയും ബലാൽസംഘം ചെയ്യപ്പെടുകയും ചെയ്യപ്പെട്ട ദളിത് പെണ്ണുങ്ങൾക്ക് വേണ്ടിയുള്ള പ്രതികാരങ്ങളായിരുന്നു ഒടിയൻ. മറുവശത്ത് ഒടിയെന്ന് ആരോപിച്ച് ആരെയും കശാപ്പു ചെയ്യാനുള്ള സവർണ്ണ ന്യായവുമായി ഒടിയൻ. ഇത് സിനിമയായപ്പോൾ അത്തരം യാതൊരു റഫറൻസുകളും വന്നില്ല, മറന്നു അല്ലെങ്കിൽ ഒഴിവാക്കി, അതിനെ കുറിച്ചാണ് സൂചിപ്പിക്കുന്നത്.

5. കലേഷിന്റെ കവിത:

കവിത മോഷ്ടിച്ച ശ്രീ ചിത്രനേയും സമ്മാനം സ്വീകരിച്ച ദീപയേയും പിന്നീട് സൂചിപ്പിച്ച വൈശാഖൻ ചേട്ടനെയുമൊക്കെ എല്ലാവരുമറിയും, കവിതയെഴുതിയ കലേഷിനേയൊ ? അതിനെയാണ് ദളിത് വഞ്ചനയെന്ന് ആക്ഷേപിക്കുന്നത്.

പിന്നെ ബിന്ദു ദളിതായതു കൊണ്ടാണ് അശുദ്ധിയുണ്ടായതെന്ന ദീപയുടെ പ്രസ്താവനയെ കവിതാ മോഷണത്തിന്റെ ജാള്യത മറക്കാനുള്ള തത്രപ്പാടിയക്കണ്ട് തള്ളിക്കളഞ്ഞുകൂടെ. ഇതിനോടൊപ്പം പറഞ്ഞ ശൂദ്രകലാപമാണ് ഏറ്റവും പ്രസക്തമായ വിഷയം, അതിനെ വേറൊരു വിഷയമായി കാണാം

6. ശൂദ്രകലാപം:

പണ്ടൊരു കാലത്ത് ആചാരമെന്ന് പറഞ്ഞ് അകറ്റി നിർത്തിയിരുന്ന ശൂദ്രവിഭാഗങ്ങളായ NSS നെയും ചില പിന്നോക്ക സംഘടനകളെയും ഉപയോഗിച്ച് സംഘപരിവാർ ആസൂത്രണം ചെയ്ത കലാപശ്രമങ്ങളാണ് നമ്മൾ ശബരിമലയിൽ കണ്ടത്. അതിനെ ശൂദ്രകലാപമെന്നല്ലാതെ എന്താണ് വിളിക്കേണ്ടത്.

സ്വന്തം മതത്തിലെ ദുരാചാരം സംരക്ഷിക്കാൻ സ്വമേധയാ പുറത്തേക്കിറയ നാനാജാതിക്കാരായ ജനങ്ങളേയാണ് നമ്മളവിടെ കണ്ടതെന്നതൊക്കെ വല്ലാത്ത നിഷ്കളങ്ക ചിന്തയായിപ്പോയി, ബിജേപിയും RSS ഉം രാഷ്ട്രീയമായി ഏറ്റെടുത്തൊരു സമരത്തെ കുറിച്ചാണ് പറയുന്നത്, കലാപാനന്തരം അറസ്റ്റിലായവരെല്ലാം സംഘപരിവാർ പ്രവർത്തകരായിരുന്നല്ലോ.

7. അംബേദ്കർ:

മഹാഭൂരിപക്ഷം വരുന്ന ദളിത് പിന്നോക്ക ജനവിഭാഗങ്ങളെയാണ് അദ്ദേഹം അഡ്രസ്സു ചെയ്യുന്നത്, കന്നുകാലികൾക്ക് തുല്യം ജീവിച്ചിരുന്ന പ്രാദേശിക മിത്തുകളെ ആരാധിച്ചിരുന്ന ഹിന്ദു മതദൈവങ്ങളെ തൊട്ട്മുൻപ് മാത്രം പരിചയപ്പെട്ട കീഴാള ജനതയോട്,

O1. ഇന്ത്യയിലെ കീഴാളജനതയെ ഹിന്ദു മതത്തിന്റെ ഭാഗമാക്കിയതിനു പിന്നിൽ വലിയ ചതി നടന്നിട്ടുണ്ടല്ലോ, ബ്രാഹ്മണിക്കൽ ഹിന്ദുമതവും അതിന്റെ സംഭാവനയായ ജാതിവ്യവസ്ഥയും 3000 ന് അടുത്ത് വർഷങ്ങളായി ഇവിടുണ്ട്. കൺമുൻപിൽ പോലും വരാൻ പാടില്ലാതിരുന്നവർക്ക് വേണ്ടി ഹിന്ദു അമ്പലങ്ങൾ ഇവിടെ തിരുവിതാംകൂറിൽ പോലും തുറന്ന് കൊടുക്കുന്നത് 1936ലാണ്, അതിനു ശേഷം മാത്രമാണ് ഈ കീഴാളജനതയ്ക്ക് ഹിന്ദു എന്നൊരു ലേബൽ ഉണ്ടാവുന്നത്, 3000 വുമായി തുലനം ചെയ്യുമ്പോൾ ഈ 2019-1936 എത്ര ചെറിയ സംഖ്യയാണ്. പിന്നോക്കകാരൻ ഹിന്ദുവല്ല

O2. ചാത്തനേം മറുതയേയും മുത്തപ്പനേയുമൊക്കെ ആരാധിച്ചിരുന്ന കീഴാളൻ ഹൈന്ദവ ദേശീയതയുടെ ചതിയിൽ പെട്ട് ഹിന്ദു ബ്രാഹ്മണിക് ദൈവങ്ങളെ ഏറ്റെടുക്കേണ്ടി വരികയായിരുന്നു. സവർണ്ണ ഗൂഢാലോചനയിൽ നഷ്ടപ്പെട്ട അവർണ്ണ സ്വത്വത്തെ അംബേദ്കർ ഒന്ന് ഓർമ്മപ്പെടുത്തുകയാണവിടെ.

03. ബ്രാഹ്മണിക്കൽ ഹിന്ദുമതത്തിന്റെ പിടിയിൽ പെട്ടുപോയ കീഴാളനോട് ഹിന്ദു ദൈവങ്ങളെ കുറിച്ചാണ് പറയുന്നത്.

04. ഹിന്ദു പ്രൊപ്പഗാണ്ട മുഴുവൻ പ്രചരിപ്പിക്കപ്പെട്ടത് മിതോളജിക്കൽ ബന്ധമുള്ള പുരാണകഥകളിലൂടെയാണ്. സാധാരണ ഒരു നോവൽ പോലെ മഹാഭാരതത്തെയും രാമായണത്തെയും പരിഗണിക്കാൻ ജനസാമാന്യത്തിന് എന്തൊരു പ്രയാസമായിരിക്കും. ഹിന്ദു മിതോളജിക്കൽ ദൈവങ്ങളെ പൂർണ്ണമായും നിഷേധിക്കുന്നുണ്ട് ഇതിലൂടെ

05. ബ്രാഹ്മണിക്കൽ ഹിന്ദുമതത്തെ നിഷേധിക്കുമ്പോൾ അവരുടെ ആഘോഷങ്ങളും ബഹിഷ്കരിക്കണമല്ലോ, ആഘോഷങ്ങൾ സെക്കുലറാവട്ടെ

06. ദളിതരുടെ വിദ്യാഭ്യാസ നിലവാരവും ദളിത് സാഹിത്യവും വളരണം,സംശയമില്ല.

07. അയവിറക്കാൻ പറ്റിയ ഒരു ഗതകാല ഗൃഹാതുര സ്മരണകളും ഇവിടത്തെ കീഴാള ജനതയ്ക്കില്ല. പുതിയ തലമുറ ആ സത്യം തിരിച്ചറിഞ്ഞ് വളരട്ടെ. ഇല്ലാത്ത ആർഷഭാരത സങ്കൽപ്പങ്ങളിൽ അഭിരമിക്കുന്ന വർത്തമാനകാല ദളിത് സംഘികളെ അദ്ദേഹമന്ന് ദീർഘവീക്ഷണം ചെയ്തിട്ടുണ്ടാവണം. പഴയ ചരിത്രത്തിന്റെ കൃത്യമായ അറിവ് മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതൽ കരുത്ത് പകരുകയല്ലേയുള്ളൂ.

08. ജാതിവ്യവസ്ഥിതിയുടെ സൃഷ്ടാവായ ഹിന്ദുമതത്തേയും അത് പിൻതുടരപ്പെടുന്ന ഇതരമതങ്ങളേയും നിഷേധിക്കുക വഴി നിലനിൽക്കുന്ന എല്ലാ മതദൈവ സങ്കൽപ്പങ്ങളേയും അദ്ദേഹം റദ്ദു ചെയ്യുകയാണല്ലോ.

8. അടിസ്ഥാന പ്രശ്നം:

മതം എന്ന അദൃശ്യമായ ചരടിൽ ബന്ധിതമായ ജാതിക്കൂട്ടങ്ങളാണല്ലോ നമ്മുടെ സമൂഹം, പ്രത്യക്ഷത്തിൽ ജാതി മാത്രമല്ലേയുള്ളൂ, ഹൈന്ദവ ക്ഷേത്രങ്ങളിൽ ഈ 2019 ലും നിലനിൽക്കുന്ന ജാതി-താലപ്പൊലികളെ കുറിച്ച് കേട്ടിട്ടില്ലാത്തതാണോ. ബ്രാഹ്മണിക്കൽ ഹിന്ദുമതത്തിന്റെ മഹത്തായ സംഭാവനയാണ് ഈ ജാതിസ്വത്വം. ദളിതൻ ഹിന്ദുവാണെങ്കിലും ക്രിസ്ത്യാനിയാണെങ്കിലും ദളിതൻ തന്നെ, ജാതി തന്നെയാണ് അടിസ്ഥാനപ്രശ്നം, ഈശ്വരനുണ്ടോ ഇല്ലയോ തുടങ്ങിയ ബുദ്ധിജീവി സമസ്യകളേക്കാൾ നിത്യജീവിതത്തിൽ അവനെ അലട്ടുക നിരന്തരം അവനടങ്ങുന്ന സമൂഹം നേരിടുന്ന ജാതിയ അസന്തുലിതാവസ്ഥകളാവണം.

9. നവോത്ഥാനം:

രണ്ടാം വില്ലുവണ്ടിയാത്രയെ മതത്തിനു പകരം മാനവികത സ്ഥപിക്കുന്ന പ്രക്രിയയുടെ ആയിരം ബഹിർസ്പുരണങ്ങളിൽ ഒന്നായി പരിഗണിച്ചു കൂടെ, ശൂദ്രകലാപം നടന്നുകൊണ്ടിരുന്ന കേരളത്തിൽ ഒരു നൂറ്റാണ്ടു മുൻപ് സവർണ്ണ ഹൈന്ദവതയുടെ മുഴുവൻ മുഷ്കിനേയും വെല്ലുവിളിച്ച് മഹാത്മാ അയ്യങ്കാളി നടത്തിയ ഉജ്വലമായ വില്ലുവണ്ടിയാത്രയുടെ കൃത്യമായ, കാലികമായ ഓർമ്മപ്പെടുത്തലായിരുന്നു ആ രണ്ടാം വില്ലുവണ്ടി യാത്ര.

10. ആദിവാസി:

നമ്മളെല്ലാം ഇങ്ങനെ ജീവിക്കുന്നില്ലെ എന്നത് അവരും ഇങ്ങനെ ജീവിക്കണം എന്ന് നമ്മൾ തീരുമാനിക്കുന്നതിന് ന്യായീകരണമാവുന്നില്ല, അതവരല്ലേ തീരുമാനിക്കേണ്ടത്.

അഗസ്ത്യകൂടത്തിലെ സ്ത്രീ പ്രവേശനം കോടതി സാധ്യമാക്കിയത് ആദിവാസികളെ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ, കേറിയിടപെട്ട് കളയാം എന്ന ചിന്തയിൽ നിന്നല്ലല്ലോ, രണ്ടും തമ്മിൽ ഒരു ബന്ധവുമില്ല.

അവർക്കാവിശ്യമുള്ളതാണ് കൊടുക്കേണ്ടത്, നിങ്ങളെ ഞങ്ങളെ പോലെ പരിഷ്കൃതരാക്കിയേ ഞങ്ങളടങ്ങൂ എന്ന വാശി അപക്വമാണ്. മികച്ച ജീവിതരീതി എന്നത് പലരുടേയും വീക്ഷണത്തിൽ പലതാവാം.

11. മോർഗൻ ഫ്രീമാൻ:

ജാതിയില്ല or പറയില്ല എന്നു ചിന്തിച്ചാലുടൻ ജാതിയില്ലാതാവുന്ന സമൂഹത്തിൽ ആവർത്തിക്കുന്ന ദുരഭിമാനക്കൊലകൾ മാച്ചാവുമോ എന്നതാണ്, ഇരുട്ട് കൊണ്ട് ഓട്ടയടക്കാൻ എത്ര ശ്രമിച്ചാലും നടക്കില്ല. ജാതി കൊണ്ടെ തോട്ടിൽ കളഞ്ഞിട്ട് വേറെന്തടിസ്ഥാന പ്രശ്നമാണ് ചർച്ച ചെയ്യാനുള്ളത്. ?

12. പുരോഗമിച്ച / കൊണ്ടിരിക്കുന്ന ഒരു ജനത:

എന്ത് പുരോഗതിയെന്നാ, കുറച്ച് വ്യക്തി ശുചിത്വവുമുണ്ടായി എഴുത്തും വായനയും പഠിച്ചു. ജാതി ചിന്തകളൊക്കെ മലയാളി ഇപ്പോളും ഗൃഹാതുരത്വത്തോടെ ചേർത്തു പിടിക്കുന്നുണ്ട്. ഇത്തരം ജാതി ചിന്തയുടെ ചട്ടക്കൂടുകൾ ഭേദിച്ച ശാസ്ത്രീയ വീക്ഷണങ്ങളും കൃത്യമായ ചരിത്രബോധുവുമുള്ള യുക്തിവാദികളുടെ എണ്ണം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളേക്കാൾ വളരെക്കൂടുതലുണ്ടെങ്കിലും കേരളത്തിലെ മൊത്തം ജനസംഖ്യയുമായി തട്ടിച്ചു നോക്കുമ്പോൾ അവഗണിക്കാവുന്ന പോലെ നിസ്സാരമാണ്. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിളിച്ച അവസ്ഥയിൽ നിന്നും ജനമന:സാക്ഷിയിൽ പ്രകടമായ ഒരു പുരോഗതിയുമുണ്ടായിട്ടില്ല, ജാതി സംഘടനകൾക്ക് ഇപ്പോളുള്ള പോലെ സ്വാധീനം മറ്റൊരു കാലഘട്ടത്തിലുമുണ്ടായിട്ടില്ല.

13. ഒരു ചക്ക മുറിച്ച് നാട്ടുകാർക്ക് കൊടുത്തത് കൊണ്ട് ദളിത് പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു എന്നതരത്തിലുള്ള വാദങ്ങൾ അപഹാസ്യമാണ്.

14. ജാതി അനുബന്ധ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ “ഇന്ത്യയിലെ കേരളത്തിലെന്ന്” പറയുന്ന പഞ്ചൊന്നും വാസ്തവത്തിലില്ല., ലോകം കറങ്ങി നടന്ന വിവേകാനന്ദസ്വാമിയുടെ പ്രത്യേക പരാമർശം മറന്നുപോയിക്കൂട. ജാതിക്കൂട്ടായ്മകളിൽ അമിതമായി അഭിരമിച്ചിരിക്കുന്ന ജനതയെയാണ് നാം അഭിമുഖീകരിക്കേണ്ടിവരുന്നത്.

നഷ്ടപ്പെട്ടിരുന്ന ഐഡന്റിറ്റിയെ തിരച്ചറിഞ്ഞ കീഴാളജനത സവർണ്ണ ഐഡന്ററ്റികളുടെ വിഹാരകേന്ദ്രങ്ങളിലേക്ക് സ്വന്തം അവർണ്ണ ഐഡന്റിറ്റിയുമായി ആത്മാഭിമാനത്തോടെ കടന്നു ചെല്ലാനാണ് ആഹ്വാനം ചെയ്യുന്നത്. നിലനിൽക്കുന്ന ബ്രാഹ്മണിക്കൽ ഹിന്ദു മതത്തിന്റെ പിഴച്ച ആചാരസംഹിതകളോടുള്ള ഒരു പ്രതിരോധം തന്നെയാണത്.

ഇത്തരം കാര്യങ്ങളിൽ കൺസേണായവർ ശാസ്ത്രീയ വീക്ഷണമില്ലാത്തവരാണ്, പിൻതിരിപ്പൻമാരാണ് തുടങ്ങിയ നിഗമനങ്ങൾ ഒരു പുന:പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.

“അയ്യോ ആചാരം” എന്ന് പണ്ടു വിചാരിച്ചിരുന്ന പലതും കോടതി വിധികൾക്കനുസരിച്ച് മാറിമറിയുമ്പോൾ ഇതിലൊന്നും ഒരു കാര്യവുമില്ല എന്ന് സ്വയം തിരിച്ചറിഞ്ഞ് ഒരു വലിയ സമൂഹം യുക്തിചിന്തയിലേക്ക് ആകർഷിക്കപ്പെടും.

ബ്രാഹ്മണിക്കൽ – ഹിന്ദു സവർണ്ണ ദേശീയത വളർന്ന് വളർന്ന് ഇന്ത്യയെ മുഴുവൻ വിഴുങ്ങുന്ന മഹാവിപത്തായി മുന്നിൽ നിൽക്കുമ്പോളും അതിനെ ദുർബലപ്പെടുത്തുന്ന പഴയ ചരിത്രങ്ങളൊന്നും ഓർമ്മപ്പെടുത്തരുത് എന്നു പറയുന്നതിൽ ഒരു യുക്തിയുമില്ല, യുക്തിവാദം കേവലം നിരീശ്വരവാദവും വരട്ട് തത്വവാദവുമാക്കി മാറ്റാതെ നിലനിൽക്കുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളുമായി ചേർത്ത് വെച്ച് ക്രിയാത്മകമായ ഇടപെടലുകൾ നടത്തുമ്പോൾ മാത്രമാണ് അതിന് പ്രസക്തിയുണ്ടാവുന്നത്.

NB : എനിക്ക് മനസ്സിലാവുന്നില്ല / ഞാനങ്ങനെ ചിന്തിച്ചിട്ടേയില്ല എന്നൊക്കെ ഇടക്കിടയ്ക്ക് പറയുന്നത് കേട്ടു… ആഹ്, എല്ലാം എല്ലാവർക്കും മനസ്സിലാവണമെന്ന് വാശി പിടിക്കുന്നതിലും തെറ്റുണ്ട്.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622