ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞ് സിപിഐ. പരോക്ഷമായി ശൂദ്രലഹളയെ പിന്തുണക്കുന്ന സിപിഐ നിലപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം ഉന്നയിക്കുന്നു. ശബരിമല വിധി നടപ്പാക്കുവാന്‍ മുഖ്യമന്ത്രി അനാവശ്യ തിടുക്കം കാണിച്ചെന്നും ആദ്യഘട്ടത്തില്‍ കൂടിയാലോചനകള്‍ ഉണ്ടായിട്ടില്ലെന്നുമാണ് വിമര്‍ശനം. സിപി ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് വിമര്‍ശനമുണ്ടായത്.ആക്റ്റിവിസ്റ്റുകള്‍ കയറുമെന്ന പ്രസ്ഥാവന വിവാദമുണ്ടാക്കിയെന്നും വനിതാ പൊലീസിനെ വിന്യസിക്കുമെന്ന ഡിജിപിയുടെ പരാമര്‍ശം അനവസരത്തിലായിരുന്നെന്നും സിപിഐ ആരോപിച്ചു.
ശബരിമലയിൽ സർക്കാർ തിടുക്കം കാണിച്ചുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾക്കിടെയാണ് സർക്കാരിനെ വെട്ടിലാക്കി മുന്നണിയിലെ പ്രധാന ഘടകക്ഷി തന്നെ രംഗത്തെത്തിയിരിക്കുന്നത്. സി.പി.ഐയുടെ വിമർശനം വരും ദിവസങ്ങളിൽ സർക്കാരിന് തലവേദനായി മാറുമെന്ന് ഉറപ്പായിട്ടുണ്ട്. സിപിഎമ്മിൻറെ സംഘടനാ സംവിധാനവും വോട്ടും കൊണ്ട് അധികാരത്തിലിരുന്ന് സിപിഎമ്മിന് തലവേദന ഉണ്ടാക്കുന്ന കലാപരിപാടികളാണ് സിപിഐ പിണറായി മന്ത്രിസഭയുടെ തുടക്കം മുതൽ നടത്തിക്കൊണ്ടിരിക്കുന്നത്.
അതേസമയം, ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്കില്ലെന്ന് അറിയിച്ചിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വിധി സര്‍ക്കാരിന് അനുകൂലമാണെന്നാണ് വിലയിരുത്തല്‍. ഹര്‍ജി ഇന്ന് ഫയല്‍ ചെയ്യാനായിരുന്നു തീരുമാനം.
കൂടാതെ, ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവച്ച് സ്പീക്കര്‍ ഇറങ്ങിപ്പോയിരുന്നു. ഇതിനിടയില്‍ നടുത്തളത്തിലറങ്ങിയ പ്രതിപക്ഷം ബഹളം വെച്ചു. ശബരിമല പ്രശ്‌നത്തില്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി.
സ്പീക്കറുടെ ഡയസിലേക്ക് ഐ.സി.ബാലകൃഷ്ണനും അന്‍വര്‍ സാദത്തും കയറാന്‍ ശ്രമിച്ചു. ഹൈബി ഈഡനും കെ.എം.ഷാജിയും ഇവരെ ബലം പ്രയോഗിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. ഇവിടെ എന്താണ് നടക്കുന്നത്, ഇങ്ങിനെ സഭ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല എന്ന് പറഞ്ഞ് സ്പീക്കര്‍ സഭ നിര്‍ത്തിവെക്കുകയായിരുന്നു.