Sun. Feb 25th, 2024

✍️ഡോ.എം.എസ്.ജയപ്രകാശ്

എന്‍.എസ്. എസിന്റെയും എസ്.എന്‍. ഡി.പി. യുടെയും ഒന്നാം ബാന്ധവ കാലത്ത് 2003 ഫെബ്രുവരി മാസത്തെ യുക്തിരേഖയിൽ ഡോ. എം.എസ്. ജയപ്രകാശ് എഴുതിയ ലേഖനമാണ് ഇത്. അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഇന്നും പ്രസക്തി ഉണ്ടെന്നും ഒപ്പം മന്നത്ത് പപ്പനാവൻ എന്താണെന്നും ലേഖനം മുഴുവൻ വായിച്ചാൽ മനസിലാകും.

അരനൂറ്റാണ്ട് മുമ്പ് മന്നത്തു പത്മനാഭനും ആര്‍. ശങ്കറും രൂപം കൊടുത്ത ഹിന്ദു മഹാമണ്ഡലം പുനരുജ്ജീവി പ്പിക്കാന്‍ സംഘപരിവാര്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചു കൊണ്ടിരിക്കുകയാണല്ലോ. ചരിത്രപരമായി ഹിന്ദുക്കളല്ലെങ്കിലും ജനസംഘ്യയില്‍ ഏറ്റവും കൂടുതലുള്ള ഈഴവ- തിയ്യ വിഭാഗങ്ങളെയും ഹിന്ദു പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ തനതു ദ്രാവിഡ സംസ്‌കാരത്തെ തകര്‍ത്ത ഹൈന്ദവവല്‍ക്കരണത്തിന്റെ ഫലമായുണ്ടായ ഉപരിവര്‍ഗമാണ് നായന്മാര്‍. ഈ രണ്ടു വിഭാഗങ്ങളെയും സ്വാധീനിച്ച് ഹിന്ദുരാഷ്ട്ര നിര്‍മ്മാണത്തിന്റെ കര്‍സേവകരാക്കാന്‍ ഹിന്ദു ഫാസിസ്റ്റുകള്‍ ശ്രമം തുടങ്ങിയിട്ട് കാലമേറെയായി.

അടുത്തകാലത്ത് വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ എസ്.എന്‍.ഡി.പി. നടത്തിവരുന്ന മുന്നേറ്റത്തെ തങ്ങള്‍ക്കനുകൂലമാക്കാന്‍ ഹിന്ദുത്വ ശക്തികള്‍ തന്ത്രങ്ങള്‍ മെനയുകയുണ്ടായി. അതിലൊന്നാണ് പഴയ ഹിന്ദു മണ്ഡലത്തിന്റെ പുനരുജ്ജീവിപ്പിക്കല്‍. വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ തങ്ങള്‍ക്കനു കൂലമാണെന്ന കണക്കുകൂട്ടലാണ് ഹിന്ദുത്വ കേന്ദ്രങ്ങള്‍ വെച്ചുപുലര്‍ത്തുന്നത്. ഗുജറാത്തില്‍ ഫാസിസ്റ്റുകള്‍ നേടിയ ഭീകരവിജയത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത രണ്ടു വര്‍ഷത്തിനുശേഷം ഇന്ത്യയെ ഭ്രാന്താലയമാക്കാന്‍ ഈഴവരെ ഉപയോഗിക്കുകയാണ് ഫാസിസ്റ്റുകളുടെ ലക്ഷ്യം.

പഴയ ഹിന്ദു മണ്ഡലത്തിന്റെ ചരിത്ര യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാതെ ഹിന്ദുത്വ ത്തിന് പിന്‍തുണ നല്‍കുന്നത് ഈഴവരെ സംബന്ധിച്ചിട ത്തോളം ആത്മഹത്യാ പരമായിരിക്കും. അന്ന് ആര്‍. ശങ്കറെ സമര്‍ത്ഥമായി ഉപയോഗിച്ച മന്നം ഈഴവരെ മന്ദബുദ്ധികളാക്കുകയാണു ണ്ടായത്. അതിൻറെ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ മന്നം പറഞ്ഞത് പകുതി ശരിയാണ് മന്ദബുദ്ധികളാണ്. 1949ല്‍ രൂപംകൊണ്ട ദേവസ്വം ബോര്‍ഡില്‍ നായര്‍ മേധാവിത്വം സ്ഥാപിക്കാന്‍ മന്നത്തു പത്മനാഭന്‍ ആവിഷ്‌കരിച്ച തന്ത്രമായിരുന്നു ഹിന്ദു മണ്ഡലം.

പൊതുഖജനാവില്‍ നിന്നും പ്രതിവര്‍ഷം 51 ലക്ഷം രൂപ ദേവസ്വം ബോര്‍ഡിനു നല്‍കാനുള്ള തീരുമാനത്തെ ക്രൈസ്തവകേന്ദ്രങ്ങള്‍ ചോദ്യം ചെയ്തിരുന്നു. ഇതിനെതിരെ പ്രതികരിക്കാനാണ് ദേവസ്വത്തില്‍ അയിത്തം കല്‍പ്പിക്കപ്പെട്ടിരുന്ന ഈഴവരേയും കൂട്ടി മന്നം ഹിന്ദുമണ്ഡലം രൂപീകരിച്ചത്. കഥയറിയാതെ ആര്‍.ശങ്കര്‍ മന്നത്തിന്റെ വലയില്‍ കുടുങ്ങുകയായിരുന്നു. ഹിന്ദു മണ്ഡലത്തിന്റെ മധുവിധു ലഹരി തീരും മുമ്പുതന്നെ 1952ല്‍ കൊട്ടാരക്കരയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍.ശങ്കറെ പരാജയപ്പെടുത്തിയത് മന്നം തന്നെയായിരുന്നു.

1962ല്‍ ശങ്കര്‍ മുഖ്യമന്ത്രിയായപ്പോള്‍ രാവണ ഭരണമെന്നും തൊപ്പിപ്പാളക്കാരനെന്നും ശങ്കറെ ആക്ഷേപിച്ച മന്നം 1964ല്‍ ക്രൈസ്തവരുമായി ചേര്‍ന്ന് ആര്‍.ശങ്കര്‍ മന്ത്രിസഭയെ പുറത്താക്കുകയും ചെയ്തു. ഈഴവര്‍ പന്നിപെറ്റുപെരുകിയ സന്താനങ്ങളാണെന്നും മന്ദബുദ്ധികളാണെന്നും അവര്‍ക്ക് ക്ഷേത്ര പ്രവേശനവും സഞ്ചാര സ്വാതന്ത്ര്യവും നല്‍കിയത് പുനഃപരിശോധിക്കണമെന്നും മന്നം ശാസ്തമംഗലം പ്രസംഗത്തിൽ പ്രഖ്യാപിച്ചു.

പിറ്റേ ദിവസത്തെ കേരളകൗമുദിയിൽ കെ.സുകുമാരൻ ഇങ്ങെനെ എഡിറ്റോറിൽ എഴുതി: ‘എൻറെ പേര് കെ സുകുമാരൻ, എൻറെ അച്ഛൻറെ പേര് സിവി കുഞ്ഞുരാമൻ, അദ്ദേഹത്തിൻറെ അച്ഛൻറെ പേര് ഞാറക്കൽ വാസുദേവൻ, അവരുടെയും അച്ഛന്മാരുടെ പേരുകൾ ആവശ്യമെങ്കിൽ തരാം. ഈ മന്നത്ത് പത്മനാഭൻറെ തന്ത ആരാണ്? താങ്കൾ പറഞ്ഞ പന്നിപെറ്റുകൂട്ടിയ ഈഴവർക്കെല്ലാം ഇതുപോലെ വീട്ടിൽ ചൂണ്ടിക്കാണിക്കാൻ ഒരു തന്തയുണ്ടാകും. താങ്കൾക്ക് അതുപോലുമില്ലല്ലോ?…..’ എന്ന്.

ഇതു കണ്ടു ഹാലിളകിയ മന്നം പേട്ടയിൽ ഒരു സുകുമാരൻ ഉണ്ടെന്നും എന്തു നെറികേടും വിളിച്ചുപറയാൻ അവർക്കൊരു ‘ഈഴവ കൗമുദി’ ഉണ്ടെന്നും നമുക്കും ഒരു പത്രം വേണമെന്നും പറഞ്ഞു കെ. കേളപ്പനെ ചട്ടംകെട്ടുകയും മാതൃഭൂമിയിൽ എൻഎസ്എസ് ൻറെയും മന്നത്തിന്റെയും വാർത്തകൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ഈഴവ കൗമുദിക്ക് ബദലായ ‘നായർ ഭൂമി’യാണ് ഇതെന്ന് പ്രചരിപ്പിച്ച് നായന്മാർക്കിടയിൽ മാതൃഭൂമിയുടെ സർക്കുലേഷൻ വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു.

നായരും ഈഴവരും പാലും മുതിരയും പോലെയാണ്, തമ്മിൽ ചേരില്ല. നായർ ചതുർവണ്യത്തിലെ നാലാമത്തെ വർണ്ണമായ ശൂദ്രർ ആണ്. ഈഴവർ ഹിന്ദുമതത്തിൻറെ ഭാഗമേയല്ല. ഇതൊന്നും മനസ്സിലാക്കാതെ എന്‍.എസ്.എസു മായി ചേര്‍ന്ന് ഹിന്ദുമണ്ഡലം പുനരുജ്ജീവിപ്പിച്ചാല്‍ ഒരിക്കല്‍ക്കൂടി മന്ദബുദ്ധികളാകാന്‍ ഈഴവര്‍ക്ക് അവസരം കിട്ടും.

നായരീഴവ ബന്ധത്തിന്റെ മുഖമുദ്രയായി കാണാവുന്നതും വഞ്ചനയും കാപട്യവുമാണ്. ഏറ്റവുമൊടുവില്‍ സുപ്രീം കോടതിയിലെത്തി ക്രീമിലെയര്‍ അടിച്ചേല്‍പ്പിച്ചതുവരെ അതെത്തുന്നു. 1891ലെ മലയാളി മെമ്മോറിയലില്‍ കുമാര നാശാനും ഡോ. പല്‍പ്പുവും ഒപ്പിട്ടിരുന്നു. മലയാളി സഭ (ഇന്നത്തെ എന്‍.എസ്.എസിന്റെ പഴയരൂപം) സമര്‍പ്പിച്ചതാണ് ആ മെമ്മോറിയല്‍. യഥാര്‍ഥത്തില്‍ അത് നായര്‍ മമ്മോറിയലായിരുന്നു. ഈഴവരുമുണ്ടെന്നു വരുത്താനാണ് പല്‍പ്പുവിനേയും മറ്റും പ്രീണിപ്പിച്ച് ഒപ്പിടുവിച്ചത്. ഇതില്‍ ഈഴവര്‍ വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് 1895ലും 1896ലും ഡോ. പല്‍പ്പു ഈഴവ മെമ്മോറിയല്‍ സമര്‍പ്പിച്ചത്.

ഹിന്ദു മണ്ഡലത്തിനായി മന്നത്തിനൊപ്പം ചെര്‍ന്ന ശങ്കറിനും ഇതേ അനുഭവമാണുണ്ടായത്. 1924ല്‍ നടന്ന വൈക്കം സത്യാഗ്രഹത്തിലും ഈ വഞ്ചന കാണാം. മന്നം സവര്‍ണജാഥ നടത്തി സത്യാഗ്രഹത്തിന് പന്‍തുണ പ്രഖ്യാപിച്ചകാര്യം എടുത്തു പറയുന്നവര്‍ ആ സത്യാഗ്രഹം എങ്ങനെ അവസാനിച്ചുവെന്ന് വ്യക്തമാക്കാറില്ല. സത്യാഗ്രഹികളുടെ ആവശ്യങ്ങളൊന്നും അംഗീകരിക്കാതെയാണ് സമരം അവസാനിച്ചത്. വൈക്കം ക്ഷേത്രത്തിലേക്കുള്ള പ്രധാനവഴി അയിത്ത ജാതിക്കാര്‍ക്ക് തുറന്നുകൊടുത്തില്ല എന്നതാണ് സത്യം. ഗാന്ധജി ഉള്‍പ്പെടെയുള്ളവര്‍ സവര്‍ണ താല്‍പ്പര്യം സംരക്ഷിക്കുകയാണ് ചെയ്തത്. ടി.കെ.മാധവനും കൂട്ടരും വഞ്ചിക്കപ്പെട്ടു. ഈ വഞ്ചനയിൽ പ്രതിഷേധിച്ചാണ് പെരിയാർ എന്നെന്നേക്കുമായി കോൺഗ്രസ് വിട്ടത്. വൈക്കത്ത് സവര്‍ണ ജാഥ നയിച്ചവര്‍ തന്നെയാണ് 1930കളിലെ നിവര്‍ത്തന പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയതും സി.കേശവനെ രാജ്യദ്രോഹിയായി ജയിലിലടച്ചതും.

ജാതിവ്യവസ്ഥയുടെ മറ്റൊരു പേരായ ‘ഹിന്ദുമതം’ ഇവിടെ വരുന്നതിനു മുമ്പും ഈഴവ രുണ്ടായിരുന്നു. അന്ന് അവര്‍ സ്വതന്ത്ര ജനത യായിരുന്നു. ഹിന്ദു മത മെന്ന വ്യവസ്ഥിതി യില്‍ പെട്ടതോടെ അവര്‍ അടിമ കളായിത്തീര്‍ന്നു. ചരിത്ര പരമായി ഈഴവര്‍ ഹിന്ദുക്കളല്ല. ബൗദ്ധ പാരമ്പര്യമുള്ള ഒരു സ്വതന്ത്ര ദ്രാവിഡ ജനതയായിരുന്നു അവര്‍. ‘നാമായി ഒരു മതത്തിലും പെടുന്നില്ലാ’ എന്ന് ശ്രീ നാരായണഗുരു പറഞ്ഞത് ശ്രദ്ധേയമാണ്.

ശിവഗിരി കേസിലെ ഹൈക്കോടതി വിധി ഇവിടെ വളരെ പ്രസക്തമാണ്.”ശിവഗിരി ഒരു ഹിന്ദു മഠമല്ലെന്നും നാരായണഗുരു ഒരു ഹിന്ദു സന്യാസിയല്ലെന്നും കോടതി വിധിച്ചപ്പോള് അത് മറ്റൊരു സത്യം കൂടി പ്രഖ്യാപിക്കുകയായിരുന്നു. ശിവഗിരിക്കും ഗുരുവിനും ഹിന്ദുമതവുമായി ബന്ധമില്ലെങ്കില് ഈഴവര് ഹിന്ദുക്കളല്ല എന്നത് കൂടിയാണ് ആ പ്രഖ്യാപനം വ്യക്തമാക്കുന്നത്. നാരായണഗുരുവിൻറെ കൃതികളും ജീവിതരീതികളുമെല്ലാം വളരെ കൃത്യമായി പഠിച്ചിട്ടാണ് കോടതി ആ വിധി പ്രസ്താവിച്ചത്. വസ്തുതയിതായിരിക്കെ ഹിന്ദു മഹാമണ്ഡലം പുനരുജ്ജീവിപ്പിക്കാന് ഈഴവര് കൂട്ടുനില്ക്കുന്നത് വിരോധാഭാസവും വിവരക്കേടുമാണ്.

കടപ്പാട്: യുക്തിരേഖ