തിരുവനന്തപുരം മുക്കോലയ്ക്കൽ ക്ഷേത്രത്തിന് സമീപം മുക്കോലയ്ക്കൽ റസിഡന്റ്സ് അസോസിയേഷൻ നമ്പർ22 വീട്ടിലെ മുകൾ നിലയിൽ വാടകയ്ക്കു താമസിച്ചിരുന്ന തമിഴ്നാട് തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാളിനെ (45) കൊലപ്പെടുത്തിയ ശേഷം നാടുവിട്ട ഭർത്താവ് മാരിയപ്പൻ തമിഴ്നാട്ടിൽ പൊലീസ് പിടിയിലായി. അംബാസമുദ്രം പൊലീസിന്റെ പിടിയിലായ ഇയാളെ കസ്റ്റഡിയിലെടുക്കാൻ കേസ് അന്വേഷിക്കുന്ന ഫോർട്ട് പൊലീസ് തമിഴ്നാട്ടിലേക്ക് തിരിച്ചു.
സംഭവത്തിനുശേഷം ഇയാൾ തമിഴ്നാട്ടിലെത്തിയതായി ബന്ധുവായ ഒരാളിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അംബാസമുദ്രം പൊലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. വർഷങ്ങളായി തിരുവനന്തപുരത്ത് താമസമായിരുന്ന ഇവർ സിനിമയ്ക്ക് പോയശേഷം വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് കൊലപാതകമുണ്ടായത്. പാത്രക്കച്ചവടവും ആക്രിവ്യാപാരവുമായി തമിഴ്നാട്ടിൽനിന്ന് എത്തിയ ഇവർ കഴിഞ്ഞ കുറേ മാസങ്ങളായി ഇളയ മകൻ മണികണ്ഠനൊപ്പമാണ് താമസം.
നഗരത്തിൽ പിസ വിതരണക്കാരനായ മണികണ്ഠൻ രാത്രി പതിനൊന്നരയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് രക്തം വാർന്ന നിലയിൽ കന്നിയമ്മാളിനെ കണ്ടെത്തിയത്. തലയ്ക്ക് ആഴത്തിൽ വെട്ടേറ്റ നിലയിൽ രക്തത്തിൽ കുളിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കന്നിയമ്മാളിനെ കൊല്ലപ്പെട്ട നിലയിൽ കണ്ട മണികണ്ഠൻ വീട്ടുടമസ്ഥനെയും അയൽവാസികളെയും വിവരമറിയിക്കുകയായിരുന്നു. സംഭവത്തിന്ശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ട മാരിയപ്പൻ പേരൂർക്കടയ്ക്ക് സമീപം തന്റെ മൊബൈൽഫോണും ഉപേക്ഷിച്ചിരുന്നു. ഫോൺ സിഗ്നൽ പിന്തുടർന്ന് പൊലീസ് തന്നെ പിടികൂടുന്നത് ഒഴിവാക്കുകയായിരുന്നു ഉദ്ദേശം.
സംശയരോഗമാണ് കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും മാരിയപ്പനെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. ഇയാളെ ഇന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് സൂചന. കന്നിയമ്മാളിന്റെ മൃതദേഹം ഇന്നലെ പോസ്റ്റ്മോർട്ടത്തിനും വീട്ടിൽ പൊതുദർശനത്തിനുംശേഷം സംസ്കാരത്തിനായി രാത്രിയോടെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.