Mon. Nov 23rd, 2026

ബിഷപ്പിന്റെ പീഡനത്തിന് ഇരയായെന്ന പരാതിയുമായി രംഗത്തെത്തിയ കന്യാസ്ത്രീയ്ക്ക് അനുകൂലമായി മിഠായിത്തെരുവിലെ നിരോധിത മേഖലയില്‍ പ്രകടനം നടത്തിയ കേസില്‍ നടന്‍ ജോയ് മാത്യു കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു, നിരോധിത മേഖലയില്‍ അതിക്രമിച്ചു കടന്നു, അന്യായമായി സംഘം ചേര്‍ന്നു, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ജോയ് മാത്യുവിനും പ്രകടനത്തില്‍ പങ്കുചേര്‍ന്ന മറ്റുള്ളവര്‍ക്കും എതിരെ ചുമത്തിയിരിക്കുന്നത്.

തനിക്കെതിരെയുള്ള കേസ് പ്രതികരിക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു.പ്രതികരിക്കുന്നവരെ നിശബ്ദരാക്കുക എന്നത് എല്ലാ ഭരണകൂടത്തിന്റെയും സ്വഭാവമാണെന്നും ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ കാണുമ്പോള്‍ അതാണ് ഉദ്ദേശമെന്നാണ് മനസ്സിലാകുന്നതെന്നും ആരെയും തീവ്രവാദിയാക്കാവുന്ന കാലമാണ് ഇപ്പോഴുള്ളതെന്നും എന്നാല്‍, അങ്ങനെയുള്ള പേടി തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീകളുടെ സമരത്തിനുള്ള പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മൗനമായാണ് പ്രകടനം നടന്നതെന്നും പൊതുജനത്തിന് തടസ്സമുണ്ടാക്കിയിട്ടില്ലെന്നും അവിടെ പ്രകടനം നിരോധിച്ചിട്ടുള്ളതായി ഒരറിവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ പിന്തുണച്ച് പ്രകടനം നടത്തിയതിനാണ് ജോയ് മാത്യുവിനെതിരെ പൊലീസ് കേസെടുത്തത്. മിഠായിതെരുവ് പ്രകടന നിരോധിത മേഖലയാണെന്ന് ആരും പറഞ്ഞിട്ടില്ല. അവിടെ സമരം നടത്തിയിട്ടുള്ള ഭൂതകാലമാണ് തന്റേതെന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.

അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിക്കാന്‍ കഴിയാത്ത തരത്തില്‍ നിശബ്ദരാക്കാനുള്ള ശ്രമമായാണ് ഇതിനെ കാണുന്നത്. മുദ്രാവാക്യം പോലും ഇല്ലാതെ വെറും പ്ലക്കാര്‍ഡും പിടിച്ച് നടത്തിയ പ്രകടനത്തിനെതിരെയാണ് ഇത്രയും ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തിരിക്കുന്നത്. ഇവിടെ ബന്ദിന് എന്തും തകര്‍ക്കാം… നിയമസഭ വരെ അടിച്ചു പൊളിക്കാം അതിനൊന്നും യാതൊരു പ്രശ്‌നവുമില്ലെന്നും ജോയ് മാത്യു പറഞ്ഞു.

149, 147 വകുപ്പുകള്‍ പ്രകാരം അന്യായമായ സംഘം ചേരല്‍, കലാപമുണ്ടാക്കാനുള്ള ശ്രമം എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് മിഠായിത്തെരുവിലാണ് കന്യാസ്ത്രീയെ അനുകൂലിച്ച് ജോയ് മാത്യു പ്രകടനം നടത്തിയത്. ഈ മേഖലയില്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തുന്നത് നിരോധിച്ചിട്ടുള്ളതാണ്. ഈ നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് ജോയ് മാത്യുവിനെതിരെ കേസെടുത്തത്.പിഴയടച്ച് സ്‌റ്റേഷനില്‍ ജാമ്യം നേടാനാണ് എത്തിയത് എങ്കിലും കേസ് പോലീസ് കോടതിയ്ക്ക് കൈമാറുകയായിരുന്നു. കേസിനെ നിയമപരമായി നേരിടുമെന്നും വായടപ്പിക്കാന്‍ നോക്കേണ്ടെന്നും ജോയ് മാത്യു പ്രതികരിച്ചു.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622