Tue. Apr 23rd, 2024

ധിനിൽ.സിഎ

ജേക്കബ് വടക്കുഞ്ചേരിയുടെ അറസ്റ്റിനെ എതിര്‍ത്തുകൊണ്ട് സഖാവ് വി.എസ് രംഗത്തു വന്നത് പുതിയ ചര്‍ച്ചകള്‍ക്കു വഴി വെച്ചിരിക്കുകയാണല്ലോ. ആ പാശ്ചാത്തലത്തില്‍ ഉണ്ടായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം.

ഇന്ത്യയില്‍ പ്രകൃതി ചികിത്സ നിയമ വിരുദ്ധമാണോ?

അല്ല. തികച്ചും നിയമ വിധേയമാണ്. സര്‍ക്കാര്‍ പ്രകൃതി ചികിത്സ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ 30 വര്‍ഷമായി വര്‍ക്കലയില്‍ സര്‍ക്കാര്‍ ആശുപത്രി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

ഒരു ചികിത്സാ രീതിയില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇതര ചികിത്സാ രീതികളെ വിമര്‍ശിക്കാന്‍ കഴിയുമോ?

കഴിയും. തങ്ങളുടെ ഉറച്ച ബോധ്യങ്ങളില്‍ നിന്നുകൊണ്ട് ഇതര ചികിത്സാ രീതികളെ വിമര്‍ശിക്കാന്‍ ഏതൊരു പൌരനും അവകാശമുണ്ട്‌. യുനാനി, ആയുര്‍വേദം, ഹോമിയോ, പ്രകൃതി ചികിത്സകര്‍ എന്നിവര്‍ മോഡേണ് മെഡിസിനെതിരെ അഭിപ്രായം തുറന്നു പ്രകടിപ്പിക്കാന്‍ കഴിയും. അവരത് ധാരാളമായി പറയാറുണ്ട്‌. പിണറായി വിജയന്‍ അവതാരിക എഴുതി കൊടുത്ത നിര്മ്മലാന്ദഗിരിയെന്നയാള്‍ മോഡേന്‍ മെഡിസിന്‍ മുതല്‍ ഫെമിനിസത്തെ വരെ നിശിതമായി വിമര്‍ശിക്കുന്നതിന്‍റെ വീഡിയോ യൂടൂബിലുണ്ട്. ഈ അഭിപ്രായ പ്രകടനങ്ങള്‍ ഒരു കുറ്റകൃത്യമല്ല. മോഡേന്‍ മെഡിസിന്‍റെ വിദഗ്‌ദ്ധര്‍ക്കും ഇതര ചികിത്സാ രീതികളെ വിമര്‍ശിക്കാനുള്ള അവകാശമുണ്ട്‌. ചുരുക്കി പറഞ്ഞാല്‍ എല്ലാ മനുഷ്യര്‍ക്കും തുല്ല്യ അവകാശമാണുള്ളതു.

മതവിദ്വേഷ പ്രചാരണം പോലെ മോഡേണ് മെഡിസിന്‍ വിരുദ്ധ പ്രചാരണം കുറ്റകൃത്യമാണോ?

അല്ല. മതവിദ്വേഷ പ്രചരണം ഇന്ത്യയില്‍ നിയമപരമായി നിരോധിച്ചിട്ടുണ്ട്. മോഡേന്‍ മെഡിസിനൊ നിയമപരമായി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ചികിത്സാ രീതിക്കെതിരെയോ പ്രചാരണം നടത്തുന്നതു കുറ്റകൃത്യമായി പ്രഖ്യാപിക്കുന്ന നിയമം നിലവില്‍ ഇന്ത്യയില്‍ ഇല്ല.

ശാസ്ത്രീയ ചികിത്സാ രീതികളും അശാസ്ത്രീയ ചികിത്സാ രീതികളും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ്?

ഹോമിയോപ്പതി, നാച്ചുറോപ്പതി, ആയുര്‍വേദം, യുനാനി, സിദ്ധവൈദ്യം എന്നിങ്ങനെയുള്ളവ ആശയവാദ അടിത്തറയില്‍ നിലനില്‍ക്കുന്നവയാണ്. ആധുനിക ശാസ്ത്രജ്ഞാനത്താൽ നിരന്തരം പരിഷ്ക്കരിക്കപെടുന്ന ചികിത്സാ രീതിയെന്ന നിലയില്‍ മോഡേണ് മെഡിസിനു ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ട്. മറ്റുള്ളവ ചികിത്സകൾ പരിഷ്‌കരണ പ്രക്രിയയുടെ ഭാഗമല്ല.

പീഡനത്തിനു ഇരയായ നടിക്കൊപ്പം, ചേട്ടനു വേണ്ടി പ്രാർത്ഥിക്കുന്നുവെന്നു പറയുന്നതു പോലെ തന്നെയല്ലേ മോഡേന്‍ മെഡിസിന് വേണ്ടി നില്‍ക്കുകയും പ്രകൃതി ചികിത്സകര്‍ക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നതു? ഇത് ഇരട്ടതാപ്പല്ലേ?

അല്ല. പീഡനം നടക്കുമ്പോള്‍ അവിടെ ഒരു വാദിയും പ്രതിയും ഉണ്ടാകുന്നു, ചേട്ടന്‍ അതില്‍ പ്രതിയാണ്. ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് കുറ്റകൃത്യം. പ്രകൃതി ചികിത്സ ഇന്ത്യയില്‍ കുറ്റകൃത്യമല്ല. സര്‍ക്കാര്‍ നേരിട്ടു പ്രകൃതി ചികിത്സാ കേന്ദ്രങ്ങള്‍ നടത്തുന്നു. ഈ രാജ്യത്തെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ വിശ്വസിക്കാനും, തന്‍റെ ഉത്തമ വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ട് അഭിപ്രായം പറയുവാനും ഇവിടെ സ്വാതന്ത്ര്യമുണ്ട്. മറ്റൊന്ന്, സര്‍ക്കാര്‍ എപ്പോഴെങ്കില്ലും പക്ഷം ചേരുന്നുവെന്നു തോന്നുന്ന പക്ഷം കടുത്ത ഭാഷയില്‍ വിമര്‍ശിക്കുവാനും അവകാശമുണ്ട്‌. ആ അവകാശം (right) എന്നുള്ളതിലാണ് ഇന്ത്യന്‍ ജനാധിപത്യം നിലനില്‍ക്കുന്നത്. അഭിപ്രായം പറഞ്ഞതിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യപെടുന്നത് ചോദ്യം ചെയ്യപെടുക തന്നെ ചെയ്യും.

ജേക്കബിന്റെ പ്രവര്‍ത്തനത്തോടുള്ള നിലപാടെന്താണ്?

എലിപ്പനി തടയാനുള്ള ശ്രമത്തിനെതിരെ ജേക്കബ് ചെയ്തതു ശരിയായ പ്രവര്‍ത്തിയല്ല. എന്നാല്‍ ആ ശരിയില്ലായ്മ ചര്‍ച്ചകളിലൂടെയും, ബോധവല്‍ക്കരണങ്ങളിലൂടെയും പരാജയപെടുത്തേണ്ട വിഷയമാണ്. അറസ്റ്റും കാരാഗ്രവുമല്ല പ്രതിവിധി. അറസ്റ്റ് ജനാധിപത്യ വിരുദ്ധ നടപടിയാണ്.

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ തടസപെടുത്തുമ്പോള്‍ സര്‍ക്കാരിന് നടപടിയെടുക്കാന്‍ കഴിയില്ലേ?

ശരിയാണ്. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ തടസപെടുത്തുമ്പോള്‍ നടപടിയെടുക്കാം. ഇവിടെ സര്‍ക്കാര്‍ നടപടികളെ ഫിസിക്കലി തടസപെടുത്തുന്ന പ്രവര്‍ത്തനത്തില്‍ ജേക്കബ് പങ്കെടുത്തിട്ടില്ല. സര്‍ക്കാര്‍ നിയോഗിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവർത്തനം ജേകബ് തടഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഇല്ല. സ്വന്തം ബോധ്യത്തില്‍ നിന്നു കൊണ്ടു ആശയപരമായ പ്രചാരണം നടത്തുകയാണ് ചെയ്തതു. ആ അവകാശം ഇന്ത്യയില്‍ അദ്ദേഹത്തിനുണ്ട്. (മതവിദ്വേഷ പ്രചാരണവും, ചികിത്സാ രീതികളും തമ്മിലുള്ള വ്യത്യാസം മുകളില്‍ എഴുതി കഴിഞ്ഞതാണ്). വിമർശനം ഉന്നയിക്കുന്നതിനു ഒരു സവിശേഷ യോഗ്യതാപത്രത്തിന്‍റെ പിന്‍ബലം ആവശ്യമില്ല. മാവോയിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം കുറ്റകരമായിരിക്കുമ്പോഴും മാവോയിസത്തെ കുറിച്ചുള്ള ആശയ പ്രചരണം ഇന്ത്യയില്‍ കുറ്റകരമല്ല. മാവോയില്‍ വിശ്വസിച്ചു കൊണ്ടു സര്‍ക്കാരിനെ വിമര്‍ശിക്കുന്നതും കുറ്റകരമായ പ്രവര്‍ത്തിയല്ല.

ജേക്കബിന്റെ അറസ്റ്റ് ഒരു ഫാഷിസ്റ്റിക്ക് ആക്റ്റ് ആണോ?

അല്ല. വളരെ കാഷ്വല്‍ ആയി ഉപയോഗിക്കേണ്ട ഒരു പദമായി ഫാഷിസത്തെ കാണുന്നില്ല. ഇതെല്ലാം ഫാഷിസമായി കാണുന്നതു ഫാഷിസത്തെ കുറിച്ചുള്ള നിലപാടില്‍ നിന്നുള്ള ചുരുങ്ങലാണ്. ഒരു തരം റിഡക്ഷനിസം. അറസ്റ്റിനെ ഈ സര്‍ക്കാരിന്‍റെ അമിതാധികാര പ്രവണതയായി കാണണം.

ശാസ്ത്രത്തിനോടുള്ള സമീപനം എന്തായിരിക്കണം?

1. ശാസ്ത്രത്തിന് വളരെ കണിശമായ ഒരു സ്വയം വിമര്‍ശന പദ്ധതിയുണ്ട്. ആശയവാദത്തില്‍ നിന്നും ശാസ്ത്രത്തെ വ്യത്യസ്തമാക്കുന്ന ഘടകം ഈ തിരുത്തല്‍ പദ്ധതിയാണ്. ശാസ്ത്രീയമായി തൃപ്തികരമായ വിശദീകരണങ്ങള്‍ നല്കാന്‍ കഴിയാത്ത സിദ്ധാന്തങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടവയ്ക്ക് വഴിമാറിക്കൊടുക്കേണ്ടി വരും. ആശയവാദത്തില്‍ ഇത്തരത്തിലൊരു തിരുത്തല്‍ പ്രക്രിയക്കു സ്ഥാനമില്ല. അനുഭവപരത ശാസ്ത്രത്തിന്‍റെ മുന്നോട്ട് പോക്കിന് ഒരു ബാധ്യതയായി നില്‍ക്കുന്നില്ല.

2. ശാസ്ത്രം മനുഷ്യന് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്; തിരിച്ചല്ല. ആണവ ആയുധം നിര്‍മ്മിച്ചത് ശാസ്ത്രം തന്നെയാണു. എന്നു പറഞ്ഞാല്‍ മനുഷ്യ വിരുദ്ധമായ മാരകമായ ആയുധത്തിന്റെ നിര്‍മ്മിതിക്കു പുറകിലും ശാസ്ത്രമാണ്. ആ ശാസ്ത്ര വികസനത്തെ വിമര്‍ശന വിധേയമാക്കിയത് ശാസ്ത്ര യുക്തിയെക്കാള്‍ മനുഷ്യാവകാശ/ജനാധിപത്യ ബോധ്യങ്ങളായിരുന്നു.

3. മാര്‍ക്കറ്റ് വികസനത്തിന്‍റെ വക്താക്കള്‍ ശാസ്ത്രത്തെ മൂലധന സമാഹരണത്തിനുള്ള ടൂളായി കാണുന്നു. സമൂഹത്തിന്‍റെ എല്ലാ പ്രശ്നങ്ങളും ശാസ്ത്ര പുരോഗതിയിലൂടെ സ്വതന്ത്രവിപണികള്‍ പരിഹരിക്കുമെന്നും വിപണികള്‍ക്കുമേല്‍ ഒരുതരം നിയന്ത്രണങ്ങളും ചുമത്തുന്നത് ആശാസ്യമല്ലെന്നുമാണ് സ്വതന്ത്രവിപണീമൗലികവാദികളുടെ പക്ഷം. സോഷ്യലിസ്റ്റുകള്‍ ശാസ്ത്രത്തെ ചന്തയില്‍(മാര്‍ക്കറ്റ്) നിന്നും മോചിപ്പിച്ചു മനുഷ്യ നന്മക്കായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നു.

അനിയന്ത്രിത വിപണി മനുഷ്യരാശിക്ക് തന്നെ ആപല്‍ക്കരമായി പ്രവര്‍ത്തിക്കുന്ന ഒന്നാണ്. (ജേക്കബ് വടക്കുംഞ്ചേരിയുടെ ബിസിനസ് താല്പര്യവും കൊള്ളയും അനിയന്ത്രിത വിപണി തന്നെയാണ് സംരക്ഷിക്കുന്നത്)

4. ഇതില്‍ ഏതെങ്കിലുമൊരു പോയന്റില്‍ ‘മാത്രം’ നിന്നല്ല ശാസ്ത്രത്തെ സമീപിക്കുന്നത്. മൂന്ന്‍ കാര്യങ്ങളും പരമപ്രധാനമായി കണ്ടുകൊണ്ടുള്ള സമീപനമാണ് ഉണ്ടാകേണ്ടത്.

ശാസ്ത്രത്തെ അംഗീകരിക്കുന്നുവെങ്കില്‍ പിന്നെന്തിനു ജേക്കബ് വടക്കുഞ്ചേരിക്കൊപ്പം നില്‍ക്കുന്നു?

പ്രകൃതി ചികിത്സയോടുള്ള വിയോജിപ്പിൽ ജേക്കബിന്റെ ബിസിനസും ഉൾപ്പെട്ടു കഴിഞ്ഞു. അറസ്റ്റിനോടുള്ള എതിര്‍പ്പ് ശാസ്ത്രീയ പ്രശ്നമല്ല, അതൊരു ജനാധിപത്യ പ്രശ്നമാണ്. ജേക്കബ് ഭീതി പരത്താന്‍ ശ്രമിച്ചു എന്നുള്ളതൊരു വ്യാഖ്യാനമാണ്. അത്തരം വ്യാഖ്യാനത്തിനുള്ള സാധുത നിലനില്‍ക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ചു കൊണ്ടു അഭിപ്രായം പറയാന്‍ അയാള്‍ക്കു അവകാശമുണ്ടെന്നുള്ളതിനും സാധുതയുണ്ട്. ഇവിടെ രണ്ടു ആശയങ്ങളുടെ ഒരു കോണ്‍ഫ്ലിക്റ്റ് രൂപപെട്ടു വരുന്നതു കാണാം.

ഇതില്‍ എന്‍റെ പക്ഷം ജാനാധിപത്യ അവകാശങ്ങള്‍ക്കൊപ്പമാണ്. ആധുനിക വൈദ്യശാസ്ത്രത്തെ എതിര്‍ത്തുകൊണ്ട് അഭിപ്രായം പറഞ്ഞുവെന്നതു കൊണ്ടു മാത്രം ഒരാളെ അറസ്റ്റ് ചെയ്യുന്ന സര്‍ക്കാര്‍ നടപടി അപലപനീയമാണ്. തീവ്രവാദിയെ വിവാഹം കഴിക്കാന്‍ പോലും സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ. ഒരു ജനാധിപത്യ പ്രശ്നത്തില്‍ സ്റ്റേറ്റിനൊപ്പമല്ല, മനുഷ്യരുടെ ഒപ്പമാണ് സ്ഥാനമുറപ്പിക്കുക.

ആശയവാദത്തിനെതിരെയുള്ള പ്രചാരണങ്ങളില്‍ തുടര്‍ന്നും പങ്കെടുക്കുകയും ചെയ്യും.

ജനാധിപത്യ വിരുദ്ധത ചൂണ്ടികാണിക്കാന്‍ ആര്‍ക്കെല്ലാം അവകാശമുണ്ട്‌?

ജനാധിപത്യ വിരുദ്ധ ചൂണ്ടികാണിക്കാന്‍ ജങ്ങള്‍ക്കു മൊത്തത്തില്‍ അവകാശമുണ്ട്‌. ഏതെങ്കിലും പ്രത്യേക വിഷത്തിലെ സബ്ജക്റ്റ് മാറ്റര്‍ എക്സ്പേര്‍ട്ടുകള്‍ക്കു (SME) മാത്രമായി ഇതെല്ലാം സംവരണം ചെയ്യപെട്ടിട്ടില്ല. വിഷയ വിദഗ്‌ദ്ധരേക്കാള്‍ ജനാധിപത്യ ആശയങ്ങളെ വികസിപ്പിച്ചത് മര്‍ദ്ദകര്‍ക്കെതിരെ പോരാടിയ ജനങ്ങളാണ്. അവരുടെ നേതൃത്വത്തിന് അതുകൊണ്ടു തന്നെ ജാനധിപത്യത്തെ കുറിച്ച് സംസാരിക്കാന്‍ അവകാശവുമുണ്ട്. ആ സംവാദം തുടരട്ടെ.

ജേക്കബിനെതിരെ എടുത്ത വകുപ്പുകള്‍ ഏതെല്ലാമാണ്?

ഐ പിസി 505 , 426 എന്നീ വകുപ്പുകള്‍. 426 (Punishment for mischief) എന്നതു ജാമ്യം ലഭിക്കേണ്ട ഒരു താരതമ്യേന ഒരു ചെറിയ വകുപ്പാണ്. 505 എന്നതു ആര്‍ക്കെതിരെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും എടുക്കാവുന്ന ഒരു ഭീകര വകുപ്പാണ്. (കോടതി റിമാന്‍റ് ചെയ്യുന്നതു സ്റ്റേറ്റിന്റെ അഭിഭാഷകന്‍ കോടതിയില്‍ എടുക്കുന്ന നിലപാട് അനുസരിച്ചാണ്. ജാമ്യം നിക്ഷേധിക്കുന്നതില്‍ പ്രോസിക്യൂഷനും പങ്കുണ്ട്) ഈ വകുപ്പനുസരിച്ചു ഏതൊരു അഭിപ്രായവും കുറ്റകൃത്യമായി കണ്ടു ആരെയും പ്രതിയാക്കാം.

എന്നാല്‍ അതെ നിയമത്തിന്‍റെ എക്സെപ്ഷനില്‍ ഇങ്ങനെ പറയുന്നു: (Exception) —It does not amount to an offence, within the meaning of this section when the person making, publishing or circulating any such statement, rumour or report, has reasonable grounds for believing that such statement, rumour or report is true and makes, publishes or circulates it 8[in good faith and] without any such intent as aforesaid.] എന്നു പറഞ്ഞാല്‍ ന്യായമായ കാരണങ്ങള്‍ ഉള്ള പക്ഷം തന്റെ ഉത്തമ വിശ്വാസത്തിന്റെ പുറത്തുള്ള അഭിപ്രായ പ്രകടനങ്ങള്‍ കുറ്റകൃത്യമാകുന്നില്ല.

ഇവിടെയാണ്‌ വിഷയത്തിന്‍റെ കാതല്‍ കിടക്കുന്നതു. എനിക്കും നിങ്ങള്‍ക്കും തെറ്റെന്നു ബോധ്യമുള്ളതെല്ലാം ഇന്ത്യയില്‍ നിയമപ്രകാരം തെറ്റല്ല. ശാസ്ത്ര വിരുദ്ധമായ പലതും നിയമ വിധേയമാണ്. പ്രകൃതി ചികിത്സയും നിയമവിധേയമാണ്. അത്തരത്തില്‍ പ്രകൃതി ചികിത്സയെന്ന സമ്പ്രദായം നിയമപരമായി ശരിയായിരിക്കുന്ന ഇന്ത്യയില്‍ അതില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും ഇതര ചികിത്സ സമ്പ്രദായങ്ങളെ വിമര്‍ശന വിധേയമാക്കുവാന്‍ കഴിയും. ഇവിടെ ആരെയെങ്കിലും പ്രതിയാക്കിയെ കഴിയൂ എന്നുണ്ടെങ്കില്‍ പ്രതിയാക്കേണ്ടത് ഇന്ത്യന്‍ സ്റ്റേറ്റിനെയാണ്. നികുതി പണമുപയോഗിച്ചു ആശുപത്രികള്‍ അടക്കമുള്ളവ പണിതു അശാസ്ത്രീയ ചികിത്സക്കു കുടപിടിക്കുന്നതും ഇന്ത്യന്‍ ഭരണകൂടങ്ങള്‍ തന്നെയാണു. മുന്‍കാല പ്രാബല്യത്തോടെ രാഷ്ട്ര പിതാവിനെയും പ്രതിയാക്കേണ്ടി വരും!

പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ആര്‍ക്കൊപ്പം നില്‍ക്കണം? ജേകബ് ജനങ്ങളെ ഭീതിപരത്താന്‍ ശ്രമിക്കുകയല്ലേ ചെയ്തതു?

പകര്‍ച്ചവ്യാധി നിയന്ത്രിക്കാനുള്ള ശ്രമത്തില്‍ നിസംശയം സര്‍ക്കാരിനൊപ്പം നില്‍ക്കണം. എന്നാല്‍ രാജ്യത്ത് നിലനില്‍ക്കുന്ന ഇതര ചികിത്സാ രീതികളില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും സര്‍ക്കാര്‍ സ്വീകരിച്ച ഒരു ചികിത്സാ പക്രിയ ശരിയല്ലെന്ന് ഉറച്ച ബോധ്യമുള്ള പക്ഷം വിമര്‍ശിക്കുവാനുള്ള അവകാശമുണ്ടാകുന്നു. ഈ കോണ്‍ഫ്ലിക്റ്റില്‍ (സംഘട്ടനത്തില്‍) ശാസ്ത്ര വിരുദ്ധ സമീപനങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കേണ്ടത് മുകളില്‍ എഴുതിയ പ്രകാരം ബോധവല്‍ക്കരണം സജീവമാക്കി കൊണ്ടാണ്, അറസ്റ്റും, തുറുങ്കിലടക്കലും അതിനു ഉതകില്ല.

പൊതുജനങ്ങളുടെ ഭീതിയകറ്റാനുള്ള ഉത്തരവാദിത്വം സ്റ്റേറ്റിനുണ്ട്. എന്നാല്‍ ആ ചുമതല നിര്‍വഹണത്തില്‍ മറ്റൊരു പൌരന്‍റെ മൌലികാവകാശങ്ങള്‍ ഹനിക്കപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചുമതല സ്റ്റേറ്റിനുണ്ട്. അറസ്റ്റിനു ശേഷം പ്രോസിക്യൂഷന്‍ ജാമ്യം നിക്ഷേധിക്കുക കൂടി ചെയ്യുന്നതോടെ മനുഷ്യാവകാശ പ്രശ്നത്തിന്‍റെ വ്യാപ്തി വര്‍ദ്ധിക്കുന്നു.

പൊതുജനാരോഗ്യം സമം മോഡേണ് മെഡിസിന്‍ എന്നുള്ള സമീകരണം സാധ്യമാണോ?

നിലവിൽ സാധ്യമല്ല. ഭരണകൂടങ്ങള്‍ പൊതുജനാരോഗ്യത്തിന്റെ കാര്യത്തില്‍ ഇതര ചികിത്സ രീതികള്‍ക്കു കൂടി പ്രാധാന്യം നല്‍കുകയും നികുതിപണം അതിനായി ചിലവഴിക്കുകയും ചെയ്യുന്നു എന്നുള്ളതൊരു വസ്തുതയാണ്. We need to digest it. ശാസ്ത്ര വിരുദ്ധത നടപ്പിലാക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ഭരണകൂടങ്ങള്‍ക്കെതിരെ പൊതുജന അഭിപ്രായം ഉയര്‍ന്നു വരേണ്ടതുണ്ട്.

ശാസ്ത്രവിരുദ്ധമായ സങ്കുചിത മത വിശ്വാസങ്ങളെ ഊട്ടി ഉറപ്പിക്കുന്ന പ്രചാരണങ്ങൾ തകർക്കപെടണം. ശാസ്ത്ര ബോധമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കണം. ഇതിനുള്ള കാമ്പയിനായി ധാരാളം മനുഷ്യാധ്വാനം ആവശ്യമാണ്‌. മതകേന്ദ്രങ്ങളിൽ നടക്കുന്ന മന്ത്രവാദ/പ്രാർത്ഥന ചികിത്സകൾക്കെതിരെ കേരളത്തിലെ ജനപ്രതിനിധികൾ നിയമ നിർമ്മാണം നടത്തണം.

പൊതുജനാരോഗ്യത്തിനായി ആധുനിക വൈദ്യശാസ്ത്രം നല്‍കുന്ന എല്ലാ സൗകര്യങ്ങളും ജനങ്ങള്‍ക്കു ചൂഷണ മുക്തമായി ലഭ്യമാകണം എന്നുമാണ് അഭിപ്രായം.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622