Fri. Nov 20th, 2026

കത്തോലിക്ക‌ സഭയിലെ കന്യാസ്ത്രീയുടെ ബലാത്സംഗപരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്റ്റ്യൻ കൗൺസിലിന്റെ അനിശ്ചിതകാലനിരാഹാര സമരം കൊച്ചിയിൽ തുടരുമ്പോൾ കന്യാസ്ത്രീയ്ക്ക് നീതി ലഭിക്കാനാണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വിളിച്ചുണർത്തൽ സമരം നടന്നു.സമരത്തിൽ പങ്കെടുത്തവർ മന്ത്രിമാരെ ഫോൺ വിളിച്ചു ബിഷപ്പിന്റെ അറസ്റ്റ് ഉടൻ വേണമെന്ന ആവശ്യമാണ്‌ ഉന്നയിച്ചത്.

ജനകീയ കൂട്ടായ്മയുടെ റിലേ സത്യാഗ്രഹം മൂന്നാം ദിവസം ആയ ഇന്ന് രാവിലെ പത്തിന് സർക്കാരിനെ വിളിച്ചുണർത്തൽ സമരം വിഷ്ണുപുരം ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്തു ‘കന്ന്യാസ്ത്രീയുടെ നീതിക്ക് വേണ്ടി പോരാടാം,സമത്വo ഇവിടെ സ്ഥാപിക്കാൻ നമുക്ക് ഒന്നിച്ച് അണിചേരാം’ എന്ന് അദ്ദേഹം പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തൃശ്ശൂരിലെ മനുഷ്യാവകാശ പ്രവർത്തകരും തൃശ്ശൂർ കളക്ടറേറ്റിനു മുൻപിൽ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.കന്യാസ്ത്രീകളുടെ ചരിത്രപരമായ സമരത്തിന് ഐക്യം പറഞ്ഞു കൊണ്ട് ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച പരിപാടി ചിന്തകനും എഴുത്തുകാരനുമായ കെ. വേണു ഉദ്ഘാടനം ചെയ്തു. ടി.കെ വാസു അദ്ധ്യക്ഷനായിരുന്നു.

അഡ്വ. ആർ.കെ. ആശ, അഡ്വ. കുക്കു ദേവകി, അഡ്വ. ജോർജ്ജ് പുലിക്കുത്തിയിൽ, ലില്ലി തോമസ്, സൈമൺ, കെ.രാധാകൃഷ്ണൻ, ആന്റണി ചിറ്റാട്ടുകര, പി.കെ.കിട്ടൻ, പൂനം റഹിം, ആന്റോ കൊക്കൻ എന്നിവർ സംസാരിച്ചു.ശരത് ചേലൂർ, ഐ ഗോപിനാഥ്, വി.കെ ശശികുമാർ എന്നിവർ നേതൃത്വം നൽകി.

കന്യാസ്ത്രീകളുടെ സമരത്തോട് ഐക്യപ്പെട്ട് ഡോ. പി. ഗീത യും സമരപ്പന്തലിൽ കന്യാസ്ത്രീയുടെ സഹോദരിക്കൊപ്പം നിരാഹാരം അനുഷ്ടിക്കക്കുകയാണ്.

അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 11 മണിയ്ക്ക് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ ആണ് ഹാജരായത്. തൃപ്പൂണിത്തുറ രജിസ്‌ട്രേഷനില്‍ ഉള്ള കാറിലായിരുന്നു എത്തിയത്. പോലീസ് അകന്പടിയോടെ ചില്ലുകള്‍ പൂര്‍ണ്ണമായും മറച്ച കാറിലാണ് എത്തിയത്. ജനശ്രദ്ധയില്‍ നിന്നും മാറാന്‍ പ്രധാന റോഡ് ഒഴിവാക്കി.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622