Fri. Nov 20th, 2026

കൊല്ലം എസ്.എൻ കോളേജിൽ പുറത്തു നിന്നെത്തിയ ഗുണ്ടാ സംഘം നടത്തിയ ആക്രമണത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് വെട്ടേറ്റു. കോളേജിലെ മൂന്നാംവർഷ ഹിസ്റ്ററി വിദ്യാർത്ഥി സച്ചിൻ (20), മൂന്നാംവർഷ ഇക്കണോമിക്സ് വിദ്യാർത്ഥി ബിപിൻ (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ സച്ചിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു.

തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മൂന്നംഗംസംഘം ഓട്ടോറിക്ഷയിൽ കാമ്പസിലെത്തി അക്രമം നടത്തിയത്. ഇരുവിഭാഗം വിദ്യാർത്ഥികൾ തമ്മിൽ കാമ്പസിൽ നടന്ന സംഘർഷത്തിന്റെ തുടർച്ചയായാണ് പുറത്ത് നിന്ന് ഗുണ്ടാ സംഘമെത്തിയത്. കോളേജിലെ ഒരു വിദ്യാർത്ഥിയാണ് അക്രമി സംഘത്തെ വിളിച്ചു വരുത്തിയതെന്ന് പൊലീസ് പറഞ്ഞു. വാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് അക്രമിസംഘമെത്തിയത്. സംഘത്തിലൊരാളെ കോളേജ് പരിസരത്ത് നിന്ന് മറ്റൊരാളെ എസ്.എം.പി പാലസ് പരിസരത്ത് നിന്ന് ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

അക്രമികളെത്തിയ ഓട്ടോറിക്ഷയുടെ ചില്ല് വിദ്യാർത്ഥികൾ തല്ലി തകർത്തു. ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. അക്രമിസംഘത്തിലെ മൂന്നാമനായി പൊലീസ് അന്വേഷണം ശക്തമാക്കി. ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622