✍️ ദലിത് ബന്ധു എന്‍ കെ ജോസ്
വൈക്കം സത്യാഗ്രഹമവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയ ഈ വി ആര്‍ നാട്ടില്‍ ചെന്നശേഷം ആദ്യം ചെയ്ത പ്രവൃത്തി കോണ്‍ഗ്രസിന്റെ പ്രാധമികാംഗത്വം രാജിവെക്കുക എന്നതാണ്. 1925 ല്‍ തന്നെ അദ്ദേഹം കോണ്‍ഗ്രസിനെ ഉപേക്ഷിച്ചു.ബ്രാഹ്മണ കോണ്‍ഗ്രസിന് വിരുദ്ധമായി ശക്തമായ ഒരു ദ്രാവിഡ ചിന്താഗതി തമിഴ്‌നാട്ടില്‍ ഉരുത്തിരിയാന്‍ ഇ വി രാമസ്വാമി നായ്ക്കരുടെ രാജി കാരണമായിത്തീര്‍ന്നു.

ഡിസംബർ 24: വർണാശ്രമത്തിനെതിരെ മാനവികപോരാട്ടം നയിച്ച, ഇ വി രാമസ്വാമി നായ്ക്കർ(1879 – 1973)ഓർമ ദിനം
എല്ലാവർക്കും അറിയാവുന്നതുപോലെ വഴിവക്കിൽ വച്ചിരുന്ന ഗണപതിവിഗ്രഹങ്ങൾ ചവുട്ടിത്തള്ളിയിട്ടിരുന്നു പെരിയാറും കൂട്ടരും. തമിഴിൽ ‘പിള്ളയാർ’ എന്നാണ് ഗണപതിയുടെ പേര്. അങ്ങ് എന്തിനാണ് ഇത് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ മറുപടി: ‘‘ഞാൻ ചവുട്ടിത്തള്ളുന്നത് ഗണപതിയെയല്ല; തമിഴന്റെ അന്ധതയെയാണ്.’’ എന്നായിരുന്നു. ചാക്കിൽ വരച്ചുകെട്ടി വണ്ടിയിൽ കൊണ്ടുപോയ മഹാലക്ഷ്‌മിയുടെ ചിത്രത്തിൽ, വണ്ടി തടഞ്ഞുനിർത്തി ചെരിപ്പുമാലയിട്ടത് മറ്റൊരു സംഭവം. ‘‘ഐശ്വര്യദേവതയായ മഹാലക്ഷ്‌മിയെ ഇങ്ങനെ കീറച്ചാക്കിൽ വരച്ചാണോ എഴുന്നള്ളിക്കേണ്ടത്?’’ എന്ന് പരിഹസിക്കുകയും ചെയ്തു പെരിയാർ.
വിപ്ലവകാരിയായ അദ്ദേഹം അസംബന്ധകഥകളെയും അനാചാരങ്ങളെയും ശക്തമായി എതിർത്തിരുന്നു. പുരാണങ്ങളിലെ തത്വങ്ങൾ ഉൾക്കൊള്ളാതെ ജനങ്ങൾ കഥകളിലേക്ക് പോകുന്നതിനെ നിശിതമായ ഭാഷയിൽ വിമർശിച്ചു. തമിഴ്‌നാട്ടിൽ ധാരാളം ആരാധകരുണ്ടായിരുന്നതിനാൽ അദ്ദേഹത്തെ ഉപദ്രവിക്കാൻ ആരും ധൈര്യപ്പെട്ടില്ല. എവിടെ അനീതി കണ്ടാലും എതിർക്കാൻ അദ്ദേഹമെത്തും. 1924‐25 കാലത്തെ വൈക്കം സത്യഗ്രഹത്തിൽ മുന്നണിപ്പോരാളിയായി പങ്കെടുത്ത പെരിയാറെ ചങ്ങലയ്‌ക്കിട്ടാണ് ജയിലിലടച്ചത്. അല്ലെങ്കിൽ അരോഗദൃഢഗാത്രനായ അദ്ദേഹം ജയിൽചാടുമെന്ന് അധികാരികൾക്കുറപ്പുണ്ടായിരുന്നു.
ഈഴവസമുദായം കോണ്‍ഗ്രസിനുശേഷവും സത്യാഗ്രഹവുമായി ബന്ധപ്പെട്ടില്ല. എന്നാല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെടുകയും കോണ്‍ഗ്രസിന്റെ തമിഴ്‌നാട് പ്രവിശ്യാഘടക ത്തിന്റെ പ്രസിഡന്റായിരിക്കുകയും ചെയ്തപ്പോള്‍ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെടുകയും സത്യാഗ്രഹത്തിനുശേഷം കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കുകയും ആ നിലപാട് മരണംവരെ തുടരുകയും ചെയ്ത നേതാവാണ് ഈ വി രാമസ്വാമി നായ്ക്കര്‍.
സമരത്തിനു പുതുരക്തവും ഊര്‍ജ്വസ്വലതയും നല്‍കുവാന്‍ വേണ്ടിയാണ് തമിഴ്‌നാട്ടില്‍ നിന്നും 1924 ഏപ്രില്‍ 13 ആം തിയതി അദ്ദേഹത്തെ ഇവിടെ വരുത്തിയത്. അന്ന് അദ്ദേഹം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ തമിഴ്‌നാട് പ്രവിശ്യാ പ്രസിഡന്റായിരുന്നു. തമിഴ്‌നാട് അന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പ്രവിശ്യയായിരുന്നു. ഇന്നത്തെ തമിഴ്‌നാടും ആന്ധ്രയും കര്‍ണാടകവും ചേര്‍ന്ന പ്രവിശ്യ – അവിടത്തെ പ്രസിഡന്റ് സ്ഥാനം സി രാജഗോപാലാചാരി യെ ഏല്പിച്ച ശേഷമാണ് അദ്ദേഹം ഇവിടെ എത്തിയത്. (ഈ വി ആര്‍ ഇവിടെ വന്ന് വൈക്കം സത്യാഗ്രഹത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതില്‍ ഗാന്ധി എതിരായിരുന്നു എന്ന് അദ്ദേഹത്തിന്റെ ആത്മകഥയായ ‘ഞാനും നിങ്ങളും’ എന്നഗ്രന്ഥത്തില്‍ കാണാം).
ഇവിടെ വന്നതിനുശേഷം സത്യാഗ്രഹം അവസാനിക്കുന്നതുവരെ അദ്ദേഹം ഇവിടെത്തന്നെ താമസിച്ചു. സത്യാഗ്രഹം അവസാനിച്ച് സത്യാഗ്രഹക്യാമ്പ് പിരിച്ചുവിട്ടതിനുശേഷം നടന്ന സമാപന സമ്മേളനത്തിന്റെ അധ്യക്ഷന്‍ അദ്ദേഹമായിരുന്നു. ഇടക്ക് തന്റെ ഭാര്യ നാഗമ്മയേയും സഹോദരി കണ്ണമ്മാളിനേയും കൂടി അദ്ദേഹം ഇവിടേക്ക് വരുത്തി. അവരും സത്യാഗ്രഹ സംരംഭങ്ങളെ സഹായിച്ചു. അദ്ദേഹം ഇവിടെ വന്നപ്പോള്‍ തിരുവിതാംകൂര്‍ രാജാവ് മൂലംനാള്‍ രാമവര്‍മ്മ ഗംഭീരമായ ഒരു സ്വീകരണം അദ്ദേഹത്തിന് നല്‍കി.
പണ്ട് രാജാവിന് സ്വന്തം നാട്ടില്‍ അദ്ദേഹം ആതിഥ്യം നല്‍കിയതായിരുന്നു സ്വീകരണത്തിന്റെ കാരണം. അതെല്ലാം നിഷ്‌കരുണം തട്ടിത്തെറിപ്പിച്ചിട്ട് മറ്റാരേയുംകാള്‍ ആത്മാര്‍ത്ഥമായി അദ്ദേഹം സത്യാഗ്രഹത്തില്‍ മുഴുകി. സത്യാഗ്രഹരംഗത്തെ ഏറ്റവും വാശിയുള്ള നേതാവ് അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ നാട്ടുകാര്‍ അദ്ദേഹത്തിനു ‘വൈക്കം വീരന്‍’ എന്ന അപരനാമം കൊടുത്ത് ആദരിച്ചത് ആ അടിസ്ഥാനത്തിലാണ്.
ലോകം മുഴുവൻ സഞ്ചരിച്ചിട്ടുള്ള പെരിയാറെ ഒരിക്കൽ ഇംഗ്ലണ്ടിൽനിന്ന് നാടുകടത്തിയിട്ടുണ്ട്, കറുത്ത വംശജരായ സ്‌ത്രീകളുടെ അവകാശപ്പോരാട്ടത്തിൽ പങ്കെടുത്തതിന്.

വൈക്കം സത്യാഗ്രഹത്തിന്റെ പരാജയത്തിനുവേണ്ടി വൈക്കത്തെ സവര്‍ണര്‍ പലതും ചെയ്തു. പലരേയും മര്‍ദ്ദിച്ചു. എന്നാല്‍ ശത്രുനിഗ്രഹയാഗം നടത്തി വധിക്കാന്‍ ശ്രമിച്ചത് ഈ വി ആറിനെ മാത്രമാണ്. മന്നത്ത് പത്മനാഭപിള്ളയെയോ കെ കേളപ്പനേയോ കെ പി കേശവമേനോനെയോ ടി കെ മാധവനെയോ പോലും അതിലേക്ക് ലക്ഷ്യമാക്കിയില്ല. വൈക്കം സത്യാഗ്രഹത്തിലെ ഈ വി ആറിന്റെ പങ്കാളിത്തത്തിന്റെ അര്‍ഹമായ തെളിവ് അതുതന്നെയാണ്. യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിയാനുള്ള കഴിവ് സവര്‍ണര്‍ക്ക് പണ്ടേ ഉണ്ടായിരുന്നു.
കൊക്കിനുവെച്ചത് ചക്കിനാണ് കൊണ്ടത് എന്നുമാത്രം. യാഗം നടത്തിയത് ഈ വി ആറിനെ നിഗ്രഹിക്കാനാണ്. പക്ഷെ, മരിച്ചത് മൂലംതിരുനാള്‍ രാമവര്‍മ്മരാജാവാണ്. 1924 ആഗസ്റ്റ് 16 ആം തിയതി അദ്ദേഹം നാടുനീങ്ങി.അന്ന് അദ്ദേഹം മരിക്കാതിരുന്നുവെങ്കില്‍ വൈക്കം സത്യാഗ്രഹം 603 ദിവസത്തിനു പകരം വീണ്ടും നീളുമായിരുന്നു. സത്യാഗ്രഹം തുടങ്ങി 139 ദിവസം കഴിഞ്ഞാണ് രാജാവ് മരിച്ചത്. അതിനിടക്ക് സത്യാഗ്രഹം ഒന്ന് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നും ഒരു ചെറുവിരല്‍ പോലും അനക്കിയില്ല. പിന്നേയും 464 ദിവസം കഴിഞ്ഞാണ് സത്യാഗ്രഹം അവസാനിപ്പിച്ചതെങ്കിലും ആ രാജാവിനുപകരം പിന്നീട് അധികാരത്തില്‍ വന്ന റാണി ലക്ഷ്മീഭായി ഭരണം ഏറ്റെടുത്ത പിറ്റേ ദിവസം മുതല്‍ സത്യാഗ്രഹം അവസാനിച്ചുകാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

അവിടെയും രാഘവയ്യാ എന്ന ബ്രാഹ്മണ ദിവാന്റെ നിര്‍ബന്ധബുദ്ധിമൂലം സത്യാഗ്രഹം അവസാനിപ്പിക്കുന്നതിനെപ്പറ്റി അബ്രാഹ്മണരുമായി സംസാരിക്കാന്‍ തയാറില്ലാതെ അയാള്‍ സി രാജഗോപാലാചാരിയെ ക്ഷണിക്കുകയും അദ്ദേഹം ആ പദവി ഗാന്ധിക്ക് കൈമാറുകയും ചെയ്തു. ഗാന്ധിക്ക് ഇവിടെ വന്നെത്താന്‍ കഴിഞ്ഞത് 1925 മാര്‍ച്ച് 9 ആം തിയതിയാണ്. അതിനെല്ലാമായി 205 ദിവസങ്ങള്‍ പോയി. ബാക്കി 159 ദിവസങ്ങളില്‍ മാത്രമാണ് ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ നടന്നത്. ആ 159 ദിവസങ്ങള്‍കൂടി കഴിഞ്ഞിട്ടാണെങ്കിലും സത്യാഗ്രഹം അവസാനിപ്പിച്ചത് ലക്ഷ്മീഭായി അന്ന് സര്‍ക്കാരിന്റെ തലപ്പത്ത് ഉണ്ടായിരുന്നതുകൊണ്ടാണ് അഥവാ മൂലംനാള്‍ രാജാവ് മരണപ്പെട്ടതുകൊണ്ടാണ്. അദ്ദേഹത്തിന്റെ മരണം ഒരുവര്‍ഷംകൂടി കഴിഞ്ഞിട്ടാണ് സംഭവിച്ചതെങ്കില്‍ 1000 ല്‍ അധികം ദിവസം സത്യാഗ്രഹം നീണ്ടുപോകുമായിരുന്നു. രാജാവിന്റെ മരണത്തിന് പരോക്ഷമായിട്ടെങ്കിലും കാരണം ശത്രുനിഗ്രഹമാണ് എന്ന് യാഗക്കാര്‍ അവകാശപ്പെട്ടിരിക്കണം.
വൈക്കം സത്യാഗ്രഹമവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയ ഈ വി ആര്‍ നാട്ടില്‍ ചെന്നശേഷം ആദ്യം ചെയ്ത പ്രവൃത്തി കോണ്‍ഗ്രസിന്റെ പ്രാധമികാംഗത്വം രാജിവെക്കുക എന്നതാണ്. 1925 ല്‍ തന്നെ അദ്ദേഹം കോണ്‍ഗ്രസിനെ ഉപേക്ഷിച്ചു. അങ്ങനെ 1924 ഫെബ്രുവരി 29 ആം തിയതി ദലിതരെ വഞ്ചിച്ചു കോണ്‍ഗ്രസിന് ആളെക്കൂട്ടാന്‍വേണ്ടി കെ പി കേശവമേനോന്‍ നടത്തിയ ശ്രമം 1925 നവംബര്‍ 25 ആം തിയതി മുതല്‍ തമിഴ്‌നാട്ടിലെ നല്ലൊരു വിഭാഗം ജനങ്ങളെ കോണ്‍ഗ്രസില്‍ നിന്നും അകറ്റാന്‍ മാത്രം ഉപകരിച്ചു. ബ്രാഹ്മണ കോണ്‍ഗ്രസിന് വിരുദ്ധമായി ശക്തമായ ഒരു ദ്രാവിഡ ചിന്താഗതി തമിഴ്‌നാട്ടില്‍ ഉരുത്തിരിയാന്‍ ഇ വി രാമസ്വാമി നായ്ക്കരുടെ രാജി കാരണമായിത്തീര്‍ന്നു.

