Sat. Nov 21st, 2026

ആറ് മാസം മുൻപ് യുവാവിനെ കൊന്ന ശേഷം മൃതദേഹം തമിഴ്നാട്ടിലെ ശുചീന്ദ്രത്തിനു സമീപം കൊണ്ടുപോയി കത്തിച്ച സംഭവത്തിൽ യുവതിയും ഭർത്തൃമാതാവും ഇന്നലെ പിടിയിലായി. പ്രതികളായ രണ്ട് യുവാക്കൾ ഉടൻ പിടിയിലാകുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിനു സമീപം മണക്കാട്ടു വീട്ടിൽ ആകാശ് (കൊച്ചുമോൻ 22) ആണ് കൊല്ലപ്പെട്ടത്.

മണക്കാട് സ്വാഗത് നഗറിൽ രേഷ്മ (27), വലിയതുറ വാട്സ് റോഡ് ടി.സി 71/641ൽ താമസിക്കുന്ന അൽഫോൺസ എന്നിവരാണ് പിടിയിലായത്. രേഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തിനുള്ള ഗൂഢാലോചനയാണ് ഇരുവർക്കും എതിരെയുള്ള കുറ്റം. അൽഫോൺസയുടെ മകനും രേഷ്മയുടെ ഭർത്താവുമായ മുഖ്യപ്രതി അനു അജു (27), കഴക്കൂട്ടം ഗേറ്റ്മുക്ക് പൂക്കാരിവിളാകം വീട്ടിൽ ജിതിൻ (ജിത്തു 22) എന്നിവരെയാണ് പിടികൂടാനുള്ളത്.

കഴിഞ്ഞ ഏപ്രിൽ ഒന്നിന് ശുചീന്ദ്രത്ത് കൊറ്റയടിയിൽ വിജനമായ പ്രദേശത്തെ കുളത്തിന് സമീപമാണ് കത്തുന്ന നിലയിൽ മൃതദേഹം തമിഴ്നാട് പൊലീസ് കണ്ടെത്തിയത്. അഞ്ചുഗ്രാമം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു. മുഖം കരിഞ്ഞതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. കൈയിൽ ഒരു പെൺകുട്ടിയുടെ പേര് പച്ചകുത്തിയിരുന്നു. അതേപ്പറ്റിയുള്ള അന്വേഷണമാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

അനുവും കൊല്ലപ്പെട്ട ആകാശും ബൈക്ക് മോഷ്ടാക്കളായിരുന്നു. മോഷ്ടിച്ച ബൈക്ക് വിറ്റുകിട്ടിയ പണത്തെച്ചൊല്ലി തർക്കം മൂത്തപ്പോൾ മോഷണം പൊലീസിനെ അറിയിക്കുമെന്നായി ആകാശ്. തുടർന്ന് അനുവും ജിത്തുവും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തു. അതനുസരിച്ച് മാർച്ച് 30ന് ആകാശിനെ വലിയതുറയിലെ അനുവിന്റെ വർക്ക്ഷോപ്പിലേക്ക് രേഷ്മയുടെ ഫോണിലൂടെ വിളിച്ചുവരുത്തി. മദ്യത്തിൽ മയക്കുഗുളിക കലർത്തി കുടിപ്പിച്ച് അബോധാവസ്ഥയിലാക്കി.

തുടർന്ന് രേഷ്മയുടെ ചുരിദാറിന്റെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. മൃതദേഹം വർക്ക്ഷോപ്പിന്റെ അരികിൽ ഷീറ്റ് മൂടി ഇട്ടു. തുടർന്ന് ആകാശിന്റെ മൊബൈൽ ടവർ ലൊക്കേഷൻ മറ്റൊരു സ്ഥലത്ത് കാണിക്കാനായി ഇവർ ആകാശിന്റെ ഫോണുമായി കൊല്ലത്തേക്കു പോയി. ആകാശിന്റെ ഫേസ് ബുക്കിൽ പത്തനംതിട്ടയിലേക്ക് പോകുകയാണെന്ന സ്റ്റാറ്റസ് ഇടുകയും ചെയ്തു.

അടുത്ത ദിവസം പുലർച്ചെ രണ്ടോടെ, അനുവും ജിത്തുവും രേഷ്മയും ചേർന്ന് മൃതദേഹം ടാർപോളിനിൽ പൊതിഞ്ഞ്, വാടകയ്ക്ക് എടുത്ത സ്കോർപ്പിയോ കാറിന്റെ ഡിക്കിയിൽ കയറ്റി. അപ്പോൾ അനുവിന്റെ അമ്മ അൽഫോൺസയാണ് ആരെങ്കിലും വരുന്നുണ്ടോയെന്നറിയാൻ കാവൽ നിന്നത്. തുടർന്ന് ശുചീന്ദ്രത്തേക്ക് കൊണ്ടുപോയി വിജനമായ സ്ഥലത്തു വച്ചു പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നുവെന്ന് കമ്മിഷണർ അറിയിച്ചു.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622