മലയാള നാടകവേദിയിലെ ബഹുമുഖ പ്രതിഭയായിരുന്നു എസ്.എൽ പുരം സദാനന്ദൻ. നാടകകൃത്ത്, സംവിധായകൻ, ചലച്ചിത്ര തിരക്കഥാകൃത്ത് എന്നീ നിലകളിൽ അദ്ദേഹം അറിയപ്പെട്ടു. എസ് എൽ പുരം സദാനന്ദൻ (1926 – 2005). 1926 ഏപ്രിൽ 15ന് ആലപ്പുഴ ജില്ലയിലെ എസ്.എൽ പുരത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം. 13-ാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിക്കു വേണ്ടി വിപ്ലവഗാനങ്ങൾ എഴുതിക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് നാടകരചനയിലേക്കും അവിടെ നിന്നും പിന്നീട് ചലച്ചിത്ര തിരക്കഥാകൃത്ത് എന്ന നിലയിലും അദ്ദേഹം വളർന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് 2005 സെപ്തംബർ 16നു അന്തരിച്ചു.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ നടക സമിതിയിലേക്കും പിന്നെ തിരക്കഥാ രചനയിലേക്കും എത്തി. പാർടി സമ്മേളനങ്ങളിൽ പാട്ടെഴുതിയും ഏകാങ്കനാടകങ്ങൾ അവതരിപ്പിച്ചും ശ്രദ്ധ നേടിയ സദാനന്ദൻ പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്.

നാല്പതിലേറെ നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഇദ്ദേഹം കമ്മ്യൂണിസ്റ്റ് സഹയാത്രികനായും വിപ്ലവഗാനരചയിതാവായും ചലച്ചിത്രതിരക്കഥാകൃത്തായും അറിയപ്പെട്ടു. ആദ്യനാടകമായ കുടിയിറക്ക് എഴുതുമ്പോൾ 17 വയസ്സു മാത്രമായിരുന്നു പ്രായം.ഉദ്വേഗജനകമായ ജീവിത ദൃശ്യങ്ങളും സന്ദർഭങ്ങളും സംഭാഷണ വൈചിത്രത്തിന്റെ സഹായത്താൽ അവതരിപ്പിക്കുകയും ഹാസ്യം, മെലോഡ്രാമ, അസാധാരണ സങ്കേതങ്ങൾ എന്നിവ ഉപയോഗിച്ച് ആകർഷകമാക്കിയ നാടകങ്ങളായിരുന്നു അദ്ദേഹത്തിന്റെത്.
കൽപനാ തിയ്യറ്റേഴ്‌സിന്റെ സ്ഥാപനത്തിലൂടെ നാടകസമിതിയിലും ഇദ്ദേഹം സജീവമായി. ഒരാൾ കൂടി കള്ളനായി, വിലകുറഞ്ഞ മനുഷ്യൻ, യാഗശാല എന്നിവയായിരുന്നു കൽപനാ തിയ്യറ്റേഴ്‌സിന്റെ നാടകങ്ങൾ. പിന്നീട് സുര്യസോമ തിയ്യറ്റേഴ്‌സ് സ്ഥാപിച്ച ഇദ്ദേഹം മലയാള നാടകരംഗത്തെ എക്കാലത്തെയും സൂപ്പർഹിറ്റ് നാടകങ്ങളിലൊന്നായ ‘കാട്ടുകുതിര’ അരങ്ങിലെത്തിച്ചു.’ഒരാൾകൂടി കള്ളനായി’, ‘വില കുറഞ്ഞ മനുഷ്യൻ’, ‘യാഗശാല’, ‘എന്നും പറക്കുന്ന പക്ഷി’, ‘കല്ലുകൊണ്ടൊരു പെണ്ണ്’ തുടങ്ങി 40 – ലേറെ നാടകങ്ങൾ അവതരിപ്പിച്ചു. ‘കാക്കപ്പൊന്ന്’ എന്ന നാടകത്തിന് 1963-ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
മലയാളചലച്ചിത്രങ്ങളുടെ തിരക്കഥാരചനയിലും എസ്.എൽ. പുരം സജീവമായിരുന്നു.1965-ൽ ചെമ്മീനുവേണ്ടി സംഭാഷണം എഴുതിക്കൊണ്ടാണ് ചലച്ചിത്രരംഗത്തേക്കുള്ള പ്രവേശം. 1967ൽ അഗ്‌നിപുത്രിയുടെ രചനയിലൂടെ മലയാളസിനിമയ്ക്ക് ആദ്യമായി നല്ല തിരക്കഥയ്ക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചു. ഇദ്ദേഹത്തിലൂടെയാണ് മലയാളസിനിമയ്ക്ക് ആദ്യമായി തിരക്കഥയ്ക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചത്. നെല്ല്, യവനിക, ഒരു പെണ്ണിന്റെ കഥ, അഴിയാത്ത ബന്ധങ്ങൾ, എന്റെ കാണാക്കുയിൽ, കുഞ്ഞാറ്റക്കിളികൾ തുടങ്ങി നൂറിലേറെ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചു.കാട്ടുകുതിര പിന്നീട് സിനിമയായി.

ചെമ്മീൻ സിനിമയാക്കിയപ്പോൾ എഴുതിയ അത്രയും രംഗങ്ങള്‍ എസ് എല്‍ പുരം സദാനന്ദന്‍ രാമു കാര്യാട്ടിനെ കാണിക്കുന്നത് അല്‍പ്പം പരിഭ്രത്തോടുകൂടിയായിരുന്നു. അത്രപോര എന്നൊരു സംശയം അപ്പോഴും സദാനന്ദനെ വിട്ടുപോയിരുന്നില്ല. തനിക്കു വായിക്കാന്‍ കിട്ടിയ രംഗങ്ങളില്‍ നിന്നു കണ്ണെടുത്തശേഷം രാമു കാര്യാട്ട് ചെയ്തത് സദാനന്ദനെ കെട്ടിപ്പിടിക്കുകയായിരുന്നു. ഈ രീതിയില്‍ ബാക്കികൂടി എഴുതൂ എന്ന രാമു കാര്യാട്ടിന്റെ പ്രോത്സാഹനത്തില്‍ എസ് എല്‍ പുരം എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥയാണ് മലയാള സിനിമയുടെ അഭിമാനം ദേശീയതലത്തിലേക്ക് ആദ്യമായി ഉയര്‍ത്തിയ ചെമ്മീന്‍.
പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയ ആദ്യത്തെ സിനിമയായ ചെമ്മീന്‍ പുറത്തിറങ്ങിയിട്ട് 2015ൽ അമ്പതാണ്ട് പൂർത്തിയായപ്പോൾ ഈ സിനിമയും അതിന്റെ അണിയറപ്രവര്‍ത്തകരും നോവലിന്റെ സൃഷ്ടാവുമെല്ലാം ആദരിക്കപ്പെട്ടു, 2025 ൽ 60 ആണ്ടു പൂർത്തിയാകുന്നു. ഇന്നും ആദരിക്കപ്പെടുന്നു. എന്നാൽ ഒരാള്‍ മാത്രം, ഇവരുടെ കൂട്ടത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നു! അത് എസ് എല്‍ പുരം സദാനന്ദനെയാണ്. ചെമ്മീന്‍ എന്ന നോവലിനെ അഭ്രപാളിയിലേക്ക് യാതൊരു കോട്ടവും തട്ടാതെ എഴുതിയൊരുക്കിയ തിരക്കഥാകൃത്തിനെ. സിനിമയുടെ ചരിത്രമെഴുതുന്നവരുള്‍പ്പെടെ ആ പേര് മനപൂര്‍വമെന്നവണ്ണം മറന്നുപോകന്നതെന്തുകൊണ്ടാണ്? മലയാള സിനിമയുടെ ചരിത്രത്തില്‍ നിന്നു തന്നെ വെട്ടിമാറ്റപ്പെടുന്നൊരു ഭാഗമായി എസ് എല്‍ പുരം സദാനന്ദന്‍ പരിണമിക്കുന്നുണ്ടെങ്കില്‍ അത് യാദൃശ്ചികമായി സംഭവിച്ചതല്ല.
തകഴി തൊട്ട് രാമു കാര്യാട്ടിനെയും മര്‍കസ് ബര്‍ട്‌ലിയെയും ഋഷികേശ് മുഖര്‍ജിയേയും സലില്‍ ചൗധരിയെയും വയലാറിനെയുമൊക്കെ ഒരൊറ്റ സിനിമയ്ക്കുവേണ്ടി എഴുതിപ്പൊലിപ്പിക്കുന്നവരില്‍ ഒന്നോ രണ്ടോപേര്‍മാത്രമാണ് ഓരോ വരിയിലെങ്കിലും ആ സിനിമയുടെ തിരക്കഥാകൃത്തിനെ ഓര്‍ക്കുന്നത്.തിരക്കഥ സിനിമയുടെ ആത്മാവായിരിക്കെ തിരക്കഥാകൃത്ത് വിസ്മരിക്കപ്പെടുന്നതിന് കാരണം എന്താണ്? ഇന്നും വലിയൊരു വിഭാഗം ചെമ്മിന്റെ തിരക്കഥാകൃത്ത് എസ് എല്‍ പുരം സദാനന്ദന്‍ ആണെന്ന് അറിയാതെപോകുന്നത് ആരുടെ കുറ്റംകൊണ്ടാണ്?
1956 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവലായിരുന്നു ചെമ്മീന്‍. നോവലിറങ്ങി ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് സിനിമ പുറത്തിറങ്ങുന്നത്. ഈ ഒമ്പത് വര്‍ഷക്കാലയളവില്‍ ആ നോവലിന് കിട്ടിയിരുന്ന ജനപ്രിയതയായിരുന്നില്ല 1965 മുതല്‍ ഇന്നോളം ലഭിച്ചുകൊണ്ടിരിക്കുന്നത്. ചെമ്മീന്‍ എന്ന നോവല്‍ നേടിയതിനെക്കാള്‍ പ്രശസ്തി ചലച്ചിത്രമാണ് ഉണ്ടാക്കിയത്. അല്ലെങ്കില്‍ തകഴിയുടെ ചെമ്മീനിനെ ഇത്രയും പോപ്പുലറാക്കിയത് അതിന്റെ ചലച്ചിത്രരൂപമാണ്. അങ്ങനെവരുമ്പോള്‍ കഥാകാരനോളം തന്നെ പ്രശസ്തി ആ നോവലിന് തിരക്കഥയൊരുക്കിയവനും കിട്ടേണ്ടതാണ്. എന്തുകൊണ്ടത് കിട്ടിയില്ല എന്ന ചോദ്യത്തിന്, ആരുടെയൊക്കെയോ ആസൂയ, അല്ലെങ്കില്‍ അംഗീകാരം വീതംവെച്ചുകൊടുക്കേണ്ടി വരുമോ എന്ന ആശങ്കയുമായിരുന്നു പിന്നിലെന്ന് കാണാം. ഈ ആശങ്കയും അസൂയയുമൊക്കെ ആരിലായിരുന്നു കാറ്റും കോളും വിതച്ചതെന്ന് സാമാന്യയുക്തിയനുസരിച്ച് ചിന്തിച്ചാല്‍ പിടികിട്ടും.

നോവലിന് ആര് തിരക്കഥയെഴുതണമെന്നതില്‍ ഒരു തര്‍ക്കം നിലനിന്നിരുന്നു. ഒരു വിഭാഗത്തിന്, ആ നിയോഗം ഏല്‍പ്പിക്കാന്‍ യോഗ്യന്‍ തോപ്പില്‍ ഭാസിയായിരുന്നു. എന്നാല്‍ സംവിധായകനായ രാമൂ കാര്യാട്ടിന് ഇക്കാര്യത്തില്‍ എസ് എല്‍ പുരം സദാനന്ദന്‍ അല്ലാതെ മറ്റൊരു ചോയ്‌സും ഉണ്ടായിരുന്നില്ല. കടലിന്റെ പശ്ചാത്തലത്തില്‍ സംഭവിക്കുന്നൊരു കഥയ്ക്ക് എസ് എല്‍ പുരത്തിനെപ്പോലെ തീരദേശ ജീവിതം അടുത്തറിയുന്നൊരാള്‍ തിരക്കഥയൊരുക്കുന്നതിലെ യുക്തിബോധവും സംവിധായകനുണ്ടായിരുന്നു. എന്നാല്‍ എസ് എല്‍ പുരത്തിന് തന്നെ ഏല്‍പ്പിച്ച ജോലിയില്‍ അത്രകണ്ട് ആത്മവിശ്വാസം ഉണ്ടായിരുന്നുമില്ല. ഒരഭിമുഖത്തില്‍ അദ്ദേഹം അതിനെക്കുറിച്ച് പറയുന്നുണ്ട്- ‘ ചെമ്മീന്റെ വിജയത്തിനു പിന്നില്‍ ശക്തമായൊരു തിരക്കഥയുണ്ട്. രാമു കാര്യാട്ട് തിരക്കഥയ്ക്കായി സമീപിച്ചപ്പോള്‍ പറഞ്ഞു; എനിക്ക് വലിയ ആത്മവിശ്വാസം തോന്നുന്നില്ല, ഒന്നാമത് ലോകപ്രശസ്തമായൊരു നോവല്‍. ഉടന്‍ നോവല്‍ കൈയില്‍ തന്നിട്ട് രാമു കാര്യാട്ട് പറഞ്ഞു; താന്‍ എഴുതെടോ, വേറെ ആരെയും ഞാന്‍ സമീപിക്കുന്നില്ല. രംഗങ്ങള്‍ എഴുതിയതിനുശേഷം രാമുവിനെ കാണിച്ചു. വായിച്ചുനോക്കിയ രാമു എന്നെ കെട്ടിപ്പിടിക്കുകയായിരുന്നു.’
എസ് എല്‍ പുരം തന്നെ പറഞ്ഞതുപോലെ, ശക്തമായൊരു തിരക്കഥയുടെ പിന്‍ബലത്തിലാണ് ആ സിനിമ അത്രവലിയ വിജയം കൊയ്തതെങ്കിലും പിന്നീട് തിരക്കഥാകൃത്തിന്റെ പേര് ഫെയിഡ് ഔട്ടാകുന്നതാണ് കണ്ടത്.

അതിനൊരുദാഹരണം പറയാം; ആലപ്പുഴ എസ്ഡിവി സ്‌കൂളില്‍ ചെമ്മീന്റെ അണിയറക്കാര്‍ക്ക് സ്വീകരണമൊരുക്കിയിരുന്നു. തകഴിയുള്‍പ്പെടെ പങ്കെടുത്ത ആ ചടങ്ങിലേക്ക് എസ് എല്‍ പുരം മാത്രം ക്ഷണിക്കപ്പെട്ടില്ല! എന്തുകൊണ്ടും ക്ഷണിക്കപ്പെടേണ്ടയൊരാള്‍ എങ്ങനെ പുറത്തു നില്‍ക്കേണ്ടി വന്നു? മറ്റാരെക്കാളും എളുപ്പത്തില്‍ എത്താവുന്ന ദൂരമേയുള്ളൂ എസ്എല്‍ പുരത്ത് നിന്ന് ആലപ്പുഴയിലേക്ക്. എന്നിട്ടും സദാനന്ദന്‍ ആ ചടങ്ങില്‍ പങ്കെടുക്കാതെ പോയെങ്കില്‍ അത് മറ്റൊരു തിരക്കഥയുടെ ഭാഗമായിട്ടായിരുന്നു.
ഒരുറച്ച കമ്യൂണിസ്റ്റ്കാരനായിരുന്ന എസ് എല്‍പുരം സദാനന്ദന്‍ പൊതുവെ തന്റെ മനസിന്റെ കാലുഷ്യം പുറത്ത് വരാതെ നോക്കുമായിരുന്നെങ്കിലും ഈ അവഗണനയുടെ വേദന തന്നോട് പങ്കുവച്ചിരുന്നതായി സുഹൃത്ത് ശ്രീധരന്‍ മാലൂര്‍ ഓര്‍ക്കുന്നുണ്ട്. തനിക്കെതിരായി ഒരു ലോബി വര്‍ക്ക് ചെയ്യുന്നുണ്ടെന്ന് സദാനന്ദന് തോന്നിയിരുന്നു. തകഴിയുള്‍പ്പെടെയുള്ളവര്‍ അതില്‍ പങ്കാളിയായിരുന്നുവെന്ന് അയാള്‍ക്ക് മനസ്സിലായി. തന്നെ അവഗണിക്കുകയോ തമസ്‌കരിക്കുകയോ ചെയ്യണ്ടതിന്റെയൊരു അജണ്ട അവര്‍ക്കുണ്ടായിരുന്നുവെന്ന് അയാള്‍ പറയുമായിരുന്നു. ശ്രീധരന്‍ മാലൂരിന്റെ വാക്കുകള്‍ സാധൂകരിക്കുന്ന മറ്റൊരു തെളിവ്, ആലപ്പുഴയില്‍ നടന്ന ചടങ്ങിന്റെ സംഘാടകരില്‍ ഒരാള്‍ നേരിട്ട് വീട്ടിലെത്തി എസ് എല്‍ പുരത്തിനോട് പറഞ്ഞിട്ടുമുണ്ട്- തകഴി പറഞ്ഞിട്ടാണ് എസ് എല്‍ പുരത്തെ വിളിക്കാതിരുന്നതെന്ന് ആ വ്യക്തി ഏറ്റു പറഞ്ഞു.
എസ് എല്‍പുരത്തിന് നേരിടേണ്ടി വന്നത് ജാതീയമായ മാറ്റിനിര്‍ത്തല്‍ കൂടിയായിരുന്നു. അചുംബിതമായ സാഹിത്യസൃഷ്ടികള്‍ നടത്തുന്നവരിലും അസഹിഷ്ണുത മുറ്റിനിന്നിരുന്നുവത്രേ. വിദ്യാഭ്യാസംകൊണ്ടോ കുടുംബപശ്ചാത്തലംകൊണ്ടോ മേന്മ അവകാശപ്പെടാനില്ലാത്തൊരാള്‍ തങ്ങളെക്കാള്‍ മുകളിലക്ക് പോകുന്നതിന്റെ ‘ശരികേട്’ അവര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടാവണം. തനിക്കുകിട്ടേണ്ട കൈയടി മറ്റൊരുത്തന്‍വന്ന് കൊണ്ടുപോകുന്നതിന്റെ വൈഷമ്യം അതില്‍ നിന്നുണ്ടായ വാശിയും തന്നെയാകണം ബോധപൂര്‍വമായ മാറ്റിനിര്‍ത്തലിന് എസ് എല്‍ പുരം വിധേയനാകേണ്ടി വന്നതിന് കാരണവും.ഇന്ത്യയിലാദ്യമായി തിരക്കഥയ്ക്ക് ദേശീയ പുരസ്‌കാരം നേടിയൊരു വ്യക്തിയുടെ അന്ത്യകര്‍മ്മത്തിന് സര്‍ക്കാര്‍ ആദരവ് പോലും ലഭിക്കാതെ പോയതും അതുകൊണ്ടു മാത്രമായിരുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സദാനന്ദനോട് വളരെ അടുത്തിടപഴകിയിരുന്ന മറ്റെഴുത്തുകാര്‍ക്കുപോലും ആസൂയ ആയിരുന്നു. വളരെ താഴേന്നു വന്നൊരാള്‍, കഷ്ടപ്പെട്ട് വളര്‍ന്ന്, വലിയ സാമ്പത്തിക പശ്ചാത്തലമൊന്നുമില്ലാത്തൊരു കുടുംബത്തില്‍ നിന്നും അനുഭവസമ്പത്തും ഭാവനയും മാത്രം കൈമുതലാക്കി കൊണ്ട് തങ്ങളെക്കാളൊക്കെ ഉയരത്തിലേക്കും തിരക്കിലേക്കുമൊക്കെ പോകുന്നത് അവര്‍ക്ക് ഇഷ്ടക്കേടുണ്ടാക്കി.
ആരെയും കൂസാത്ത വ്യക്തിത്വമായിരുന്നു സദാനന്ദന്. അതുകൊണ്ടുതന്നെ പലരും അയാളെ ഒരു അഹങ്കാരിയായി തെറ്റിദ്ധരിച്ചു. ഒപ്പം അയാളോടുള്ള അസൂയയും. സിനിമാലോകത്ത് ഈരണ്ടുകാര്യത്താലും സദാനന്ദന് തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടായിരുന്നു.
സിനിമയിലെ പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയില്‍ ലൈഫ് ടൈം മെംബറായിരുന്ന എസ് എല്‍ പുരത്തെ ഇതേ സംഘടനതന്നെ സംഘടിപ്പിച്ച ചെമ്മീന്‍ സിനിമയുടെ ആദരിക്കല്‍ ചടങ്ങിലേക്ക് പോലും ക്ഷണിക്കാതിരുന്നിട്ടുണ്ട്. അവിടെയും വില്ലനായത് സദാനന്ദനിലെ വിപ്ലവകാരിയായിരുന്നോ എന്നറിയില്ല. പക്ഷെ സംഘടനയ്ക്കുള്ളില്‍ തന്നെ തനിക്ക് തോന്നുന്ന അഭിപ്രായം ആരുടെയും മുഖം കറുക്കാതിരിക്കാന്‍ വേണ്ടി വിഴുങ്ങിയിട്ടില്ലായിരുന്നു അദ്ദേഹം. അതിനൊരുദാഹരണമാണ്, മാക്ട എടുക്കാന്‍ ഉദ്ദേശിച്ചിരുന്ന സിനിമയെക്കുറിച്ചുള്ള സദാനന്ദന്റെ അഭിപ്രായം. മണിച്ചിത്രത്താഴിന്റെ വിജയത്തിനുശേഷം ഫാസിലും മറ്റു സംവിധായകരും ഒരുമിച്ചു ചേര്‍ന്നൊരു സിനിമയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇതേക്കുറിച്ചാലോച്ചിക്കാന്‍ ചേര്‍ന്നയോഗത്തില്‍ സദാനന്ദന്‍ തുറന്നടിച്ചു- ഓരോ കലാകാരനും ഓരോ നാഴിയാണ്. ഒന്ന് മറ്റൊന്നില്‍ ഇറങ്ങില്ല. സംഘടന സിനിമ എടുക്കുന്നുണ്ടെങ്കില്‍ അത് ഫാസിലിനെ കൊണ്ടു സംവിധാനം ചെയ്യിക്കുക, അദ്ദേഹവുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ മാത്രം കൂടെ നില്‍ക്കട്ടെ, അല്ലാതെ ഇത്തരമൊരു സംരംഭം നടക്കില്ല. അന്ന് എസ് എല്‍ പുരത്തെ വിമര്‍ശിച്ച് കയ്യടി നേടാന്‍ പലര്‍ക്കും കഴിഞ്ഞെങ്കിലും ഇന്നും സഫലമാകാത്തൊരു സ്വപ്‌നമായി ആ സിനിമ മാറി എന്ന യാഥാര്‍ത്ഥ്യം സദാനന്ദന്റെ വാക്കുകളെ സത്യമാക്കി.

