മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം കേരളം എക്കാലവും നന്ദിയോടെ സ്മരിക്കുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. പ്രളയദുരന്തത്തില്‍ രക്ഷകരായ എറണാകുളം ജില്ലയിലെ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നതിനായി ജില്ലാ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ കൊച്ചി ഹൈക്കോടതി ജംഗ്ഷനില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഒത്തൊരുമയോടെ നിന്നാല്‍ ഏതു ദുരന്തത്തേയും നേരിടാന്‍ കഴിയുമെന്നു ലോകത്തെ കാണിക്കുകൊടുക്കുകയായിരുന്നു നമ്മള്. പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി നിന്നു. എല്ലാ സംഘടനകളും ഒന്നിച്ചുനിന്നു. അക്കൂട്ടത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം എടുത്തു പറയേണ്ടതാണ്.
15ന് എല്ലാ ജില്ലകളിലും കഷ്ടപ്പെട്ടാണു ദേശീയപതാക ഉയര്‍ത്താനായതെന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. അന്നുതന്നെ എല്ലാ ജില്ലകളിലും ഫിഷറീസ് കണ്ട്രോള് റൂമുകള്‍ തുറന്നു. ഓഖിയുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്. കടലാക്രമണം ശക്തമായാല്‍ വേണ്ട നടപടികള്‍ക്കാണു ഫിഷറീസ് വകുപ്പ് കണ്ട്രോള് റൂമുകളും തുറന്നത്.അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള ലോറികള്‍ പിടിച്ചെടുത്തു വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികളെ പത്തനംതിട്ടയിലേക്ക് അയക്കുകയായിരുന്നു.
പിന്നീട് മത്സ്യത്തൊഴിലാളികള്‍ തന്നെ കാര്യത്തിന്റെ ഗൗരവം മനസിലാക്കി സ്വന്തം നിലയ്ക്ക് നൂറുകണക്കിന് ലോറികളില്‍ വള്ളങ്ങളുമായി പ്രളയ സ്ഥലങ്ങളിലേക്കു പോകുകയായിരുന്നു. പത്തനംതിട്ട ജില്ലയില്‍ 70 ശതമാനംപേരെയും രക്ഷപ്പെടുത്തിയതു മത്സ്യത്തൊഴിലാളികളാണ്. ബാക്കി 30 ശതമാനമാണു സൈന്യവും മറ്റുള്ളവരും ചേര്‍ന്നു രക്ഷപ്പെടുത്തിയത്.
എല്ലാ ജില്ലകളിലുമായി 669 വള്ളങ്ങളില്‍ 65,000 പേരെയാണു മത്സ്യത്തൊഴിലാളികള്‍ മാത്രം രക്ഷിച്ചത്. കൂടാതെ സന്നദ്ധ സംഘടനകള്‍ 259 വള്ളങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. എല്ലാ വിഭാഗം ജനങ്ങളും രക്ഷാപ്രവര്‍ത്തിന് ഇറങ്ങിയെങ്കിലും മത്സ്യത്തൊഴിലാളികളെ മാത്രം ആദരിക്കുന്നതിനു കാരണം അവര്‍ എക്കാലവും മുഖ്യധാരയില്‍ നിന്നും മാറ്റപ്പെട്ടരായിരുന്നതുകൊണ്ടാണ്. ദുരിതത്തിന്റെ പാതാളത്തില്‍ കഴിയുന്ന അവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്കു കൊണ്ടുവരുകയാണു സര്‍ക്കാര്‍ ലക്ഷ്യം.
മത്സ്യത്തൊഴിലാളികള്‍ അന്തസിന്റെ കൊടുമുടിയിലാണ് ഇപ്പോള്‍ നില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് ഓണക്കോടിയും ഓണക്കിറ്റും നല്കി മന്ത്രി ആദരിച്ചു.നാലായിരം പേരെ രക്ഷിച്ച വൈപ്പിന്കരയില് നിന്നുള്ള പൂങ്കാവനം വള്ളത്തിലെ മത്സ്യത്തൊഴിലാളികളെയാണ് ആദ്യം ആദരിച്ചത്.
ഹെബി ഈഡന് എംഎല്‍എ അധ്യക്ഷതവഹിച്ചു. കെ വി തോമസ് എംപി, എംഎല്‍എമാരായ എസ് ശര്‍മ, പി.ടി തോമസ്, കെ ജെ മാക്സി, ജോണ്‍ ഫെര്‍ണാണ്ടസ്, എം സ്വരാജ്, ആന്റണീ ജോണ്‍, വി ഡി സതീശന്, എല്‍ദോസ് കുന്നപ്പള്ളി, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് സി പി കുഞ്ഞുരാമന്, മുന്‍ എംപി പി രാജീവ്, ഹുസൈന് മടവൂര്‍, കൊച്ചിന് ഷിപ്പ് യാര്‍ഡ് എംഡി: വര്‍ഗീസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ, വിവിധ മത്സ്യത്തൊഴിലാളി യൂണിയന് പ്രതിനിധികൾ എന്നിവര്‍ പങ്കെടുത്തു.