Sat. Apr 20th, 2024

”രോഗശയ്യയിലായിരിക്കെ അച്ഛന്‍ ഞങ്ങളെ അടുത്തുവിളിച്ചു. നിങ്ങള്‍ക്ക് ഞാന്‍ ഒന്നും സമ്പാദിച്ചുതന്നിട്ടില്ലല്ലോ എന്ന് സങ്കടപ്പെട്ടു. ആരുടെ മുന്നിലും വളയാത്ത നട്ടെല്ല് ഞങ്ങള്‍ക്ക് തന്നല്ലോ? അതുമതി എന്ന് ഞാന്‍ പറഞ്ഞു.” -സുഗതകുമാരി.

അച്ഛന്‍ അന്തരിക്കുമ്പോള്‍ സുഗതകുമാരിക്ക് കാര്യമായ സ്വത്ത് ഉണ്ടായിരുന്നില്ല. ചെറിയ ശമ്പളമുള്ള ഉദ്യോഗങ്ങളാണ് ജവഹര്‍ ബാലഭവനിലും, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിലും അവര്‍ വഹിച്ചത്. എന്നാല്‍ ഇന്ന് സുഗതകുമാരിക്കും മകള്‍ക്കും കോടികളുടെ ആസ്തിയുണ്ട്. ലോകത്തെ മുഴുവന്‍ നന്നാക്കാനിറങ്ങിയ സുഗതകുമാരി ഇതെങ്ങനെയുണ്ടായി എന്ന് പറയുമോ?

ചുവടെ ചേർത്തിരിക്കുന്ന ചിത്രത്തില്‍ കാണുന്നത് തിരുവനന്തപുരം പൂജപ്പുര ചാടിയറ റോഡിലെ ലക്ഷ്മീ ദേവിയുടെ വീടാണ്. ഏതാണ്ട് മൂന്ന് വർഷം മുമ്പാണ് ആര്‍കിടെക്ട് ശങ്കറിന്റെ വകയായിരുന്ന ഈ വീട് ലക്ഷ്മീദേവീ വിലയ്ക്കുവാങ്ങിയത്. വിശാലമായ മുറ്റവും ആധുനികസൗകര്യമുള്ള ഈ ബംഗ്ലാവിന് രണ്ടുകോടിയോളം രൂപ മതിപ്പുവിലയുണ്ട്.

വളയാത്ത നട്ടെല്ല് മാത്രം കൈമുതലായി സാധുജനസേവനത്തിനിറങ്ങിയ സുഗതകുമാരിയും, അഭയയില്‍ ജോലിചെയ്യുന്ന മകള്‍ക്കും ബേക്കറി ജംഗ്ഷനില്‍ സൗന്ദര്യ അപ്പാര്‍ട്ടുമെന്റില്‍ അറുപതുലക്ഷം രൂപ വിലമതിക്കുന്ന രണ്ട് ഫ്‌ളാറ്റുകളുമുണ്ട്. സുഗതകുമാരിക്ക് കുടുംബസ്വത്തായി കിട്ടിയ സ്ഥലത്തെ തെങ്ങും, പ്ലാവും, കവുങ്ങുമൊക്കെ വെട്ടിമാറ്റി പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി ചേര്‍ന്ന് ജോയിന്റ് വെന്‍ച്വറില്‍ നിര്‍മ്മിച്ചതാണ് ഫ്‌ളാറ്റ്.

സുഗതകുമാരിയുടെ മകള്‍ ലക്ഷ്മീദേവിയാണ് ഇന്ന് അഭയ അടക്കി ഭരിക്കുന്നത്. ഭാരവാഹികള്‍ കടലാസില്‍ മാത്രം. സെക്രട്ടറി സുഗതകുമാരി അഭയയിലേക്ക് അപൂര്‍വ്വമായേ വരൂ. ഭരണപരമായ എല്ലാ തീരുമാനങ്ങളും എടുക്കുന്നത് ലക്ഷ്മീദേവിയാണ്. പൊതുജനങ്ങളുടെ പണത്താല്‍ പടുത്തുയര്‍ത്തിയ അഭയയെ സുഗതകുമാരി മകള്‍ക്ക് നല്‍കി എന്നതാണ് ചുരുക്കം.

സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ലക്ഷക്കണക്കിന് രൂപയുടെ ഗ്രാന്റും, പൊതുജനങ്ങളുടെ സംഭാവനയും, ആശുപത്രിയില്‍ നിന്നുള്ള വരുമാനവും, മറ്റ് ആഭ്യന്തര വരുമാനവും ലക്ഷ്മീദേവി സ്വന്തം ഇഷ്ടത്തിന് ചെലവഴിക്കുന്നു. വാര്‍ഷിക ജനറല്‍ ബോര്‍ഡിയോ,കണക്ക് അവതരണമോ ഇല്ല. സുഗതകുമാരി സെക്രട്ടറി സ്ഥാനം ഒഴിയില്ല. മകളെ ഇപ്പോള്‍ ജോയിന്റ് സെക്രട്ടറിയാക്കി. കാലക്രമത്തില്‍ മകളെ സെക്രട്ടറിയാക്കി, അഭയയുടെ സ്വത്തുക്കള്‍ കൈപ്പിടിയിലൊതുക്കാനാണ് സുഗതകുമാരിയുടെ ശ്രമം.

അഭയയിലെ ജീവനക്കാര്‍ക്ക് തുച്ഛമായ ശമ്പളമാണ് നല്‍കുന്നത്. ഇവര്‍ക്ക് ജോലിസ്ഥിരതയോ, നിയമപ്രകാരമുള്ള ആനുകൂല്യങ്ങളോ ഇല്ല. ലക്ഷ്മീദേവിക്ക് അനിഷ്ടമുണ്ടായാല്‍ പിരിച്ചുവിടും. തിരുവായക്ക് എതിര്‍ വായില്ല.

ഓണവും മറ്റ് വിശേഷ അവസരങ്ങളും ഉള്‍പ്പെടെ ഒരു വര്‍ഷം 28 ലീവാണ് ജീവനക്കാര്‍ക്ക് ഉള്ളത്. ലക്ഷ്മീദേവി ഒറ്റ ഉത്തരവിനാല്‍ ലീവ് 22 ആയി കുറച്ചു. സൊസൈറ്റി ഭാരവാഹികളോട് ആലോചിക്കാതെയാണ് എല്ലാ തീരുമാനവും.ഇത്തരം ഉത്തരവുകള്‍ ചോദ്യം ചെയ്യാന്‍ പോലും ജീവനക്കാര്‍ക്ക് കഴിയില്ല. ലക്ഷ്മീദേവിക്ക് അനിഷ്ടമുണ്ടായാല്‍ പിരിച്ചുവിടലാണ് ശിക്ഷ.

അഭയയുടെ കീഴില്‍ – കേന്ദ്രസഹായത്തോടെ പ്രവര്‍ത്തിക്കുന്ന മാനസികരോഗാശുപത്രിയാണ് കര്‍മ്മ. ഇതേ കെട്ടിടത്തില്‍ പണം വാങ്ങി ചികിത്സിക്കുന്ന മനോരോഗാശുപത്രിയാണ് ‘മിത്ര’. അഭയയുടെ മുഖ്യലക്ഷ്യവും മുഖമുദ്രയുമായിരുന്നു കര്‍മ്മ എന്ന സൗജന്യചികിത്സാ കേന്ദ്രം. സേവനം എന്ന ലക്ഷ്യത്തെ ലാഭക്കൊതി വിഴുങ്ങിയതോടെ ‘കര്‍മ്മ’യെ മയക്കിക്കിടത്തി ‘മിത്ര’ പണക്കൊയ്ത്ത് ആരംഭിച്ചു.

എണ്‍പതുകളുടെ മദ്ധ്യകാലഘട്ടത്തില്‍ കേരളത്തിലെ മാനസികരോഗാശുപത്രികളുടെ അവസ്ഥ അതിദയനീയമായിരുന്നു. ഭൂമിയിലെ നരകങ്ങളുടെ അവസ്ഥ. ഇതിനെക്കുറിച്ച് ധാരാളം മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഊളമ്പാറ മാനസികരോഗാശുപത്രിയിലെ വനിതകളെ അടുത്ത പൊലീസ് ക്യാമ്പിലെ പൊലീസുകാര്‍ ലൈംഗികചൂഷണത്തിനിരയാക്കുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തു വന്നതോടെ ശക്തമായ പ്രതിഷേധ സ്വരങ്ങളുയര്‍ന്നു. സുഗതകുമാരിയും സുഹൃത്തുക്കളും ഈ അവസ്ഥ അവസാനിപ്പിക്കുന്നതിനായി രംഗത്തിറങ്ങി. ആശുപത്രി സന്ദര്‍ശിച്ചു. ആശുപത്രികളുടെ പുനരുദ്ധാരണത്തിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി. സര്‍ക്കാര്‍ ഇതിനായി ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു.

സുഗതകുമാരിയും സുഹൃത്തുക്കളും അഭയ എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കി. മാനസികരോഗാശുപത്രിയുമായി സഹകരിച്ച് രോഗികള്‍ക്ക് പകല്‍വീട് എന്ന പ്രസ്ഥാനം ആരംഭിച്ചു. സര്‍ക്കാര്‍ സാമ്പത്തിക സഹായത്താലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. തുടര്‍ന്ന് 1988 ല്‍ അശരണരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി അത്താണി എന്ന സ്ഥാപനം തുടങ്ങി. കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തോടെ പൂജപ്പുരയില്‍ ബോധി എന്ന ലഹരി വിമുക്ത കേന്ദ്രവും ആരംഭിച്ചു.

വാടകകെട്ടിടത്തില്‍ ‘കര്‍മ്മ’ എന്ന ആശുപത്രി ആരംഭിച്ചു. കര്‍മ്മയുടെ 90 ശതമാനം ചെലവും കേന്ദ്രസര്‍ക്കാരാണ് വഹിക്കുന്നത്. 10 ശതമാനം ചെലവു കണ്ടെത്താന്‍ മിതമായ നിരക്ക് ഈടാക്കി ഒരു മനോരോഗാശുപത്രി തുടങ്ങി.

90-93 വര്‍ഷത്തില്‍ സരളാ ഗോപാലന്‍ ഐ.എ.എസ്. ന്റെ സഹായത്തോടെ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഫോര്‍ റൂറല്‍ ഡെവലപ്പ്‌മെന്റില്‍ നിന്നും 18 ലക്ഷം രൂപ അഭയയ്ക്ക് സ്ഥലം വാങ്ങാന്‍ അനുവദിച്ചു. തച്ചോട്ടുകാവില്‍ 10 ഏക്കര്‍ സ്ഥലം വാങ്ങി. ഇവിടെ കെട്ടിടം നിര്‍മ്മിക്കാന്‍ ധാരാളം ഉദാരമതികള്‍ സംഭാവനകള്‍ നല്‍കി.

20 മുറികള്‍ ഉള്‍പ്പെടുന്ന മൂന്നു നില കെട്ടിടമാണ് പ്രധാന മന്ദിരം. കണ്ണടച്ചിരിക്കുന്ന ഗാന്ധി പ്രതിമയ്ക്കു പിന്നിലുള്ള മനോഹര മന്ദിരം. ഇവിടെയാണ് ഇപ്പോള്‍ സൗജന്യ ചികിത്സാ കേന്ദ്രമായ കര്‍മ്മയും പണം വാങ്ങി ചികിത്സിക്കുന്ന മിത്രയും പ്രവര്‍ത്തിക്കുന്നത്.കാലക്രമേണ കര്‍മ്മയുടെ പ്രവര്‍ത്തനങ്ങള്‍ മരവിച്ചു. പതിനായിരക്കണക്കിന് രൂപ പട്ടിണിപ്പാവങ്ങളില്‍ നിന്നുപോലും പിഴിയുന്ന ‘മിത്ര’ മാത്രം സജീവമായി. പാവങ്ങളില്‍ നിന്ന് കൂടുതല്‍ പിഴിയാന്‍ ഇതോടൊപ്പം ബ്ലേഡ് കാന്റീനും.

മറ്റൊരു വന്‍ കൃത്രിമവും ഇവിടെ നടക്കുന്നു. സൗജന്യ സേവനത്തിനായി കര്‍മ്മ എന്ന ആശുപത്രിക്ക് സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റില്‍ നിന്നാണ് പെയ്ഡ് ക്ലിനിക്കായ മിത്രയിലെ ശമ്പളവും ചെലവുകളും നിര്‍വഹിക്കുന്നത്. ഇത് ഗുരുതരമായ സാമ്പത്തിക ക്രമക്കേടാണ്. സര്‍ക്കാര്‍ ഗ്രാന്റില്‍ പ്രവര്‍ത്തിച്ച് വന്‍ പണം വക മാറ്റി കൊള്ള നടന്നു. അതിന് ഉപോല്‍ബലകമായി രണ്ടു തെളിവുകള്‍ ഞങ്ങള്‍ അവതരിപ്പിക്കുന്നു.

(ഡോ.കെ.എ കുമാര്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍)

ഇവർ ഗൗരി ലങ്കേഷിന്റെ വധത്തിൽ എടുത്ത നിലപാടിൽ എന്തിനാശ്ചര്പ്പെടണം? (തുടരും …)