കണ്ണൂർ സർവകലാശാലയിൽ എ.എൻ. ഷംസീർ എം.എൽ.എയുടെ ഭാര്യ പി.എം. സഹലയെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചതിൽ അപാകതയില്ലെന്ന് സർക്കാർ വിലയിരുത്തൽ. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാർട്ടിയെയും ഷംസീർ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ അപാകതയില്ലെന്ന് സർക്കാർ നിലപാടെടുത്തത്. കണ്ണൂർ സർവകലാശാലയ്ക്കും സി.പി.എം കണ്ണൂർ ഘടകത്തിനും ഇതേ അഭിപ്രായമാണുള്ളത്. അതേസമയം, നിയമനത്തിനെതിരെ കണ്ണൂർ സ്വദേശിനി ഡോ. എം.പി. ബിന്ദു നൽകിയ ഹർജിയിൽ ഹൈക്കോടതി സർവകലാശാലയുടെ വിശദീകരണം തേടിയിട്ടുണ്ട്.
കരാറടിസ്ഥാനത്തിൽ നിയമനത്തിനായി സർവകലാശാല നടത്തിയ വാക്ക് ഇൻ ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് നേടിയ തന്നെ മറികടന്നാണ് ഷംസീറിന്റെ ഭാര്യയെ നിയമിച്ചതെന്ന് ബിന്ദു ഹർജിയിൽ ആരോപിക്കുന്നു. 2015 – 18 കാലഘട്ടത്തിൽ ബിന്ദു അസി. പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്നു.
ഇത്തവണ ജൂൺ 14 ന് ഇന്റർവ്യു നടത്തിയെങ്കിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിൽ അന്വേഷിച്ചപ്പോൾ തനിക്കാണ് ഒന്നാം റാങ്കെന്നും തന്നെക്കാൾ അഞ്ചു മാർക്ക് കുറവുള്ള സഹലയ്ക്ക് രണ്ടാം റാങ്കാണെന്നും അറിയാൻ കഴിഞ്ഞു. ജൂലായ് 19 ന് ഹർജിക്കാരിയെ മറികടന്ന് സഹലയ്ക്ക് നിയമനം നൽകി.
സംവരണ ചട്ടം അനുസരിച്ചാണ് നിയമനം നൽകിയതെന്ന് സർവകലാശാല വിശദീകരിച്ചു. ഇതുവരെ കരാർ നിയമനങ്ങളിൽ കണ്ണൂർ സർവകലാശാല സംവരണ ചട്ടം പാലിച്ചിട്ടില്ല. എം.എൽ.എ ഷംസീറിന്റെ ഭാര്യയായതിനാലാണ് സംവരണ ചട്ടത്തിന്റെ പേരു പറഞ്ഞ് സഹലയ്ക്ക് നിയമനം നൽകിയത്. ഈ നിയമനം റദ്ദാക്കി തനിക്ക് നിയമനം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.
ഹർജി പരിഗണിച്ച ഹൈക്കോടതി കരാർ നിയമനങ്ങളിൽ പാലിച്ച സംവരണ ക്രമത്തിന്റെ വിവരങ്ങൾ വ്യക്തമാക്കി വിശദീകരണം നൽകാനാണ് യൂണിവേഴ്സിറ്റിക്ക് നിർദേശം നൽകിയിട്ടുള്ളത്.