മഹാരാജാസ് കോളജില്‍ എസ്.ഡി.പി.ഐ – പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണത്തിന് അഭിമന്യുവിനൊപ്പം ഇരയായ അര്ജുന് ആശുപത്രി വിട്ടു. കരളിനും കുടലിനുമായിരുന്നു അര്ജുന് കുത്തേറ്റിരുന്നത്. 15 ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അപകടന നില തരണം ചെയ്ത് ആരോഗ്യം വീണ്ടെടുക്കാന്‍ തുടങ്ങിയതോടെയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങിയത്.
ഉറ്റചങ്ങാതി അഭിമന്യുവിന്റെ ഓർമ്മകളുമായി അർജ്ജുൻ കൃഷ്ണൻ ആശുപത്രി വിട്ടു. കരളിലെ മുറിവുണങ്ങി തുടങ്ങിയെങ്കിലും കൂട്ടുകാരന്റെ വേർപാട് ഏൽപ്പിച്ച മുറിവ് മനസിൽ നിന്ന് മായില്ലെന്ന് മുഖത്ത് വ്യക്തം. 13 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ആംബുലൻസിലേക്ക് കയറ്റുമ്പോൾ അർജ്ജുന്റെ അമ്മ ജെമിനിയുടെ കണ്ണുകൾ ഈറനണിഞ്ഞു.
അച്ഛൻ എം.ആർ.മനോജിനും അമ്മയ്ക്കും സഹോദരി ലക്ഷമിയ്ക്കുമൊപ്പം എറണാകുളത്ത് തന്നെയുള്ള ബന്ധുവിന്റെ വീട്ടിലേക്കാണ് അർജ്ജുനെ കൊണ്ടുപോയത്. മുറിവ് പൂർണ്ണമായി ഉണങ്ങാത്തതിനാൽ സന്ദർശകരെ നിയന്ത്രിക്കണമെന്ന നിബന്ധനയോടെയാണ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിന്ന് അർജ്ജുനെ ഡിസ്ചാർജ്ജ് ചെയ്തത്. മഹാരാജാസിലെ അവന്റെ കൂട്ടുകാരും അടുത്ത ബന്ധുക്കളും നേതാക്കളും ഇന്ന് ആശുപത്രിയിലെത്തിയിരുന്നു.
ജൂലായ് ഒന്നിന് അർദ്ധരാത്രി മഹാരാജാസ് കോളേജിൽ വെച്ചാണ് രണ്ടാംവർഷ ഫിലോസഫി വിദ്യാർത്ഥിയായ കൊല്ലം സ്വദേശി അർജ്ജുനും ഉറ്റസുഹൃത്തും എസ്.എഫ്.ഐ നേതാവുമായ അഭിമന്യുവിനും പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരുടെ കുത്തേറ്റത്. അഭിമന്യു സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കരളിന് കുത്തേറ്റ അർജ്ജുൻ ഗുരുതരാവസ്ഥയിലായിരുന്നു. വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും ചികിത്സ തുടരുന്നുണ്ട്.