ഇരയായ നടിക്കൊപ്പമാണ് ‘അമ്മ’യെന്ന് മോഹന്‍ലാല്‍. ദിലീപിനെ തിരിച്ചെടുത്തതിലെ എതിര്‍പ്പുകള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപിനെ തിരിച്ചെടുത്തത് ഐകകണ്ഠമായാണ്. അമ്മ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കുവേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. അമ്മ എന്ന വാക്കിന്റെ പൊരുൾ അറിഞ്ഞു കൊണ്ടാണ് ഇക്കാലമത്രയും സംഘടന നിലനിന്നതെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.
2018 ജൂൺ ആറിനു ചേർന്ന അമ്മയുടെ പൊതുയോഗത്തിൽ എതിർശബ്ദങ്ങളില്ലാതെ ഉയർന്നു വന്ന പൊതുവികാരമാണ് ദിലീപിനെതിരെ ഉണ്ടായ പുറത്താക്കൽ നടപടി മരവിപ്പിക്കുക എന്നത്. പൊതുയോഗത്തിന്റെ ഏകകണ്ഠമായ അഭിപ്രായത്തോടൊപ്പം നിൽക്കുക എന്ന പ്രാഥമികമായ ജനാധിപത്യ മര്യാദയാണ് അമ്മ നേതൃത്വം കൈക്കൊണ്ടത്.
അതിനപ്പുറമുള്ള എന്തെങ്കിലും നിക്ഷിപ്ത താൽപര്യങ്ങളോ നിലപാടോ ഈ വിഷയത്തിൽ അമ്മ നേതൃത്വത്തിനില്ല. അതിക്രമത്തിനിരയായ സഹോദരിക്കൊപ്പം തന്നെയാണ് അമ്മ സംഘടനയെന്നും മോഹൻ ലാൽ വ്യക്തമാക്കി.